ഇതൊക്കെ ആരുണ്ടാക്കിയ നിയമങ്ങളാണ്? വൈറൽ അമ്മമാർ ചോദിക്കുന്നു

കുഞ്ഞ് പിറന്നതുമുതല്‍ കുഞ്ഞിപ്പല്ല് മുളയ്ക്കുന്നതും കുഞ്ഞിക്കുസൃതികളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 'ഏയ്... ഇങ്ങനെയൊന്നും പാടില്ല, കുഞ്ഞിന് കണ്ണുതട്ടിയാലോ. പ്രസവിച്ച് കിടക്കുന്നവരിങ്ങനെ ഫോണും ഫെയ്‌സ്ബുക്കും നോക്കാന്‍ പാടില്ല. ഫോണില്‍ കുത്തിക്കൊണ്ടിരുന്നാല്‍, കുഞ്ഞിനെ മര്യാദയ്ക്ക് നോക്കാന്‍ പറ്റുമോ...' വൈറലായ സന്തോഷങ്ങളുടെ പേരില്‍ ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങളും ഉപദേശങ്ങളും നേരിടേണ്ടിവരാറുണ്ട് അമ്മമാര്‍ക്ക്. 'ഇതൊക്കെ ആരുണ്ടാക്കിയ നിയമങ്ങളാണ്? ' സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍സ്റ്റാറുകളായ നാല് അമ്മമാരുടെ മറുചോദ്യം ഇതാണ്. മിരി, പാര്‍വതി, സെന്‍ശ്രീ, പ്രീനാ അനുരാജ്. ഇവരാണ്, ആ നാലുപേര്‍. 'ഞങ്ങള്‍ പുതിയകാലം ആസ്വദിക്കുകയാണ്. കാലം മാറിയതറിയാത്തവരോട് യുദ്ധംചെയ്തിട്ട് കാര്യമുണ്ടോ?', അവര്‍ ചോദിക്കുന്നു. അമ്മമാരുടെ ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് കണ്ടറിഞ്ഞ കുട്ടിക്കൂട്ടം കുഞ്ഞിച്ചുണ്ടില്‍ പുഞ്ചിരി നിറച്ച് അവരോട് ചേര്‍ന്നു.
ഒരു ബെസ്റ്റ് അമ്മയാകണമെന്നാണ് ആഗ്രഹം-മിരി
യൂട്യൂബില്‍ പതിനാലുലക്ഷം സബ്‌സ്‌ക്രൈബേഴ്സുള്ള ദമ്പതിമാരാണ് മീത്തും മിരിയും. ഒന്‍പതുമാസക്കാരനായ മകന്‍ മിലിയോക്കൊപ്പം ഇവര്‍ ചെയ്ത വീഡിയോകള്‍ വൈറലാണ്. ഗര്‍ഭകാലവും കുഞ്ഞിന്റെ ജനനവും വളര്‍ച്ചയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. മിലിയോക്കൊപ്പമുള്ള ഓണ്‍ലൈന്‍ ജീവിതത്തെപ്പറ്റി മിരി സംസാരിച്ചുതുടങ്ങി...
''സൈറസ് മിലിയോ എന്നാണ് മോന്റെ മുഴുവന്‍ പേര്. ഫോണില്‍ എന്റെ വീഡിയോ കണ്ടാല്‍, അവന്‍ നിര്‍ത്താതെ ചിരിക്കും. അവന്റെ ലോകം വലുതാകുകയാണ്. അത് ഞങ്ങള്‍ ആസ്വദിക്കാറുണ്ട്. ആ സന്തോഷം ഞങ്ങള്‍ വ്‌ളോഗുകളിലൂടെ പങ്കുവക്കാറുമുണ്ട്. ഇതൊക്കെ വെറും അഭിനയമല്ലേ എന്ന് ചിലര്‍ ചോദിക്കും. പക്ഷേ, ഞങ്ങള്‍ ഞങ്ങളായിത്തന്നെയാണ് ഓരോ വീഡിയോയിലും എത്താറുള്ളത്. മക്കളോട് കപടസ്‌നേഹം കാണിക്കാന്‍ കഴിയുമോ? മിലിയോയുടെ കാര്യത്തില്‍ ഒരു ബെസ്റ്റ് അമ്മയാകണമെന്നാണ് എന്റെ ആഗ്രഹം. കുഞ്ഞിനെ സോഷ്യല്‍ മീഡിയയില്‍ കാണിക്കരുതെന്ന് ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. ഇത്തരത്തിലുള്ള കാഴ്ചപ്പാടിനോട് ഞാനും മിത്തേട്ടനും യോജിക്കുന്നില്ല. അവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.
കുഞ്ഞ് പിറന്നാല്‍, പിന്നെ ഒന്നിനും സമയം തികയില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. ഞങ്ങള്‍ അക്കൂട്ടത്തില്‍പ്പെടില്ല. മിലിയോ ജനിച്ചതിനുശേഷം ഞങ്ങള്‍ക്ക് ഏഴ് അവാര്‍ഡുകള്‍ കിട്ടി. അമ്മയായതിനുശേഷം സമയത്തിന്റെ കാര്യത്തില്‍ പരിമിതി വന്നിട്ടുണ്ട്. പക്ഷേ, അതൊരു കാരണമായെടുത്ത് ഞാന്‍ വെറുതേ ഇരുന്നിട്ടില്ല. കുടുംബത്തിന്റെ പിന്തുണയാണ് ഏറ്റവും വലിയ ബലം. മിത്തേട്ടന്റെ അമ്മ എന്തിനും ഏതിനും കൂടെനില്‍ക്കും. മോനെയുംകൊണ്ട് യാത്ര ചെയ്യേണ്ടിവരുമ്പോള്‍, ഞങ്ങളുടെ അമ്മമാരിലൊരാള്‍ ഒപ്പം വരും. വീഡിയോ എടുത്തുതരാന്‍ പുറത്തുനിന്ന് ആരെയും ഇതുവരെ വിളിച്ചിട്ടില്ല. കസിന്‍സും അമ്മയും സഹോദരന്മാരുമൊക്കെയാണ് എടുത്തുതരാറ്.''
കുഞ്ഞിനെ സുരക്ഷിതമായി ഏല്‍പ്പിച്ചുപോകാന്‍ ഇടമുണ്ടാവുന്നതുതന്നെയാണ് ആശ്വാസം-പാർവ്വതികൃഷ്ണ
അവ്യൂക്തിനൊപ്പം പാർവതിയും ബാലഗോപാലും
നടിയും വ്‌ളോഗറുമായ പാര്‍വതി കൃഷ്ണയും മകന്‍ രണ്ടുവയസ്സുകാരന്‍ അവ്യുക്ത് എന്ന അച്ചൂട്ടനും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. 'കഠിനകഠോരമീ അണ്ഡകഠാഹം' എന്ന സിനിമയില്‍ മകനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് പാര്‍വതി. അമ്മയായതിനുശേഷമാണ് പാര്‍വതി വ്‌ളോഗിങ് തുടങ്ങിയത്.
''മോന് ആറുമാസം കഴിഞ്ഞതുമുതല്‍ അവന്റെ വീഡിയോസ് ഇട്ടുതുടങ്ങി. അതോടെ, കുഞ്ഞിനെ ഇപ്പോഴേ കാണിക്കാന്‍ പാടുണ്ടോ എന്ന ചോദ്യമായി എല്ലായിടത്തുനിന്നും. അവന്‍ നേരത്തേ സംസാരിച്ചുതുടങ്ങിയിരുന്നു. കുഞ്ഞിന് കണ്ണുതട്ടുമെന്ന് പറഞ്ഞവരാണേറെയും. അതിനോടൊന്നും പ്രതികരിക്കാന്‍ പോകാറില്ല. വീഡിയോ എടുക്കുന്നതും സ്വന്തം വീഡിയോസ് കാണുന്നതും അവന് ഭയങ്കര ഇഷ്ടമാണ്. സത്യത്തില്‍ ജീവിതത്തിലേക്ക് ഒരു ക്യാമറ തിരിച്ചുവയ്ക്കുകയാണ് ചെയ്തത്. കുഞ്ഞിന്റെ പ്രതികരണം നമുക്കൊരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ചെയ്യാനാകില്ലല്ലോ. എല്ലാത്തിനും താങ്ങായി കുടുംബം കൂടെനിന്നു. സ്ത്രീകള്‍ക്ക് അമ്മയായശേഷം ജീവിതവും കരിയറും മുന്നോട്ട് കൊണ്ടുപോകാന്‍, ആ പിന്തുണ എന്തായാലും വേണം. കുഞ്ഞിനെ സുരക്ഷിതമായി ഏല്‍പ്പിച്ചുപോകാന്‍ ഇടമുണ്ടാവുന്നതുതന്നെയാണ് ആശ്വാസം. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഞാനെപ്പോഴും സമയം മാറ്റിവെക്കും. നിനക്കുവേണ്ടിയാണ് ഞാനിത് വേണ്ടെന്നുവെച്ചതെന്ന് എപ്പോഴെങ്കിലും മക്കളോട് പറയേണ്ടിവന്നാല്‍, അതവരെ വേദനിപ്പിക്കും.''
ആരെയും തിരുത്താന്‍ ഞങ്ങളില്ല- സെന്‍ശ്രീ
ണ്ടുവയസ്സുകാരന്‍ സയാന്‍ എന്ന ബബ്ലൂസിനും ഭര്‍ത്താവ് മനീഷ് വിഷ്ണുവിനുമൊപ്പമാണ് സെന്‍ശ്രീ സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നത്. ''മോന്റെ കംഫര്‍ട്ട് നോക്കിമാത്രമേ, ഞങ്ങള്‍ വീഡിയോസെടുക്കാറുള്ളൂ. കുഞ്ഞല്ലേ അവന്‍, നമ്മുടെ പാഷന്‍ അവനെ ബുദ്ധിമുട്ടിക്കരുതല്ലോ. പരമാവധി സമയം മകനൊപ്പം ചെലവഴിക്കുന്ന അമ്മയാണ് ഞാന്‍. 'ഡേ ഇന്‍ മൈ ലൈഫ്' വീഡിയോസില്‍ കാണുന്ന, അതേ അമ്മ. അവന് വയ്യെങ്കില്‍, വീഡിയോസ് എടുക്കാറില്ല. അമ്മയായതിനുശേഷം കുഞ്ഞിന്റെ കാര്യം നോക്കേണ്ടതിനാല്‍, സമയം ശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ടതുണ്ട്. അവന്റെ ഭക്ഷണം, ഉറക്കം... എല്ലാത്തിലും ശ്രദ്ധ കൊടുക്കണം. എന്റെ ഉറക്കം വല്യ പ്രശ്‌നമായിമാറി. ആ സമയത്തെല്ലാം മനീഷേട്ടന്റെ പിന്തുണയാണ് വ്‌ളോഗിങ് തുടരാന്‍ കാരണമായത്. കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ കാണിക്കരുത്, കുഞ്ഞിനത് ദോഷം ചെയ്യും എന്നൊക്കെ പലരും കമന്റ് ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ അത് വിഷമിപ്പിക്കും. മോന് അസുഖം വരുമ്പോഴൊക്കെ അത്തരം ചിന്തകള്‍ അലട്ടും. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് കരുതിയാല്‍, മുന്നോട്ടുപോകാന്‍ കഴിയില്ല. ഞാന്‍ പണ്ടുമുതലേ, ഡാന്‍സിലും നാടകത്തിലുമൊക്കെ സജീവമാണ്. കലോത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അച്ഛനും അമ്മയും തന്ന പിന്തുണ മറക്കാനാവില്ല. മനീഷേട്ടന്റെ അമ്മ തരുന്ന പ്രോത്സാഹനം ചെറുതല്ല. രണ്ട് കുടുംബവും കട്ടയ്ക്ക് കൂടെയുള്ളതാണ് ഞങ്ങളുടെ ധൈര്യം.''
എല്ലാം നന്നായി മുന്നോട്ടുപോകുന്നതിനുള്ള പ്രധാന കാരണം കുടുംബത്തിന്റെ പിന്തുണയാണ്-പ്രീനാ അനുരാജ്
യൂട്യൂബ് വീഡിയോകളിലൂടെയും ഷോട്സുകളിലൂടെയും റീല്‍സുകളിലൂടെയും മലയാളികള്‍ക്ക് പരിചിതരാണ് പ്രീനയും അനുരാജും. കുറിക്കുകൊള്ളുന്ന നര്‍മവുമായി സോഷ്യല്‍ മീഡിയാ ലോകത്തെ കൈയിലെടുത്ത ദമ്പതിമാര്‍. അമ്മറോളും വ്‌ളോഗിങ്ങും വിജയകരമായി ഒന്നിച്ച് കൊണ്ടുപോകുന്നതിനെപ്പറ്റി പ്രീന സംസാരിച്ചുതുടങ്ങി...
''മൂന്ന് കുട്ടികള്‍ വേണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത് സാധിച്ചു. മൂത്തമകന്‍ ഋഷിക്ക് ഒന്‍പതുവയസ്സ്. രണ്ടാമന്‍ ഋത്വിക്, രണ്ടുവയസ്സ് കഴിഞ്ഞു. മൂന്നാമത്തെയാള്‍ ഋദൈ. ഇപ്പോള്‍, ഒന്‍പതുമാസം പ്രായം. മക്കള്‍ മൂന്നായെങ്കിലും അതിന്റെ പേരില്‍ ജീവിതത്തില്‍ ഞാനൊന്നും മാറ്റിവെച്ചിട്ടില്ല. ഇളയമോനുണ്ടായതിനുശേഷം സമയത്തിന്റെ കാര്യത്തില്‍ കുറവ് വന്നു. ഋത്വിക് ജനിച്ചശേഷവും ഞാന്‍ ആക്ടീവായി വ്‌ളോഗിങ് തുടര്‍ന്നു. അവനും ഇളയകുഞ്ഞും തമ്മില്‍ വല്യ പ്രായവ്യത്യാസമില്ല. രണ്ടുപേരും
കുഞ്ഞുങ്ങളായതുകൊണ്ട് കുറച്ചൊന്ന് പ്രയാസപ്പെട്ടു. ഇളയവന്‍ രാവിലെ നേരത്തേ എഴുന്നേല്‍ക്കും. അവന്റെ കാര്യങ്ങളൊക്കെ നോക്കിക്കഴിയുമ്പോള്‍, രണ്ടാമത്തെയാള്‍ എഴുന്നേറ്റുവരും. ഋത്വിക്കിന് എപ്പോഴും ഞാന്‍ കൂടെയിരിക്കണം. ഞങ്ങള്‍ക്ക് ഒരു ജ്വല്ലറിയുണ്ട്. അതിന്റെ ചുമതലകളുമുണ്ട്. അച്ഛനും അമ്മയും എല്ലാ പിന്തുണയും നല്‍കാറുണ്ട്.
വീട്ടില്‍ എല്ലാവരും അവരവരുടെതായ രീതിയില്‍ തിരക്കിലായതുകൊണ്ട്, മക്കളെ നോക്കാന്‍ രണ്ടുപേരെ നിര്‍ത്തിയിട്ടുണ്ട്. എത്ര തിരക്കായാലും ഉച്ചയ്ക്ക് വീട്ടില്‍ വന്ന് മക്കളോടൊപ്പം ആഹാരം കഴിക്കും. വൈകുന്നേരം അവരെയും കൂട്ടി ഡ്രൈവിന് പോകും. അമ്മയായതിനുശേഷമാണ് വ്‌ളോഗിങ്ങിലേക്കിറങ്ങുന്നത്. മക്കളുമൊന്നിച്ചുള്ള വീഡിയോകള്‍ക്ക് നല്ല പ്രതികരണമാണ് വരാറുള്ളത്. മൂത്തമകന്‍ ഋഷി, വീഡിയോ എടുക്കാനും സഹായത്തിനുമെല്ലാം കൂടെയുണ്ടാകും. കുടുംബത്തിന്റെ പിന്തുണയാണ് എല്ലാം നന്നായി മുന്നോട്ടുപോകുന്നതിനുള്ള പ്രധാന കാരണം.
കുഞ്ഞുങ്ങളുടെ ഓരോ ചലനവും ക്യാമറയിലൂടെ പകര്‍ത്തി, ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഓണ്‍ലൈന്‍ ആസ്വാദനലോകത്ത് സജീവമാണ്, ഈ അമ്മമാര്‍. മാതൃത്വത്തെ സന്തോഷത്തിലേക്കുള്ള പാതയാക്കുന്നു അവര്‍. കുഞ്ഞിന്റെ ജനനത്തോടെ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുന്നവരോട് അവര്‍ പറയുന്നു, 'ക്യാമറ ഓണ്‍ ചെയ്യൂ... വലിയ ലോകം കാത്തിരിക്കുന്നു.'
Content Highlights: vlogger mummy and viral baby