ദാവൂദ് ഇബ്രാഹിമിനെ പേടിച്ച് അപ്രത്യക്ഷയായ നായിക; 37 വർഷങ്ങൾക്കുശേഷം വിവരങ്ങളുമായി സഹതാരം

ജാസ്മിൻ
ജാസ്മിൻ

1988-ൽ പുറത്തിറങ്ങിയ 'വീരാനാ' എന്ന സിനിമപോലെതന്നെ അതിലെ നായികയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മരിച്ചുപോയ ഒരു മന്ത്രവാദിനിയുടെ ആത്മാവ് കുടിയേറുന്നൊരു സ്ത്രീയാണ് അതിലെ നായിക. രക്തദാഹിയായ അവൾ പുരുഷൻമാരെ വശീകരിച്ച് കൊല്ലുകയാണ്. ശക്തമായ ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ജാസ്മിൻ എന്ന നായികയാണ്. സിനിമ നിർമിച്ചത് റാംസേ സഹോദരൻമാരാണ്. 'റാംസേ സിനിമകളിലെ ഐക്കോണിക് മോൺസ്റ്റർ' എന്ന പേരും ഈ കഥാപാത്രത്തിലൂടെ ജാസ്മിന് കിട്ടി.

പേടിപ്പെടുത്തുന്ന രംഗങ്ങളുടെയും ലൈംഗികതയുടെയും അതിപ്രസരമുണ്ടെന്ന കാരണത്താൽ സിനിമയ്ക്ക് സെൻസർ ബോർഡ് ആദ്യം അനുമതി നിഷേധിച്ചു. ചില സീനുകൾ ഒഴിവാക്കിയശേഷമാണ് അനുമതി നൽകിയത്. എങ്കിലും ഗ്ലാമർ ഒട്ടും കുറയ്ക്കാതെയാണ് സിനിമ തിയേറ്ററിലെത്തിയത്. നായികയുടെ സൗന്ദര്യവും ഗ്ലാമറും ഒരുപോലെ ആഘോഷിച്ച സിനിമ. 60 ലക്ഷത്തിന് നിർമിച്ച ചിത്രം, മൂന്നുകോടിയിലേറെ കളക്ഷൻ നേടുകയും ചെയ്തു. വെള്ളാരംകണ്ണുകളുള്ള, ഗ്ലാമർനായികയെ സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കി. ജാസ്മിന് ഇനിയുമേറെ അവസരങ്ങൾ ലഭിക്കുമെന്നും അവരൊരു സൂപ്പർതാരമാകുമെന്നൊക്കെയാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ കരുതിയത്.

എന്നാൽ സംഭവിച്ചത് ഇതൊന്നുമല്ല. സിനിമയിലൂടെ ഒട്ടേറെ പേർ ജാസ്മിന്റെ ആരാധകരായി. അധോലോകതലവൻ ദാവൂദ് ഇബ്രാഹിമിനും ജാസ്മിനെ ഇഷ്ടപ്പെട്ടു. അധികം വൈകാതെ അയാളുടെ ശല്യംതുടങ്ങി. തന്റെ പ്രണയിനിയാവണമെന്നതായിരുന്നു അയാളുടെ ആവശ്യം. പക്ഷേ അത് നിഷേധിച്ചതോടെ അവരുടെ കരിയറും ഏകദേശം അവസാനിച്ചു.

പിന്നീട് ആകെ ഒരു സിനിമയിൽ മാത്രമേ അവർ അഭിനയിച്ചുള്ളൂ, അതും വളരെ ചെറിയ റോളിൽ. ഒടുവിൽ പെട്ടെന്നൊരുനാൾ അവർ അപ്രത്യക്ഷയായി. ആത്മഹത്യ ചെയ്തതാണെന്നും രാജ്യം വിട്ടുപോയതാണെന്നുമൊക്കെ സംസാരങ്ങളുണ്ടായി. മരിച്ചുവെന്ന വാർത്തകൾക്കാണ് കൂടുതൽ പ്രചാരം ലഭിച്ചത്.

എന്നാൽ, ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അവരുടെ സഹതാരമായ ഹേമന്ദ് ബിർജെ രംഗത്തെത്തി. ജാസ്മിൻ ജീവിച്ചിരിപ്പുണ്ടെന്നും ബോളിവുഡ് തിക്കാനയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. ''അവർ സുഖമായി ജീവിക്കുന്നു. ഞാനുമായി ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ട്. നിലവിൽ അമേരിക്കയിലാണ് താമസിക്കുന്നത്. ഇടയ്ക്കിടെ മുംബൈയിൽ വരാറുമുണ്ട്. എന്നാൽ, സിനിമയെക്കുറിച്ചോ തന്റെ അഭിനയകാലത്തെക്കുറിച്ചോ സംസാരിക്കാൻ അവർക്ക് തീരെ താത്പര്യമില്ല''.

13-ാം വയസ്സിൽ രാജേഷ് ഖന്നയുടെ നായികയായി 'സർക്കാരി മെഹ്മാൻ' എന്ന സിനിമയിലൂടെയായിരുന്നു അവരുടെ അരങ്ങേറ്റം. അതിനുശേഷം 'ഡിവോഴ്‌സ്' എന്നൊരു സിനിമയിലും അഭിനയിച്ചു. മൂന്നാമത്തെ സിനിമയായിരുന്നു 'വീരാനാ'.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Discover the mystery of Jasmin, the iconic Veerana actress who vanished after underworld don Dawood Ibrahim`s advances. Her co-star reveals she`s alive and well in the US.