വാജ്‌പേയിയുടെ ചിതയ്ക്ക് തീകൊളുത്തിയത് ആ കൂട്ടുകാരിയുടെ മകളാണ്‌

അടൽ ബിഹാരി വാജ്പേയി/ കടപ്പാട്-PTI
അടൽ ബിഹാരി വാജ്പേയി/ കടപ്പാട്-PTI

മൂന്നുവട്ടം ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച അടല്‍ ബിഹാരി വാജ്പേയ് അറിയപ്പെടുന്ന കവിയും വാഗ്മിയും ആയിരുന്നു. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ്-ഇതര പ്രധാനമന്ത്രിയാണ് വാജ്പേയ്. അദ്ദേഹം ഒരിക്കലും വിവാഹിതനായില്ല. പക്ഷേ, അദ്ദേഹത്തിന്റെ ചിതയ്ക്ക് തീ കൊളുത്തിയത് അദ്ദേഹത്തിന്റെ മകളാണ്. നമിത എന്ന ദത്തുപുത്രി. ഗ്വാളിയോറിലെ വിക്ടോറിയ കോളേജില്‍ തന്റെ സഹപാഠിയും ജീവിതകാലം മുഴുവന്‍ സുഹൃത്തായി തുടരുകയും ചെയ്ത രാജ്കുമാരി കൗളിന്റെ മകള്‍ നമിതയെയാണ് വാജ്പേയ് സ്വന്തം മകളെപ്പോലെ സ്വീകരിച്ചത്. 

ഇന്ദിരാഗാന്ധിയുടെ ബന്ധുവായിരുന്നു രാജ്കുമാരി കൗള്‍. കലാലയ ജീവിതത്തിനിടെ കണ്ടുമുട്ടിയ രാജ്കുമാരിയും വാജ്പേയും സുഹൃത്തുക്കളായി. കത്തുകളിലൂടെ ഹൃദയം കൈമാറിയ പ്രണയിതാക്കളായിരുന്നു ഇരുവരും എന്നും പറയപ്പെടുന്നു. പഠനം പൂര്‍ത്തിയാക്കി കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് രാജ്കുമാരി ഇറങ്ങിച്ചെന്നപ്പോള്‍ ജനങ്ങളിലേക്കാണ് വാജ്പേയ് പോയത്. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയനേതാക്കളില്‍ ഒരാളായിത്തീര്‍ന്നു. വാജ്പേയ് കാണ്‍പൂരിലേക്കും രാജ്കുമാരി ഡല്‍ഹിയിലേക്കും ജീവിതം പറിച്ചുനട്ടു.

രാഷ്ട്രീയമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഡല്‍ഹിയിലേക്ക് വാജ്‌പേയിയെ എത്തിച്ചത്. അവിടെ വെച്ച് പഴയ കൂട്ടുകാര്‍ വീണ്ടും കണ്ടുമുട്ടി. രാജ്കുമാരിയുമായി വാജ്പേയ് സൗഹൃദം പുതുക്കി. അവരുടെ ഭര്‍ത്താവ് ബ്രിജ് നരേന്‍ കൗളുമായും അദ്ദേഹത്തിന് നല്ല അടുപ്പമായിരുന്നു. വാജ്പേയ് കൗള്‍ കുടുംബത്തോടൊപ്പം താമസമാക്കി.

പിന്നീട് വാജ്പേയ് മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ അംഗമായപ്പോള്‍ രാജ്കുമാരിയും ഭര്‍ത്താവും മകളും അദ്ദേഹത്തിന്റെ വസതിയിലേക്ക് താമസം മാറി. വാജ്പേയുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ രാജ്കുമാരിക്ക് നേരിടേണ്ടി വന്നു. തങ്ങള്‍ക്കിടയില്‍ സൗഹൃദം ശക്തമാണെന്നും അതേ അടുപ്പം വാജ്പേയും ഭര്‍ത്താവുമായും ഉണ്ടെന്നും പറഞ്ഞ് വിവാദങ്ങളെ അവഗണിക്കുകയാണ് അവര്‍ ചെയ്തത്.

പെട്ടെന്നായിരുന്നു രാജ്കുമാരിയുടെ ഭര്‍ത്താവ് ബ്രിജ് നരേന്‍ കൗള്‍ മരണപ്പെട്ടത്. വാജ്‌പേയ് കൂട്ടുകാരിക്കും മകള്‍ക്കും താങ്ങായി. കിംവദന്തികള്‍ പരന്നിട്ടും അദ്ദേഹം അതിനെയൊന്നും
വകവെച്ചില്ല. രാജ്കുമാരിയുമായുള്ള അടുപ്പം രാഷ്ട്രീയജീവിതം തകര്‍ക്കുമെന്ന് അദ്ദേഹത്തെ പലരും ഉപദേശിച്ചിരുന്നു. രാജ്കുമാരിയും മകളും അദ്ദേഹത്തിനൊപ്പം തന്നെ തുടര്‍ന്നും താമസിച്ചു. 

വാജ്‌പേയിയുടെ സംസ്‌കാരചടങ്ങുകള്‍ക്കിടെ നമിത ഭട്ടാചാര്യ/ കടപ്പാട്-AFP

പരസ്പരബഹുമാനത്തിലും വിശ്വാസത്തിലും കെട്ടിപ്പടുത്തതായിരുന്നു രാജ്കുമാരിയും വാജ്പേയുമായുള്ള ആത്മബന്ധം. അഭിപ്രായങ്ങളിലും ആദര്‍ശങ്ങളിലും അടിയുറച്ചുനിന്ന രാജ്കുമാരിയുടെ വ്യക്തിത്വം വാജ്പേയുടെ കവിഭാവത്തെ പ്രചോദിപ്പിച്ചിരിക്കാം. 2014-ല്‍ അനാരോഗ്യത്തിന് കീഴടങ്ങി അവര്‍ മരണപ്പെട്ടപ്പോള്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനാത്ത വിധം വാജ്‌പേയിയുടെ ആരോഗ്യം ക്ഷയിച്ചിരുന്നു. രാജ്കുമാരിയെ യാത്രയാക്കാന്‍ സോണിയ ഗാന്ധിയടക്കമുള്ള രാഷ്ട്രീയലോകത്തെ പ്രമുഖര്‍ എത്തിയിരുന്നു.

രഞ്ജന്‍ ഭട്ടാചാര്യയെയാണ് നമിത വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നിഹാരിക എന്നൊരു മകളുമുണ്ട്. നിഹാരികയും നമിതയും വാജ്പേയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നത് രാജ്യം കണ്ടിരുന്നു. ഏറെക്കാലം കിടപ്പിലായിരുന്ന വാജ്പേയ് 2018 ഓഗസ്റ്റ് 16-നാണ് മരിച്ചത്. 


 

Content Highlights: vajpayee and his adopted daughter