ഒമ്പത് ബുള്ളറ്റുകള്‍, 36 മണിക്കൂര്‍; പാക്കിസ്ഥാനിലേക്കില്ലെന്ന് ജിന്നയോട് പറഞ്ഞ സാം മനേക് ഷാ

സാം മനേക് ഷാ/ കടപ്പാട്-getty images
സാം മനേക് ഷാ/ കടപ്പാട്-getty images

1971 ഇന്തോ-പാക് യുദ്ധത്തില്‍ രാജ്യത്തെ ജയിപ്പിച്ച ഫീല്‍ഡ് മാര്‍ഷല്‍  സാം മനേക് ഷാ. സാം ബഹാദൂര്‍ എന്ന വിളിപ്പേരിലൂടെ ചരിത്രത്തില്‍ ഇടം നേടിയ സാമിന്റെ ജീവിതകഥ അതിശയകരമാണ്. 

രണ്ടാം ലോകമഹായുദ്ധ കാലത്താണ് സാമിന്റെ പട്ടാളജീവിതം ആരംഭിക്കുന്നത്. ആവശ്യത്തിന് സൈനികരില്ലാത്തതിനാല്‍ മിനിമം സേവനം വേണം എന്ന നിയമം ലംഘിച്ച് മിക്കവര്‍ക്കും അന്ന് പ്രമോഷന്‍ നല്‍കി. അക്കൂട്ടത്തില്‍ സാം കാപ്റ്റനായി. പഗോഡ ഹില്‍ സ്റ്റേഷന് സമീപമായിരുന്നു സിറ്റാങ് നദിയ്ക്ക് കുറുകെയുള്ള പാലം. ഇന്ത്യയിലേക്ക് കയറാന്‍ ജപ്പാന്‍ സൈന്യത്തിനു പാലം കടക്കണം. നിര്‍ണായകമായ സൈനികമുന്നൊരുക്കങ്ങളാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. സാമായിരുന്നു മുന്‍നിരയില്‍. ജാപ്പനീസ് സൈന്യത്തെ ധീരമായി സാമും അണികളും ചെറുത്തു.

സാം മനേക്ഷാ/കടപ്പാട്-
wikipedia

പക്ഷേ, പോരാട്ടത്തിന്റെ അവസാനഘട്ടത്തില്‍ സാമിന് വെടിയേറ്റു. അതും വയറിലും നെഞ്ചിലുമായി ഒന്‍പത് ബുള്ളറ്റുകള്‍. ഏറെ വൈകി 36 മണിക്കൂറുകള്‍ കഴിഞ്ഞാണ് സാമിനെ ആശുപത്രിയിലെത്തിക്കുന്നത്. അദ്ദേഹത്തെ കണ്ട ഓസ്ട്രേലിയന്‍ ഡോക്ടര്‍ ഇനി ചികില്‍സിച്ചിട്ട് കാര്യമില്ല, വൈകിപ്പോയി എന്നാണ് ആദ്യം പറഞ്ഞത്. ഇടയ്‌ക്കെപ്പോഴോ ബോധം തെളിഞ്ഞ സാം എന്തുപറ്റിയതാണെന്ന ഡോക്ടറുടെ ചോദ്യത്തിന് 'കോവര്‍കഴുത തൊഴിച്ചതാണെന്ന്' മറുപടി കൊടുത്തു. തീവ്രവേദനയുടെ മുന്നിലും അദ്ദേഹം കാട്ടിയ മനോധൈര്യം ഡോക്ടറെ അദ്ഭുതപ്പെടുത്തി. 

വൈകാതെ സാമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ശ്വാസകോശത്തിലും വൃക്കയിലും കരളിലും ബുള്ളറ്റുകള്‍ തറച്ചിരുന്നു. അതെല്ലാം നീക്കം ചെയ്തു. കുടലിന്റെ വലിയൊരു ഭാഗം നശിച്ചുപോയിരുന്നു. അതും നീക്കം ചെയ്യേണ്ടിവന്നു. 

വിഭജനത്തിനു ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ അഴിച്ചുപണികള്‍ നടന്നു. പാകിസ്താൻ  ഗവര്‍ണര്‍ ജനറലും പാക് രാഷ്ട്രപിതാവുമായ മുഹമ്മദ് അലി ജിന്ന സാമിനെ പാക് സൈന്യത്തിലേക്ക് ക്ഷണിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. പക്ഷേ, സാം ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുകയാണ് ചെയ്തത്. കാശ്മീര്‍ പിടിച്ചെടുക്കാനെത്തിയ പാക് സൈന്യത്തെ പരാജയപ്പെടുത്തിയതും സാമിന്റെ നേതൃത്വപാടവമാണ്. ഇന്ത്യന്‍ സഖ്യത്തില്‍ ചേരാന്‍ വിമുഖത കാട്ടിയ ഹൈദരാബാദിലെ നിസാമിനെതിരെ നടന്ന സൈനിക നീക്കത്തിലും സാം മുന്‍നിരയിലുണ്ടായിരുന്നു. 

1962-ലെ യുദ്ധത്തിന് ശേഷം ഇന്ത്യയും ചൈനയുമായുള്ള ബന്ധം ഉലച്ചിലിലായിരുന്നു. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വാതില്‍ എന്നറിയപ്പെടുന്ന ഇടനാഴിയാണ് ചിക്കന്‍ നെക്ക് കോറിഡോര്‍. അവിടേക്ക് ചൈന സൈനികരെ അയക്കാന്‍ ശ്രമിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തിയെടുക്കുകയായിരുന്നു ഉദ്ദേശം. സാമിന്റെ നേതൃത്വത്തില്‍ പട്ടാളം എതിരാളികളെ തുരത്തുകയും പ്രദേശത്തെ സുരക്ഷിതമാക്കുകയും ചെയ്തു. ഒരു നാടിനാകെ ശാന്തിയും സമാധാനവും തിരികെ നല്‍കിയ സാമിനെ  1968-ല്‍ സര്‍വീസിലിരിക്കെ രാജ്യം പദ്മഭൂഷണ്‍ നല്‍കി വണങ്ങി.

1970 പാകിസ്താൻ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. അന്ന് ബംഗ്ലാദേശ് കിഴക്കന്‍ പാകിസ്താൻ  എന്ന പേരില്‍ പാകിസ്താന്റെ ഭാഗമാണ്. കിഴക്കന്‍ പാകിസ്താനികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന പാക് ഭരണകൂടം നല്‍കിയിരുന്നില്ല. മുജീബുല്‍ റഹ്‌മാന് കീഴില്‍ കിഴക്കന്‍ പാകിസ്താൻ അണിനിരന്നു. അതിക്രൂരമായി എതിര്‍ ശബ്ദങ്ങളെ തമസ്‌കരിക്കാനാണ് പാക് ഭരണകൂടം മുതിര്‍ന്നത്. പ്രതിഷേധിച്ചവരെ തല്ലിച്ചതക്കുകയും കൊന്നൊടുക്കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ടു. ജീവന്‍ കയ്യിലേന്തി പതിനായിരങ്ങള്‍ ഇന്ത്യയില്‍ അഭയം തേടി.

ഇന്ദിരാ ഗാന്ധി/കടപ്പാട്-getty images

ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കിഴക്കന്‍ പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇനി അനുവദിക്കാനാകില്ല എന്ന നിലപാടെടുത്തു. സൈനികമായി ഇടപെടാനായിരുന്നു ഇന്ത്യയുടെ തീരുമാനം. സാമിനെ പ്രധാനമന്ത്രി വിളിപ്പിച്ചു. തന്റെ പദ്ധതികള്‍ക്ക് കാര്യങ്ങള്‍ വിട്ടുതരണം എന്നായിരുന്നു സാമിന്റെ ആവശ്യം. അത് അംഗീകരിക്കപ്പെട്ടു. 

കിഴക്കന്‍ പാകിസ്താനിലെ വിമോചന പ്രക്ഷോഭകാരികള്‍ക്ക് സൈനിക പരിശീലനവും ആയുധവും നല്‍കുകയാണ് സാം ആദ്യം ചെയ്തത്. പാക് പട്ടാളത്തെ തിരിച്ചടിക്കാന്‍ അവരെ അദ്ദേഹം തയ്യാറാക്കി. ഗറില്ല പടയാളികളെയും കിഴക്കന്‍ പാകിസ്താന്റെ പട്ടാളക്കാരെയും സാം പരിശീലിപ്പിച്ചു. യുദ്ധത്തിന് തൊട്ടുമുന്‍പ് വരെ പാക് പട്ടാളത്തെ തളച്ചിടാന്‍ സാമിന്റെ പരിശീലനത്തിലൂടെ അവര്‍ക്ക് കഴിഞ്ഞു.

1971 ഡിസംബര്‍ 3-നാണ് യുദ്ധം ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ബേസുകളില്‍ ബോംബിട്ട പാകിസ്താനാണ് ആദ്യ പ്രകോപനം നടത്തിയത്. പടിഞ്ഞാറ്, കിഴക്ക്‌, വടക്ക് ഭാഗങ്ങളില്‍ നിന്ന് സംയുക്തമായി പാക് സൈന്യത്തെ ആക്രമിക്കാന്‍ സാം നിര്‍ദേശം നല്‍കി. അതേസമയം എയര്‍ ഫോഴ്സിനെയും നാവിക സേനയെയും തയ്യാറാക്കി. 

24 മണിക്കൂറിനുള്ളില്‍ നിര്‍ണായകമായ പല മേഖലകളും ഇന്ത്യന്‍ സൈന്യം കൈക്കലാക്കി. അവിടെയെല്ലാം പാക് പട്ടാളം കീഴടങ്ങുകയോ പിന്മാറുകയോ ചെയ്തു. ഐക്യരാഷ്ട്ര സഭ വിഷയം ഗൗരവമായി ചര്‍ച്ചയ്ക്കെടുത്തു. എത്രയും പെട്ടെന്ന് വെടിവെപ്പ് നിര്‍ത്തണമെന്ന  അമേരിക്കന്‍ നിര്‍ദേശം റഷ്യ രണ്ടുവട്ടം വീറ്റോ ചെയ്തു. 8 ഡിസംബറിന് അമേരിക്ക കറാച്ചിയില്‍ ആയുധങ്ങളിറക്കുന്ന വിവരം പുറത്തുവന്നു. അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയ സാം രൂക്ഷമായ ഭാഷയില്‍ എതിര്‍പ്പറിയിച്ചു. അമേരിക്കയുടെ പൊതുനയത്തിനെതിരായി പാകിസ്താന് സൈനികസഹായം നല്‍കുന്നത് ശരിയല്ലെന്ന് സാം ആഞ്ഞടിച്ചു. ഇനി ഇതിന് അനുവദിക്കില്ലെന്നും.

ഡിസംബര്‍ 9, 11, 15 ദിവസങ്ങളില്‍ സാം റേഡിയോയിലൂടെ പാക് സൈന്യത്തെ അഭിസംബോധന ചെയ്തു,- ''എന്തിനാണ് ജീവിതം പാഴാക്കുന്നത്? വീട്ടില്‍ പോകണമെന്നില്ലേ, മക്കള്‍ക്കൊപ്പമിരിക്കണ്ടേ? സമയം നഷ്ടപ്പെടുത്തരുത്; ഒരു പട്ടാളക്കാരനു മുന്നില്‍ ആയുധം താഴെ വെക്കുന്നതില്‍ യാതൊരു അപമാനവുമില്ല. ഒരു സൈനികന് യോജിച്ച പരിഗണന ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും.''

സൈനിക നേതൃത്വം കീഴടങ്ങല്‍ അംഗീകരിച്ചിട്ടും പാക് ഭരണകൂടം യുദ്ധം തുടരണമെന്ന നിലപാടിലായിരുന്നു. 16 ഡിസംബര്‍ രാവിലെ 9 മണിക്കുള്ളില്‍ പാക് സൈന്യം കീഴടങ്ങണമെന്നും അല്ലെങ്കില്‍ അത് സംഭവിക്കും വരെ യുദ്ധം തുടരുമെന്നും സാം ഉറച്ചുപറഞ്ഞു. പാക് പട്ടാളം വൈകുന്നേരം 3 വരെ സമയം നീട്ടിത്തരാന്‍ അപേക്ഷിച്ചു. ഒടുവില്‍ പറഞ്ഞ സമയം പാക്  പിന്മാറ്റം ഔദ്യോഗികമായി.  

ഏതൊരു യുദ്ധത്തിലും ജയമായാലും പരാജയമായാലും നഷ്ടങ്ങളും വേദനകളും കൂടുതലും അനുഭവിക്കുന്നത് സ്ത്രീകള്‍ തന്നെയാണ്. വിജയാഘോഷത്തില്‍ മതിമറന്ന സൈന്യം സ്ത്രീകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുമോ എന്ന ആശങ്കയ്ക്ക് സാം ഇടം നല്‍കിയില്ല. അങ്ങേയറ്റം ബഹുമാനത്തോടെ ഇടപെടണം എന്ന് കര്‍ശനമായി സൈന്യത്തെ താക്കീത് ചെയ്തു. ''ഒരു ബീഗത്തെ കണ്ടാല്‍ കൈകള്‍ പോക്കറ്റിലാണെന്ന് ഉറപ്പുവരുത്തണം. മനസ്സില്‍ സാമിനെ ഓര്‍ക്കണം.'' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 

ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തെ പാകിസ്താൻ  അംഗീകരിക്കും വരെ ഇന്ത്യ യുദ്ധത്തടവുകാരെ വരുതിയില്‍ വെച്ചു. അങ്ങേയറ്റം മാന്യമായാണ് സാം അവരെ പരിഗണിച്ചത്. അവര്‍ക്ക് ഖുര്‍ആന്‍ പ്രതികള്‍ നല്‍കുകയും ആചാരങ്ങള്‍ പിന്തുടരാന്‍ അവസരം നല്‍കുകയും ചെയ്തു. പ്രിയപ്പെട്ടവരില്‍ നിന്ന് സമ്മാനങ്ങളും കത്തും സ്വീകരിക്കാനും അവര്‍ക്ക് അനുവാദമുണ്ടായിരുന്നു.
 
1972-ല്‍ പദ്മ വിഭൂഷണ്‍ നേടിയ സാമിനെ 1973 പുതുവത്സര ദിനത്തില്‍ ഇന്ദിരാ ഗാന്ധി ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചു. ആ വര്‍ഷം,  ഇന്ത്യ സൈനിക ദിവസമായി ആചരിക്കുന്ന ജനുവരി 15-ന് സാം സൈനിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങി. അപ്പോഴേക്കും അദ്ദേഹം നാല്‍പത് വര്‍ഷം രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു.


 

Content Highlights: tribute to sam bahadur