മരിക്കുമ്പോൾ മൈക്കിൾ ജാക്‌സന്റെ കടം 450 മില്യൺ ഡോളർ; മരണശേഷം ലാഭത്തിലായി

മൈക്കിൾ ജാക്‌സൻ | AP
മൈക്കിൾ ജാക്‌സൻ | AP

പോപ് ഇതിഹാസം മൈക്കിൾ ജാക്‌സന്റെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ 'മൈക്കിൾ' എന്ന സിനിമ ചർച്ചയാവുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതവും വീണ്ടും വാർത്തകളിലിടം പിടിക്കുകയാണ്.

2009-ലാണ് ജാക്‌സൻ മരിക്കുന്നത്. എല്ലാവരും കരുതിയത് വലിയൊരു ഭാഗം സമ്പാദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മടക്കമെന്നായിരുന്നു. സത്യത്തിൽ നേരെ തിരിച്ചായിരുന്നു സംഭവം. മരിക്കുമ്പോൾ വലിയ സാമ്പത്തികപ്രതിസന്ധിയിലായിരുന്നു അദ്ദേഹം. ആ സമയത്ത് ഏറ്റവും കുറഞ്ഞത് 450 മില്യൺ ഡോളർ കടത്തിലായിരുന്നുവത്രേ ജാക്‌സൻ.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ പര്യടനങ്ങളിലൊന്നായ 'ദിസ് ഈസ് ഇറ്റ്' (this is it) ആരംഭിക്കാനിരിക്കുകയായിരുന്നു ജാക്‌സൻ. 2009 ജൂലായ് 13 മുതൽ 2010 മാർച്ച് 6 വരെ നീണ്ടുനിൽക്കുന്ന പരിപാടി. പരിപാടി അനൗൺസ് ചെയ്തത് 2009 മാർച്ചിലാണ്. അന്ന് പല രാജ്യങ്ങളിൽനിന്നെത്തിയ ആരാധകരോടും മാധ്യമപ്രവർത്തകരോടുമായി ജാക്‌സൻ പറഞ്ഞതിങ്ങനെ, ''ദിസ് ഈസ് ഇറ്റ്. ഞാനങ്ങനെ പറയുമ്പോൾ യഥാർഥത്തിൽ അതുതന്നെയാണ് അർത്ഥമാക്കുന്നത്. ഇതാണ് എന്റെ അവസാനത്തെ കർട്ടൻ കോൾ''.

ആദ്യത്തെ പരിപാടിക്ക് വെറും 18 ദിവസങ്ങൾ ബാക്കിനിൽക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. അപ്പോഴേക്കും എല്ലാ ടിക്കറ്റുകളും വിറ്റുപോവുകയും ചെയ്തിരുന്നു. ജാക്‌സന്റെ മരണത്തോടെ പരിപാടി റദ്ദാക്കുകയായിരുന്നു. ഇത് റദ്ദാക്കിയതും വൻ കടബാധ്യതയാണ് വരുത്തിവെച്ചത്. ''അദ്ദേഹത്തിന് വിലപ്പെട്ട സ്വത്തുക്കൾ ഏറെയുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ കൈയിൽനിന്ന് പണം ചോരുകയായിരുന്നു'', 2005 മുതൽ ജാക്‌സനൊപ്പം പ്രവർത്തിച്ച അഭിഭാഷകൻ ഒരിക്കൽ പറഞ്ഞതിങ്ങനെ.

അദ്ദേഹത്തിന്റെ മരണത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ടീം ഒത്തുകൂടി. എങ്ങനെ കടങ്ങൾ തീർക്കാം എന്നതായിരുന്നു അവരുടെ പ്രധാന അജണ്ട. ജാക്‌സന്റെ റിഹേഴ്‌സലിന്റെ വീഡിയോകൾ കുറേയേറെ അവരുടെ കൈയിലുണ്ടായിരുന്നു. അതുവെച്ച് ഒരു ഡോക്യുമെന്ററി നിർമിക്കാൻ തീരുമാനിച്ചു. അങ്ങനെ അതേവർഷം തന്നെ 'ദിസ് ഈസ് ഇറ്റ്' എന്ന പേരിൽ ഡോക്യുമെന്ററി പുറത്തിറക്കി. ആഗോള ബോക്‌സോഫീസിൽ 265 മില്യൺ ഡോളറാണ് അത് വാരിക്കൂട്ടിയത്. ഡിവിഡി വിൽപനയിലൂടെയും മറ്റും 100 മില്യൺ ഡോളറും. ഇത് ജാക്‌സന്റെ സാമ്പത്തികബാധ്യതകൾ തീർക്കാനുപകരിച്ചു. അതിനൊപ്പം മറ്റൊരു ലാഭകരമായ ബിസിനസിന് തുടക്കമിടുകയും ചെയ്തു.

അതിനൊപ്പം ജാക്‌സന്റെ ഏറ്റവും പ്രധാനപ്പെട്ട ചില സ്വത്തുവകകളും അദ്ദേഹത്തിന്റെ മ്യൂസിക് റൈറ്റുകളും അവർ വിറ്റു. 4,000 ഗാനങ്ങളുള്ള എടിവി കാറ്റലോഗ് 2016-ൽ സോണി മ്യൂസിക്കിന് 750 മില്യൺ ഡോളറിനാണ് വിറ്റത്. ജാക്സന്റെ സ്വന്തം സംഗീത അവകാശങ്ങളുടെ പകുതി 2024-ൽ സോണിക്ക് തന്നെ 600 മില്യൺ ഡോളറിന് വിറ്റു. അങ്ങനെ പല വഴികളിലൂടെ പോപ് രാജാവിന്റെ പ്രശസ്തിയും ജനപ്രീതിയും ടീം പരമാവധി ഉപയോഗിച്ചു.

ഫോർബ്‌സിന്റെ കണക്കുകൾ പ്രകാരം, ജാക്‌സന്റെ മരണശേഷം മാത്രം സമ്പാദിച്ചത് 3.5 ബില്യൺ ഡോളറാണ്. അങ്ങനെ മരിച്ച സെലിബ്രിറ്റികളുടെ വാർഷികലിസ്റ്റിൽ ജാക്‌സൻ ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Michael Jackson was $450 million in debt at the time of his 2009 death. The 'This Is It' documentary and concert cancellation led to strategic financial restructuring. Strategic asset sales, including the ATV music catalog to Sony, cleared debts.