വിവാഹത്തകര്‍ച്ച, മദ്യപാനം, കടം; ഗീതാ ദത്ത്

ഗീതാ ദത്ത് / കടപ്പാട്-wikipedia
ഗീതാ ദത്ത് / കടപ്പാട്-wikipedia

ജീവിച്ചിരുന്നെങ്കില്‍ ലതാ മങ്കേഷ്‌കര്‍ക്ക് ഭീഷണിയാകുമായിരുന്ന ഗായിക, ഗീതാ ദത്ത്. നാല്പത്തിയൊന്നാം വയസ്സില്‍ കരള്‍ രോഗത്തോട് മല്ലടിച്ച് അകലമരണത്തിന് കീഴടങ്ങിയ അതുല്യ ഗായിക. വേദനയുടെ ദൂരം അപ്പോഴേക്കും ഗീത ഒരുപാട് താണ്ടിയിരുന്നു. ഭര്‍ത്താവ് ഗുരു ദത്തുമായുള്ള ഇടര്‍ച്ചകള്‍, ദത്തിന്റെ മരണം, മദ്യപാനം, ശ്വാസം മുട്ടിച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍... അങ്ങനെയങ്ങനെ. 

1930-ല്‍ ബംഗാളിലെ അതിസമ്പന്നമായ ഒരു ഭൂവുടമ കുടുംബത്തിലെ പത്തുമക്കളില്‍ ഒരാളായി ഗീത ഘോഷ് റോയ് ചൗധരി എന്ന പേരില്‍ ജനനം. കുടുംബം പിന്നീട് മുംബൈയില്‍ സ്ഥിരതാമസമായി. അവിടെ വെച്ചാണ് കെ. ഹനുമാന്‍ ചൗധരി എന്ന സംഗീതഗുരു ഗീതയെ കണ്ടെത്തുന്നത്. അദ്ദേഹം ശിഷ്യയെ സിനിമാ പിന്നണിഗാനരംഗത്തേക്ക് കൈപിടിച്ചെത്തിച്ചു. 

ഗീതയുടെ മധുരശബ്ദം പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. കൈ നിറയെ അവസരങ്ങള്‍ വന്നു. ബാസി എന്ന സിനിമയില്‍ പാടാനെത്തിയ ഗീത, സംവിധായകന്‍ ഗുരു ദത്തുമായി പ്രണയത്തിലായി. സിനിമാലോകത്ത് പ്രണയവിഷയങ്ങളില്‍ അത്ര നല്ല പേരായിരുന്നില്ല ഗുരു ദത്തിന്. അതൊന്നും ഗീത വകവെച്ചില്ല. 1953-ല്‍ അവര്‍ വിവാഹിതരായി.

ഇരുവര്‍ക്കും മൂന്നു മക്കള്‍ പിറന്നു. ഗീത കുഞ്ഞുങ്ങളുമായി തിരക്കിലായപ്പോള്‍ ഗുരു ദത്തിന്റെ കരിയര്‍ കുതിച്ചു. തുടരെ ഹിറ്റുകള്‍. ഗീതയ്ക്ക് അവസരങ്ങള്‍ ധാരാളം വന്നിരുന്നെന്നും അവര്‍ പാടുന്നതിനെ ഗുരു ദത്ത് എതിര്‍ത്തിരുന്നു എന്നും പറയപ്പെടുന്നു. ഗീത തന്റെ സിനിമയ്ക്ക് വേണ്ടി മാത്രം പാടിയാല്‍ മതിയെന്നൊരു സ്വാര്‍ത്ഥത ഗുരു ദത്തിന് ഉണ്ടായിരുന്നത്രെ.

ഗീതാ ദത്ത് ഭര്‍ത്താവ് ഗുരു ദത്തിനൊപ്പം

ഗോസിപ്പ് കോളങ്ങളില്‍ ഗുരുദത്തിന്റെ പേര് വഹീദ റഹ്‌മാനുമായി ചേര്‍ക്കപ്പെടുന്നത് ഇക്കാലത്താണ്. ദത്താണ് വഹീദയെ ഹിന്ദി സിനിമയില്‍ വളര്‍ത്തിയെടുത്തത്. അദ്ദേഹത്തിന്റെ ഹിറ്റുകളിലെല്ലാം വഹീദ ഭാഗമായിരുന്നു. ഇതെല്ലാം ഗീതയുടെ മനോനില തകര്‍ത്തു. കൈവിട്ടുപോയ അവസരങ്ങളോര്‍ത്തും ഭര്‍ത്താവിന്റെ ചതി സംശയിച്ചും ഗീത കടുത്ത വിഷാദത്തിലേക്ക് വഴുതിവീണു. മദ്യത്തിലാണ് അവര്‍ ആശ്രയം കണ്ടെത്തിയത്.

ഔദ്യോഗികമായി ബന്ധം വേര്‍പെടുത്തിയില്ലെങ്കിലും ഗുരു ദത്തും ഗീതയും വഴി പിരിഞ്ഞു. ഗീത കൂടുതല്‍ മദ്യത്തിന് അടിമയായി. അങ്ങനെയിരിക്കെയാണ് മദ്യവും ഉറക്കഗുളികയും അമിതമായ അളവില്‍ അകത്തുചെന്ന് ഗുരു ദത്ത് മരണപ്പെടുന്നത്. ആ മരണം ആത്മഹത്യയാണെന്ന് വലിയ അടക്കം പറച്ചിലുകളുണ്ടായി. ഗീതയുടെ സംശയരോഗം ഗുരുദത്തിന്റെ സ്വസ്ഥത കെടുത്തിയിരുന്നെന്ന് ചെറിയൊരു വിഭാഗം വിശ്വസിച്ചു.

ദത്തിന്റെ മരണത്തോടെ കാര്യങ്ങള്‍ വഷളായി. നിലനില്പിനുള്ള പോരാട്ടമായിരുന്നു പിന്നീട്. സാമ്പത്തികമായി ഗീത തകര്‍ന്നിരുന്നു. വേദികളില്‍ പാടിയും കാസറ്റുകള്‍ പുറത്തിറക്കിയും അവര്‍ പിടിച്ചു നിന്നു. ഹിന്ദി, ഗുജറാത്തി, മറാത്തി, നേപ്പാളി, ബംഗാളി... തുടങ്ങി പല ഭാഷകളില്‍ ഗീത പാടി. പക്ഷേ, മദ്യപാനം അവരുടെ ആരോഗ്യം തകര്‍ത്തിരുന്നു. ദീര്‍ഘകാലം വേട്ടയാടിയ കരള്‍രോഗം ഒടുവില്‍ 1972-ല്‍ ഗീതയുടെ ജീവനെടുത്തു.
 

Content Highlights: the life of geeta dutt