'സ്ത്രീകള്‍ മാറ് മറയ്ക്കാത്ത ഗ്രാമമായിരുന്നു അത്'- ആഫ്രിക്കയിലൂടെ ഒറ്റയ്ക്ക് മലയാളി പെണ്‍കുട്ടി...

#സൂരജ് സുകുമാരന്‍
അരുണിമ
അരുണിമ

കുട്ടിക്കാലത്ത് ആരെങ്കിലും നമ്മളെ നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി എന്ന് പറഞ്ഞാല്‍ സന്തോഷിക്കരുത്, ഒരു ട്രാപ്പാണത്. ജീവിതം മുഴുവന്‍ ചിറകൊതുക്കി ഇരിക്കാനുള്ള പ്രോത്സാഹനം. ചിറകൊതുക്കി ഇരുന്നാല്‍ പിന്നെ എങ്ങനെ പറക്കും..? 

(റാണി പത്മിനി)

പാലക്കാട് ഒറ്റപ്പാലത്തെ ഒരുഗ്രാമത്തിലെ പെണ്‍കുട്ടി ചിറക് വിരിച്ച് പറന്നാല്‍ എവിടെ വരെ എത്തും എന്ന്  അരുണിമയോട് ചോദിച്ചാല്‍ ഈ ലോകം മുഴുവനെത്തും എന്നവള്‍ മറുപടി പറയും. കുട്ടിക്കാലം തൊട്ട് ചിറക് വിരിച്ച് പറക്കാന്‍ തുടങ്ങിയതാണ് അരുണിമ, ആദ്യകാലം പിതാവിനും ബന്ധുക്കള്‍ക്കും കൂടെ പറന്നു, പിന്നെ സുഹൃത്തുക്കള്‍ക്കൊപ്പം, സ്‌കൂള്‍ കാലത്തിന് ശേഷം ഒറ്റയ്ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയാണ് ഈ പെണ്‍കുട്ടി. തന്റെ 24 ാം വയസ്സില്‍ 28 രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കാനുള്ള യാത്രയുടെ പാതിവഴിയിലാണ് അരുണിമ ഇപ്പോള്‍. മലപ്പുറത്ത് നിന്ന് ഒരുവര്‍ഷം മുമ്പ് ഫ്‌ളാഗ് ഓഫ് ചെയ്ത ആഫ്രിക്കന്‍ സോളോ സൈക്കിളിങ് ഇന്ന് കെനിയയിലെത്തി നില്‍ക്കുകയാണ്. Women Can Travel Alone ( സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനാകും) എന്ന മുദ്രാവാക്യവുമായാണ് അരുണിമ സോളോ സൈക്ലിങ് നടത്തുന്നത്.  ബാക്ക്പാക്കര്‍ അരുണിമ എന്ന സോഷ്യല്‍മീഡിയ പേജുകളിലൂടെ തന്റെ യാത്രാവിശേങ്ങള്‍ ലോകത്തിന് കൈമാറുകയും ചെയ്യുന്നുണ്ട് ഈ മിടുക്കി. ഒമാന്‍, യു.എ.ഇ, എത്യോപ്യ, കെനിയ എന്നീ രാജ്യങ്ങള്‍ പിന്നിട്ട് മുന്നേറുന്ന സൈക്ലിങ് ഇനി 14 ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ കൂടി പ്രയാണം നടത്തി സൗത്താഫ്രിക്കയില്‍ അവസാനിപ്പിക്കും. യാത്രയ്ക്കുള്ള ചെലവിന്റെ ഭൂരിഭാഗവും അരുണിമ സ്വയം തന്നെയാണ് കണ്ടെത്തുന്നത്. ഇനി ഒരുവര്‍ഷം കൊണ്ട് യാത്ര പൂര്‍ത്തിയാക്കാം എന്നാണ്  പ്രതീക്ഷ. ജീവിതം  ലോക സഞ്ചാരത്തിനായി മാറ്റിവെച്ച മിടുക്കി ഗൃഹലക്ഷ്മി ഓണ്‍ലൈനുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു, 

ഒറ്റയ്ക്ക് സൈക്കിളില്‍ ജി.സി.സി വഴി ആഫ്രിക്കയിലേക്ക്, എപ്പോഴാണ് യാത്രകളോട് ഇഷ്ടം തോന്നിത്തുടങ്ങിയത്?

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലമാണ് എന്റെ സ്വദേശം. ചെറുപ്പംതൊട്ടേ ഒരുസ്ഥലത്തും കൂടുതല്‍ സമയം ഇരിക്കാന്‍ ഇഷ്ടമില്ലായിരുന്നു. സ്‌കൂളില്‍ പോകാന്‍ പോലും താത്പര്യം ഉണ്ടായിരുന്നില്ല. കാരണം രാവിലെ തൊട്ട് വൈകുന്നേരം വരെ ഒരേ ഇരിപ്പ് ഇരിക്കണമല്ലോ. സ്പോര്‍ട്സിലും ആര്‍ട്സിലും  പാഠ്യേതര പ്രവര്‍ത്തനങ്ങളിലുമാണ് ഞാന്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത്. യാത്രയോടുള്ള താത്പര്യം  എന്നില്‍ ജനിപ്പിച്ചത്  അച്ഛനാണ് . അദ്ദേഹത്തിനൊരു ക്യാമറയുണ്ട്. ഞാന്‍ കുട്ടിയായിരിക്കുന്ന സമയത്ത് അദ്ദേഹം ഒരുപാട് യാത്രകള്‍ പോകും. തിരിച്ചു വന്നാല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങള്‍ എനിക്ക് കാണിച്ചുതരും. പലതരം മനുഷ്യര്‍, ഭക്ഷണങ്ങള്‍ അങ്ങനെ ഓരോന്നും എന്നെ ആകര്‍ഷിച്ചിരുന്നു. എന്നെയും കൊണ്ടുപോകണം എന്ന് ഓരോ തവണയും അച്ഛനോട് പറയും. എന്നാല്‍ സ്‌കൂള്‍ ഉള്ളതുകൊണ്ട് വലിയ യാത്രകള്‍ ഒന്നും നടത്തുക അന്ന് സാധ്യമായിരുന്നില്ല. ഊട്ടി, ബാംഗ്ലൂര്‍,എന്നിവിടങ്ങളിലേക്കൊക്കെയായിരുന്നു അന്ന് അച്ഛന്റെ കൂടെ പോയിരുന്നത്. എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം അച്ഛന്‍ തന്നിട്ടുണ്ട്. 

അന്നുതൊട്ടേ ഒറ്റയ്ക്കായിരുന്നോ യാത്രകള്‍...? 

ഒറ്റയ്ക്ക് യാത്ര ചെയ്ത് തുടങ്ങിയത് പ്ലസ് ടു പഠനത്തിന് ശേഷമാണ്. അതുവരെ വീട്ടുകാരും കൂട്ടുകാരുമൊത്തായിരുന്നു യാത്ര. പ്ലസ് ടു കഴിഞ്ഞ് എറണാകുളത്ത് ഏവിയേഷന്‍ കോഴ്സിന് ചേര്‍ന്നു. ആ സമയത്താണ് ആദ്യ സോളോ ട്രിപ്പ് പോകുന്നത്. പതിനെട്ട് വയസ്സായിരുന്നു അന്ന്. ഗോവയിലേക്കായിരുന്നു  യാത്ര. എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍, ഹുബ്ലി,അങ്ങനെ കറങ്ങിത്തിരിഞ്ഞ് ഗോവയിലേക്ക്. ബസ്, ട്രെയിന്‍, പബ്ലിക് ട്രാന്‍സ്പോര്‍ട്ട്, ലിഫ്റ്റ് അങ്ങനെ പലവഴിയിലായിരുന്നു ആ യാത്ര. അത് വലിയ ആത്മവിശ്വാസവും സന്തോഷവും തന്നു.

അന്ന് യാത്രയ്ക്കുള്ള പണം എവിടെ നിന്നാണ് കണ്ടെത്തിയത്..? 

പ്ലസ് ടു കഴിഞ്ഞപ്പോള്‍ മുതല്‍ പാര്‍ട് ടൈം ജോലികള്‍ ചെയ്തിരുന്നു. കെ.എഫ്.സി, ടെലികോളര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍, ഇവന്റ് വര്‍ക്ക് അങ്ങനെ ഒരുപാട് ജോലികള്‍ ചെയ്തു. അതില്‍ നിന്ന് മിച്ചം പിടിച്ച കാശുകൊണ്ടാണ് യാത്രകള്‍ ചെയ്തത്. ഇപ്പോള്‍ മൂന്ന് വര്‍ഷത്തോളമായി മുഴുവന്‍ സമയ യാത്രികയാണ്. 

ആഫ്രിക്കന്‍ യാത്ര ഐഡിയ എപ്പോഴാണ് മനസ്സില്‍ വന്നത്...? 

ഞാന്‍ വിയറ്റ്നാമില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന നാളുകളിലൊന്നില്‍ ഒരുസുഹൃത്ത് പറഞ്ഞ കാര്യമാണ് ഈ സോളോ സൈക്കിള്‍ ട്രിപ്പിന്റെ പിറവിക്ക് കാരണമായത്. ഗുജറാത്ത് യാത്രയില്‍ പരിചയപ്പെട്ട ഒരു സുഹൃത്ത് ഉഗാണ്ടയിലുണ്ട്. എന്റെ വിയറ്റ്നാം വീഡിയോകള്‍ കണ്ട അവന്‍ എന്നെ ആഫ്രിക്കയിലേക്ക് ക്ഷണിച്ചു.  വിയറ്റ്നാം യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയപ്പോള്‍ ഉഗാണ്ട സന്ദര്‍ശിക്കാം എന്നൊരു പദ്ധതിയിട്ടു. അപ്പോഴാണ് ആഫ്രിക്ക രാജ്യങ്ങളിലൂടെ സൈക്ലിങ് നടത്തിയാലോ എന്ന് ചിന്തിച്ചത്.  ജി.സി.സി രാജ്യങ്ങള്‍ വഴി ആഫ്രിക്കയിലെത്തി സൗത്താഫ്രിക്കവരെ പോകുന്ന ഒരുപദ്ധതിയുണ്ടാക്കി. കേരളത്തില്‍ മലപ്പുറത്ത് വച്ചാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്.  കേരളത്തില്‍ നിന്ന് സൈക്കിളില്‍ മുംബൈ വരെ സഞ്ചരിച്ചു. അവിടെനിന്ന് വിമാനമാര്‍ഗം ഒമാനിലെത്തി. ഒമാനില്‍ യാത്ര ചെയ്ത ശേഷം റോഡ് മാര്‍ഗം സൈക്കിളില്‍ യു.എ.ഇയിലേക്ക്. അതിനിടെ എന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുറച്ച് നാള്‍ ഇടവേളയെടുത്ത് നാട്ടിലേക്ക് വന്നു. തിരിച്ച് ദുബായില്‍ എത്തിയപ്പോള്‍ കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. വളരെ ചൂട് കൂടിയ സമയമായിരുന്നു. അതിനാല്‍ സൗദ്യ അറേബ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. ഈജിപ്തില്‍ സൈക്ലിങ് നടത്താന്‍ ഒരുപാട് നിബന്ധനകളുണ്ടായതിനാല്‍ അനുമതി കിട്ടിയില്ല. സുഡാനില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അവിടം സന്ദര്‍ശിക്കാനും കഴിഞ്ഞില്ല. അതിനാല്‍ അറബ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞ് ദുബായില്‍ നിന്ന് വിമാനമാര്‍ഗം എത്യോപ്യയിലേക്ക് വന്നു. 

ഒരുമാസം എത്യോപ്യയില്‍ യാത്ര ചെയ്തു. ശേഷം കെനിയയിലേക്ക്. ഇപ്പോള്‍ കെനിയയിലൂടെ സഞ്ചരിക്കുകയാണ്. ഉഗാണ്ട, റുവാണ്ട, ബൊറുണ്ടി, ടാന്‍സാനിയ, മലാവി, സാംബിയ, സിംബാവെ, മെസാംബിക്, ബോട്സ്വാന, അങ്കോള, നമീബിയ, ലസാതോ, ഇസ്വാത്വിനി എന്നീ രാജ്യങ്ങളാണ് ഇനി സന്ദര്‍ശിക്കാനുള്ളത്. ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് സൗത്താഫ്രിക്കയിലാണ് യാത്ര അവസാനിക്കുക. ഒരുവര്‍ഷം കൊണ്ട് സൗത്താഫ്രിക്കയില്‍ എത്താനാണ് പ്ലാന്‍. അവിടെ നിന്ന് ഇന്ത്യയിലേക്ക് മടങ്ങും. ഇതുവരെയുള്ള ജീവിതത്തില്‍ നിലവില്‍ 12 രാജ്യങ്ങള്‍ സഞ്ചരിച്ചു കഴിഞ്ഞു. ഈ യാത്ര പൂര്‍ത്തിയാകുന്നതോടെ സന്ദര്‍ശിച്ച രാജ്യങ്ങളുടെ എണ്ണം 28 ആകും. 

എന്തുകൊണ്ട് സോളോ ട്രിപ്പിനായി ആഫ്രിക്ക തെരഞ്ഞെടുത്തു...? 

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യുന്നത് വളരെ അപകടം പിടിച്ച ഒന്നാണെന്ന്  പലരും പറഞ്ഞിട്ടുണ്ട്. ലഹരിയും കള്ളക്കടത്തും തുടങ്ങി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഒരുപാട് സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ട് ഒരുപെണ്‍കുട്ടി ഒറ്റയ്ക്ക് ഒരിക്കലും ആഫ്രിക്കയിലൂടെ യാത്ര ചെയ്യരുതെന്ന് പലരും ഉപദേശിച്ചിരുന്നു. അതൊക്കെ കേട്ടപ്പോള്‍ എന്റെ ഉള്ളിലെ അഡ്വഞ്ചര്‍ ട്രാവലര്‍ ഉണര്‍ന്നു. ആ കൗതുകം കൊണ്ടുതന്നെയാണ് ആഫ്രിക്കയിലൂടെ തന്നെ എന്ന് തീരുമാനിച്ചത്. അഡ്വഞ്ചര്‍ ട്രിപ്പുകളോട് കുറച്ച് പ്രണയം കൂടുതലുണ്ട്. 

ആഫ്രിക്കയില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്താണ്...? 

ആഫ്രിക്ക നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് തന്നെയാണ്. എത്യോപ്യയില്‍ വച്ച് ഇത് നേരിട്ടനുഭവിച്ചതാണ്. വൃത്തിഹീനമായ ചെളിവെള്ളമാണ് അവര്‍ ഭക്ഷണം ഉണ്ടാക്കാനും കുടിക്കാനുമൊക്കെ ഉപയോഗിക്കുന്നത്. അത് എന്നെ സംബന്ധിച്ച് വലിയ ഷോക്കായിരുന്നു. അവിടെയുള്ള ആളുകള്‍ അപൂര്‍വമായോ വെള്ളം കുളിക്കാനായി ഉപയോഗിക്കാറുള്ളൂ. മാസത്തിലും വര്‍ഷത്തിലുമൊക്കെയാണ് പലരും കുളിക്കുന്നത്. ഭൂരിഭാഗം ഇടങ്ങളിലും ടോയ്‌ലറ്റ് സൗകര്യമില്ല. കുളിയും മലമൂത്ര വിസര്‍ജനുമൊക്കെ മറയൊന്നുമില്ലാതെ തുറന്നയിടങ്ങളിലാണ്. ആഴ്ചയില്‍ ഒരുദിവസമാണ് എത്യോപ്യയിലെത്തിയപ്പോള്‍ ഞാന്‍ കുളിച്ചത്. വലിയ വില നല്‍കി മിനറല്‍ വാട്ടര്‍ മേടിച്ചാണ്  ചെറിയ തോതില്‍ ജല പ്രതിസന്ധി ഞാന്‍ മറികടന്നത്. ഭക്ഷണത്തേക്കാള്‍ എനിക്ക് പണം ചെലവായത് വെള്ളം വാങ്ങാനാണ്.

യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ ഏതെങ്കിലും പങ്കുവയ്ക്കാമോ..? 

ഓരോ ദിവസവും ഓര്‍മിക്കാന്‍ ഒരുപാട് അനുഭവങ്ങള്‍ ഈ യാത്ര എനിക്ക് സമ്മാനിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു അനുഭവം പറയാം. ബംഗ്ലാദേശില്‍ യാത്ര ചെയ്യുന്ന സമയം. അവിടെ  വച്ച് വൃത്തിയില്ലാത്ത ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായി. സൈക്കിള്‍ ചവിട്ടാനാകാതെ തളര്‍ന്നു. വയറിളക്കം വന്ന് ഗുളികയൊക്കെ കഴിച്ച് ആകെ വല്ലാത്ത അവസ്ഥ. എന്തുചെയ്യണമെന്നറിയാതെ ഒരുമെഡിക്കല്‍ ഷോപ്പിന്റെ മുന്നില്‍ തളര്‍ന്നിരുന്നു. അത് കണ്ട ആ നാട്ടുകാരിലൊരാള്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനോട് എന്നെ കുറിച്ച് ചോദിച്ചു.  ഇന്ത്യയില്‍ നിന്നുള്ള യാത്രികയാണെന്നും  ശാരീരിക അസ്വസ്ഥകള്‍ കാരണം വിശ്രമിക്കുകയാണെന്നും കടയുടമ അയാളോട് പറഞ്ഞു. അദ്ദേഹമെന്നെ വീട്ടിലേക്ക് ക്ഷണിച്ചു. തന്റെ ഭാര്യയും അമ്മയും മക്കളുമൊക്കെയുള്ള  വീട്ടില്‍ സുരക്ഷിതമായി വിശ്രമിക്കാം എന്നിട്ട് യാത്ര തുടരാം എന്നദ്ദേഹം പറഞ്ഞു.

അങ്ങനെ ഞാന്‍ ആ വീട്ടിലേക്ക് പോയി. അവര്‍ക്ക് ഹിന്ദി മനസ്സിലാകുമായിരുന്നു. അവിടെ നിന്ന് നല്ല ഭക്ഷണവും വിശ്രമവും ലഭിച്ചു. ഒരാഴ്ചയോളം ആ വീട്ടില്‍ താമസിച്ചു. ശരീരം ഓക്കെയായി ഞാന്‍ തിരിച്ചുപോകാനിറങ്ങിയപ്പോള്‍ അവരെല്ലാം കെട്ടിപിടിച്ച് കരഞ്ഞു. ഏറെ സങ്കടത്തോടെയാണ് ഞാനും യാത്ര തുടര്‍ന്നത്. ഇത്തരം ഒരുപാട് നല്ല മനുഷ്യര്‍ ലോകത്ത് ഇപ്പോഴുമുള്ളതുകൊണ്ടാണ് ഇത്രമേല്‍ സുന്ദരമായി ഈ ലോകം ഇന്നും മുന്നോട്ട് പോകുന്നത്.

ആഫ്രിക്കയില്‍ നിന്നുണ്ടായ അനുഭവം ഏതെങ്കിലും പറയാമോ...? 

എത്യോപയില്‍ യാത്ര ചെയ്യുന്ന സമയത്ത്. വഴിയില്‍ ഒരിടത്തെത്തിയപ്പോള്‍ സൈക്കിള്‍ പഞ്ചറായി. ഒമോ വാലി എന്ന സ്ഥലത്തായിരുന്നു അത്. തൊട്ടടുത്ത് കടയില്‍ നിന്ന് ഞാന്‍ പഞ്ചര്‍ ഒട്ടിച്ചു. അവിടെ വച്ച് അമാന്‍ എന്ന 28 കാരനായ യുവാവിനെ പരിചയപ്പെട്ടു. അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയാമായിരുന്നു. ഞാന്‍ എന്നെ പറ്റിയും യാത്രയെ പറ്റിയുമൊക്കെ പറഞ്ഞപ്പോള്‍ വളരെ താത്പര്യത്തോടെ അദ്ദേഹമത് കേട്ടു. നാളെ ഇവിടെ ആഴ്ചച്ചന്തയുണ്ടെന്നും അത് കണ്ട ശേഷം മാത്രം  ഗ്രാമം വിട്ടാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. അന്ന് രാത്രി താമസിക്കാനുള്ള സൗകര്യം അദ്ദേഹം വീട്ടില്‍ ഒരുക്കി. അദ്ദേഹത്തിനൊപ്പം വീട്ടിലേക്ക് ചെന്നപ്പോള്‍ ഒരു കോമ്പൗണ്ടില്‍ തന്നെ രണ്ട് വീട് കണ്ടു. വീടുകളില്‍ 20 വയസ്സിന് താഴെ മാത്രം പ്രായമുള്ള കുട്ടികളായിരുന്നു താമസിച്ചിരുന്നത്. അവരൊക്കെ ആരാ എന്ന് ഞാന്‍ ചോദിച്ചു. ' ഇതൊക്കെ എന്റെ സ്വന്തം മക്കളാണ് ' അദ്ദേഹം ഉത്തരം നല്‍കി.
പിറ്റേന്ന് ആഴ്ച ചന്ത സന്ദര്‍ശിച്ചു. ശേഷം ഒമ്പത് ദിവസത്തോളം അവിടെ താമസിച്ച് ചുറ്റുമുള്ള പ്രധാന സ്ഥലങ്ങളെല്ലാം കണ്ടു. ആ വീട്ടില്‍ കണ്ട കുട്ടികളെയെല്ലാം അവന്‍ ദത്തെടുത്ത് വളര്‍ത്തുന്നതാണെന്ന് പിന്നീടറിഞ്ഞു. ആഫ്രിക്കയില്‍ പൊതുവെ കുട്ടികളെ ഉപേക്ഷിക്കല്‍ കൂടുതലാണ്. അത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികളെയാണ് അമാന്‍ ഏറ്റെടുത്ത് വളര്‍ത്തുന്നത്. ഈ യാത്രയിലെ ഏറ്റവും നല്ല ദിവസങ്ങളിലായിരുന്നു ആ കുട്ടികളോടൊപ്പം ചെലവഴിച്ചത്.

ആഫ്രിക്കയില്‍ വച്ച് പലവേഷത്തിലുള്ള ഫോട്ടോകളും വീഡിയോകളും താങ്കള്‍ പങ്കുവച്ചിട്ടുണ്ട്, അവയില്‍ വസ്ത്രം ധരിക്കാത്ത ഗ്രാമത്തിലുള്ളവയുമുണ്ട്, മലയാളികളില്‍ നിന്ന് അത്തരം വീഡിയോകള്‍ക്ക് ഏത് തരത്തിലുള്ള പ്രതികരണമാണുണ്ടായത്...? 

ഓരോ നാട്ടിലുമെത്തുമ്പോഴും അവിടത്തെ സംസ്‌ക്കാരത്തിനനുസരിച്ച്  അവരിലൊരാളായി ജീവിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. വ്യത്യസ്ത രീതിയിലുള്ള വസ്ത്രധരിക്കുന്നവരെയും വസ്ത്രമോ ധരിക്കാത്ത ആളുകളെയുമെല്ലാം ഈ യാത്രയില്‍ കണ്ടുമുട്ടിയിട്ടുണ്ട്. എത്യോപ്യയിലെ എറിബോറയില്‍ ചെന്നപ്പോള്‍ കണ്ടത് വസ്ത്രം ധരിക്കാത്ത സ്ത്രീകളെയായിരുന്നു. പ്രദേശത്തെ അസഹനീയമായ ചൂടുകാരണമാണ് അവര്‍ മേല്‍വസ്ത്രം ഒഴിവാക്കിയതെന്നാണ് പറഞ്ഞത്. 
അതിലൊരു കൗതുകം തോന്നി.  അവര്‍ക്കൊപ്പം ചെലവിട്ട സമയങ്ങളില്‍ ഞാനും മേല്‍വസ്ത്രം ധരിച്ചില്ല. പകരം അവരുടെ പരമ്പരാഗതമായ വസ്ത്രം മാത്രം ധരിച്ചു. ആ ചിത്രങ്ങള്‍ ഞാന്‍ ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തിരുന്നു. ഒട്ടേറെപേര്‍ അതിന് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. അത്ര തന്നെ പേര്‍ തെറിവിളിക്കുകയും ചെയ്തു. ആ ഫോട്ടോയ്ക്ക് വന്ന നെഗറ്റീവ് കമന്റുകളെ ഞാന്‍ മൈന്‍ഡ് ചെയ്തിട്ടില്ല. പകരം അഭിനന്ദിച്ചവരെയെല്ലാം എന്റെ സ്നേഹം അറിയിച്ചു. 
പൊതുവെ മലയാളികള്‍ക്ക് അവരുടെ പൊതുബോധത്തില്‍ ഉറച്ചുപോയ വസ്ത്രധാരണരീതികളുണ്ട്. അതിനെ പുതുതലമുറ ലംഘിക്കുമ്പോള്‍ ചിലര്‍ വൈകാരികമായി പ്രതികരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തെറിവിളിക്കുന്നു.എന്നാല്‍ ലോകരാജ്യങ്ങളില്‍ യാത്ര ചെയ്ത ഒരുമലയാളിയും അത്തരത്തില്‍ ചിന്തിക്കില്ല. അവരുടയെല്ലാം കാഴ്ചപ്പാടുകള്‍ മാറും. ഒരു സ്ഥലത്ത് തന്നെ ജനിച്ച് ഉറച്ചുപോയ മനുഷ്യരാണ് പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിക്കുന്നത്.

ഈ യാത്രയ്ക്ക് മുമ്പ് ഏതൊക്കെ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്...? ഏതൊക്കെ രീതിയിലായിരുന്നു യാത്രകള്‍..?  

ഇന്ത്യയില്‍ 26 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും യാത്ര ചെയ്തിട്ടുണ്ട്. നേപ്പാള്‍, തായ്ലന്‍ഡ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ  രാജ്യങ്ങളെല്ലാം ഇതിനകം സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടികയിലുള്ളതാണ്. 
ഏറ്റവും കൂടുതല്‍ യാത്രകള്‍ ചെയ്തത് ലിഫ്റ്റ് അടിച്ച് ഹിച്ച്ഹൈക്കിങ് രീതിയിലാണ്. ഇതുവരെ സന്ദര്‍ശിച്ച രാജ്യങ്ങളില്‍ ഏഴ് രാജ്യങ്ങളില്‍ മാത്രമേ സൈക്കിളിങ് ചെയ്തിട്ടുള്ളൂ. എനിക്ക് രണ്ട് രീതിയോടും വലിയ ഇഷ്ടമാണ്. ഇപ്പോള്‍ ആഫ്രിക്കന്‍ സോളോ സൈക്കിളിങ് എന്നൊരു ആഗ്രഹത്തിന് പുറത്താണ് ഇറങ്ങിപുറപ്പെട്ടതാണ്. അടുത്ത വര്‍ഷം സൗത്ത് അമേരിക്കന്‍ ട്രാവല്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് ഹിച്ച് ഹൈക്കിങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. വാന്‍ ലൈഫും ചെയ്ത് നോക്കണമെന്നുണ്ട്. അങ്ങനെ പലരീതിയില്‍ യാത്ര ചെയ്തുകൊണ്ടിരിക്കണം എന്നത് മാത്രമാണ് ആഗ്രഹം.

എവിടെ നിന്നാണ് ഇത്രയും ധൈര്യം കിട്ടുന്നത്..? 

എനിക്ക് വെള്ളത്തെ ഒഴികെ വേറൊരു കാര്യത്തെയും പേടിയില്ല. അതുകൊണ്ടാണ് എവിടെ പോകാനും ഉള്ള കോണ്‍ഫിഡന്‍സ് എനിക്ക് കിട്ടുന്നത്. യാത്ര ചെയ്യാനായി ഏത് റിസ്‌ക് എടുക്കാനും ഞാന്‍ റെഡിയാണ്. എന്തും നേരിടാനുള്ള ധൈര്യം എനിക്കുണ്ട്. 

രണ്ടുവര്‍ഷത്തിലധികം നീളുന്ന യാത്ര, സാമ്പത്തികം എവിടെ നിന്നാണ്...? 

99 ശതമാനം വരുമാനവും സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നാണ് ലഭിക്കുന്നത്. ചെലവ് ഏറ്റവും കുറച്ചാണ് ഞാന്‍ യാത്ര ചെയ്യുന്നത്. എത്തിപ്പെടുന്ന നാടുകളിലെ ആള്‍ക്കാരുടെ വീട്ടില്‍ താമസിച്ചും, ടെന്റടിച്ചും, വില കുറഞ്ഞ ഭക്ഷണം കഴിച്ചുമൊക്കെ. ഈ ആഫ്രിക്കന്‍ യാത്രയ്ക്ക് ഒരു സ്പോണ്‍സറുണ്ട്. അദ്ദേഹം നല്‍കിയ പൈസയുമുണ്ട്.  അങ്ങനെ അത്യാവശ്യം യാത്ര ചെയ്യാനുള്ള കാശ് ഞാന്‍ തന്നെ ഉണ്ടാക്കുന്നുണ്ട്. ലോകം മൊത്തം യാത്ര ചെയ്യണമെന്നതാണ് ആഗ്രഹം. മരിക്കുന്നത് വരെ യാത്ര ചെയ്തുകൊണ്ടിരിക്കണം.
 

Content Highlights: Story Of a Girl called Arunima Who is a Solo Cycle traveler From Kerala village who visiting Africa