ഇഷ്ടഭക്ഷണങ്ങള്‍ ഉപേക്ഷിച്ചു, മൂന്നു മണിക്കൂര്‍ വ്യായാമം; പഞ്ചഗുസ്തി ചാമ്പ്യനായ പോലീസുകാരി...

ഇത് കൈക്കരുത്തുള്ള പെണ്‍ വിജയഗാഥ... തുര്‍ക്കിയില്‍ നടന്ന 43-ാം ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യക്കായി ഇരട്ട സ്വര്‍ണ മെഡല്‍ നേടിയ താരമാണ് കെ. മിനി രാജു. പഞ്ചഗുസ്തി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഈ മലയാളി, കോഴിക്കോട് സിറ്റി എ.എസ്.ഐയാണ്.
''കോഴിക്കോട് നഗരത്തിനടുത്ത് ബേപ്പൂരാണ് എന്റെ ജന്മനാട്. ബേപ്പൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഓടിയും ചാടിയും അത്‌ലറ്റിക്‌സില്‍ സംസ്ഥാന തലത്തില്‍ നിരവധി അംഗീകാരം ലഭിച്ചിരുന്നു. വളര്‍ന്ന് വലുതാകുമ്പോള്‍ പോലീസാകണമെന്നായിരുന്നു മോഹം. പഠനം കഴിഞ്ഞ് പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആദ്യ കടമ്പ കടന്നു. ആദ്യത്തെ ജോലി ചില്‍ഡ്രന്‍സ് ഹോമില്‍ മേട്രനായിട്ടായിരുന്നു. പിന്നീട് പോലീസിന്റെ എഴുത്ത് പരീക്ഷ പാസായപ്പോള്‍ ആ ജോലി വിട്ടു. എന്നാല്‍ ആ മോഹ സാഫല്യത്തിലേക്ക് കടമ്പകളേറെയായിരുന്നു. പോലീസ് പ്രവേശനത്തിന്റെ ഫിസിക്കല്‍ ടെസ്റ്റിന് ഒരാഴ്ച മുന്‍പ് കേരളോത്സവത്തിലെ ലോങ് ജംപില്‍ പങ്കെടുത്തപ്പോള്‍ കാലിന് കാര്യമായ പരിക്ക് പറ്റി.
ഹോസ്പിറ്റലില്‍ പോയി എക്‌സ്‌റേ എടുത്തപ്പോഴാണ് സന്ധിയില്‍ പൊട്ടലുള്ളത് കണ്ടത്. മൂന്നുമാസം പ്ലാസ്റ്ററിട്ട് വിശ്രമിക്കാനായിരുന്നു ഡോക്ടറുടെ നിര്‍ദേശം. അത് കേള്‍ക്കാതെ, കോഴിക്കോട് സി. വി. എന്‍ കളരി സംഘത്തില്‍ പോയി എണ്ണയിട്ട് ഉഴിഞ്ഞുകെട്ടി. ഡോക്ടര്‍ തന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ചെന്ന് ഫിസിക്കല്‍ ടെസ്റ്റ് ഡേറ്റ് പത്ത് ദിവസം നീട്ടി വാങ്ങി. എങ്ങനെയെങ്കിലും ടെസ്റ്റ് പാസാകുക എന്നതായിരുന്നു ലക്ഷ്യം.13 സെക്കന്‍ഡില്‍ നൂറ് മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ് തുടങ്ങിയവയായിരുന്നു മറികടക്കേണ്ട പ്രധാന പരീക്ഷണങ്ങള്‍. കാലിലെ തീപാറുന്ന വേദന സഹിച്ചാണ് ഞാന്‍ അതെല്ലാം കടന്നത്. പോലീസ് മോഹത്തിന് മുന്നില്‍ വേദന ഞാന്‍ അറിഞ്ഞില്ല എന്നതാണ് സത്യം.
2001 ലാണ് പോലീസായി സേവനം തുടങ്ങിയത്. 22 വര്‍ഷം നീണ്ട യാത്രയില്‍ നിരവധി ഗുഡ് സര്‍വീസ് എന്‍്രടികള്‍... മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. ഇപ്പോള്‍ അന്തര്‍ദേശീയ തലത്തില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് അഭിമാനിക്കാന്‍ വക നല്‍കുന്ന ഇരട്ട സ്വര്‍ണ മെഡല്‍... എല്ലാത്തരത്തിലും സന്തോഷമുണ്ട്... പക്ഷെ ഈ അംഗീകാരം പലരും അറിഞ്ഞില്ല എന്ന സങ്കടവും ഒപ്പമുണ്ട്...''
ദെെവം കാണിച്ച വഴി...
''2013-ല്‍ പോലീസ് മീറ്റില്‍ ലോങ്ജംപ് മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ വീണ്ടും പരിക്ക് പറ്റി. കാലിലെ എല്ലും പേശികളും മൂന്ന് പ്രധാന ഞരമ്പുകളും പൊട്ടി. ആറുമാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ശരിയായി നടക്കാന്‍ പോലുമായത്. അതോടെ ഓട്ടവും ചാട്ടവും നിര്‍ത്തേണ്ട അവസ്ഥയായി. ഞാന്‍ ഒരുപാട് സങ്കടപ്പെട്ടു. അങ്ങനെയിരിക്കെയാണ് കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. പരിശീലനമോ മുന്‍പരിചയമോ ഇല്ലാതെ അരഡസന്‍ പേരെ മലര്‍ത്തിയടിച്ച് ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം നേടാന്‍ കഴിഞ്ഞു.
അതിനു ശേഷമാണ് മത്സരത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത്. തുടര്‍ന്ന് കോലഞ്ചേരിയില്‍ നടന്ന സംസ്ഥാന മത്സരത്തിലും ഛത്തീസ്ഘഡില്‍ നടന്ന ദേശീയ മത്സരത്തിലും വിജയിച്ചു. അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ലഭിച്ച നാഷണല്‍ ടീം ക്യാപ്റ്റന്‍ പദവി വലിയ ബഹുമതിയായിരുന്നു.''
കുടുംബം കരുത്ത്
''പരിശീലനം തുടങ്ങിയതോടെ ഡയറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാര്യമായി ശ്രദ്ധിക്കേണ്ടിവന്നു. ഭാരം 76 കിലോയില്‍ നിന്ന് 67 കിലോയിലേക്ക് കുറയ്‌ക്കേണ്ടി വന്നു. ഇഷ്ട ഭക്ഷണമായ ചോറും ബിരിയാണിയും ഉപേക്ഷിച്ചു. മുട്ടയുടെ വെള്ളയും പ്രോട്ടീന്‍ ഫുഡും മാത്രമാക്കി ഭക്ഷണം. രാവിലെ അഞ്ചു മണിക്ക് ജിമ്മില്‍ മൂന്ന് മണിക്കൂര്‍ നീളുന്ന വ്യായാമം തുടങ്ങും. വൈകുന്നേരം പഞ്ചഗുസ്തി സ്‌പെഷ്യല്‍ പരിശീലനം. സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ എ. എസ്. ഐയായ ഭര്‍ത്താവ് രാജുവും മക്കളായ അമല്‍ രാജും അശ്വിന്‍ രാജും പ്രോത്സാഹനം തന്ന് ഒപ്പമുണ്ടായിരുന്നു.
സ്ത്രീയായതിന്റെ പ്രയാസങ്ങളോ വേര്‍തിരിവോ എവിടെയും ഉണ്ടായിട്ടില്ല. എല്ലായിടങ്ങളില്‍ നിന്നും നല്ല സഹകരണം കിട്ടി. കൂടാതെ സംസ്ഥാന ആം റസ്‌ലിങ് അസോസിയേഷന്‍ പ്രസിഡണ്ട് അന്‍വര്‍ സാദത്ത് എം.എല്‍. എ, സെക്രട്ടറി ജോജി എളൂര്‍, ജില്ലാ സെക്രട്ടറി റോഷിത് എന്നിവരില്‍ നിന്ന് നല്ല പ്രോത്സാഹനവും നിര്‍ദേശങ്ങളും കിട്ടി. ജില്ലാ പോലീസ് മേധാവി മുന്‍ കൈ എടുത്ത് പോലീസ് സ്‌പോര്‍ട്‌സ് ഫണ്ടില്‍ നിന്ന് തുര്‍ക്കിയിലെ മത്സര യാത്രയ്ക്ക് വേണ്ടി രണ്ട് ലക്ഷം രൂപ അനുവദിച്ചുതന്നു.''
വിജയം ഒരു ലഹരി
തുര്‍ക്കിയില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്തിയുടെ തന്ത്രങ്ങളറിഞ്ഞവര്‍ക്കൊപ്പമായിരുന്നു മിനിക്ക് മത്സരിക്കേണ്ടിയിരുന്നത്. ''തുര്‍ക്കി, കസാക്കിസ്താന്‍, തായ്‌ലന്‍ഡ്, ബള്‍ഗേറിയ, എന്നിവിടങ്ങളില്‍ നിന്നെത്തിയ കരുത്തുറ്റവര്‍. പലരും അഞ്ച് വയസ്സു മുതല്‍ തുടര്‍ച്ചയായി പരിശീലനം നേടിയവര്‍.എന്നാല്‍ ഞാന്‍ ഏഴുമാസം മാത്രമാണ് ഇതിനെ വളരെ സീരിയസായി സമീപിച്ചത്.
തുര്‍ക്കിയിലെ അന്റാലിയയില്‍ വെച്ചായിരുന്നു മത്സരം. ഒരു വെങ്കലമെഡലെങ്കിലും നേടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. 70 കിലോ ഭാരമുള്ളവരുടെ ഗണത്തിലാണ് ഞാന്‍ മത്സരിച്ചത്. ആം റസ്‌ലിങ് ടേബിളില്‍ ചെറിയൊരു അനക്കം പോലും ഫൗളാകുന്ന അന്തരീക്ഷം. പലരും മൂന്ന് മിനിറ്റോളം ടേബിളില്‍ വാശിയോടെ പിടിച്ചുനില്‍ക്കുന്നു... എതിരാളിയുടെ കരുത്ത് താങ്ങാനാവാതെ ചിലരുടെ കൈ ഒടിഞ്ഞു.
ബള്‍ഗേറിയ, കസാക്കിസ്താന്‍ എന്നീ രാജ്യക്കാരുമായാണ് ഞാന്‍ മത്സരിച്ചത്. രണ്ട് പേരെയും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തറപറ്റിച്ചു...
കഷ്ടപ്പാടിനുള്ള പ്രതിഫലം ദൈവം തരാന്‍ തുടങ്ങിയിരിക്കുന്നു... അത് വീണ്ടും പ്രയത്‌നിക്കാനുളള ഊര്‍ജമാണ്. അടുത്ത തവണയും ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കണം... ദേശീയ ഗാനം മുഴങ്ങുന്ന അന്തരീക്ഷത്തില്‍ മെഡലില്‍ മുത്തമിടണം... ഈ സ്വപ്‌നങ്ങളെല്ലാം ഉള്ളപ്പോള്‍ എങ്ങനെ ഉറങ്ങാന്‍ കഴിയും... ഇപ്പോള്‍ രാവിലെ അഞ്ചുമണിക്ക് ആരും ഉണര്‍ത്താതെ തന്നെ ഉണരാറുണ്ട്...''
വിജയങ്ങളേറെ കൊയ്യാനുള്ള ആത്മവിശ്വാസം നിറയുന്നു മിനിയുടെ വാക്കുകളില്‍.
കാക്കിക്കുള്ളിലെ കലാഹൃദയം
പോലീസ് ഉദ്യോഗസ്ഥ, പഞ്ചഗുസ്തി താരം എന്നതിലുപരി ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് മിനി രാജു. പ്രീഡിഗ്രിക്ക് ശേഷം കോഴിക്കോട് പോളിടെക്‌നിക്കില്‍ നിന്ന് ടെയ്‌ലറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ എടുത്തിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മിനി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് വിവാഹത്തിനും പാര്‍ട്ടികളിലും അണിയാറുള്ളത്. ഈ തിരക്കിനിടയിലും ആ രംഗത്ത് നിന്ന് തേടി എത്തുന്ന ഓഫറുകള്‍ നിരസിക്കാറില്ല ''ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന്റെ സംതൃപ്തിയും സന്തോഷവും വേറെയാണ്.'' അത് ആസ്വദിക്കുകയാണ് മിനി.
Content Highlights: story of police wrestler mini raju