രണ്ടുകോടി പ്രേക്ഷകര്‍ കണ്ട ആറുവയസ്സുകാരന്‍; വൈറലാണ് ഈ കുട്ടി ഫുഡ് വ്‌ളോഗര്‍

''ഉമ്മച്ചിയേ''.... നിബൂസിന്റെ സ്‌നേഹം പൊതിഞ്ഞുള്ള ആ നീട്ടിവിളി കേട്ടാണ് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ സബ്സ്‌ക്രൈബേഴ്സ് കൂട്ടമായി കൂട്ടുകുടാനെത്തുന്നത്. ചുരുങ്ങിയകാലംകൊണ്ടുതന്നെ നാവില്‍ കൊതിയൂറുന്ന രുചിക്കൂട്ടുകളുമായി ഈ കുട്ടിഷെഫിന്റെ 'നിബൂസ് ഫുഡ്'എന്ന യൂട്യൂബ് ചാനല്‍ വൈറലായിക്കഴിഞ്ഞു. ആറുവയസ്സുകാരന്‍ പയ്യന് ഇന്ന് യൂട്യൂബില്‍ ഏഴുലക്ഷം സബ്‌സ്‌ക്രൈബേഴ്സുണ്ട്. താനൂരിലെ ജിഹാദ്- നജ്മുന്നീസ ദമ്പതികളുടെ മകനായ നബഹാന്‍ എന്ന നിബൂസാണ് ഈ വൈറല്‍ കഥയിലെ താരം. നിബൂസിനെ കാണാനായി താനൂരിലെ വീട്ടുമുറ്റത്തേക്ക് ഞങ്ങളെത്തുമ്പോള്‍ വേനലവധി ആഘോഷത്തിന്റെ ആവേശത്തിമര്‍പ്പിലായിരുന്നു കുട്ടിപ്പട്ടാളം. ''നിബൂസേ...'' ഉപ്പച്ചിയുടെ നീട്ടിവിളി കേട്ട ഉടന്‍ ഓടിയെത്തി നിബൂസ്. ഫോട്ടോഗ്രാഫറുടെ കൈയിലെ ക്യാമറ കണ്ട ആവേശത്തില്‍ നിബൂസ് തോര്‍ത്തും കുഞ്ഞുമുണ്ടും കൈയിലെടുത്തു, ''ഉമ്മച്ചിയേ... നമുക്കങ്ങ് തുടങ്ങിയാലോ...'' ഒരുപുത്തന്‍ രുചിക്കൂട്ടിനൊപ്പം തന്റെ വിജയകഥയുമായി നബഹാന്‍ ഗൃഹലക്ഷ്മിക്കൊപ്പം ചേര്‍ന്നു.
വീഡിയോ എന്ന വിശപ്പ്...
നിബൂസിന്റെ കൈപിടിച്ച് ഉപ്പച്ചിയാണ് ഫ്‌ളാഷ്ബാക്ക് പറഞ്ഞുതുടങ്ങിയത്. ''മൂന്നുവര്‍ഷം മുന്‍പുവരെ ഇവന്‍ ഭക്ഷണം കഴിക്കല്‍ വളരെ കുറവായിരുന്നു. ഞങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. പിന്നെ ഫോണില്‍ വീഡിയോകള്‍ കണ്ടാല്‍ ഭക്ഷണം കഴിക്കുമെന്നായി. ചൈനീസ് ഫുഡ് വ്ളോഗിങ് വീഡിയോകളാണ് അവന്‍ കണ്ടതിലേറെയും. നല്ലരീതിയില്‍ ഭക്ഷണം കഴിച്ചാല്‍ അതുപോലെ വീഡിയോകള്‍ ചെയ്തുതരാം എന്ന് ഞങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് വീഡിയോകള്‍ ചെയ്തുതുടങ്ങിയത്.
ആദ്യം വീടിനുള്ളിലെ ടേബിളില്‍ ഭക്ഷണസാധനങ്ങളൊക്കെ നിരത്തിയശേഷം അവനെവെച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്യാനൊന്നും ആയിരുന്നില്ല. അവന് കാണാന്‍വേണ്ടി മാത്രം ഷൂട്ട് ചെയ്തവയായിരുന്നു. അതവന് ഇഷ്ടപ്പെട്ടതോടെ ഒരുയൂട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 'നിബൂസ് ഫുഡ്' എന്ന ചാനല്‍ തുടങ്ങിയത്. ഓരോ ദിവസവും ഒരുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ചെയ്തത്. നിബൂസിനെ ഭക്ഷണം കഴിപ്പിക്കുക എന്നത് മാത്രമായിരുന്നു ആ വീഡിയോകളുടെ ലക്ഷ്യം''
കുഞ്ഞുവീഡിയോ വൈറലാകുന്നു....
സംസാരം തുടരുന്നതിനിടയില്‍ നിബൂസ് വ്ളോഗ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ലുങ്കി അരയില്‍ ചുറ്റി, തലയില്‍ തോര്‍ത്ത് മുറുക്കിക്കെട്ടി. കടലാസുപൂക്കള്‍ നിറഞ്ഞ പശ്ചാത്തലമുള്ള വീട്ടുമുറ്റം തന്നെയാണ് നിബൂസിന്റെ വ്ളോഗിങ്ങിന്റെ പ്രധാന ലൊക്കേഷന്‍. ഈ മുറ്റത്തുനിന്നാണ് എല്ലാ വൈറല്‍ വീഡിയോകളും ഉണ്ടായതെന്ന് നിബൂസിന്റെ ഉപ്പച്ചി പറയുന്നു. '' ദിവസംകഴിയുംതോറും ഓരോ വീഡിയോയുടെയും വ്യൂസ് കൂടാന്‍ തുടങ്ങി. അപ്പോഴാണ് സംഗതി വൈറലായിത്തുടങ്ങി എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. പിന്നീടുള്ള വീഡിയോകള്‍ കുറച്ചുകൂടി നല്ലരീതിയില്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇന്‍സ്റ്റയിലും യൂട്യൂബിലും ലക്ഷക്കണക്കിന് ആളുകള്‍ ഓരോ വീഡിയോകളും കാണാനെത്തി.
മലബാര്‍ ചിക്കന്‍ ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ 19 മില്യണ്‍ പ്രേക്ഷകരാണ് കണ്ടത്. ആ വീഡിയോ കണ്ട് ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സുരഭി ലക്ഷ്മി തുടങ്ങി പല സിനിമാതാരങ്ങളും വ്ളോഗര്‍മാരുമൊക്കെ വിളിച്ചു. അവരൊക്കെ അത് ഷെയര്‍ ചെയ്യുകയും ചെയ്തു. സംഗതി ആളുകള്‍ ഏറ്റെടുത്തെന്ന് അതോടെ തിരിച്ചറിഞ്ഞു. ഇപ്പോള്‍ യൂട്യൂബില്‍ ആറ് ലക്ഷം സബ്‌സ്‌ക്രൈബേഴ്സുണ്ട്. പലരും നിബൂസിനെ തേടി താനൂരിലേക്ക് വരാറുണ്ട്. അവന് ഇപ്പോള്‍ വീഡിയോ ചെയ്യുക എന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണ്''
നിബൂസ് പൊലീസ്...
താനൂര്‍ കോര്‍മന്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളിയാണ് നിബൂസിന്റെ പിതാവ് ജിഹാദ്. ഉമ്മ നജ്മുന്നീസ വീട്ടമ്മയാണ്. തന്റെ വ്‌ളോഗിങ് വിശേഷങ്ങള്‍ നിബൂസ് പറഞ്ഞുതുടങ്ങി. ''സ്‌കൂള്‍ സമയത്തിനുശേഷം ഒരുമണിക്കൂറാണ് ദിവസവും വീഡിയോ ഷൂട്ട് ചെയ്യുന്നത്. അവധിദിനങ്ങളില്‍ സമയം സൗകര്യത്തിനനുസരിച്ചാകും. മുഹമ്മദ് ഹംദാന്‍ എന്നാണ് അനിയന്റെ പേര്. അവനും വീഡിയോ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞാന്‍ വീഡിയോ ചെയ്യുമ്പോള്‍ അവനും ചെയ്തുകൊടുക്കണം എന്ന് പറഞ്ഞ് ഇടയ്ക്ക് പ്രശ്‌നമുണ്ടാക്കും. ഓരോ ദിവസവും തയ്യാറാക്കുന്ന വിഭവങ്ങളുടെ രുചിക്കൂട്ട് ഉമ്മച്ചിയാണ്പറഞ്ഞുതരുന്നത്. പാചകംചെയ്യാന്‍ ഉമ്മച്ചിയും വീഡിയോ ഷൂട്ട്‌ചെയ്യാന്‍ ഉപ്പച്ചിയും സഹായിക്കും.''
വ്ളോഗിങ് ആണ് ഇഷ്ടമെങ്കിലും നിബൂസിന് കരിയര്‍ സ്വപ്‌നങ്ങള്‍ വേറെയുണ്ട്. ''വലുതാകുമ്പോള്‍ പോലീസ് ആകണമെന്നാണ് എന്റെ ആഗ്രഹം. തെറ്റ് ചെയ്യുന്നവരെയെല്ലാം ശിക്ഷിക്കണം. അതിന് പോലീസായാലേ നടക്കൂ.'' 'ഉമ്മച്ചിയേ, നമുക്ക് പാചകം തുടങ്ങിയാലോ...?'വിശേഷങ്ങള്‍ക്ക് ഒരു ഷോര്‍ട് ബ്രേക്ക് കൊടുത്ത് നിബൂസ് കാര്യത്തിലേക്ക് കടന്നു. '' ഇന്ന് നമ്മള്‍ ഉണ്ടാക്കുന്ന് സ്‌പെഷ്യല്‍ പഴം വാട്ടിയതാണ്...'' അത്യുഗ്രന്‍ ഊര്‍ജത്തില്‍ നിബൂസ് വ്ളോഗ് ഷൂട്ട്‌ചെയ്തുതുടങ്ങി. ആ വീഡിയോ യൂട്യൂബ് ചാനലില്‍തന്നെ കാണാം എന്ന് പറഞ്ഞ് യാത്രപറഞ്ഞു. അപ്പോള്‍ നിബൂസ് അക്കാര്യം ഓര്‍മപ്പെടുത്തി...''ലൈക്ക് ചെയ്യാനും സബ്സ്‌ക്രൈബ് ചെയ്യാനും മറക്കല്ലേ...''
Content Highlights: Story Of kid Food vlogger Niboos who have 7 lakh subscribers on youtube