നരേന്ദ്ര മോദി രാജിവെക്കും വരെ നിരാഹാരമെന്ന് പ്രഖ്യാപിച്ച സ്മൃതി ഇറാനി

നരേന്ദ്ര മോദി, സ്മൃതി ഇറാനി
നരേന്ദ്ര മോദി, സ്മൃതി ഇറാനി

പഞ്ചാബിയായ അച്ഛന്റെയും ബംഗാളിയായ അമ്മയുടെയും മകളായി മൂന്നു പെണ്‍മക്കളില്‍ മൂത്തവളായാണ് സ്മൃതിയുടെ ജനനം. വലതു പക്ഷ ചായ്‌വുള്ള കുടുംബം. ആര്‍.എസ്.എസ് അനുഭാവിയായ മുത്തച്ഛനും ജനസംഘത്തിന്റെ പ്രവര്‍ത്തകയായ അമ്മയും ചെറുപ്പത്തിലേ സ്മൃതിയുടെ രാഷ്ട്രീയബോധത്തെ സ്വാധീനിച്ചു. 

ചെറുപ്പത്തില്‍ തന്നെ സ്മൃതി മോഡലിങ്ങിലേക്ക് തിരിഞ്ഞു. 1998-ലെ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തെങ്കിലും വിജയം കൈവരിക്കാനായില്ല. ടെലിവിഷനാണ് സ്മൃതിയെ പ്രശസ്തയാക്കിയത്. 2000-ല്‍ 'ആതിഷ്' എന്ന സീരിയലിലൂടെ അരങ്ങേറ്റം. അതേ വര്‍ഷം തന്നെ മറ്റൊരു സീരിയലിലും മുഖംകാണിച്ചു. 

കടപ്പാട്-PTI

സ്മൃതിയുടെ ഭാഗ്യം തെളിഞ്ഞത് വര്‍ഷം മധ്യത്തോടെയാണ്. ഏക്താ കപൂര്‍ അണിയിച്ചൊരുക്കിയ 'ക്യൂം കി സാസ് ഭി കഭി ബഹീ ധീ' എന്ന സീരിയലില്‍ നായികാവേഷം. തുളസി എന്ന മുഖ്യ കഥാപാത്രം ഇന്ത്യന്‍ ടെലിവിഷനിലെ തന്നെ ഏറ്റവും ജനപ്രിയ നായികാവേഷമായി. ഇന്ത്യയില്‍ മാത്രമല്ല, അയല്‍രാജ്യങ്ങളില്‍ പോലും സീരിയല്‍ ശ്രദ്ധിക്കപ്പെട്ടു. എട്ടു വര്‍ഷത്തോളം ഈ സീരിയല്‍ സംപ്രേഷണം ചെയ്യപ്പെട്ടു. മികച്ച നടിയായി തുടര്‍ച്ചയായ അഞ്ച് ഇന്ത്യന്‍ ടെലിവിഷന്‍ പോപ്പുലര്‍ അവാര്‍ഡുകളും നാല് ഇന്ത്യന്‍ ടെലി അവാര്‍ഡുകളും സ്മൃതിയെത്തേടിയെത്തി. പ്രൊഡ്യൂസറുമായി ഉരസിയതിന്റെ പേരില്‍ ഏഴു വര്‍ഷത്തിന് ശേഷം സ്മൃതി സീരിയല്‍ വിട്ടു. 

2002-ല്‍ സീ ടിവിയുടെ 'രാമായണ'ത്തില്‍ സീതയായി സ്മൃതി അഭിനയിച്ചു. ആ വേഷവും പ്രശംസിക്കപ്പെട്ടു. 2006 മുതല്‍ നിര്‍മ്മാതാവായും സഹനിര്‍മാതാവായും സ്മൃതി ടെലിവിഷന്‍ രംഗത്ത് സജീവമായി. ചിലതിലൊക്കെ അഭിനയിക്കുകയും ചെയ്തു. 2008-ല്‍ ടെലിവിഷന്‍ അവതാരകയുടെ റോളിലും സ്മൃതി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. 2012-ല്‍ അമൃത എന്ന ബംഗാളി സിനിമയിലും അഭിനയിച്ചു.

കടപ്പാട്-PTI

2001-ലാണ് സ്മൃതി വ്യവസായിയായ സുബിന്‍ ഇറാനിയെ വിവാഹം കഴിക്കുന്നത്.  സുബിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ദമ്പതികള്‍ക്ക് രണ്ടു മക്കള്‍- സൊഹാര്‍ എന്ന മകനും സോയിഷ് എന്നൊരു മകളും. പാഴ്‌സി വിശ്വാസിയാണ് സുബിന്‍. ഒരിക്കല്‍ തന്റെ മതവിശ്വാസത്തെപ്പറ്റി ചോദ്യം വന്നപ്പോള്‍ താന്‍ ഇപ്പോഴും ഹൈന്ദവമതത്തില്‍ തുടരുകയാണെന്ന് സ്മൃതി വ്യക്തമാക്കിയിരുന്നു. 

ടെലിവിഷനില്‍ കത്തിനില്‍ക്കുന്ന സമയത്താണ് സ്മൃതി രാഷ്ട്രീയത്തിലേക്ക് കാല്‍വെക്കുന്നത്. 2003-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്ന സ്മൃതി തൊട്ടടുത്ത വര്‍ഷം തന്നെ മഹാരാഷ്ട്രയിലെ യൂത്ത് വിങ്ങിന്റെ വൈസ് പ്രെസിഡന്റായി. ആ വര്‍ഷം ലോക്‌സഭയിലേക്ക് കപില്‍ സിബലിനെതിരായയി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വാജ്‌പേയീ സര്‍ക്കാരിന്റെ പരാജയകാരണം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയാണെന്ന് ആരോപിച്ച സ്മൃതി അദ്ദേഹം രാജിവെക്കും വരെ നിരാഹാരസമരം പ്രഖ്യാപിച്ചു. പിന്നീട് ബി.ജെ.പി. കേന്ദ്രനേതൃത്വം ഇടപെട്ട് സ്മൃതിയെ പിന്തിരിപ്പിക്കുകയായിരുന്നു. 2010-ല്‍  ബി.ജെ.പി.യുടെ ദേശീയ സെക്രട്ടറിയായും മഹിളാമോര്‍ച്ചയുടെ ദേശീയ പ്രസിഡന്റായും സ്മൃതി നിയോഗിക്കപ്പെട്ടു. 

സ്മൃതിയുടെ പാര്‍ലമെന്റ് ജീവിതത്തിന്റെ തുടക്കം 2011-ലായിരുന്നു. അതും ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ എതിരാളിയായി സ്മൃതി ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നത് 2014-ലാണ്. ആദ്യ മത്സരത്തില്‍ അമേഠിയിലെ ജനം രാഹുലിനെ പിന്തുണച്ചു. തോറ്റെങ്കിലും തന്റെ കാബിനറ്റില്‍ നരേന്ദ്ര മോദി സ്മൃതിക്ക് ഇടം നല്‍കി, മാനവശേഷി മന്ത്രിയായി. സ്മൃതിയുടെ വിദ്യാഭ്യാസയോഗ്യത ചോദ്യം ചെയ്ത് പല കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സ്മൃതിയുടെ ഭരണകാലത്തെ വിവാദത്തിലാഴ്ത്തി. 

2016-ല്‍ കാബിനറ്റ് പദവികള്‍ പുനര്‍വിന്യസിച്ചപ്പോള്‍ സ്മൃതി ടെക്സ്റ്റയില്‍സ് മന്ത്രിയായി. വെങ്കയ്യ നായിഡു വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പും സ്മൃതിക്ക് കിട്ടി. മുസ്ലിം ഇതരവിഭാഗത്തില്‍ നിന്നുള്ള ആദ്യ ന്യൂനപക്ഷ വകുപ്പ് മന്ത്രി എന്ന പദവി മോദിയുടെ രണ്ടാം ഭരണകാലത്ത് സ്മൃതി സ്വന്തമാക്കി. 

2019-ല്‍ രാഹുലിനെ അമേഠിയില്‍ തറപറ്റിച്ച സ്മൃതിക്ക് പക്ഷേ ഇക്കുറി അടി തെറ്റി. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിക്കാര്‍ സ്മൃതിയെ കൈവിട്ടു. എങ്കിലും ബി.ജെ.പി. നിരയിലെ കരുത്തുറ്റ നേതാക്കളില്‍ ഒരാളായി സ്മൃതിയെ രാഷ്ട്രീയലോകം വിലയിരുത്തുന്നു.


 

Content Highlights: smrithi irani life and politics