‘മീശ എങ്ങനെയാണ് ഷേവ് ചെയ്യുന്നത്? അത് കേട്ട് എനിക്ക് ചിരിയാണ് വന്നത് ’

അമേരിക്കൻ നടിയും ഗായികയുമായ സെലീന ഗോമസ്, എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരാൾ സെലീനയോട് തന്റെ 'മീശ എങ്ങനെയാണ് ഷേവ് ചെയ്യുന്നത്' എന്ന് ചോദിച്ചപ്പോൾ, ആ പരിഹാസത്തിന് ചുട്ട മറുപടി നൽകിയിരിക്കുയാണ് താരം. തന്റെ ചർമ്മരോഗത്തെക്കുറിച്ചും അവർ സംസാരിച്ചിരുന്നു.
ഡിസംബർ 16 ചൊവ്വാഴ്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വീഡിയോയിൽ, മേക്കപ്പില്ലാതെയാണ് സെലീന പ്രത്യക്ഷപ്പെട്ടത്. തന്റെ ചുണ്ടിന് മേലെയുള്ള കറുത്ത പാടുകൾ കണ്ട് അത് രോമമാണെന്ന് കരുതി ചോദ്യം ഉന്നയിച്ച ആൾക്ക് താരം കൃത്യമായ മറുപടി നൽകി. 'ഒരാൾ എന്നോട് നിങ്ങൾ എങ്ങനെയാണ് മീശ ഷേവ് ചെയ്യുന്നത് എന്ന് ചോദിച്ചു, അത് കേട്ട് എനിക്ക് ചിരിയാണ് വന്നത്,' സെലീന പറഞ്ഞു. അത് രോമമല്ലെന്നും മറിച്ച് 'മെലാസ്മ' എന്ന ചർമ്മരോഗമാണെന്നും അവർ വ്യക്തമാക്കി. 'ഇത് മെലാസ്മയാണ്. ഞാൻ ഇതിന് ചികിത്സയും പരിചരണവും നൽകുന്നുണ്ട്, എങ്കിലും അത് അവിടെത്തന്നെയുണ്ട്,' താരം കൂട്ടിച്ചേർത്തു.
മുഖക്കുരുവിനെയും പിഗ്മെന്റേഷനെയും കുറിച്ച് മുൻപും സെലീന തുറന്നു സംസാരിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ ചർമ്മത്തിൽ മാറ്റങ്ങൾ വരാറുണ്ടെന്നും, അന്നത്തെ അവസ്ഥ എന്താണോ അതനുസരിച്ച് മുന്നോട്ട് പോകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു. ചർമ്മത്തെ പരിപാലിക്കുന്നത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും പരിപാലിക്കുന്നതിന് തുല്യമാണെന്ന് അവർ വിശ്വസിക്കുന്നു. തനിക്ക് 'ലൂപ്പസ്' എന്ന അസുഖം ഉള്ളതിനാൽ സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്നും അവർ വ്യക്തമാക്കി. സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും അവർ മറുപടി നൽകി. അസുഖം മൂർച്ഛിച്ചപ്പോൾ സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നുവെന്നും, താൻ ബോടോക്‌സ് ചെയ്തിട്ടുണ്ടെന്നും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അവർ തുറന്നടിച്ചു.
നിരന്തരമായ നിരീക്ഷണങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിലും തന്റെ മാനസികാരോഗ്യം സംരക്ഷിക്കാൻ സെലീനയ്ക്ക് സ്വന്തമായ വഴികളുണ്ട്. സങ്കടം വരുമ്പോൾ അത് പ്രകടിപ്പിക്കണമെന്നും, പിന്നീട് മനസ്സ് തുറന്ന് ചിരിക്കണമെന്നും അവർ പറയുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ കാണുന്നതും തെറാപ്പിസ്റ്റിനോട് സംസാരിക്കുന്നതുമാണ് തന്നെ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തയാക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഗർഭം ധരിക്കാനാവില്ലെന്നും, അത് തനിക്കും കുഞ്ഞിനും അപകടകരമാണെന്നും അവർ മുമ്പ് പറഞ്ഞിരുന്നു. ബെന്നി ബ്ലാൻകോ ആണ് താരത്തിന്റെ ഭർത്താവ്. 2025 സെപ്റ്റംബറിൽ ആയിരുന്നു ഇവരുടെ വിവാഹം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Selena Gomez hilariously addresses a fan`s question about shaving her `moustache`. She reveals it`s melasma, promoting body positivity and skin acceptance.