‘ദാരിദ്ര്യത്തെ വെറുക്കുന്നു, അതിനായി 10 ഭർത്താക്കന്മാരെ മാറ്റാനും ഞാൻ മടിക്കില്ല'

രാഖി സാവന്ത് | Instagram
രാഖി സാവന്ത് | Instagram

തുറന്നടിച്ചുള്ള സംസാരശൈലി കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് രാഖി സാവന്ത്. നടിയായും നർത്തകിയായും എത്തും മുൻപു തന്നെ, ജീവിതത്തിൽ ഒട്ടനവധി ഉയർച്ചതാഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ടവർ. അതിനെയെല്ലാം അവർ അതിജീവിച്ചു എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്.

ബ്യൂട്ടി ബ്രാൻഡായ 'BiE'-യുടെ സ്ഥാപകയും സി.ഇ.ഒയുമായ ക്വീനി സിങ്ങിന്റെ പോഡ്‌കാസ്റ്റിൽ രാഖി സാവന്ത് അടുത്തിടെ അതിഥിയായി എത്തിയിരുന്നു. 

ദാരിദ്ര്യത്തെ വെറുക്കുന്ന രാഖി 

പണം മാത്രമാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്നാണ് രാഖി സാവന്തിന്റെ അഭിപ്രായം. എത്രത്തോളം പണം സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന്, "പണത്തിന്മേൽ കിടന്നുറങ്ങാൻ പാകത്തിന് സമ്പാദിക്കണം" എന്നായിരുന്നു ബിഗ് ബോസ് താരത്തിന്റെ മറുപടി.

സമ്പാദിക്കുന്ന പണം എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് ചോദിച്ചപ്പോൾ രാഖി തന്റെ ആഭരണങ്ങളിലേക്ക് വിരൽ ചൂണ്ടി ഇങ്ങനെ പറഞ്ഞു: "ഞാൻ എന്റെ സ്റ്റൈലിങ്ങിനായിട്ടാണ് ഇത് ചിലവഴിക്കുന്നത്. ഇതൊക്കെ എവിടെ നിന്നാണ് വരുന്നത്?  എന്റേത് റഷ്യൻ ഹെയർ ആണ്. ഒരു തവണ ഇത് ചെയ്യാൻ 12 ലക്ഷം രൂപയാകും. ദുബായ്, ലണ്ടൻ, കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ് ഇത് ചെയ്തത്. ഇന്ത്യയിൽ ഇത് ചെയ്യാൻ കഴിയില്ല."

താൻ നഖങ്ങൾ മനോഹരമാക്കുന്നത് പോലും ഇന്ത്യയിൽ നിന്നല്ലെന്ന് രാഖി കൂട്ടിച്ചേർത്തു. തന്റെ കൺപീലികൾ ആഫ്രിക്കയിൽ നിന്നാണ് ചെയ്തതെന്നും പറഞ്ഞു.

 "എന്റെ താടിയെല്ല്, കവിളുകൾ, ചുണ്ടുകൾ, മൂക്ക് എന്നിവയൊക്കെ നോക്കൂ, ഇതെല്ലാം പണത്തിന്റെ തിളക്കമാണ്. ഞാൻ ഇനിയൊരിക്കലും ദാരിദ്ര്യത്തിലേക്ക് മടങ്ങില്ല, അതിനായി എനിക്ക് 10 ഭർത്താക്കന്മാരെ മാറ്റേണ്ടി വന്നാലും മടിക്കില്ല. ദാരിദ്ര്യത്തെ അത്രയധികം വെറുക്കുന്നു," രാഖി സാവന്ത് തുറന്നടിച്ചു.

തന്റെ അമ്മയുടെ ക്യാൻസർ ചികിത്സകൾക്കായി പണം കണ്ടെത്താൻ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് മുൻപ് രാഖി വെളിപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി ബിഗ് ബോസ് സീസൺ 14-ൽ, അമ്മയുടെ ചികിത്സയ്ക്കായി 14 ലക്ഷം രൂപയുടെ സമ്മാനത്തുകയുമായി ഷോയിൽ നിന്ന് സ്വയം പടിയിറങ്ങാൻ അവർ തീരുമാനിച്ചതും ഇതുകൊണ്ടാണ്.

അമ്മയുടെ ചികിത്സയ്ക്കായി മികച്ച ഡോക്ടർമാരെ ഏർപ്പാടാക്കിത്തന്നതിനും സാമ്പത്തികമായി സഹായിച്ചതിനും സൽമാൻ ഖാനോടും സൊഹൈൽ ഖാനോടും രാഖി പരസ്യമായി നന്ദി പറഞ്ഞിരുന്നു. എന്നാൽ നീണ്ട നാളത്തെ രോഗാവസ്ഥയ്ക്ക് ശേഷം 2023-ൽ രാഖിയുടെ അമ്മ മരിച്ചു.

പിന്നീട് 2024-ൽ തനിക്ക് ഗർഭപാത്രത്തിൽ ട്യൂമർ ആണെന്ന് രാഖി വെളിപ്പെടുത്തിയപ്പോഴും, ചികിത്സാച്ചെലവുകൾക്കായി സൽമാൻ ഖാൻ സഹായിക്കുകയുണ്ടായി. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rakhi Sawant views money as the ultimate solution to all life problems., Details on her expensive international grooming habits including Russian hair extensions., Reflects on her traumatic past dealing with poverty and her mother's cancer treatment., Acknowledges Salman Khan's financial support during personal medical crises., Prioritizes financial independence above public opinion.