‘മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സ്വയം മങ്ങരുത്’, കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുത്ത പ്രിയങ്ക 43-ന്റെ നിറവിൽ

പ്രിയങ്കാ ചോപ്ര | PTI
പ്രിയങ്കാ ചോപ്ര | PTI

43-ാം വയസ്സിലേക്ക് ആഘോഷപൂർവം കടക്കുകയാണ് പ്രിയങ്കാ ചോപ്ര. മകൾ മാൾട്ടിക്കും ഭർത്താവ് നിക് ജൊനാസിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പിറന്നാൾ ദിവസത്തിൽ പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. ലോകസിനിമാവേദിയിലെത്താനും അവിടെ കോടികളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാനും പ്രിയങ്കയെ സഹായിച്ചത് അവരുടെ അഭിലാഷവും ഉറച്ച നിലപാടുകളുമാണെന്ന് സംശയമില്ലാതെ പറയാം.

സ്ത്രീകൾ കുറ്റബോധമില്ലാതെ വലിയ സ്വപ്നങ്ങൾ കാണണമെന്ന് പ്രിയങ്ക എപ്പോഴും പറയാറുണ്ട്. ലക്ഷ്യബോധത്തോടെ മുന്നേറുന്നത് ഒരു ശക്തിയാണ്, അല്ലാതെ ഒരു കുറവല്ലെന്നും. സ്ത്രീകൾ സഹകഥാപാത്രങ്ങൾ മാത്രമല്ലെന്നും അവരവരുടെ സ്വന്തം കഥകളിലെ നായികമാരാണെന്നും പ്രിയങ്ക എപ്പോഴും പൊതുസമൂഹത്തെ ഓർമിപ്പിച്ചു.

മിസ് ഇന്ത്യ 2000, മിസ് വേൾഡ് കിരീടങ്ങൾ നേടിയ ശേഷം അതിവേഗമാണ് അവർ ബോളിവുഡിലെ മുൻനിര നായികമാരിലൊരാളായത്. 2008-ൽ പുറത്തിറങ്ങിയ 'ഫാഷൻ' എന്ന ചിത്രത്തിലെ അഭിനയം അവർക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തു.

'ക്വാണ്ടിക്കോ' എന്ന അമേരിക്കൻ നെറ്റ്‌വർക്ക് പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹോളിവുഡിലേക്ക് ചുവടുമാറുന്നത്. 'സിറ്റാഡൽ' പോലുള്ള ആഗോള പ്രോജക്റ്റുകളിൽ ഭാഗമായിക്കൊണ്ട് വിനോദരംഗത്തെ ലിംഗസമത്വത്തിൽ പ്രിയങ്ക നാഴികക്കല്ലായി, ഈ ചിത്രത്തിൽ പുരുഷ സഹതാരത്തിന് തുല്യമായ പ്രതിഫലം പ്രിയങ്കയ്ക്ക് ലഭിച്ചിരുന്നു.

2025-ൽ പ്രിയങ്ക ചോപ്ര ജോനാസിന്റെ ആസ്തി ഏകദേശം 80 ദശലക്ഷം യുഎസ് ഡോളർ ആണെന്നാണ് റിപ്പോർട്ട്. ബോളിവുഡിലെയും ഹോളിവുഡിലെയും സിനിമാവിജയങ്ങൾ മാത്രമല്ല, ഉയർന്ന മൂല്യമുള്ള ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ, വ്യവസായം, സാങ്കേതികവിദ്യയിലും റിയൽ എസ്റ്റേറ്റിലുമുള്ള മികച്ച നിക്ഷേപങ്ങൾ, പ്രാദേശിക കഥപറച്ചിലിനെ പ്രോത്സാഹിപ്പിക്കുന്ന സ്വന്തം പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയവ അവർക്ക് വരുമാനമുണ്ടാക്കിക്കൊടുക്കുന്നു. അഭിലാഷവും ലക്ഷ്യബോധവും കൈമുതലാക്കി പ്രിയങ്ക കെട്ടിപ്പടുത്ത സാമ്രാജ്യമാണിത്.

മുംബൈയിലെ കണ്ണായ സ്ഥലങ്ങളായ ജുഹുവിലെ കർമ്മയോഗ് ബിൽഡിങ്ങിലും ലോഖണ്ഡ്‌വാല കോംപ്ലക്സിലും പ്രിയങ്കയ്ക്ക് ആഡംബര വസതികളുണ്ടായിരുന്നു. നിക്ക് ജോനാസിനെ വിവാഹം കഴിച്ചശേഷം അവർ ലോസ് ആഞ്ജലിസിലേക്ക് താമസം മാറി. അവിടെ, സാൻ ഫെർണാണ്ടോ വാലിയിലെ ഏറ്റവും വിലകൂടിയ വീടുകളിലൊന്നായ എൻസിനോയിലെ 20 ദശലക്ഷം ഡോളർ വിലമതിക്കുന്ന മനോഹരമായ ഒരു ബംഗ്ലാവ് ദമ്പതികൾ സ്വന്തമാക്കി. മൂന്ന് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 20,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഈ എസ്റ്റേറ്റിൽ ഇൻഡോർ ബാസ്‌ക്കറ്റ്‌ബോൾ കോർട്ട്, മൂവി തിയേറ്റർ, ജിംനേഷ്യം, ഇൻഫിനിറ്റി പൂൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

റോൾസ് റോയ്‌സ് ഗോസ്റ്റ് (5.25 കോടി രൂപ), പോർഷെ, മെഴ്‌സിഡസ് ബെൻസ് ഇ/എസ്-ക്ലാസ്, ഓഡി ക്യു7, ബിഎംഡബ്ല്യു 5/7 സീരീസ് തുടങ്ങിയ മുൻനിര വാഹനങ്ങളാണ് അവരുടെ ഗാരേജിൽ നിരന്നുനിൽക്കുന്നത്. 'ദി പ്രിയങ്ക ചോപ്ര ഫൗണ്ടേഷൻ ഫോർ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ' വഴി വരുമാനത്തിന്റെ പത്തുശതമാനം സംഭാവനയായി നൽകുന്നു. ഇന്ത്യയിലെ ഏകദേശം 70 കുട്ടികൾക്കാണ് പഠനത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള സഹായം നൽകുന്നത്. ഇതിൽ പകുതിയിലധികവും പെൺകുട്ടികളാണ്.

മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി സ്വന്തം പ്രകാശം മങ്ങാതെ സൂക്ഷിക്കണമെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വന്തം ജീവിതത്തിലൂടെ അവരത് ചെയ്തുകാണിച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore Priyanka Chopra Jonas`s impressive net worth, luxury lifestyle, real estate, car collection, and philanthropic efforts