“ബാത്ത്‌റൂമിൽ പോകാൻ പോലും കഴിഞ്ഞില്ല, എപ്പോഴും കിടപ്പായിരുന്നു”

മഹിറ ഖാൻ/ ഫോട്ടോ: Dawn Images
മഹിറ ഖാൻ/ ഫോട്ടോ: Dawn Images

2017-ല്‍ പുറത്തിറങ്ങിയ 'റയീസ്' എന്ന ചിത്രത്തിലെ നായികയായി എത്തി ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ പാകിസ്താനി നടിയാണ് മഹിറ ഖാൻ. ബോളിവുഡ് താരം ഷാറൂഖ് ഖാനോടൊപ്പമാണ് താരം ഇന്ത്യന്‍ സിനിമയിലേക്ക് ചുവടുവെച്ചത്. തനിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗം സ്ഥിരീകരിച്ചതിനെക്കുറിച്ചും മാനസികാരോഗ്യ പ്രശ്നങ്ങളുമായുള്ള ദീര്‍ഘനാളത്തെ പോരാട്ടത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് താരം. 'എഫ് വൈ' എന്ന പോഡ്കാസ്റ്റിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ചിട്ട് ഏകദേശം ആറോ ഏഴോ വര്‍ഷമായെന്നും അന്ന് മുതല്‍ താന്‍ മരുന്നുകള്‍ കഴിക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

2016-ലെ ഉറി ആക്രമണത്തെത്തുടര്‍ന്ന് പാകിസ്താനി കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ശേഷമാണ് തന്റെ രോഗലക്ഷണങ്ങള്‍ വര്‍ദ്ധിച്ചതെന്ന് മഹിറ പങ്കുവെച്ചു. “ഞാന്‍ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തുപോയി. നിങ്ങള്‍ക്ക് മാനിയാക് ഡിപ്രഷന്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു. ആറോ ഏഴോ വര്‍ഷമായി, ഞാന്‍ വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട്. ഇടയ്ക്ക് അത് നിര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ വളരെ മോശമായ അവസ്ഥയിലേക്ക് പോയി”, അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വരെ തന്റെ അവസ്ഥ മോശമായിരുന്നുവെന്നും എപ്പോഴും കിടക്കുമായിരുന്നുവെന്നും മഹിറ പറയുന്നു. “എനിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ പോലും കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അല്ലാഹുവേ, എനിക്ക് കുറച്ചെങ്കിലും പ്രതീക്ഷയോ വെളിച്ചമോ കാണിച്ചു തന്നാല്‍, ഞാനത് സ്വീകരിച്ച് മുന്നോട്ട് പോകാമെന്ന് സത്യം ചെയ്യുന്നു എന്ന് പ്രാര്‍ത്ഥിച്ചത് ഇന്നും ഓര്‍ക്കുന്നു. മരുന്നുകളിലേക്ക് തിരികെ പോയപ്പോള്‍,  'ദൈവമേ, എനിക്ക് ചിരിക്കാന്‍ കഴിയുന്നു’ എന്നോർത്ത് ഞാനാശ്വസിച്ചു. മനസ്സിന്റെ ഭാരം കുറഞ്ഞതുപോലെ തോന്നി. വളരെ പ്രതീക്ഷയോടെ ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. എങ്കിലും, ക്ലിനിക്കല്‍ ഡിപ്രഷന്‍ ഭീകരമായ അവസ്ഥയാണ്. പൊതുജനങ്ങളുടെ വിമര്‍ശനം മാനസികാവസ്ഥയെ വഷളാക്കിയിരുന്നു”.

തന്റെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളില്‍ പിന്തുണ നല്‍കിയതിന് സുഹൃത്തുക്കള്‍ക്കും, കുടുംബത്തിനും, മഹിറയുടെ തെറാപ്പിസ്റ്റിനും പങ്കാളിക്കും അവര്‍ നന്ദി പറഞ്ഞു. തിരികെ ലഭിച്ച പ്രതീക്ഷകള്‍ക്ക് അവര്‍ കൃതജ്ഞതയും അറിയിച്ചു. ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവർ ഒറ്റക്കല്ലെന്ന് അവര്‍ അറിയണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി താരം പറയുന്നു.

പാക്കിസ്ഥാന്‍ സിനിമയിലെ മിന്നും താരമാണ് മഹിറ ഖാന്‍. ഇന്ത്യയിലും മഹിറയ്ക്ക് ധാരാളം ആരാധകരുണ്ട്. പാക് താരങ്ങള്‍ ബോളിവുഡില്‍ അഭിനയിക്കാനെത്തുന്നത് പതിവായിരുന്ന കാലത്താണ് മഹിറയും ബോളിവുഡിലെത്തുന്നത്. ഒരു ഇന്ത്യന്‍ സിനിമയില്‍ മാത്രമാണ് മഹിറയ്ക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടുള്ളതെങ്കിലും ആ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടാനും സാധിച്ചിരുന്നു.

മുമ്പൊരിക്കല്‍ മലയാള സിനിമയെക്കുറിച്ച് മഹിറ സംസാരിക്കുന്ന വീഡിയോ ചര്‍ച്ചയായിരുന്നു. തനിക്ക് മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും, എല്ലാവരും മലയാള സിനിമകള്‍ കാണണമെന്നുമാണ് മഹിറ വീഡിയോയില്‍ പറഞ്ഞത്‌. മലയാളത്തിലെ നല്ല സിനിമകള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് പതിവാണെന്നും അതെല്ലാം ഹിറ്റാവുന്നുണ്ടെന്നും മാഹിറ പറയുന്നുണ്ട്. സർഗ്ഗാത്മകമായ ആശയങ്ങളും മികവുറ്റ സംവിധാനവുമാണ് മലയാള സിനിമകളെ വ്യത്യസ്തമാക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Pakistani actress Mahira Khan, known for `Raees`, opens up about her long battle with Bipolar Disorder and mental health challenges. Discover her story of hope and resilience.