മഹേഷ് ബാബുവിനെ കാണാൻ 30-കാരനെ പോലെയെന്ന് ആരാധകർ; നടന്റെ ഫിറ്റ്‌നെസ്സ് രഹസ്യം എന്താണ്?

വാരാണാസി ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മഹേഷ് ബാബു/ Instagram(urstrulymahesh)
വാരാണാസി ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മഹേഷ് ബാബു/ Instagram(urstrulymahesh)

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവും സംവിധായകന്‍ എസ്.എസ്. രാജമൗലിയും ഒന്നിക്കുന്ന പുതിയ ചിത്രം 'വാരണാസി'യുടെ ട്രെയിലർ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതിൽ എല്ലാവരും ശ്രദ്ധിച്ചത് മഹേഷ് ബാബുവിനെയാണ്.

താരത്തിന് 50 വയസ്സുണ്ടെങ്കിലും 30 വയസ്സിന്റെ അടുത്തേ പ്രായം തോന്നൂ എന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നുണ്ട്. മഹേഷ് ബാബു വര്‍ഷങ്ങളോളം ഈ രൂപം എങ്ങനെ നിലനിര്‍ത്തുന്നു എന്നാണ് പലരും ചോദിക്കുന്നത്.

ഒരു കഥാപാത്രത്തിന് വേണ്ടി താല്‍ക്കാലികമായി ഫിറ്റ്‌നെസ്സ് നിലനിര്‍ത്തുന്ന ആളല്ല അദ്ദേഹം. ദിവസവും വ്യായാമം ചെയ്യുന്ന താരമാണ് മഹേഷ് ബാബു. ''അദ്ദേഹം വര്‍ഷം മുഴുവന്‍ തന്റെ ശരീരത്തിന് പ്രാധാന്യം നല്‍കുന്നു, ഒരിക്കലും വര്‍ക്ക്ഔട്ടുകള്‍ ഒഴിവാക്കാറില്ല'' എന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാല പരിശീലകനായ കുമാര്‍ മണ്ണവ പറഞ്ഞിരുന്നു.

മഹേഷ് ആഴ്ചയില്‍ അഞ്ച് ദിവസം വ്യായാമം ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഓരോ സെഷനിലും ഒരു ശരീരഭാഗത്തിന് മാത്രം ശ്രദ്ധ നല്‍കുന്നു. ചില ദിവസങ്ങളില്‍ വ്യായാമം ഒരു മണിക്കൂര്‍ വരെയും മറ്റ് ദിവസങ്ങളില്‍ ഒന്നര മണിക്കൂര്‍ വരെയും നീളും. അദ്ദേഹം എല്ലായ്‌പ്പോഴും സ്‌ട്രെച്ചിംഗ് വ്യായാമങ്ങളോടെയാണ് വര്‍ക്കൗട്ട് അവസാനിപ്പിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ചലനങ്ങള്‍ നന്നായി നിലനിര്‍ത്താനും, അഭിനേതാക്കള്‍ക്ക് പ്രായമാകുമ്പോള്‍ സാധാരണയായി ഉണ്ടാകുന്ന പേശീവലിവ് തടയാനും സഹായിക്കുന്നു.

മഹേഷ് ബാബുവിന്റെ ഭക്ഷണക്രമവും വളരെ ചിട്ടയുളളതാണ്. കൂടുതല്‍ പരീക്ഷണങ്ങളൊന്നും തന്നെ ഭക്ഷണ കാര്യത്തിലില്ല. ദിവസം അഞ്ചോ ആറോ നേരമായിട്ടാണ് ഭക്ഷണം കഴിക്കുന്നത്. ഇതില്‍ രണ്ടെണ്ണം സപ്ലിമെന്റ് ഷേക്കുകളാണ്. അമിതമായി ഭക്ഷണം കഴിക്കാറില്ല. പോഷകങ്ങള്‍ ലഭിക്കുന്നതിനായി സപ്ലിമെന്റുകള്‍ ഇടവിട്ട് കഴിക്കാറുണ്ട്.

പ്രാതലിന് സാധാരണയായി ഓട്സ്, മുട്ട, അണ്ടിപ്പരിപ്പ്, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തും. വ്യായാമത്തിന് ശേഷം അദ്ദേഹം ഒരു പ്രോട്ടീന്‍ അല്ലെങ്കില്‍ ന്യൂട്രീഷന്‍ ഷേക്ക് കഴിക്കും. ഉച്ചഭക്ഷണത്തില്‍ ചിക്കന്‍, ആട്ടിറച്ചി അല്ലെങ്കില്‍ മത്സ്യം എന്നിവയ്‌ക്കൊപ്പം ബ്രൗണ്‍ റൈസ്, ക്വിനോവ അല്ലെങ്കില്‍ പോപ്പി സീഡ്സ് പോലുള്ള സൈഡ് വിഭവങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. അത്താഴത്തിന്, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും സന്തുലിതമാക്കാന്‍ ഹോള്‍-വീറ്റ് അല്ലെങ്കില്‍ ബ്രൗണ്‍ ബ്രെഡിനൊപ്പം മുട്ടയോ ചിക്കനോ ആണ് അദ്ദേഹം സാധാരണയായി കഴിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mahesh Babu and SS Rajamouli`s highly anticipated film `Varanasi` trailer is finally here! See Mahesh Babu`s stunning look and learn about his fitness secrets.