കഴുത്തിലേക്ക് നീളുന്ന കടുവയുടെ കോമ്പല്ലുകള്‍ കണ്ടു, വലതു കൈ മുട്ടടക്കം കടിച്ചെടുത്തു...

അതിജീവനത്തിന് കാട് വനജീവികളില്‍ കരുത്ത് കനലായി ഒളിപ്പിക്കും. പേരിനു മാത്രമായ ആയുധങ്ങളും രക്ഷാകവചങ്ങളുമായി കാടും നാടും ഒരുപോലെ കാക്കേണ്ടി വരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ജീവിതത്തില്‍ ചോരപൊടിയുന്ന അധ്യായങ്ങള്‍ തീര്‍ത്തിട്ടുണ്ട് ആ കരുത്ത് പലപ്പോഴും. ജനവാസമേഖലയിലിറങ്ങിയ കടുവയെ തുരത്താനുള്ള ശ്രമത്തിനിടെ ജീവിതം നിലച്ചുപോകും വിധത്തില്‍ പരിക്കേറ്റ ഒരാള്‍... കാടതിരുകളില്‍ ഉതിരുന്ന ചോരയും കണ്ണീരും പടരുന്ന അവരുടെ അനുഭവങ്ങളിലേക്ക്...
കണ്‍മുന്നില്‍ കടുവ
2021 ജനുവരി. വയനാട്ടിലെ പുല്‍പ്പള്ളി- സീതാമൗണ്ടില്‍ കടുവ ഇറങ്ങി. തുരത്താന്‍ ദൗത്യസംഘം മുന്നിട്ടിറങ്ങി. രണ്ടാം ദിവസം, കടുവയെ കണ്ടെത്തി മയക്കുവെടിവെച്ചു. എന്നാല്‍ കീഴടങ്ങാതെ കടുവ മുന്നോട്ട് നടന്നു. ജനവാസ മേഖലയ്ക്ക് അടുത്തെത്തിയ കടുവയെ ഒരു നിമിഷം കാണാതെയായി. കൈയില്‍ മുളവടിയുമായി നിന്ന ദൗത്യസംഘത്തില്‍ നിന്ന്, അല്പം മുന്നോട്ടു നടന്നതേയുള്ളൂ ബിജേഷ്.
''തൊട്ടു മുന്നിലെ ചെമ്പരത്തിപ്പടര്‍പ്പില്‍ നിന്ന് പെട്ടെന്ന് ഉയര്‍ന്ന മുരള്‍ച്ചയും, ശരവേഗത്തില്‍ ഉള്ള അവന്റെ ചാട്ടവും... അതെങ്ങനെ മറക്കും.''
''ഒറ്റച്ചാട്ടത്തിന് അവനെന്നെ വീഴ്ത്തി. 200- 250 കിലോയോടടുത്ത ഒരു ജീവിയുടെ പിടിയില്‍ അമരുമ്പോള്‍ ഇരച്ചു കയറുന്ന പ്രാണഭയവും അനങ്ങാന്‍ പോലും കഴിയാത്ത നിസ്സഹായതയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്റെ കഴുത്തിലേക്ക് നീളുന്ന അവന്റെ കോമ്പല്ലുകള്‍ വ്യക്തമായി ഞാന്‍ കണ്ടു. വലതു കൈ ഉയര്‍ത്തി ഞാനത് തടയാന്‍ ശ്രമിച്ചു. വലതു കൈ മുട്ടടക്കം അവനെടുത്തു. വേദനയില്‍ പുളഞ്ഞു ഞാന്‍ നിലവിളിച്ചു. എന്റെ പ്രതിരോധവും നിലവിളിയും കൊണ്ടോ അതിന്റെ അവശത കൊണ്ടോ പിന്നെയത് പിടി വിട്ട് മെല്ലെ തിരിച്ചു നടന്നു. മറ്റുള്ളവര്‍ ചേര്‍ന്നെന്നെ ആശുപത്രിയിലേക്ക് മാറ്റി.''
''മൂന്നു മാസത്തോളം ആസ്പത്രിയില്‍. പല തരം ശസ്ത്രക്രിയകള്‍. കണ്ണടയ്ക്കുമ്പോള്‍, കാണുന്നതൊക്കെയും തന്നെ ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന കടുവയെ. നീണ്ട കൗണ്‍സിലിങ്ങുകള്‍ വേണ്ടി വന്നു അതില്‍ നിന്നും പുറത്ത് കടക്കാന്‍. '' ബിജേഷ് ആ ഓര്‍മകളെ ഭയക്കുന്നു.
കടുത്ത വേദന തലപൊക്കും..
മുഴുവനായും നിവര്‍ത്തുവാനോ ഭാരമെടുക്കാനോ കഴിയാത്ത തന്റെ വലതു കൈ ബിജേഷ് കാണിച്ചു തന്നു. കൈ മുട്ട് കൃത്രിമമായി വെച്ചു പിടിപ്പിച്ചതാണ്. ആയാസമുള്ള യാതൊരു പണിയും ഇനി ആ കൈയ്ക്ക് വഴങ്ങില്ല.കടുവയുടെ കടിയേറ്റാല്‍ ഉണ്ടാവുന്ന മുറിവുകള്‍ സാധാരണ മുറിവുകള്‍ പോലെയല്ല. ഉണങ്ങാന്‍ കാലങ്ങള്‍ എടുക്കും. താന്‍ അനുഭവിച്ച വേദനയ്ക്ക് കണക്കില്ലെന്നു ബിജേഷ്. ''ഇടയ്ക്കിടെ കൈക്കുള്ളില്‍ നിന്ന് കടുത്ത വേദന തലപൊക്കാറുണ്ട്. ആദ്യകാലങ്ങളില്‍ ടൈലു പണിക്കും പോയിരുന്നു. ഇപ്പോള്‍ അതൊന്നും പറ്റാതെയായി.'' അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ബിജേഷ്. ഇത്തരമൊരു ദാരുണമായ അനുഭവത്തിന് ശേഷവും വനം വകുപ്പില്‍ താത്കാലിക വാച്ചറായി ജോലി തുടരുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെ.
അവനെ ബാധിക്കുമെന്നോര്‍ത്തില്ല..
വേദനയും ചികിത്സകളുമായി കഴിയുന്ന കാലം. വീട്ടിലെന്നും സന്ദര്‍ശകരുടെ തിരക്കാണ്. എല്ലാവരോടും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയേണ്ടി വന്നു ആക്രമണ വിവരങ്ങള്‍. അതു കേട്ട് അവരുടെതായ രീതിയിലെ പ്രതികരണങ്ങള്‍. അച്ഛനെ കടുവ കടിച്ചതിന്റെ വിവരണം കേട്ട് വാതിലിനു പിന്നില്‍ മറഞ്ഞിരുന്ന രണ്ട് വയസുകാരന്റെ മനസ്സില്‍ ഇത് ആഴത്തില്‍ പതിഞ്ഞത് ആരും ശ്രദ്ധിച്ചില്ല. ''ഒരു രാത്രി, അവന് ആദ്യമായി അപസ്മാരം വന്നു. പേടിച്ചു പോയി ഞങ്ങള്‍. ചികിത്സയ്ക്കിടെ ഒരു ദിവസം ഡോക്ടര്‍ ചോദിച്ചു, കുട്ടി കാര്യമായി ഭയപ്പെട്ടിട്ടുണ്ടല്ലോ, എന്താണ് കാരണമെന്ന്. അപ്പോഴാണ് അറിയുന്നത് ഈ കാര്യങ്ങള്‍ എല്ലാം അവന്റെ കുഞ്ഞുമനസ്സിനെ എത്ര മാത്രം ബാധിച്ചിട്ടുണ്ടെന്ന്.'' തനിക്കു നേരിട്ട അപകടത്തെക്കുറിച്ച് പറഞ്ഞപ്പോഴെല്ലാം ബിജേഷ് പാലിച്ച സംയമനം കണ്ണുകളില്‍ നനവായി മാറിയത് മകന്റെ കാര്യം ഓര്‍ത്തെടുത്തപ്പോള്‍ മാത്രമാണ്.
സ്ഥിരമായൊരു ജോലി...
സംഭവിച്ച അപകടമോര്‍ത്ത് വിഷമിച്ചിരിക്കാനുള്ളതല്ല മുന്നോട്ടുള്ള ജീവിതമെന്ന് അയാള്‍ക്കറിയാം. ജോലി സ്ഥിരപ്പെടുത്തുക എന്നതാണ് ബിജേഷിന്റെ ആവശ്യം. ''ഇതിനു വേണ്ട നടപടികള്‍ മന്ത്രിസഭയുടെ പരിഗണനയിലാണ്. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.'' വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള കുഞ്ഞുവീട്ടില്‍ അമ്മയും ഭാര്യയും മകളും മകനുമടങ്ങുന്ന കുടുംബത്തോടൊപ്പം കഴിഞ്ഞതെല്ലാം ഒരു പേടിസ്വപ്നം പോലെ മറന്നു കളയാന്‍ ശ്രമിക്കയാണയാളിപ്പോള്‍...
Content Highlights: lifestory of forest temporary staff Bijesh who attacked by tiger