പാടുന്നതിന്റെ പേരിൽ അച്ഛന്റെ മർദനമേറ്റ ഫാൽഗുനി; നവരാത്രികാലത്ത് പ്രതിഫലമായി ലഭിക്കുന്നത് 2 കോടിയിലേറെ

90-കളിലെ ഏറെ ജനപ്രിയഗായികയാണ് ഫാൽഗുനി പഥക്. ഗായികയും സംഗീതസംവിധായികയുമായ ഫാൽഗുനി അറിയപ്പെടുന്നത് ദാണ്ഡിയ ക്വീൻ എന്നാണ്. നോർത്തിന്ത്യയിൽ നവരാത്രിയാഘോഷം തുടങ്ങുന്നതോടെ ഫാൽഗുനിയും തിരക്കിലാവും. അവിടെ ഒമ്പത് ദിവസത്തോളമാണ് നവരാത്രിയാഘോഷങ്ങൾ നീണ്ടുനിൽക്കുന്നത്. എല്ലാ രാത്രിയിലും ഗർബ, ദാണ്ഡിയ നൃത്തങ്ങൾ നടക്കുകയും ചെയ്യും. എല്ലാവരുടെയും കൈകളിൽ രണ്ട് ദാണ്ഡിയ കോലുകളുണ്ടാവും. അതുവെച്ചാണ് നൃത്തം ചെയ്യുന്നത്. മിക്കവാറും ആ നൃത്തങ്ങളിൽ മുഴങ്ങിക്കേൾക്കുക ഫാൽഗുനിയുടെ പാട്ടുകളായിരിക്കും. അതുകൊണ്ടാണ് അവർക്ക് ആ പേരുകിട്ടിയത്.
അതിനൊപ്പം ഗുജറാത്തി സംഗീതത്തെ ഗർബ, ദാണ്ഡിയ ബീറ്റുകളുമായി സംയോജിപ്പിച്ച് അവതരിപ്പിക്കാൻ മുൻകൈ എടുത്തതും ഫാൽഗുനി തന്നെ. നവരാത്രികാലത്ത് ഫാൽഗുനിയുടെ ലൈവ് സംഗീതപരിപാടികളുമുണ്ടാവും. വിവിധസംഘടനകളാണ് പരിപാടികൾക്കായി ഫാൽഗുനിയെ സമീപിക്കുന്നത്. 2023-ലെ ഒരു റിപ്പോർട്ട് പറയുന്നതിങ്ങനെ, നവരാത്രി കാലത്ത് ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന ഗായിക ഫാൽഗുനി പഥക്കാണ്. ഒരു രാത്രിയിലെ ലൈവ് സംഗീതപരിപാടിക്ക് അവർക്ക് ലഭിക്കുന്നത് 20 ലക്ഷത്തോളം രൂപയാണ്. ആ സമയത്തെ മാത്രം അവരുടെ വരുമാനം 2 കോടിയിലേറെ വരും.
ആൽബങ്ങളിലൂടെയാണ് സംഗീതരംഗത്തേക്കുള്ള ഫാൽഗുനിയുടെ കടന്നുവരവ്. മേനെ പായൽ ഹെ, മേരി ചൂനർ ഉഡ് ഉഡ് ജായേ, ചുഡി ജോ ഖൻകി, യാദ് പിയാ കി ആനേ ലഗി...എല്ലാ പാട്ടുകളും എവർഗ്രീൻ ഹിറ്റ്.
സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടൊന്നുമില്ല ഫാൽഗുനി. സ്വന്തമായി പാട്ടുപഠിച്ചാണ് അവർ ഗായികയാവുന്നത്. ഒരുവേദിയിൽ പരിപാടി അവതരിപ്പിക്കുന്നത് ഒമ്പതാം വയസ്സിലാണ്. ആദ്യമായി ലഭിച്ച പ്രതിഫലം 25 രൂപയും. പക്ഷേ മകൾ ഇങ്ങനെ പാടിനടക്കുന്നതിനോട് അച്ഛന് താത്പര്യമില്ലായിരുന്നു. പാടരുതെന്ന് അച്ഛൻ ആവശ്യപ്പെട്ടു. പൊതുവേദിയിൽ പെൺകുട്ടികൾ പാട്ടുപാടുന്നത് ശരിയല്ലെന്നായിരുന്നു അച്ഛന്റെ കാഴ്ചപ്പാട്. എന്നിട്ടും ഫാൽഗുനി പരിപാടികൾ അവതരിപ്പിച്ചു. ഇത് അച്ഛനെ ദേഷ്യം പിടിപ്പിച്ചു. പലപ്പോഴും പാട്ടുപാടുന്നതിന്റെ പേരിൽ ഫാൽഗുനിയെ അച്ഛൻ മർദിച്ചു. എന്നിട്ടും പിൻമാറാൻ ആ പെൺകുട്ടി തയ്യാറായില്ല.
18 വയസ്സുള്ളപ്പോൾ ഇതുതന്നെയാണ് തന്റെ കരിയർ എന്ന് അവർ ഉറപ്പിച്ചു. ഇടയ്ക്ക് ബോളിവുഡിലും ഒരുകൈ നോക്കിയെങ്കിലും കൂടുതൽ താത്പര്യം ആൽബങ്ങൾ തന്നെയായിരുന്നു. ജനപ്രിയപാട്ടുകൾ പാടിയിട്ടും ഫാൽഗുനി ബോളിവുഡിൽനിന്ന് അകന്നുനിന്നു. ''ഒരിക്കലും ബോളിവുഡ് ഞാൻ സീരിയസായി എടുത്തിട്ടില്ല. എനിക്ക് ഓഫറുകൾ കിട്ടിയിരുന്നു. പക്ഷേ, നിങ്ങൾ ബോളിവുഡിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കൂടുതൽ പരിശ്രമം നടത്തണം. അതെനിക്ക് പറ്റില്ല. ആൽബങ്ങളും പരിപാടികളും ചെയ്യുന്നതിലായിരുന്നു എന്റെ സന്തോഷം'', ഫാൽഗുനി പറയുന്നു.
പാട്ടുകൾക്കൊപ്പം തന്നെ ഫാൽഗുനിയുടെ വസ്ത്രധാരണശൈലിയും വ്യത്യസ്തമാണ്. ടോംബോയ് ലുക്കാണ് അവരുടെ പ്രത്യേകത. പാന്റും ഷർട്ടും ധരിച്ച്, ബോയ്കട്ട് സ്‌റ്റൈലിലാണ് അവരെപ്പോഴും പ്രത്യക്ഷപ്പെടുക. അതിനെക്കുറിച്ചുള്ള കഥയിങ്ങനെ. അവരുടെ വീട്ടിലെല്ലാം പെൺകുട്ടികളായിരുന്നു. ഒരു അനിയൻ വേണമെന്ന് സഹോദരിമാർ ആഗ്രഹിച്ചു. അത് നടന്നില്ല. ഫാൽഗുനി ജനിച്ചപ്പോൾ അവളെ ഒരു ആൺകുട്ടിയായി വളർത്താനാണ് അവർ ശ്രമിച്ചത്. വീട്ടിലുള്ളപ്പോഴെല്ലാം ആൺകുട്ടിയുടെ വസ്ത്രങ്ങളും അതുപോലുള്ള ഹെയർകട്ടുമായിരുന്നു. സ്‌കൂളിൽ പോകുമ്പോൾ മാത്രം പെൺകുട്ടിയുടെ വസ്ത്രവും. അത് ഫാൽഗുനിക്ക് ശീലമായി. അങ്ങനെയാണ് ജീവിതകാലം മുഴുവൻ അതുമതിയെന്ന് അവർ തീരുമാനിക്കുന്നത്.
38 വർഷമായി ഫാൽഗുനി സംഗീതരംഗത്തെത്തിയിട്ട്. ഇന്നും അവരുടെ പാട്ടില്ലാതെ നവരാത്രിയാഘോഷങ്ങൾ പൂർണമാവില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: 90s icon Falguni Pathak earns over 20 lakhs per night during Navratri. Learn about her journey, music and unique style