അറിയാതെ പറ്റിയ തെറ്റിന് പന്ത്രണ്ട് വർഷം തടവറയിൽ അകപ്പെട്ട ഒരു സാധാരണവീട്ടമ്മയുടെ ജീവിതം

'2010 ജൂലൈ 25-ാം തീയതി, രാത്രി പത്തുമണി. കൂടെയുള്ളവർ പോലീസുകാരാണ്. കുറ്റം ചെയ്തവരെ മാത്രമാണ് പോലീസ് അന്വേഷിച്ചു വരുന്നതെന്നാണ് ഞാൻ കുട്ടിക്കാലത്ത് മനസ്സിലാക്കിയത്. എന്നാൽ ഞാനെന്ത് കുറ്റമാണ് ചെയ്തിരിക്കുന്നത്. കുറ്റവാളിയല്ലാത്ത എന്നെ എന്തിനാണ്, എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. എനിക്ക് മനസിലായതേയില്ല. നന്നായി വിശക്കുന്നുണ്ടായിരുന്നു. അവർ ഭക്ഷണം വാങ്ങിത്തന്നു. കരഞ്ഞുകൊണ്ട് അത് കഴിച്ചുതീർക്കാനല്ലാതെ വേറൊന്നുമാകില്ലായിരുന്നു. എന്തുകുറ്റമാണ് ചെയ്തതെന്ന് കണ്ണീരിലൂടെ ഞാൻ ചോദിച്ചുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ നമുക്ക് നാവനക്കാനാകാതെ വരാറില്ലേ? അപ്പോൾ കണ്ണീരാകും നമുക്കുവേണ്ടി സംസാരിക്കുക.'
ഒരു സാധാരണ വീട്ടമ്മയുടെ ജയിലിലെ പന്ത്രണ്ടുവർഷത്തെ ജീവിതം അവർ എഴുതിത്തുടങ്ങുന്നത് ഇങ്ങനെയാണ്. മനസ്സറിയാതെ കെണിയിൽപ്പെട്ട് അറസ്റ്റിലായി തടവുകാരിയാകേണ്ടി വന്ന ലിസി റോസക്കുട്ടിയെന്ന വയനാടുകാരി. ദാരിദ്ര്യത്തിന്റെ നീർക്കുഴിയിൽ നിന്ന് രക്ഷിക്കാനായി നീണ്ട കരങ്ങളാണ് അവരെ കെണിയിലാക്കുന്നത്. താൻ ചെയ്ത കുറ്റമെന്തെന്ന് അറിയാതെ അതിന്റെ വ്യാപ്തിയറിയാതെ അവർ പകച്ചുപോയി. തടവറയിലെ ജീവിതവും അവിടെ കണ്ടുമുട്ടിയ സ്ത്രീമുഖങ്ങളും ഇഴനെയ്ത് അവരൊരു പുസ്തകം പുറത്തിറക്കി. പെണ്ണുങ്ങളുടെ ജയിൽ; ഒരു തടവുകാരിയുടെ ഓർമ്മക്കുറിപ്പുകൾ.