അപ്പയെ കൊല്ലാന്‍ ശ്രമിച്ചെന്നുവരെ പറഞ്ഞില്ലേ? നേരിട്ട അനുഭവങ്ങള്‍ അത്രയ്ക്കായിരുന്നു;ചാണ്ടി ഉമ്മൻ

എന്തു ചെയ്യണമെന്ന് അപ്പ ആരോടും പറയാറില്ല. അതും ഒരുതരം സ്പിരിച്വല്‍ ലൈനാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എങ്ങനെയാണോ മനുഷ്യന്‍ വസ്ത്രം മാറുന്നത് അതുപോലെയാണ് ആത്മാവ് ശരീരം മാറുന്നതെന്ന് ഭഗവത് ഗീതയില്‍ വായിച്ചിട്ടുണ്ട്. ഒരുപാട് മരണങ്ങള്‍ കണ്ടിട്ടുണ്ട്. ഈ തത്വമാണ് ശക്തി.
ക്രിസ്തു മതത്തില്‍ വിശ്വസിച്ചുകൊണ്ട് മറ്റുമതങ്ങളേയും അവയുടെ നന്മകളേയും ഉള്‍ക്കൊള്ളാന്‍ എനിക്കാകുന്നത് ചെറുപ്പംതൊട്ടേ അമ്മയുടെ സ്വാധീനമുള്ളതുകൊണ്ടാണ്. പുതുപ്പള്ളിയിലെ ആരാധനാലയങ്ങളില്‍ അപ്പയും പോകുമായിരുന്നു. ഞാന്‍ ഒരുപടികൂടി മുന്നോട്ടുപോയെന്നുമാത്രം. ഓരോന്നു പറഞ്ഞ് വിവാദമാക്കാന്‍ പലരും ശ്രമിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യാന്‍ സാഹചര്യങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്. പണ്ട് അമ്മയും അപ്പയും ഒരുമിച്ചായിരുന്നു യാത്ര. അന്ന് രാമായണം സീരിയല്‍ തുടങ്ങിയ കാലമായിരിക്കാം. കൃത്യമായി ഓര്‍മയില്ല. എന്നെ സംബന്ധിച്ച് അന്ന് അപ്പനും അമ്മയും രാമനും സീതയുമാണ്. അവരെ വിളിച്ചതും അങ്ങനെയാണ്. പലതും പറയാനുണ്ട്. എല്ലാം പറഞ്ഞാല്‍ ഇപ്പോഴെന്നെ ആള്‍ക്കാര്‍ ഫ്രെയിം ചെയ്യും. കോവിഡ് കാലത്ത് രാമായണം സീരിയല്‍ കണ്ടു. അവസാനത്തെ ആളെയും കാണണം, അയാളും നീതി അര്‍ഹിക്കുന്നുവെന്ന് രാമായണത്തില്‍ സന്ദേശമുണ്ട്. എന്റെയും വിശ്വാസം അതാണ്. ഭഗവത്ഗീതയും കുറച്ച് വായിച്ചിട്ടുണ്ട്.
ഡല്‍ഹി വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ സ്റ്റഡീസില്‍ പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍പ്പോലും സ്വാമി വിവേകാനന്ദന്‍ അത്രയും സ്വാധീനിക്കുന്ന ഫാക്ടര്‍ ആണെന്നു മനസിലാക്കിയില്ല. പക്ഷേ, പിന്നീട് തിരിച്ചറിഞ്ഞു. 2019 തൊട്ട് എന്റെ വര്‍ഷം അവസാനിക്കുന്നത് കന്യാകുമാരിയിലാണ്. പിറന്നാളിനും വിവേകാനന്ദപ്പാറയില്‍ പോകും. സത്യപ്രതിജ്ഞയ്ക്കു മുമ്പും പോയി. പോകുന്നവഴി പള്ളിയിലും പ്രാര്‍ഥിച്ചു. ശബരിമലയിലും പോയിട്ടുണ്ട്. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമിമാരുമായി അടുപ്പമുണ്ട്.
എല്ലാമതങ്ങളോടും ആദരവുള്ള സമീപനമാണ്. ചില അനുഭവങ്ങള്‍ അങ്ങനെ വേണം എന്നാണെന്നെ പഠിപ്പിച്ചത്. ഇതൊരു രാഷ്ട്രീയക്കാരന്റെ വീമ്പുപറച്ചില്‍ അല്ല. അപ്പയെ കൊല്ലാന്‍ ശ്രമിച്ചെന്നുവരെ പറഞ്ഞില്ലേ? നാലുവര്‍ഷമായി അതുകേള്‍ക്കുന്നു. അത്തരം ആരോപണത്തെ ആത്മീയവശത്തോട് ചേര്‍ത്തുവെയ്ക്കുമ്പോള്‍ ഭാരം കുറയും. പല നദികള്‍ ഒഴുകി സമുദ്രത്തിലേയ്ക്ക് എന്നതുപോലെ, പല ആശയങ്ങള്‍ നമ്മളെ എത്തിക്കുന്നത് ദൈവത്തിലാണ്. ആരോടും വിരോധമില്ലാത്തതിന്റെ കാരണം സ്പിരിച്വാലിറ്റിയാണ്. നേരിട്ട അനുഭവങ്ങള്‍ അത്രയ്ക്കായിരുന്നല്ലോ. എല്ലാഘട്ടത്തിലും പിടിച്ചുനില്‍ക്കാന്‍ വിശ്വാസം, ആത്മീയത ഒക്കെ സഹായിച്ചു.
പ്രാര്‍ഥന തന്നെയായിരുന്നു ആയുധം. ഞങ്ങളുടെ ജീവിതത്തിലെ ഇരുണ്ട യുഗമായിരുന്നു അത്. ചെയ്യാത്തത് ചെയ്തെന്നു പറയുമ്പോള്‍ എന്തു ചെയ്യും? അന്നു ഞാന്‍ കൂടുതല്‍ സമയവും പുറത്തായിരുന്നു. പക്ഷേ എവിടെയായാലും മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ഇതൊക്കെ ചര്‍ച്ചയാകില്ലേ? വിശ്വാസം നല്‍കിയ ശക്തിയില്ലായിരുന്നെങ്കില്‍ പിടിച്ചുനില്‍ക്കാനാകുമായിരുന്നില്ല. യോഗയും തുണച്ചു.
(അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഗൃഹലക്ഷ്മി ഒന്നാം ലക്കം വാങ്ങാം.)
Content Highlights: life of chandy oommen