‘അവർ മിഥുൻ ചേട്ടന് മാത്രം ഭക്ഷണം വിളമ്പി, ഞങ്ങളെ കണക്കാക്കിയതേയില്ല, പക്ഷേ ഇന്ന് അങ്ങനെയല്ല’

ഒന്നരമിനിറ്റ് നേരത്തേക്ക് കരുതിവെച്ച പൊട്ടിച്ചിരിയാണ് മലയാളികൾക്ക് ലക്ഷ്മിയുടെയും മിഥുന്റെയും സോഷ്യൽ മീഡിയ കണ്ടന്റുകൾ. ചിരിക്കാനും ചിന്തിക്കാനും ഒട്ടേറെ നിമിഷങ്ങൾ നിറച്ച തമാശച്ചെപ്പുകൾ. അവതാരകനും ആർ.ജെയും നടനുമാണ് മിഥുൻ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ലക്ഷ്മിയെ സിനിമയിലും മലയാളി കണ്ടു. നിത്യജീവിതത്തിന്റെ സമ്മർദങ്ങളെ അലിയിക്കുന്ന ലായനിയാണ് പലർക്കും ഇവരുടെ നർമ്മം. മകൾ തൻവിക്കൊപ്പം ഇരുവരും സംസാരിക്കുന്നു.
കണ്ടന്റ് പ്ലാനിങ്
കൊച്ചിയിലെ സ്റ്റുഡിയോയിൽ മൂവരും ഫോട്ടോഷൂട്ടിനായുള്ള തയാറെടുപ്പ് തകൃതി. അതിനിടയിലെ വർത്തമാനം കണ്ടന്റ് ക്രിയേഷനിലേക്ക് കടന്നു.
ലക്ഷ്മി: കണ്ടന്റ് ഐഡിയ ആദ്യം കിട്ടുന്നയാൾ അടുത്തയാൾക്ക് അയക്കും. കണ്ടന്റ് പ്ലാനിങ് അവിടെ തുടങ്ങും. കണ്ടന്റ് ചർച്ചചെയ്യാനായി ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. ഒരു കണ്ടന്റ് ഷൂട്ട് ചെയ്യാനായി 10 മുതൽ 15 മിനിറ്റ് വരെയാണ് എടുക്കുക. അഭിനയത്തിൽ മിഥുൻ ചേട്ടൻ പ്രോ ആയതുകൊണ്ട് കൂടുതൽ സമയം ആവശ്യമില്ല. പ്ലാനിങ് പലപ്പോഴും ഞാൻ തന്നെയായിരിക്കും. ക്യാമറ ആംഗിളുകളെക്കുറിച്ച് മിഥുൻ ചേട്ടൻ നിർദേശങ്ങൾ നൽകാറുണ്ട്. എഡിറ്റിങ് ഞങ്ങൾ രണ്ടിലൊരാൾ ചെയ്യും. സാധാരണയായി മൊബൈൽ ഫോണിലാണ് ഷൂട്ട് ചെയ്യുന്നത്. എന്നാൽ മറ്റ് ബ്രാൻഡുകൾക്കുവേണ്ടി പ്രമോഷൻ ഷൂട്ടൊക്കെ വരുമ്പോൾ പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ച് ഞങ്ങളുടെ ടീമാണ് ഷൂട്ട് ചെയ്യുന്നത്. തൻവിക്കായി എഴുതിയ ഭാഗം അവൾ അവളുടെ ഇഷ്ടത്തിന് അഭിനയിക്കും. അതെങ്ങനെയാണെന്ന് പറഞ്ഞുകൊടുക്കേണ്ടി വരാറില്ല. എല്ലാ കണ്ടന്റിന്റെയും അവസാനം കാഴ്ചക്കാരെ കാത്ത് ഒരു ട്വിസ്റ്റ് ഉണ്ടാകും. ഈ ട്വിസ്റ്റുകൾ ആളുകൾക്ക് ഇഷ്ടപ്പെടുകയും ചെയ്യാറുണ്ട്. എന്തെങ്കിലുമൊരു ട്വിസ്റ്റ് ഉണ്ടങ്കിലേ കണ്ടന്റുകൾ വർക്കാകുകയുള്ളൂ.
ലക്ഷ്മിയെക്കുറിച്ച്
ഇൻഫ്‌ലുവൻസറായ ലക്ഷ്മിയെക്കുറിച്ച് ചോദിക്കുമ്പോൾ മിഥുന് പറയാനേറെയുണ്ട്.
മിഥുൻ: ഞാൻ സിനിമയും ടെലിവിഷനുമായി നിൽക്കുന്ന കാലത്ത് ലക്ഷ്മി യൂട്യൂബ് തുടങ്ങി. അന്ന് കൂടുതൽപ്പേരും പരമ്പരാഗത മീഡിയയുടെ ആൾക്കാരായിരുന്നു. യൂട്യൂബിനെ വലുതായി ആരും കണക്കിലെടുത്തിരുന്നില്ല. ഇന്ന് പരസ്യ കമ്പനികൾ പോലും എഐ ഉപയോഗിച്ച് വീഡിയോ ചെയ്തുതുടങ്ങി. ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ റെലവന്റായിരിക്കുക എന്നത് വളരെ പ്രധാനമാണ്. കാലഘട്ടത്തിനനുസരിച്ചുള്ള കണ്ടന്റുകൾ ആളുകൾ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നിടത്താണ് ലക്ഷ്മിയുടെ പരിശ്രമം വിജയിക്കുന്നത്. സോഷ്യൽ മീഡിയയിൽ എന്ത് അപ് ലോഡ് ചെയ്താൽ വർക്കാകും എന്ന് കൃത്യമായി ലക്ഷ്മിക്കറിയാം.
ലക്ഷ്മിയുടെ ബോൾഡ്‌നെസ്
''ലക്ഷ്മിയുടെ ബോൾഡ്‌നെസ്സിനെ എങ്ങനെ നോക്കിക്കാണുന്നു എന്നാണോ എങ്ങനെ മാനേജ് ചെയ്യുന്നു എന്നാണോ'' എന്നായി മിഥുന്റെ മറുചോദ്യം.
മിഥുൻ: മുടി മൊട്ടയടിച്ചപ്പോൾ ലക്ഷ്മി ഒരു ഫോട്ടോ പോലും എടുക്കരുതെന്ന് പറഞ്ഞു. ഞാനും തൻവിയും ഒരു തമാശയ്ക്ക് മുടി എടുക്കുന്ന വീഡിയോ ഷൂട്ട്‌ചെയ്തു. ഞങ്ങൾ അതിനെ ജീവിതത്തിന്റെ ഭാഗമായ രസകരമായ ഒരു സംഭവമായാണ് കണ്ടത്. അത്തരം കാര്യങ്ങൾ ബോൾഡാകുന്നതും വലുതാകുന്നതുമൊക്കെ മറ്റുള്ളവരുടെ കാഴ്ചപ്പാടിനനുസരിച്ചാണല്ലോ. തിരുപ്പതിയിൽ പോയി മൊട്ടയടിച്ചപ്പോൾ എല്ലാവരും പിന്തുണച്ചു. അതിന് കുറച്ചുമുമ്പ് ലക്ഷ്മിയും അമ്മയും അയോധ്യയിൽ പോയതിനെ ആളുകൾ വിമർശിച്ചിരുന്നു. ഇത് രണ്ടും പറയുന്നത് ഒരേ ആളുകളാണ്. ഒന്നിനെ വളരെ നല്ലതായും അതേസമയം മറ്റൊന്നിനെ നെഗറ്റീവായും കാണും.
റിയൽ ലൈഫും റീൽ ലൈഫും
ലക്ഷ്മി: റീലുകളിലെ പോലെ തന്നെയാണ് ഞങ്ങൾ യഥാർഥ ജീവിതത്തിലും. യഥാർഥ ജീവിതത്തിൽ ഫൺ കുറച്ചു കൂടിയിട്ടുണ്ടെങ്കിലെ ഉള്ളൂ.
മിഥുൻ: ജീവിതത്തിൽ വലിയ സമ്മർദ്ദങ്ങളൊന്നും എടുക്കാറില്ല. സമ്മർദ്ദങ്ങൾ വന്നാൽ മിക്കവാറും എവിടേക്കെങ്കിലും യാത്ര പോകും.
ഇൻട്രോവർട്ട് / എക്‌സ്‌ട്രോവർട്ട്
മിഥുൻ: ഞാൻ എക്‌സ്‌ട്രോവർട്ടാണ്. ലക്ഷ്മി ഓപ്പോസിറ്റും.
ലക്ഷ്മി: ഞാൻ ശരിക്കും ഇൻട്രോവർട്ടല്ല ആമ്പിവർട്ടാണ്. ചില കൂട്ടായ്മകളിലൊക്കെ വളരെ കംഫർട്ടബിളായിരിക്കും. ചില സ്ഥലങ്ങളിൽ ഒട്ടും കംഫർട്ടബിളാകില്ല. ചില ആളുകളുമായി പെട്ടന്ന് സെറ്റാകും. ചില ആളുകളുമായി സെറ്റാകില്ല.
മിഥുൻ: എനിക്ക് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമല്ല. ഒരുകൂട്ടം ആളുകൾ ഉണ്ടെങ്കിലാണ് ഒരു രസം. വീട്ടിൽ വെറുതെ ഇരിക്കുന്നതും ഇഷ്ടമല്ല. എല്ലാവരുമൊന്നിച്ച് എവിടേക്കെങ്കിലും പോകണം.
ലക്ഷ്മി: മറ്റാളുകൾക്കൊപ്പം യാത്ര ചെയ്യാനും മിഥുൻ ചേട്ടന് ഇഷ്ടമാണ്. ഞാൻ നേരെ ഓപ്പോസിറ്റാണ്. എനിക്ക് ഞങ്ങൾ മൂന്നുപേരും മാത്രമായി അല്ലെങ്കിൽ കംഫർട്ടബിളായ ആളുകൾക്കൊപ്പം യാത്ര ചെയ്യാനാണ് ഇഷ്ടം.
മിഥുൻ എന്ന ഭർത്താവ്
ലക്ഷ്മി: എന്റെ ഭർത്താവല്ലേ സൂപ്പറാണ്. സെവൻ ഇയർ ഇച്ച് (Seven-year itch) എന്ന് പറയും. കല്യാണം കഴിഞ്ഞ് ഏഴ് കൊല്ലം കഴിഞ്ഞുകിട്ടിയാൽ രക്ഷപ്പെട്ടു. അതുവരെ നമ്മൾ അടിപിടിയായിരിക്കും. രാമരാവണ യുദ്ധമൊക്കെയായിരിക്കും. അത് കഴിഞ്ഞുകിട്ടിയാൽ പിന്നെയങ്ങ് പൊയ്‌ക്കോളും.
ക്വാളിറ്റി ടൈം
മിഥുൻ: നിർബന്ധമായും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്. ഇവന്റുകൾ കൂടുതലും ആഴ്ചാവസാനങ്ങളിലായിരിക്കും. ആ സമയം എനിക്ക് ഫാമിലിക്കൊപ്പം കിട്ടില്ല. സാധാരണ രീതിയിലുള്ള ഫാമിലി ടൈമല്ല ഞങ്ങളുടേത്. മുമ്പ് ധാരാളം യാത്രകൾ പോയിരുന്നു, ഇപ്പോൾ അതും കുറവാണ്.
ലക്ഷ്മി: യാത്രകൾ എനിക്ക് മതിയായി, പാക്ക് ചെയ്തും അൺപായ്ക്ക് ചെയ്തും മടുത്തു. ഇപ്പോൾ ഏറ്റവും സുഖം ബെഡ്‌റൂമിൽ കട്ടിലിൽ സ്വസ്ഥമായി ഇരിക്കുന്നതാണ്.
ഒന്നിച്ച് ജീവിതം തുടങ്ങിയശേഷമുണ്ടായ മാറ്റങ്ങൾ
മിഥുൻ: ജീവിതത്തിൽ വന്ന മാറ്റങ്ങളിൽ പ്രധാനം ക്ഷമയാണ്.
ലക്ഷ്മി: ജീവിതത്തെ കുറച്ചുകൂടി പോസീറ്റിവ് ആയി കാണാനും ആളുകളോട് കൂടുതൽ അനുകമ്പയോടെ പെരുമാറാനും തുടങ്ങി. ആളുകളുടെ മുഖത്ത് നോക്കാതെ നടക്കുമായിരുന്നു പണ്ടൊക്കെ ഞാൻ. ഇപ്പോൾ ആളുകളോട് കുറച്ചുകൂടി ഇടപെടാനും സംസാരിക്കാനുമൊക്കെ തുടങ്ങി. മിഥുൻ ചേട്ടന്റെ മക്കളേന്നുള്ള വിളി കിട്ടി. (ചിരിക്കുന്നു)
ഉടൻ മറുപടി
മിഥുൻ: ഈ ഇൻട്രോവർട്ടുകൾ കുറച്ചുകൂടി സ്‌ട്രെയിറ്റ് ആണ്. മറുപടികൾ മുഖത്തടിച്ച് പറഞ്ഞുകളയും. ലക്ഷ്മി തോന്നുന്ന കാര്യങ്ങൾ അങ്ങനെ തുറന്ന് പറയും. ഞാൻ ലക്ഷ്മിയോട് പറയാറുണ്ട് ഒരാൾ ഒരു മോശം കമന്റിട്ടാൽ അതിന് മറുപടിപറയേണ്ടകാര്യമില്ലെന്ന്. പക്ഷേ, മറുപടി കൊടുത്തില്ലെങ്കിൽ ലക്ഷ്മിക്ക് സമാധാനമില്ല. എന്തിന് തിരിച്ച് പറയാതിരിക്കണം എന്നാണ് ലക്ഷ്മി ചിന്തിക്കുന്നത്. നമ്മളെക്കുറിച്ച് മോശം പറഞ്ഞയാളെ തിരിച്ച് ചീത്ത വിളിക്കണമെന്ന് നമുക്കൊക്കെ ആഗ്രഹമില്ലേ. ഞാനൊക്കെ നമ്മളെ പറ്റി മറ്റുള്ളവർ എന്ത് വിചാരിക്കും, കേൾക്കുന്നയാൾക്ക് വിഷമമായാലോ എന്നൊക്കെ ഓർത്ത് തിരിച്ചു പറയില്ല. എന്നാൽ ലക്ഷ്മി അങ്ങനെയല്ല വളരെ ക്യത്യമായി വേണ്ടത് പറയും.
ലക്ഷ്മി: അങ്ങനെ മോശം പറഞ്ഞാൽ നമുക്കും വിഷമമാകുമെന്ന് അവരും ആലോചിക്കണ്ടേ.
അമ്മ മകൾ കോമ്പോ
ലക്ഷ്മി: അവളുടെ എല്ലാ കള്ളത്തരത്തിനും കൂട്ടു നിൽക്കുന്നത് ഞാനാണ്.
തൻവി: ഞാൻ എല്ലാ രഹസ്യങ്ങളും പറയുന്നത് അമ്മയോടാണ്.
ലക്ഷ്മി: ശരിക്കും അവളെ പേടിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്
മിഥുൻ: അച്ഛനെ പറ്റിച്ച് സാധനങ്ങൾ വാങ്ങുക എന്നതാണ് അമ്മയ്ക്കും മകൾക്കും ഏറ്റവും ഇഷ്ടമുള്ള കാര്യം. വീട്ടിൽ അവരാണ് ഒരു സഖ്യം.
മിഥുൻ-ലക്ഷ്മി പേരന്റിങ് രീതി
മിഥുൻ: ഓരോ കുട്ടിയും ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ഇത് കുട്ടികളാണ്, മനുഷ്യരാണ് എന്ന് മനസ്സിലാക്കി അവർക്കും കൂടി ഇടം കൊടുക്കുക.
ലക്ഷ്മി: കുട്ടികളുമായി ഒരു റാപ്പോ ഉണ്ടാക്കിയെടുക്കുക. തിരിച്ചു തല്ലില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് നമ്മൾ കുട്ടികളെ തല്ലുന്നത്. മുതിർന്ന ഒരാളെപ്പോലെ അവരെയും കണ്ടുകഴിഞ്ഞാൽ കുറേ കാര്യങ്ങൾ പരിഹരിക്കാൻ കഴിയും. എന്തുകാര്യത്തിലും അവരെയും ഉൾപ്പെടുത്താൻ ശ്രമിക്കുക.
പ്രതിസന്ധികൾ
മിഥുൻ: എനിക്ക് ബെൽസ് പാൾസി വന്ന സമയം. അന്ന് ഒരുമിച്ച് നിന്ന് പോരാടി. അതായിരുന്നു ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിലൊന്ന്.
ലക്ഷ്മി: ഇൻഫ്‌ളുവൻസർ ജേർണിയിൽ വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. തുടക്കകാലത്താണ്. ഞാൻ യൂട്യൂബ് കണ്ടന്റ് ചെയ്തുകൊണ്ടിരിക്കുന്ന സമയം. മിഥുൻ ചേട്ടൻ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അന്ന് ദുബായിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി വിളിച്ചു. ഞാനും മിഥുൻ ചേട്ടനും തൻവിയും ഉണ്ട്. അവർ മിഥുൻ ചേട്ടന് മാത്രം ഭക്ഷണം വിളമ്പി. ഞങ്ങളെ കണക്കാക്കുന്നേയില്ല. അത്രയും മോശം അനുഭവം പിന്നീട് ഉണ്ടായിട്ടില്ല. പക്ഷേ ഇന്ന് അങ്ങനെയല്ല. ഇങ്ങോട്ട് പണം തന്ന് നമ്മളെ വിളിച്ചുകൊണ്ട് പോയി ഫുഡ് റിവ്യൂ ചെയ്യിക്കുകയാണ്.
2025 എങ്ങനെയായിരുന്നു
ലക്ഷ്മി: ധനനഷ്ടം, മാനഹാനി, അപകീർത്തി...2025 നെപ്പറ്റി അങ്ങനെയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ജീവിതാനുഭവങ്ങളും തമാശയുമുണ്ട് അതിൽ. വ്യക്തിപരമായി വളരെയധികം വിഷമകരമായ കാര്യങ്ങൾ 2025-ൽ ഉണ്ടായിരുന്നു.
പുതുവർഷത്തിലെ പ്രതീക്ഷകൾ
ലക്ഷ്മി: ഞാനഭനിയിച്ച 'ചത്ത പച്ച' സിനിമയാണ് പ്രതീക്ഷയോടെ കാണുന്ന ഒന്ന്. നല്ല കഥകൾ വരുമ്പോൾ ഇനിയും സിനിമകൾ ചെയ്യണം. തൻവിയുടെ ബോർഡ് എക്‌സാം എനിക്കും അവൾക്കും ടെൻഷനുള്ള കാര്യമാണ്.
മിഥുൻ: ലക്ഷ്മിയുടെ സിനിമ തന്നെയാണ് പ്രതീക്ഷയോടെ കാണുന്ന കാര്യം, പിന്നെ വന്നിരിക്കുന്ന മറ്റ് ഓഫറുകൾ. 2026 മുതൽ 30 വരെയുള്ള കാലഘട്ടം എല്ലാവരുടെയും ജീവിതത്തിൽ റീഡിഫൈനിങ്ങായിരിക്കും. കാസറ്റിൽ നിന്ന് സിഡിയും ഡിവിഡിയും അത് കഴിഞ്ഞ് ഒടിടിയുമൊക്കെ കണ്ടുകൊണ്ടിരിക്കുന്ന കാലത്ത് എത്തി. ഇപ്പോൾ ഏതാണ് സത്യം എന്ന് അറിയാത്ത കാലത്തുകൂടിയാണ് പോകുന്നത്. ഒരു വീഡിയോ കണ്ടാൽ യഥാർഥത്തിൽ ഉണ്ടായതാണോ അതോ എഐ ആണോ എന്നു പോലും തിരിച്ചറിയാനാവില്ല. ടെക്‌നോളജിയെ പേടിച്ചിരിക്കാൻ പറ്റില്ലല്ലോ. പകരം അതിന്റെ കൂടെ നടക്കാനല്ലേ പറ്റൂ. അതിനൊപ്പം പോകണമെന്നാണ് ആഗ്രഹവും പ്രതീക്ഷയും.
ന്യൂ ഇയർ റെസലൂഷൻസ്
ലക്ഷ്മി: എന്തായാലും 2025 പോലെയാകരുത് 2026 നന്നായിട്ട് വരണമെന്നാണ് ആഗ്രഹം. റെസലൂഷനൊന്നും നടക്കാറില്ലാത്തത് കൊണ്ട് എടുക്കാറില്ല.
മിഥുൻ: റെസലൂഷൻ എല്ലാ വർഷവും എടുക്കാമല്ലോ. അടുത്ത വർഷം വീണ്ടും എടുക്കാനുള്ളതല്ലേ. ഒന്നും പ്ലാൻ ചെയ്യാതിരിക്കുകയാണ് വരാൻ പോകുന്ന കാലത്തിന് ചേരുന്ന രീതി. കാരണം നമ്മൾ പ്ലാൻ ചെയ്യുന്നതിനേക്കാൾ സ്പീഡിൽ കാര്യങ്ങൾ നടക്കുന്നുണ്ട്. നമ്മുടെ ജീവിതം അതിനനുസരിച്ചാവണം. മാത്രമല്ല ഇനി അങ്ങോട്ടുള്ള കാലഘട്ടത്തിൽ പല കാര്യങ്ങളും നമ്മളുടെ പ്ലാനനുസരിച്ചാവില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the journey of influencers Laxmi and Mithun, their creative process, family life with daughter Tanvi, and real-life dynamics. Discover their unique content.