കുട്ടിക്കാലത്ത് ഒളിമ്പിക്‌സ് സ്വപ്നം,പിന്നീട് ഒളിമ്പിക് സ്വര്‍ണം;ഇന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ ആദ്യ വനിതാ പ്രസിഡന്റ്

കേസ്റ്റി കവെന്റി
കേസ്റ്റി കവെന്റി

1992-ലെ ബാഴ്‌സലോണ ഒളിമ്പിക്‌സ്. സിംബാബ്‌വേക്കാരിയായ ഒന്‍പതുവയസ്സുകാരി കേസ്റ്റി കവെന്റി ലോക കായികമാമാങ്കത്തിന്റെ ആ നാളുകളില്‍ ഏറിയ പങ്കും ടി.വിക്ക് മുന്നിലായിരുന്നു. കായികപ്രേമിയായ പെണ്‍കുട്ടി ടിവിയുടെ ചെറിയ സ്‌ക്രീനില്‍ മത്സരങ്ങള്‍ ഓരോന്നായി കണ്ടുകൊണ്ടിരുന്നു. യാങ് വെന്‍യിയും സുഹാങ് യോങ്ങും നിക്കോള്‍ ഹെയ്‌സ്ലെറ്റും ജാനറ്റ് ഇവാന്‍സുമൊക്കെ നീന്തല്‍ക്കുളത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. ജലാശയത്തിലെ മാസ്മരിക ചലനങ്ങള്‍ ഇമചിമ്മാതെ കണ്ടിരുന്നു കേസ്റ്റി. നീന്തല്‍ മത്സരങ്ങള്‍ അവസാനിച്ചതും അവള്‍ അച്ഛനമ്മമാരോടായി ഇത്രയും പറഞ്ഞു: 'ഞാനും ഒളിമ്പിക്‌സില്‍ പങ്കെടുക്കും. രാജ്യത്തിനായി സ്വര്‍ണം നേടുകയും ചെയ്യും.'

33 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാന ഒമ്പതുവയസ്സുകാരിയുടെ ആ സ്വപ്‌നത്തിന്റെ തുടര്‍ച്ചയ്ക്ക് സാക്ഷിയായി. അവിടെ അരങ്ങേറിയത് വലിയൊരു ചരിത്ര മുഹൂര്‍ത്തം കൂടിയാണ്. വിഖ്യാതമായ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ പ്രസിഡന്റായി ഒരു സ്ത്രീ നിയമിതയായി. ആ സ്ത്രീ മറ്റാരുമായിരുന്നില്ല, ആ പഴയ ഒമ്പതു വയസ്സുകാരിതന്നെയായിരുന്നു. കേസ്റ്റി കവെന്റി ചരിത്രംകുറിയ്ക്കുകയായിരുന്നു. 131വര്‍ഷത്തെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ നേതൃസ്ഥാനത്തേക്ക് ഒരു സ്ത്രീ എത്തുന്നത്. ഐഒസി പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ കൂടിയാണ് നാല്പത്തൊന്നുകാരിയായ കവെന്റി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഒളിമ്പിക് കമ്മിറ്റിയെ നയിച്ച തോമസ് ബാച്ച് ഒഴിഞ്ഞ പദവിയിലേക്കാണ് കവെന്റി അവരോധിക്കപ്പെടുന്നത്. ഒളിമ്പിക് ഹൗസിന്റെ പ്രതീകാത്മകമായ സുവര്‍ണതാക്കോല്‍ കൈമാറി ബാച്ച് പദവി കവെന്റിയുടെ കൈകളിലേല്പിച്ചതും ലോകം സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ സുപ്രധാന നിമിഷത്തിന് സാക്ഷിയായി.

Content Highlights: Kirsty Coventry`s inspiring journey from a childhood Olympic dream to becoming the first female IOC President. A story of perseverance and triumph.

Continue reading