ശബ്ദം നഷ്ടപ്പെടുത്തിയ മേക്കപ്പ് ആർട്ടിസ്റ്റിന്റെ അവസാനകാലത്ത് കൈത്താങ്ങായത് കലാരഞ്ജിനി

കലാരഞ്ജിനി/Mbi
കലാരഞ്ജിനി/Mbi

സിനിമാ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു ചെറിയ പിഴവ്, പക്ഷേ അതിന്റെ ആഘാതം ജീവിതകാലം മുഴുവൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന താരമാണ് കലാരഞ്ജിനി. വ്യാജരക്തം തയ്യാറാക്കുന്നതിനിടെ സംഭവിച്ച പിഴവിനെ തുടർന്ന് ശബ്ദം നഷ്ടപ്പെട്ട അനുഭവം തുറന്നുപറയുകയാണ് നടി കലാരഞ്ജിനി. തന്നെ ശബ്ദമില്ലാതാക്കിയ മേക്കപ്പ് ആർട്ടിസ്റ്റിനോട് ഇന്നും തനിക്ക് പരാതിയില്ലെന്നും, അദ്ദേഹത്തിന്റെ അവസാനകാലത്ത് താൻ സഹായിച്ചിരുന്നെന്നും കലാരഞ്ജിനി പറയുന്നു. കാൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാരഞ്ജിനി വർഷങ്ങൾക്കു മുൻപുണ്ടായ ആ സംഭവം ഓർത്തെടുത്തത്.

വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കലാരഞ്ജിനിയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ആ സംഭവം നടന്നത്. കഥാപാത്രം രക്തം ഛർദിച്ച് മരിക്കുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. ഇതിനായി തയ്യാറാക്കിയ വ്യാജരക്തം കലാരഞ്ജിനിയുടെ വായിലേക്ക് ഒഴിച്ചു. എന്നാൽ വ്യാജരക്തം തയ്യാറാക്കുന്നതിനിടെ വെളിച്ചെണ്ണയ്ക്ക് പകരം ആസിഡ് കലർത്തുകയായിരുന്നു. വായിലേക്ക് ഒഴിച്ചതിന് പിന്നാലെ തൊണ്ടയിലും വായിലും ശക്തമായ എരിച്ചിലും നീരും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മാസത്തോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും പഴയ ശബ്ദം പൂർണമായി തിരിച്ചുകിട്ടിയില്ല. ആ അപകടം തന്റെ സിനിമാജീവിതത്തെയും വർഷങ്ങളോളം ബാധിച്ചെങ്കിലും, അതിന് കാരണക്കാരനായ മേക്കപ്പ് ആർട്ടിസ്റ്റിനോട് തനിക്ക് ഒരിക്കലും ദേഷ്യമുണ്ടായിട്ടില്ലെന്നാണ് കലാരഞ്ജിനി പറയുന്നത്.

സംഭവത്തിന് പിന്നാലെ സെറ്റിലുള്ള പലരും മേക്കപ്പ് ആർട്ടിസ്റ്റ് കെ.വി. ഭാസ്‌കറിനെ ഒഴിവാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അവസാനകാലത്ത് സഹായിക്കാൻ താനുണ്ടായിരുന്നുവെന്ന് കലാരഞ്ജിനി പറയുന്നു. ''അദ്ദേഹത്തിന്റെ അവസാനകാലത്ത് ഞാൻ തന്നെയാണ് സഹായിച്ചത്. അദ്ദേഹത്തിന്റെ മക്കളുമായി ഇപ്പോഴും എനിക്ക് നല്ല ബന്ധമുണ്ട്. അതൊരു ചെറിയ പിഴവായിരുന്നു. ഇങ്ങനെ സംഭവിച്ചതിൽ അദ്ദേഹത്തിന് വലിയ വിഷമമുണ്ടായിരുന്നിരിക്കണം. മനഃപൂർവം അദ്ദേഹം അങ്ങനെ ചെയ്യില്ല. മലയാള സിനിമയിലെ ഏറ്റവും വലിയ മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളായിരുന്നു കെ.വി. ഭാസ്‌കർ. ഒരു കൈപ്പിഴ മാത്രമായിരുന്നു അത്. ഇതിന്റെ പേരിൽ എന്റെ ജീവിതം ഇങ്ങനെ മാറുമെന്ന് അദ്ദേഹവും കരുതിയിട്ടുണ്ടാകില്ല,'' കലാരഞ്ജിനി പറഞ്ഞു.

ശബ്ദം നഷ്ടപ്പെട്ട ശേഷവും കലാരഞ്ജിനി സിനിമയിൽ നിന്ന് പിന്മാറിയിരുന്നില്ല. എന്നാൽ സ്വന്തം ശബ്ദത്തിന്റെ പരിമിതി കാരണം ചിത്രീകരണ സമയത്ത് സഹതാരങ്ങൾ പോലും പ്രത്യേക ശ്രദ്ധയോടെ അവരുടെ സംഭാഷണങ്ങൾ കേൾക്കേണ്ടി വന്നു. തനിക്ക് പ്രതികരിക്കാനായി അവർ നിശ്ശബ്ദരായി നിൽക്കാറുണ്ടായിരുന്നുവെന്നും കലാരഞ്ജിനി ഓർക്കുന്നു.
വർഷങ്ങളോളം പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് അംബിളിയാണ് കലാരഞ്ജിനിക്കായി സംഭാഷണങ്ങൾ ഡബ്ബ് ചെയ്തിരുന്നത്. അംബിളിയുടെ മരണത്തിന് ശേഷവും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാനുള്ള ആത്മവിശ്വാസം കലാരഞ്ജിനിക്ക് ഉണ്ടായിരുന്നില്ല. പിന്നീട് സംവിധായകൻ റോഷൻ ആൻഡ്രൂസ് ‘ഹൗ ഓൾഡ് ആർ യു’ സിനിമയ്ക്കുവേണ്ടി സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്യാൻ കലാരഞ്ജിനിയോട് ആവശ്യപ്പെടുകയായിരുന്നു. 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ സംവിധായകൻ കൃഷ്ണദാസും സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യണമെന്ന് നിർബന്ധിച്ചു. ആ നിർബന്ധമാണ് സ്വന്തം ശബ്ദത്തിലേക്ക് തിരിച്ചുവരാനുള്ള ആത്മവിശ്വാസം നൽകിയത്. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi