'ദൃശ്യം പൊട്ടിയാൽ കൂത്താട്ടുകുളത്തുവന്ന് നിന്നെ തല്ലുമെന്ന് ജീത്തു സാർ പറഞ്ഞു'

''നീ ജോർജ് കുട്ടിയെ ഒറ്റി കൊടുക്കും അല്ലെടാ...''-'ദൃശ്യം രണ്ടാം ഭാഗം' പുറത്തുവന്നപ്പോൾ കൂത്താട്ടുകളം സ്വദേശി അജിത്തിനുനേരെ നിരന്തരം കമന്റുകൾ വന്നുകൊണ്ടിരുന്നു. 'ദൃശ്യം 2'-വിൽ ജോർജ്ജുകുട്ടിയെ കുടുക്കാൻ മുന്നോട്ടുവന്ന, ദൃക്‌സാക്ഷി ജോസിന്റെ വേഷമായിരുന്നു അജിത്ത് കൂത്താട്ടുകളത്തിന്റേത്. മിമിക്രികലാകാരനായി ട്രൂപ്പുകൾക്കൊപ്പം സഞ്ചരിച്ച് ഇന്ത്യയിലും വിദേശത്തും കയ്യടിനേടിയ അജിത്ത്, ചാനലിലെ കോമഡി സ്റ്റാർസിലൂടെയും തകർപ്പൻ കോമഡിയിലൂടെയുമാണ് ശ്രദ്ധേയനാകുന്നത്. രണ്ടാംഭാഗത്തിലെ ഒറ്റുകാരനിൽ നിന്ന്, മൂന്നാം ഭാഗത്തിലെത്തുമ്പോൾ മോഹൻലാലിനൊപ്പം കൂടുതൽ രംഗങ്ങളിൽ അഭിനയിക്കാനായതിന്റെ ആഹ്ലാദമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
കോവിഡ് കാലത്ത് ചിത്രീകരിച്ച 'ദൃശ്യം 2'വിലേക്ക് സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് അജിത്തിനെ വിളിക്കുന്നത്. ''ദൃശ്യത്തിന്റെ ആദ്യ ഭാഗം കൂത്താട്ടുകുളത്തെ തീയേറ്ററിലിരുന്ന് ആവേശത്തോടെ കണ്ടത് ഇന്നും ഓർമയിലുണ്ട്. രണ്ടാം ഭാഗത്തിലൊരു വേഷമുണ്ടെന്ന് പറഞ്ഞ് ജീത്തു സാർ വിളിച്ചപ്പോൾ ഞെട്ടിപ്പോയി. 'ദൃശ്യം 2'-ന്റെ പൂജ കഴിഞ്ഞ് എടുത്ത ആദ്യത്തേതും, പടം പാക്കപ്പായതും എന്റെ ഷോട്ടിലായിരുന്നു. എന്റെ മുഖം വച്ചാണ് ചിത്രീകരണം തുടങ്ങിയതും അവസാനിപ്പിച്ചതും. പടമെങ്ങാനും പൊട്ടിയാൽ കൂത്താട്ടുകളത്ത് വന്ന് നിന്നെ തല്ലുമെന്ന് അന്ന് ജീത്തുസാർ തമാശയായി പറഞ്ഞു. ഒ.ടി.ടിയിൽ പടം ഇറങ്ങിയതുമുതൽ അഭിനന്ദനകോളുകൾ വന്നുകൊണ്ടിരുന്നു. എന്റെ വേഷത്തിന്റെ പ്രാധാന്യത്തെ കുറിച്ചൊന്നും പടം കാണുന്നതുവരെ അറിയില്ലായിരുന്നു. അഭിനയിക്കുന്ന രംഗങ്ങളെകുറിച്ച് മാത്രമേ ഏതാണ്ടൊരു ധാരണയുണ്ടായിരുന്നുള്ളൂ. ഞാനാണ് രണ്ടാംഭാഗത്തിന്റെ ട്വിസ്റ്റ് കൊണ്ടുവരുന്നതെന്ന് പടം കണ്ടപ്പോഴാണ് മനസ്സിലായത്. സിനിമയെ കുറിച്ചും എന്റെ കഥാപാത്രത്തെ കുറിച്ചും ഒരുപാട് നല്ല അഭിപ്രായങ്ങൾ ലഭിച്ചു. പോലീസ് സ്റ്റേഷനിലാണ് കുഴിച്ചിട്ടതെന്ന് പപ്പ പോലീസിനോട് പറയല്ലേയെന്ന് സിനിമകാണുമ്പോൾ പ്രാത്ഥിച്ചതായി എന്റെ മകൾ പറഞ്ഞു''.
'ദൃശ്യം രണ്ടാംഭാഗ'ത്തിലെ വേഷം അജിത്തിനെ തിരക്കുള്ള നടനാക്കി മാറ്റി. കൂടുതൽ സിനിമകളിലേക്കും ഉദ്ഘാടനപരിപാടികളിലേക്കും ചാനൽ പ്രോഗ്രാമുകളിലേയ്ക്കും മാറി. മൂന്നാംഭാഗത്തിലെ വേഷത്തിനെ കുറിച്ചും, പരിമിതമായ അറിവുകളെ പടം ഇറങ്ങും വരെ അജിത്തിനുണ്ടായിരുന്നുള്ളൂ. 'ദൃശ്യം മൂന്നാം ഭാഗ'ത്തിൽ അഭിനയിക്കുന്ന കാര്യമറിഞ്ഞ് സിനിമയുടെ കഥയെ കുറിച്ച് ഒരുപാട് പേർ അദ്ദേഹത്തോട് ചോദിച്ചു. എങ്കിലും അറിയാവുന്ന കാര്യങ്ങൾ പോലും രഹസ്യമാക്കി വെക്കുകയായിരുന്നു.
ദൂരെ നിന്നുമാത്രം കണ്ടിരുന്ന മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ ചങ്കിടിപ്പുകൂടിയതായി അജിത്ത് പറയുന്നു. ദൃശ്യം രണ്ടാംഭാഗത്തിൽ ജോർജ്ജുകുട്ടിക്കൊപ്പം രണ്ട് സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോഹൻലാലിനൊത്തുള്ള ആദ്യസീനിലെ ഡയലോഗ് പരിഭ്രമത്താൽ മാറിപ്പോയി. ''ജോർജ്ജുകുട്ടി ചേട്ടനെ ആ സഹദേവൻ പെടുത്തിയതാണല്ലേ...' എന്നായിരുന്നു ചോദിക്കേണ്ടത്. ടെൻഷനിൽ 'ജോർജ്ജുകുട്ടിച്ചേട്ടൻ ആ സഹദേവനെ പെടുത്തിയതാണല്ലേ...' എന്ന് തെറ്റിപ്പറഞ്ഞു. അങ്ങനെയല്ല...അങ്ങനെയല്ലെന്ന് പറഞ്ഞ് ലാലേട്ടൻ അപ്പോൾതന്നെ തിരുത്തുകയായിരുന്നു''.
കോളേജ് കാലം മുതൽക്കാണ് അജിത്ത് മിമിക്രിയിൽ സജ്ജീവമാകുന്നത്. ചെറിയചെറിയ സ്‌കിറ്റുകൾ അവതരിപ്പിച്ചുകൊണ്ട് സ്റ്റേജിൽ കയറി. അബിയുടെ കൊച്ചി സാഗറിലൂടെ പ്രൊഫഷണൽ മിമിക്രി ട്രൂപ്പിലേക്കെത്തി. അബിക്കൊപ്പമാണ് വിദേശയാത്രകളുടെ തുടക്കം, പിന്നീട് കൊച്ചിൻ കലാഭവനിലേക്കെത്തി. അവിടെനിന്ന് തിരുവന്തപുരം ബലിതാട്രൂപ്പിന്റെ ഭാഗമായി. ഉല്ലാസ് പന്തളവുമായുള്ള സൗഹൃദത്തിലൂടെ അജിത്ത് കോമഡി സ്റ്റാർസിലേക്കെത്തി. തകർപ്പൻകോമഡി പ്രോഗ്രാമിൽ 'ദൃശ്യ'ത്തിന്റെ സ്പൂഫ് അവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടു. ആ പ്രോഗ്രാം കണ്ടാണ് അജിത്തിനെ ജീത്തുജോസഫ് 'ദൃശ്യ'ത്തിലേയ്ക്ക് വിളിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ajith Koothattukulam's breakthrough role as the witness in Drishyam 2. Behind-the-scenes experience of acting alongside Mohanlal. Insights into the secrecy surrounding Drishyam 3 production.