മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്തിട്ട് ഒരു ദശകത്തിലേറെയായി. ഇന്ത്യൻ സിനിമയിലെ ഏറ്റവും വിജയകരമായ ആഗോള ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നായി വളരുകയാണ് ചിത്രമിപ്പോൾ. മേയ് 21-ന് ദൃശ്യം 3 തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയതോടെ, ചിത്രം ഇന്തോനേഷ്യൻ റീമേക്കിന് തയ്യാറെടുക്കുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. "അയ്യ, അകു മാവു സെറിറ്റ..." എന്നാണ് റീമേക്കിന് പേരിട്ടിരിക്കുന്നത്. "അച്ഛാ, എനിക്കൊരു കഥ പറയാനുണ്ട്..." എന്നാണ് ടൈറ്റിലിന്റെ അർഥം. ഇന്തോനേഷ്യൻ വിപണിക്കായി പ്രത്യേകമായി റീമേക്ക് ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമായിരിക്കുമിത്. ജക്കാർത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാൽക്കൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം 2026 ഓഗസ്റ്റ് 20-ന് രാജ്യവ്യാപകമായി തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

‘വെറൈറ്റി’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രശസ്ത ദമ്പതികളായ വിനോ ജി. ബസ്റ്റിയാനും മാർഷാ തിമോത്തിയുമാണ് ഇന്തോനേഷ്യൻ റീമേക്കിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരിക്കുന്നത്. കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി വിപുലമായ പദ്ധതികൾ തയ്യാറാക്കുന്ന ജോർജ്ജുകുട്ടിയുടെ കഥാപാത്രത്തെയാണ് ബസ്റ്റിയാൻ അവതരിപ്പിക്കുന്നത്. അതേസമയം, തിമോത്തി അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് ചെയ്യുന്നത്. ഡാനിയൽ റിഫ്കി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2013-ലാണ് ദൃശ്യം പുറത്തിറങ്ങിയത്. ജീത്തു ജോസഫ് തന്നെയാണ് രചനയും നിർവഹിച്ചത്. 

മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് മൂന്നാംഭാഗം റിലീസ് ചെയ്തത്. റിലീസ് ദിനത്തിൽ തന്നെ 43.37 കോടി രൂപ ആഗോള കളക്ഷൻ ലഭിച്ചു (box office). ആഭ്യന്തര കളക്ഷനേക്കാൾ അന്താരാഷ്ട്രതലത്തിൽ ചിത്രത്തിന് മികച്ച മുന്നേറ്റമുണ്ടാക്കാനായി എന്നതും ശ്രദ്ധേയം. വിദേശ രാജ്യങ്ങളിൽ നിന്ന് 25 കോടി രൂപയും, ഇന്ത്യയിൽ നിന്ന് 18.37 കോടി രൂപയുമാണ് (ഇന്ത്യയിൽ 15.85 കോടി രൂപ നെറ്റ് കളക്ഷൻ) ലഭിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi