ഗ്രെറ്റയുടെ ബാര്‍ബി വെറും പാവയല്ല

ഗ്രെറ്റ ഗെര്‍വിഗ്/ Getty images
ഗ്രെറ്റ ഗെര്‍വിഗ്/ Getty images

ഗ്രെറ്റ ഗെര്‍വിഗ്, ഈ പേര് അത്രപരിചിതമല്ലെങ്കിലും മറ്റൊരു പേര് എല്ലാവര്‍ക്കും സുപരിചിതമാണ്, ബാര്‍ബി... ഒരു ബാര്‍ബി പാവയെയെങ്കിലും സ്വന്തമാക്കണമെന്ന് സ്വപ്‌നം കാണാത്ത കുട്ടികളുണ്ടാവില്ല. ബാര്‍ബി കൊച്ചു കുട്ടികളുടെയല്ല, കൗമാരക്കാരുടെ സ്വപനമാണെന്ന് ഓര്‍ക്കണം. എന്നാല്‍ ബാര്‍ബി പാവയല്ല ഇവിടെ താരം. ഈ മാസമാദ്യം റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ബാര്‍ബിയാണ്. ഈ ചിത്രത്തിന്റെ സംവിധായികയാണ് ഗ്രെറ്റ. പുറത്തിറങ്ങി പതിനേഴ് ദിവസംകൊണ്ട് ബാര്‍ബി നേടിയത് 1.03 ബില്യണ്‍ ഡോളര്‍. ഒരു വനിതാ സംവിധായിക ഒറ്റയ്ക്ക് സംവിധാനം ചെയ്ത ചിത്രം ആദ്യമായി ബില്യണ്‍ ഡോളർ മാര്‍ക്ക് നേടി എന്നതാണ് ഗ്രെറ്റയുടെ ബാര്‍ബിയെ വ്യത്യസ്തമാക്കുന്നത്. 

വനിതകള്‍ സംവിധാനം ചെയ്ത ബില്യണ്‍ ഡോളര്‍ ലാഭം നേടിയ ചിത്രങ്ങളുണ്ട്. എന്നാല്‍ സഹസംവിധായകരില്ലാതെ അത്തരമൊരു നേട്ടത്തിലെത്തിയ ആദ്യ സംവിധായിക ബാര്‍ബിയുടെ സ്വന്തം ഗ്രെറ്റയാണ്. വാര്‍ണര്‍ ബ്രോസ് പുറത്തിറക്കിയ ചിത്രം ആഗോളതലത്തില്‍ 1.283 ബില്യണ്‍ ലാഭം നേടി ബോക്‌സ് ഓഫീസുകളില്‍ നിറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ഗരറ്റ് റോബി ബാര്‍ബിയായും റയന്‍ ഗോസ്‌ലിങ് കെന്നായും വേഷമിടുന്ന ചിത്രം ഇപ്പോള്‍ തന്നെ ചലച്ചിത്രാരാധകരുടെ മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. 

ലോകത്തെ സ്വാധീനിച്ച നൂറുപേരിലൊരാള്‍

കാലിഫോര്‍ണിയയിലാണ് ഗ്രെറ്റയുടെ ജനനം. ബെര്‍ണാര്‍ഡ് കോളേജില്‍ നിന്ന് ഇംഗ്ലീഷിലും ഫിലോസഫിയിലും ബിരുദം. അഭിനേത്രിയായി സിനിമയില്‍ തന്റെ ചുവടുറപ്പിച്ചു. സംവിധായികയെന്ന നിലയില്‍ ലോകസിനിമയിലെ ഒരുപിടി മികച്ച ചിത്രങ്ങളുണ്ട് ഈ നാല്‍പതുകാരിയുടെ ക്രെഡിറ്റില്‍. തന്റെ പങ്കാളിയായ നോവ ബുംബേയ്ക്കുമായി ചേര്‍ന്ന് സംവിധാനം ചെയ്ത ഫ്രാന്‍സിസ് ഹ എന്ന ചിത്രത്തിന് 2012 ലെ ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശം ലഭിച്ചിരുന്നു. 

നോവ ബുംബേക്കൊപ്പം

ഗ്രെറ്റ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രങ്ങളായ ലേഡി ബേര്‍ഡ് (2017), ലിറ്റില്‍ വിമെന്‍ (2019) എന്നീ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രങ്ങളാണ്. ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ അഞ്ചാമത്തെ വനിതാ സംവിധായികയാണ് ഗ്രെറ്റ (ഇതുവരെയുള്ള ചരിത്രത്തില്‍ നോമിനേഷന്‍ നേടിയവര്‍ അഞ്ച് വനിതകള്‍ മാത്രമാണ്). 

എഴുപത്തഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ സംവിധായിക എന്ന നിലയില്‍ ഗ്രെറ്റ തന്റെ പേരും ചരിത്രത്തില്‍ രേഖപ്പെടുത്തുകയായിരുന്നു. മ്യൂസിക്കല്‍ ആന്‍ഡ് കോമഡി വിഭാഗത്തിലെ മികച്ച ചിത്രം, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അന്ന് ലേഡി ബേര്‍ഡ് നേടിയത്. 2018 ല്‍ ടൈം മാഗസിന്‍ തിരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച നൂറുപേരുടെ പട്ടികയിലും ഗ്രെറ്റ ഇടം നേടി. 

ഗ്രെറ്റയുടെ ബാര്‍ബി

'നിലവിലില്ലാത്തതും എന്നാല്‍ തമാശനിറഞ്ഞതുമായ ഒരു ലോകമാണത്. അതാണ് ബാര്‍ബി വേള്‍ഡ്. നമ്മള്‍ അതിലെ താമസക്കാര്‍ മാത്രമാണ്.' തന്റെ സിനിമയുടെ പശ്ചാത്തലത്തെ പറ്റി ഗ്രെറ്റ ഗെര്‍വിഗ് പറയുന്നത് ഇങ്ങനെ. പുരുഷ കേന്ദ്രീകൃതമായ ലോകത്തെ ചോദ്യം ചെയ്യുകയും ഫെമിനിസത്തിന്റെ വ്യത്യസ്തമായൊരു മുഖം അവതരിപ്പിക്കുകയും ചെയ്യുകയാണ് ബാര്‍ബി എന്നാണ് വിമര്‍ശകര്‍ പോലും ആ സിനിമയെപ്പറ്റി പറയുന്നത്. ബാര്‍ബിയുടെ സ്വപ്ന ലോകം ഇനി കുട്ടികളുടേതല്ല, കൗമാരക്കാരുടേതുമല്ല... മുതിര്‍ന്ന, സ്വപ്‌നങ്ങള്‍ ഏറെകാണുന്ന സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകളുടേത് കൂടിയാണെന്നും ഗ്രെറ്റ ഈ സിനിമയിലൂടെ പറഞ്ഞു വയ്ക്കുന്നുണ്ട്. 

ബാർബി താരങ്ങൾക്കൊപ്പം

പെണ്‍ അധികാരകേന്ദ്രീകൃതമായ പിങ്ക് ലോകമാണ് ബാര്‍ബിയുടേത്. അവിടെയെല്ലാം സ്ത്രീകളാണ് മുൻനിരയിൽ. ബാര്‍ബിയുടെ ആണ്‍കൂട്ടുകാരനായ കെന്നിന്റെ ആളുകളുമുണ്ട് ആ ലോകത്ത്... പക്ഷേ  അധികാരമോ ശബ്ദമോ ഇല്ലാതെ വെറുതേ മൂലയിലിരിക്കാനുള്ളവര്‍ മാത്രം. പെട്ടെന്നൊരുദിവസം താനൊരു പാവയാണെന്നും തന്നെ ഉപയോഗിച്ചു കളിക്കുന്ന ഒരു പെണ്‍കുട്ടി എവിടെയോ ഉണ്ടെന്നുമുള്ള ബാര്‍ബിയുടെ തോന്നലിലാണ് കഥ മാറി മറിയുന്നത്. ബാര്‍ബിനാട്ടില്‍ നിന്ന് ഭൂമിയിലെത്തുന്ന ബാര്‍ബിക്കൊപ്പം കെന്നും കൂടുന്നു. ഇവിടെയെത്തുമ്പോഴാണ് കെന്നറിയുന്നത് ഇത്രയും കാലം താന്‍ അനുഭവിച്ചിരുന്ന വിവേചനം. ആണധികാരത്തെ അംഗീകരിക്കുന്ന ആ ലോകത്തെ കെന്നും ഇഷ്ടപ്പെടുന്നു. ഹീറോ പരിവേഷം സ്വയം നേടിയ കെന്‍ ബാര്‍ബിയെ കൂടാതെ ബാര്‍ബി ലോകത്ത് തിരിച്ചെത്തി തന്റെ പുതിയ ആശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നിടത്താണ് കഥ മാറുന്നത്. പിന്നാലെ തിരിച്ചെത്തിയ ബാര്‍ബി കെന്നിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു. ബാര്‍ബി നാട്ടില്‍ അടിച്ചമര്‍ത്തപ്പെട്ട് ജീവിക്കേണ്ടി വരുന്ന കെന്‍ കരയുന്ന രംഗമുണ്ട് ഈ ചിത്രത്തില്‍.

സിനിമയുടെ ബിഹൈന്‍ഡ് ദി സീന്‍  വീഡിയോകള്‍ ഈ അടുത്ത് സംവിധായിക പുറത്തു വിട്ടിരുന്നു. അതില്‍ 'ഞാന്‍ വെറും കെന്നാണ്' എന്ന് സങ്കടത്തോടെ പറയുന്ന റയാന്‍ ഗോസ്‌ലിങിന്റെ വീഡിയോ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 'നീ വെറു പെണ്ണാണ്' എന്ന് പഴകിപ്പറഞ്ഞൊരു ഡയലോഗ് എവിടെയോ ഓര്‍മവരുന്നില്ലേ... ഇല്ലേ...?  പിങ്കിനെ അങ്ങനെയങ്ങ് മാറ്റി നിര്‍ത്താന്‍ വരട്ടെ. ലോകം ചിലപ്പോഴൊക്കെ പിങ്ക് നിറത്തിലുമാണ് എന്ന് വിളിച്ചുപറയുകയാണ് ഗ്രെറ്റയുടെ ബാര്‍ബി.

ബാർബിയുടെ സെറ്റിൽ ഗ്രെറ്റ

കളിപ്പാട്ട സങ്കല്പങ്ങളെ മാറ്റിയ ബാര്‍ബി

കൗമാരക്കാരായ പെണ്‍കുട്ടികളുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടമായാണ് ബാര്‍ബി കരുതപ്പെടുന്നത്. ജീവിതത്തില്‍ ഒരു ബാര്‍ബിയെയെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. മാറ്റെല്‍ എന്ന ഗൃഹോപകരണ കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ റൂത്ത് ഹാന്‍ഡ്‌ലര്‍ എന്ന സ്ത്രീയുടെ ആശയത്തില്‍ നിന്ന് പിറന്നതാണ് ബാര്‍ബി. ഒരിക്കല്‍ തന്റെ മകള്‍ ബാര്‍ബറ കടലാസുകൊണ്ട് വലിയൊരു പെണ്‍പാവയുണ്ടാക്കി കളിക്കുന്നത് റൂത്ത് കണ്ടു. അങ്ങനെയാണ് പെണ്‍പാവകളെ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നതിനെ പറ്റി റൂത്ത് ചിന്തിച്ചത്. പക്ഷേ ഒരു അനീതി റൂത്തിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. റൂത്തും പങ്കാളിയായ എലിയറ്റും ചേര്‍ന്നായിരുന്നു മരംകൊണ്ടുള്ള വീട്ടുപകരണങ്ങളുടെ കമ്പനി തുടങ്ങിയത്. പിന്നീട് ഹാരോള്‍ഡ് മാറ്റ് എന്ന സുഹൃത്തും ഇവര്‍ക്കൊപ്പം ചെര്‍ന്നു. എലിയറ്റിന്റെയും മാറ്റിന്റെയും പേര് ചേര്‍ത്ത് മാറ്റെല്‍ എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തു. പേരില്‍ പോലും തനിക്ക് അവകാശമില്ലാതിരുന്ന കാലത്താണ് റൂത്ത് പാവയുടെ ആശയവും ഇവരോട് പങ്കുവയ്ക്കുന്നത്. 1959 ലാണ് ആദ്യ ബാര്‍ബി പാവ പുറത്തിറങ്ങുന്നത്. പിന്നീട് ലോകം മുഴുവന്‍ ബാര്‍ബി കീഴടക്കിയെന്ന് പറയാം. 1959 ല്‍ മാത്രം 3,50,000 പാവകള്‍ ആണ് കമ്പനി വിറ്റഴിച്ചത്.  ആദ്യ പാവയുടെ വില മൂന്ന് ഡോളറായിരുന്നു. പിന്നീട് മകന്‍ പിറന്നപ്പോള്‍ റൂത്ത് ആണ്‍ പാവകളെയും ഉണ്ടാക്കി. ആതാണ് കെന്‍. ബാര്‍ബിയുടെ കൂട്ടുകാരന്‍. ബാര്‍ബി 19 കാരി പെണ്‍കുട്ടിയാണ് എന്നും, എങ്കിലും ഈ കൊല്ലം 84-ാം പിറന്നാളായിരുന്നു. 

ബാര്‍ബി പാവകള്‍ ഡോക്ടറായും പൈലറ്റായും ശാസ്ത്രജ്ഞയായുമെല്ലാം പുറത്തിറങ്ങിയിട്ടുണ്ട്. ആദ്യ കാലത്ത് സ്വര്‍ണ മുടിയുള്ള വെളുത്തുതുടുത്ത പാവകളായിരുന്നു ബാര്‍ബി. പലരും ബാര്‍ബിയെപ്പോലെയാവാന്‍ ശസ്ത്രക്രിയകള്‍ വരെ നടത്തി. ബാര്‍ബി ഡോളിനെപ്പോലെ എന്നത് സൗന്ദര്യ സങ്കല്പങ്ങളിലെ പ്രധാനവാക്കായി. എന്നാല്‍ 1980 ല്‍ റൂത്തിന്റെ കമ്പനി കറുപ്പ് നിറമുള്ള പാവയെ പുറത്തിറക്കി. വലിയ സ്വീകാര്യതയാണ് അതിന് ലഭിച്ചത്. കറുത്തവരും ചുരുണ്ടമുടിയുള്ളവരും തടിച്ചവരുമെല്ലാം സമൂഹത്തിന്റെ ഭാഗമാണ് എന്ന് ഉറപ്പിക്കും വിധം ധാരാളം പാവകളെ പിന്നീട് ബാര്‍ബി പുറത്തിറക്കി. ഡൗണ്‍സിന്‍ഡ്രം ബാധിച്ച പെണ്‍കുട്ടിയുടെ രൂപത്തിലുള്ള ബാര്‍ബിയും വലിയ ചര്‍ച്ചയായിരുന്നു. 

ബാർബിയുടെ സ്രഷ്ടാവ് റൂത്ത് ഹാൻഡ്ലർ( വലത്ത്)
റൂത്തിന്‍റെ മകൾ ബാർബറ ബാർബി പാവയുമായി

1970 ല്‍ കാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞതോടെ റൂത്ത് കമ്പനിയില്‍ സജീവമല്ലാതായി. തന്റെ സ്വന്തം കമ്പനിയില്‍ നിന്ന് നികുതിവെട്ടിപ്പുള്‍പ്പെടെ ആരോപണങ്ങള്‍ നേരിട്ടതോടെ റൂത്ത് അവിടെ നിന്ന് പടിയിറങ്ങി. പിന്നീട് സ്തനാര്‍ബുദ കാന്‍സര്‍മൂലം മാറിടങ്ങള്‍ നീക്കം ചെയ്ത സ്ത്രീകള്‍ക്ക് സിന്തറ്റിക് സ്തനങ്ങള്‍ നിര്‍മിക്കുന്ന കമ്പനി റൂത്ത് ആരംഭിച്ചു. നിയര്‍ലി മീ എന്ന പേരില്‍. 2002 ല്‍ 85-ാം വയസില്‍ റൂത്ത് തന്റെ ബാര്‍ബിപ്പാവകളെ തനിച്ചാക്കി ലോകത്തോട് വിടപറഞ്ഞു. 

ബാര്‍ബി സിനിമയില്‍ റൂത്തിന്റെ ആത്മാവ് ബാര്‍ബി ലോകത്തെത്തുന്നതായി കാണിക്കുന്നുണ്ട്. തങ്ങളുടെ സ്രഷ്ടാവിന് ഇതിലും വലിയൊരു ആദരവ് ബാര്‍ബിക്ക് നല്‍കാനുണ്ടാവില്ല. 

Content Highlights: greta gerwig and barbie movie