തിരക്ക് ശല്യമല്ല, രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുന്നത് ആലോചിക്കാന്‍ വയ്യ: ഉമ്മന്‍ചാണ്ടി

എന്നും എപ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും പരിഹരിക്കാനും ശ്രമിച്ച് അവര്‍ക്കിടയില്‍ ജീവിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. 2017 ല്‍ അദ്ദേഹം എം.എല്‍.എ ആയിരുന്ന കാലത്ത് ഗൃഹലക്ഷ്മിയുടെ പ്രതിനിധി നടത്തിയ അഭിമുഖത്തില്‍ നിന്ന്
ഉമ്മന്‍ചാണ്ടി ഹാപ്പിയാണോ?
(ഉത്തരത്തിനു പകരം നല്ലൊരു ചിരി)
ചെറുപ്പം മുതല്‍ തിരക്ക് ആസ്വദിക്കുന്നുണ്ടല്ലോ. എപ്പോഴെങ്കിലും ഈ തിരക്കുകള്‍ മടുത്തിട്ടുണ്ടോ?
ഞാന്‍ ഏറ്റവും അധികം ഭയപ്പെടുന്നത് ഏകാന്തതയെയാണ്. എനിക്ക് തിരക്ക് ശല്യമല്ല. തിരക്കാണ് ശക്തി. ഞാന്‍ വലിയ വായനക്കാരനോ, ചിന്തകനോ, വലിയ പ്രാസംഗികനോ ഒന്നുമല്ല. ഒരു ശരാശരിക്കാരനാണ്. എന്റെ ശക്തി ജനങ്ങളാണ്. എന്റെ അറിവും ജനങ്ങളാണ്. ജനങ്ങളാണ് എന്റെ പുസ്തകം. ജനസമ്പര്‍ക്ക പരിപാടിയില്‍ വന്നിട്ടുള്ള ജനങ്ങള്‍ക്ക് ഒരുപാട് പ്രയോജനങ്ങള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ, യഥാര്‍ഥ ബെനിഫിഷ്യറി ഞാനാണ്. ഇത്രേം ആളുകളുടെ വിഷമങ്ങളും പ്രയാസങ്ങളും ആവശ്യങ്ങളും അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമൊക്കെയറിയുമ്പോള്‍ വലിയ പ്രായോഗിക അനുഭവമാണ് കിട്ടുന്നത്. ഓരോരുത്തരുടെയും ജീവിതാനുഭവം എന്റേതായിട്ടുകൂടി മാറുകയാണ്. അതുകൊണ്ട് തിരക്കില്ലെങ്കിലാണ് ബുദ്ധിമുട്ടുണ്ടാകാറ്. ഇപ്പോള്‍ ഈ ട്രെയിന്‍ യാത്ര പ്രശ്‌നമാണ്. കാരണം ചിലപ്പോള്‍ നേരത്തെ കിടന്ന് ഉറങ്ങിപ്പോകും. നേരത്തെ ഉറങ്ങിയാല്‍ വെളുപ്പിനെ എഴുന്നേല്‍ക്കും. അപ്പോള്‍ ബാക്കിയുള്ളവര്‍ ഉറക്കത്തിലായിരിക്കും. ലൈറ്റിടാനോ, പുസ്തകം വായിക്കാനോ ഒന്നും പറ്റില്ല. ഉണര്‍ന്ന് ഒറ്റയ്ക്കു കിടക്കുന്നത് വലിയ ബുദ്ധിമുട്ടാണ്.
തിരക്കിനിടയില്‍ ശരീരം ശ്രദ്ധിക്കാറുണ്ടോ?
സമയം പാലിക്കാനുള്ള ഓട്ടത്തിനിടയില്‍ ആദ്യം ബലിയാടാകുന്നത് കുടുംബജീവിതമാണ്. രണ്ടാമത് വ്യക്തിപരമായ ആവശ്യങ്ങള്‍. ഭക്ഷണത്തിനൊന്നും ഒരു സമയക്രമമില്ല.
രാഷ്ട്രീയക്കാരന്‍ ആകേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ലേ?
രാഷ്ട്രീയത്തില്‍ പ്ലാന്‍ ചെയ്തുവന്ന ആളല്ല. പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ബാലജനസഖ്യത്തിലുണ്ടായിരുന്നു. അതിലൂടെയാണ് രാഷ്ട്രീയ നേതാക്കളുമായിട്ട് പരിചയമാകുന്നത്. പിന്നെ, കെ.എസ്.യുവില്‍ വന്നു. യൂത്ത് കോണ്‍ഗ്രസായി. രാഷ്ട്രീയത്തില്‍നിന്ന് മാറി നില്‍ക്കുന്നത് ആലോചിക്കാന്‍പോലും പറ്റാത്ത വിധത്തില്‍ ഇതിലങ്ങ് മുഴുകിപ്പോയി.
അറുപതുകളിലും എഴുപതുകളിലും തരംഗമായിരുന്ന യുവാക്കളില്‍ ഒരാളാണ്. ഇപ്പോഴത്തെ യുവാക്കളുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കിക്കാണുന്നു?
വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തില്‍ ഞങ്ങളൊക്കെ ആസ്വദിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്തെ മാനസികപ്പൊരുത്തവും ആത്മാര്‍ഥതയും കൂട്ടായ്മയുമൊന്നും ഇന്ന് കാണുന്നില്ല. സ്വന്തം പാര്‍ട്ടിക്കകത്തും മറ്റു പാര്‍ട്ടികളിലെ നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്നുള്ള സംഘര്‍ഷവും കാര്യങ്ങളുമൊക്കെ കാണുമ്പോള്‍ വളരെയധികം വേദനിക്കുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തോട് ജനങ്ങള്‍ എതിരുനില്‍ക്കുന്നത് വിദ്യാര്‍ഥികള്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് എതിരായിട്ടല്ല. അക്രമരാഷ്ട്രീയം കാരണമാണ്. ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെയാണ് രക്ഷകര്‍ത്താക്കള്‍ എതിര്‍ക്കുന്നത്. ഞങ്ങളുടെ കാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലുള്ളവര്‍ക്ക് പുറത്തുനിന്നും വലിയ അംഗീകാരമാണ് കിട്ടിയിരുന്നത്.
പുതിയ തലമുറയിലെ നേതാക്കളെക്കുറിച്ചുള്ള പ്രതീക്ഷ?
അവരിലൊക്കെ മതിപ്പുണ്ട്. നല്ല അഭിപ്രായമാണ്. പക്ഷേ, ഞങ്ങള്‍ക്കു പ്രവര്‍ത്തിച്ചു വിജയിക്കാന്‍ സാധിച്ചതുപോലെ അവര്‍ക്ക് കഴിയുന്നില്ല. അത് അവരുടെ കുറ്റമല്ല. ഞങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരൊന്നുമല്ല. ഞങ്ങളേക്കാള്‍ കഴിവുള്ളവരുണ്ട്. സമര്‍ഥരായിട്ടുള്ളവരുണ്ട്. പക്ഷേ, ഈ കാലഘട്ടത്തിന്റെ പരിമിതികള്‍ യുവനേതാക്കളെ ബാധിച്ചിട്ടുണ്ട്. പബ്ലിക്കിന്റെ സപ്പോര്‍ട്ട് കിട്ടാത്ത സാഹചര്യമുണ്ട്. രക്ഷകര്‍ത്താക്കള്‍ സപ്പോര്‍ട്ട് ചെയ്യില്ല. മാധ്യമങ്ങള്‍ പിന്തുണയ്ക്കില്ല. ഞങ്ങളുടെ കാലത്ത് എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു.
ഏറ്റവും അടുത്ത സുഹൃത്ത് ആരാണ്?
ഒരുപാട് സൗഹൃദങ്ങളുണ്ട്. എല്ലാരുമായിട്ടുള്ള നല്ല ബന്ധം കാത്തുസൂക്ഷിക്കാനാണിഷ്ടം. ആ കാര്യത്തില്‍ വലിയൊരു സമ്പത്തിന്റെ ഉടമയാണ്. കാരണം ഞാന്‍ അര്‍ഹിക്കാത്ത വിധത്തിലുള്ള സപ്പോര്‍ട്ട് എല്ലാ ഭാഗത്തുനിന്നും കിട്ടിയിട്ടുണ്ട്. കിട്ടുന്നുണ്ട്.
മറ്റു പാര്‍ട്ടികളിലെ നേതാക്കന്മാരില്‍ ഏറ്റവും അടുപ്പമുള്ളവര്‍ ആരൊക്കെയാണ്?
എം.എല്‍.എയായിട്ട് ആദ്യം വരുമ്പോള്‍ കോണ്‍ഗ്രസിനു പുറത്തുനിന്ന് സഹായം ചെയ്തിട്ടുള്ളത് ടി.കെ. ദിവാകരന്‍, ബേബി ജോണ്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍ എന്നിവരാണ്. എഴുപതില്‍ എ.കെ. ആന്റണി, എ.സി. ഷണ്‍മുഖദാസ്, എന്‍. രാമകൃഷ്ണന്‍, കൊട്ടറ ഗോപാലകൃഷ്ണന്‍, ഞാന്‍ എന്നിങ്ങനെ അഞ്ചുപേര്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളായി നിയമസഭയിലെത്തിയിരുന്നു. അഞ്ചുപേരും ഇടതുപക്ഷത്തിന്റെ സീറ്റുകള്‍ പിടിച്ചെടുത്താണ് ജയിച്ചത്. അന്നത്തെ യുവജന തരംഗത്തിന്റെ വിജയമായിരുന്നു. ഞങ്ങള്‍ക്ക് വളരെയേറെ സഹായങ്ങള്‍ പല മന്ത്രിമാരും ചെയ്തുതന്നിരുന്നു.
കെ. കരുണാകരന്‍ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുന്ന ആളായിരുന്നെന്ന് കേട്ടിട്ടുണ്ട്. അതേ സമയം എ.കെ. ആന്റണി വളരെ ആലോചിച്ചും. താങ്കള്‍ എങ്ങനെയാണ്?
എനിക്കു വേഗത്തില്‍ തീരുമാനമെടുക്കണം. കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കണം. പ്രഥമദൃഷ്ട്യാ ശരിയെന്നു തോന്നുന്നത് ചെയ്യും. നൂറെണ്ണം ചെയ്യുമ്പോള്‍ പത്തെണ്ണം തെറ്റിയേക്കും. തെറ്റിയെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ ആ സെക്കന്റില്‍ അത് തിരുത്തും. കാരണം എനിക്ക് വേറെ താല്‍പര്യങ്ങളും അജണ്ടയുമൊന്നുമുണ്ടാവില്ല. എല്ലാം പരിശോധിച്ച്, ഉദ്യോഗസ്ഥന്മാരുടെ ശുപാര്‍ശ മുഴുവന്‍ സ്വീകരിച്ച് ചെയ്താല്‍ തെറ്റ് വരില്ല. പക്ഷേ, നൂറ് കാര്യം ചെയ്യേണ്ടിടത്ത് പത്തെണ്ണമേ ചെയ്യാന്‍ പറ്റൂ. പക്ഷേ, ഇന്നിപ്പോ വിഷ്വല്‍ മീഡിയ ഒക്കെ വന്നിട്ട് ചെറിയ വീഴ്ചകളെപ്പോലും പര്‍വതീകരിക്കുകയാണ്.
തന്ത്രശാലിയായ നേതാവെന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. ശരിയാണോ?
(ചിരിക്കുന്നു) എന്നെക്കുറിച്ച് തെറ്റായ ഒത്തിരി ധാരണകളുണ്ട്. അതില്‍ ഒന്നുമാത്രമാണ്.
ബുദ്ധിമാനായ നേതാവ് എന്നു പറയാം, അല്ലേ?
ഞാനൊരു സാധാരണ ഗ്രാമത്തില്‍നിന്നുവന്ന ഒരാളാണ്. നമുക്ക് ഓരോരുത്തര്‍ക്കും അവരവരെക്കുറിച്ചുള്ള അസസ്‌മെന്റുണ്ടല്ലോ. എന്റെ അസസ്‌മെന്റില്‍ ഞാന്‍ മാക്‌സിമം മാര്‍ക്കിട്ടാല്‍ ആവറേജേ വരത്തുള്ളൂ. എന്റെ കഴിവിന് ഒത്തിരി പരിമിതികളുണ്ട്. പിന്നെ, എനിക്ക് അതില്‍ കൂടുതലായിട്ട് ചില കാര്യങ്ങളൊക്കെ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അത് എന്റെ സഹപ്രവര്‍ത്തകരുടെയും എന്നോടൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെയും കഴിവാണ്. അതുകൊണ്ട് ഗ്രേസ് മാര്‍ക്കു കൂടിയിട്ടാലും ഞാന്‍ ആവറേജില്‍ നില്‍ക്കും(ചിരിക്കുന്നു).
പുതുപ്പള്ളിക്കാരുമായുള്ള സ്‌നേഹം ഇങ്ങനെ നിലനിര്‍ത്തുന്നതിന്റെ രഹസ്യമെന്താ?
ഞാന്‍ മത്സരിക്കുമ്പോള്‍ അത് ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റായിരുന്നു. അവസരം തരുമ്പോള്‍ത്തന്നെ എന്നോട് എന്റെ നേതാക്കള്‍ പറഞ്ഞു. ജയിക്കുമെന്ന് വിചാരിക്കരുത്. രണ്ടാം സ്ഥാനത്തായാല്‍ പാര്‍ട്ടി നിങ്ങള്‍ ജയിച്ചതായിട്ട് കണക്കാക്കും. പക്ഷേ, അവിടുന്ന് ജയിച്ചു. പിന്നെ, എന്റെ ജീവിതം മുഴുവന്‍ പുതുപ്പള്ളിയായിരുന്നു. പുതുപ്പള്ളി എന്റെ വീടാണ്. പല ഘട്ടത്തിലും ദേശീയ രാഷ്ട്രീയത്തിലേക്കൊക്കെ മാറുന്നതിനെപ്പറ്റി ചര്‍ച്ച വരുമ്പോഴും രണ്ടാമതൊന്ന് ആലോചിക്കാതെ തീരുമാനമെടുക്കാന്‍ പറ്റുന്നതിന്റെ കാരണമതാണ്. പുതുപ്പള്ളി വിട്ടു നില്‍ക്കാന്‍ പറ്റില്ല. ആ സ്‌നേഹവും താല്‍പര്യവും പുതുപ്പള്ളിക്കാര്‍ക്ക് തിരിച്ചുമുണ്ട്.
(പുനഃപ്രസിദ്ധീകരണം)
Content Highlights: former chief minister oommen chandy passed away