രാജ്ഭവനില്‍ ഫാത്തിമ ബീവി; തമിഴ് രാഷ്ട്രീയം മാറിമറിഞ്ഞ നാളുകള്‍.......

#സൂരജ് സുകുമാരന്‍
ഫാത്തിമ ബീവി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം  (ഫയല്‍ ചിത്രം)
ഫാത്തിമ ബീവി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പം (ഫയല്‍ ചിത്രം)

' അടഞ്ഞുകിടന്നിരുന്ന ആ വാതില്‍ ഞാന്‍ തുറന്നു..' രാജ്യത്തെ ആദ്യ വനിത സുപ്രീം കോടതി ജഡ്ജിയായി ചരിത്രം കുറിച്ചതിനെ കുറിച്ച് ഫാത്തിമ ബീവി പിന്നീട് അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്. പത്തനംതിട്ടയിലെ നാട്ടിന്‍പുറത്ത് സാധാരണ മുസ്സീം കുടുംബത്തില്‍ ജനിച്ച ഫാത്തിമ എന്ന പെണ്‍കുട്ടി പോയവഴികളിലെല്ലാം പിറന്നത് പെണ്‍മുന്നേറ്റത്തിന്റെ പുതുചരിത്രമാണ്. സുപ്രീം കോടതിയില്‍ ജഡ്ജി പദവിയില്‍ നിന്നിറങ്ങിയ ഫാത്തിമ ബീവിയെ പിന്നീട് തമിഴ്‌നാട് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതിന് പിന്നില്‍ അവര്‍ക്ക് നിയമരംഗത്തുള്ള ആഴത്തിലുള്ള അറിവ് തന്നെയായിരുന്നു പ്രധാന മാനദണ്ഡമായത്. രാജ്ഭവനില്‍ ഫാത്തിമ ബീവി ഇരുന്ന കാലത്താണ് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഏറ്റവും കലുഷിതമായ സംഭവങ്ങളുടെ തിരശീല ഉയര്‍ന്നത്. ജയലളിതയുടെ ജയില്‍വാസവും പിന്നീട് മുഖ്യമന്ത്രി പദത്തിലേക്കുള്ള മടങ്ങിവരവും, കരുണാനിധി അറസ്റ്റും ജയില്‍വാസവും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പതനവും എന്‍.ഡി.എ സര്‍ക്കാറിന്റെ ഉയര്‍ച്ചയും ഇതിലെല്ലാം സാക്ഷിയും കഥാപാത്രവുമായി ഫാത്തിമ ബീവി ഉണ്ടായിരുന്നു. 

ഗവര്‍ണര്‍ പദവിയിലേക്ക്...

ദേവഗൗഡ പ്രധാനമന്ത്രിയും കരുണാനിധി മുഖ്യമന്ത്രിയും ആയിരുന്ന കാലത്താണ് ഫാത്തിമ ബീവി തമിഴ്‌നാട് ഗവര്‍ണറായി രാജ്ഭവനിലേക്ക് എത്തുന്നത്. നിയമ രംഗത്ത് പകരക്കാര്‍ ഇല്ലാത്ത ചരിത്രം രചിച്ച ഫാത്തിമ ബീവിയുടെ നിയമനത്തിന് അതിനാല്‍ തന്നെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ ലഭിച്ചിരുന്നു. ആ കാലത്ത് കരുണാനിധിയുടെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ.) പിന്തുണയോടെയാണ് ദേവഗൗഡ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ ദേവഗൗഡയ്ക്ക് പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നു. പിന്നാലെ പ്രധാനമന്ത്രിയായ ഐ.കെ.ഗുജ്‌റാളിനെ കാത്തിരുന്നതും സമാന വിധിയായിരുന്നു. ഡി.എം.കെയുടെ പിന്തണയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഇരുസര്‍ക്കാറുകളെയും കോണ്‍ഗ്രസ് താഴെയിറക്കിയത്. 1998ല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എ.ബി.വാജ്‌പേയുടെ നേതൃത്വത്തില്‍ വന്ന എന്‍.ഡി.എ സര്‍ക്കാറിനെ പിന്തുണച്ച് ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളുടെ സ്വാധീനം അടയാളപ്പെടുത്തി. എന്‍.ഡി.എ സര്‍ക്കാറില്‍ പ്രധാനവകുപ്പുകളുള്ള മന്ത്രിപദവിയും എ.ഐ.എ.ഡി.എം.കെ. സ്വന്തമാക്കി. 

1996 ലാണ് കളര്‍ ടിവി അഴിമതി കേസില്‍ ജയലളിതയെ ഡി.എം.കെ. സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നതും ഒരുമാസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടത്തുന്നതും. സൗജന്യ വിതരണത്തിനുള്ള കളര്‍ ടിവി വാങ്ങിയതിലും സാഫ് ഗെയിംസ് നടത്തിപ്പിലും കൊടൈക്കനാലിലെ പ്ലസന്റ് സ്റ്റേ ഹോട്ടലിന് അനുമതി നല്‍കിയതിലുമെല്ലാം ജയലളിതയും സംഘവും വന്‍ അഴിമതി നടത്തി എന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് ജയലളിതയുടെ വീടും ഓഫീസും റെയ്ഡ് ചെയ്ത് സ്വര്‍ണവും പണവും മറ്റ് വിലകൂടിയ വസ്തുക്കളും പിടികൂടി. ഈ റെയ്ഡ് സണ്‍ടിവിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ഈ സംഭവം ജയലളിതയ്ക്ക് ഏറെ നാണക്കേടുണ്ടാക്കി. ഇതിന്റെ പക അവരുടെ മനസ്സില്‍ കനലായി എരിയുന്നുണ്ടായിരുന്നു. 


1998 ലെ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് ശേഷം ജയലളിതയുടെ നേതൃത്വത്തില്‍ എ.ഐ.എ.ഡി.എം.കെ പാര്‍ട്ടിസംഘം ഗവര്‍ണര്‍ ഫാത്തിമബീവിയെ സന്ദര്‍ശിച്ചിരുന്നു. സംഘത്തില്‍ ജയലളിതയുടെ തോഴി ശശികല ഉണ്ടായിരുന്നെങ്കിലും മുന്‍കൂട്ടി പേര് നല്‍കാത്തതിനാല്‍ അവര്‍ക്ക് ഗവര്‍ണറെ കാണാനുള്ള അനുമതി നിഷേധിക്കപ്പെട്ടു. നിറഞ്ഞ ചിരിയോടെ ഫാത്തിമബീവിയെ ജയലളിത തമിഴ്‌നാട്ടിലെ ഡി.എം.കെ സര്‍ക്കാറിന്റെ അഴിമതിയെയും ജനദ്രോഹ നടപടികളെ കുറിച്ചും വിശദീകരിച്ച് ഒരുനിവേദനവും സമര്‍പ്പിച്ചിരുന്നു. ജയലളിതയെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറോട് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് മാധ്യമവാര്‍ത്തകള്‍ വന്നെങ്കിലും കേന്ദ്രസര്‍ക്കാറില്‍ നിന്ന് അത്തരമൊരു നീക്കമുണ്ടായില്ല. ജയലളിത അത്തരമൊരു നീക്കം നടത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ല എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ റിപ്പോര്‍ട്ടുകളെ ശരിവയ്ക്കും വിധം ജയലളിത എന്‍.ഡി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. വിശ്വാസവോട്ടെടുപ്പില്‍ ഒറ്റവോട്ടിന്റെ നഷ്ടത്തില്‍ സര്‍ക്കാര്‍ നിലം പതിച്ചു. 
1999 ല്‍ വീണ്ടും ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നു. പതിവില്‍ നിന്ന് വിപരീതമായി കരുണാനിധിയുടെ ഡി.എം.കെ ബി.ജെ.പിയ്‌ക്കൊപ്പവും ജയലളിതയുടെ അണ്ണാ ഡി.എം.കെ കോണ്‍ഗ്രസിനൊപ്പവും ചേര്‍ന്നു. തമിഴ്‌നാട്ടില്‍ ഇരുമുന്നണികളും സമാന വിജയം നേടിയപ്പോള്‍ കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 

അധികാരത്തില്‍ ജയലളിത... 

2001 ലെ തെരഞ്ഞെടുപ്പില്‍ 234 ല്‍ 196 സീറ്റും നേടിക്കൊണ്ട് എ.ഐ.ഡി.എം.കെ അധികാരത്തില്‍ വന്നതോടെയാണ് തമിഴ്‌നാട്‌ രാഷ്ട്രീയത്തിലെ അടുത്ത അധ്യായം തുറക്കുന്നത്. ജയലളിതയ്ക്ക് താന്‍സി ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ മൂന്നുവര്‍ഷം ശിക്ഷിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ അണ്ണാ ഡി.എം.കെ ജയിച്ചതോടെ മുഖ്യന്ത്രിയായി അവരെ തന്നെ തീരുമാനിക്കാമെന്ന് പാര്‍ട്ടി തീരുമാനിച്ചു. അണ്ണാ ഡി.എം.കെ യുടെ വിജയം പ്രതിസന്ധിയിലാക്കിയത് ഗവര്‍ണറായ ഫാത്തിമ ബീവിയെയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ജയലളിതയുടെ നേതൃത്വത്തില്‍ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കാനെത്തി. നിറഞ്ഞ ചിരിയോടെ ഗവര്‍ണര്‍ക്ക് ബൊക്കെയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എം.എല്‍.എമാര്‍ ഒപ്പിട്ട കത്തും ജയലളിത കൈമാറി. തൊഴുകൈകളോടെ നിറഞ്ഞ ചിരിയോടെ ജയലളിത രാജ്ഭവനില്‍ നിന്നിറങ്ങി. ഇതോടെ ദേശീയ മാധ്യമങ്ങള്‍ മുഴുവന്‍ തമിഴ്‌നാട് രാജ്ഭവനിലേക്കും ഫാത്തിമ ബീവിയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. ഭരണഘടന നടപടി ക്രമങ്ങള്‍ പാലിച്ച് തീരുമാനമെടുക്കുമെന്ന് പുറത്ത് കൂടി നിന്ന മാധ്യമങ്ങളോട് ഫാത്തിമ ബീവി പറഞ്ഞു. ഈയൊരു ദിവസത്തെ പറ്റി ജീവിത കഥയായ ' ജസ്റ്റിസ് ഫാത്തിമ ബീവി നീതിയുടെ ധീരസഞ്ചാരം' എന്ന പുസ്തകത്തില്‍ അവര്‍ ഇങ്ങനെ കുറിക്കുന്നു.

' ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ട പല ഘട്ടങ്ങളും ഇതിന്‌ മുന്‍പുണ്ടായിട്ടുണ്ട്. മൂന്നുകാര്യങ്ങളാണ് അത്തരം സാഹചര്യങ്ങളില്‍ ചെയ്യാറ്. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് എല്ലാ തലത്തിലുമുള്ള വിവരങ്ങള്‍ ശേഖരിച്ച് നോട്ടു തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം കുറിച്ചുവയ്ക്കും. ദൈവത്തെയും അത്തയെയും അമ്മയെയും മനസ്സില്‍ ധ്യാനിക്കും. തീരുമാനത്തിന്റെ വരുംവരായ്കകള്‍ ദൈവത്തില്‍ സമര്‍പ്പിക്കുന്നതിനായി സുന്നത്ത് നമസ്‌കരിക്കും. ഇതുതന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. എനിക്കിന്ന് അധികസമയമൊന്നും വേണ്ടതില്ല. മന്ത്രിസഭ രൂപീകരിക്കാന്‍ ജയലളിതയെ തന്നെയാണ് ക്ഷണിക്കേണ്ടത്. എന്റെ തീരുമാനം ഉണ്ടാക്കാന്‍ പോവുന്ന കോളിളക്കങ്ങള്‍ ഇപ്പോഴേ മുന്നില്‍ കാണാന്‍ കഴിയുന്നുണ്ട്. പക്ഷേ ദൗത്യനിര്‍വഹണത്തില്‍നിന്നും പിന്തിരിപ്പിക്കാന്‍ അത്തരം സങ്കീര്‍ണതകള്‍ക്കൊന്നും കഴിയില്ല..''


നിയമ വിദഗ്ധരുമായും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഫാത്തിമ ബീവി ജയളിതയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. അന്ന് ഫാത്തിമ ബീവിയുടെ ജയലളിതയെ മുഖ്യമന്ത്രി ആക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. 

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ കോടതിയില്‍
ഹാജരാക്കിയപ്പോള്‍ (ഫയല്‍ ചിത്രം)
 

പക വീട്ടുന്നു... 

ജയലളിത മുഖ്യമന്ത്രിയായ ശേഷം ആദ്യ നിയമസഭ സമ്മേളനത്തിന് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ ഫാത്തിമ ബീവി ജയലളിതയ്‌ക്കൊരു ഉപദേശം നല്‍കി, രാഷ്ട്രീയ എതിരാളികളോട് മാന്യമായും ബഹുമാനപൂര്‍വ്വവും പെരുമാറുക, യാതൊരു പ്രതികാര നടപടിയും സ്വീകരിക്കരുത്. ആ ഉപദേശത്തെ ചിരിച്ച മുഖത്തോടെ ജയലളിത സ്വീകരിച്ചെങ്കിലും പഴയൊരു കനല്‍ അവരുടെ മനസ്സില്‍ നീറുന്നുണ്ടായിരുന്നു. അധികം വൈകാതെ അവര്‍ തന്റെ പ്രതികാരം ചെയ്തു. കരുണാനിധിയെയും കേന്ദ്രമന്ത്രിമാരായ ടി.ആര്‍.ബാലു, മുറശൊലിമാരന്‍ എന്നിവരെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ജയിലലടച്ചു.  ടെലിവിഷന്‍ ചാനലുകളിലെല്ലാം ആ രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തു. കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഗവര്‍ണറുടെ ഫോണിലേക്ക് വിളിയെത്തി. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന് അനുകൂലമായി ഫാത്തിമ ബീവി റിപ്പോര്‍ട്ട് നല്‍കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറില്‍ നീരസം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് ഫാത്തിമ ബീവി ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജിവയ്ക്കുന്നത്. 


 

Content Highlights: first women judge fathima beevi and tamilnadu politics