'നിങ്ങളെന്നെ ബി.ജെ.പിയാക്കി'; വേദനിപ്പിച്ചത് തോല്‍വിയോ, അവഗണനയോ.? ലീഡറുടെ മകള്‍ താമര പിടിക്കുമ്പോള്‍

പത്മജ വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തയാകുന്നത് അവര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകള്‍ കൊണ്ടാണ്. രാഷ്ട്രീയത്തില്‍ സജീവമായ ഏക മുന്‍ മുഖ്യമന്ത്രി പുത്രി എന്ന വിശേഷണം കാലങ്ങളായി പത്മജയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെ കേരളത്തിന്റെ പിറവി തൊട്ട് വര്‍ത്തമാനം വരെയുള്ള മുഖ്യമന്ത്രിമാരുടെ കുടുംബ ചരിത്രമെടുത്താല്‍ അതില്‍ രാഷ്ട്രീയത്തില്‍ സജീവമായ ഏക മുഖ്യമന്ത്രി പുത്രി പത്മജ വേണുഗോപാലാണ്. കേരള രാഷ്ട്രീയം കണ്ട കോണ്‍ഗ്രസിന്റെ അതികായനായ നേതാവും ജനങ്ങളുടെ പ്രിയ ലീഡറുമായ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകള്‍. ഒരുനാള്‍ പടലപിണക്കങ്ങളാല്‍ കെ.കരുണാകരനും മകന്‍ മുരളീധരനും കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോഴും പത്മജ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനിന്നു. അന്നവരെടുത്ത രാഷ്ട്രീയ നിലപാടിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിക്കുകയും ചെയ്തു.
എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍നില്‍ക്കെ കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച് പത്മജ വേണുഗോപാല്‍ താമര പിടിക്കുമ്പോള്‍ അതില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും ഉണ്ടാക്കാന്‍ പോകുന്ന ചലനങ്ങള്‍ ചെറുതായിരിക്കില്ല. കോണ്‍ഗ്രസാണ് തന്നെ ബി.ജെ.പിയാക്കിയതെന്ന ശക്തമായ രാഷ്ട്രീയ പ്രസ്താവന പറഞ്ഞുകൊണ്ടാണ് പത്മജ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് വിട പറയുന്നത്. അച്ഛന്‍ നടന്ന രാഷ്ട്രീയ വഴികളിലൂടെ തന്നെയാണ് പത്മജയും ഒരുകാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്.
അച്ഛനെന്ന ലീഡര്‍ ...
അടിമുടി രാഷ്ട്രീയക്കാരനായിരുന്ന കണ്ണോത്ത് കരുണാകരന്‍ എന്ന കെ.കരുണാകരന്റെ മകളായി ജനിച്ച പത്മജയ്ക്ക് രാഷ്ട്രീയത്തേക്കാള്‍ ശോഭിക്കാന്‍ പറ്റിയ മറ്റൊരു മേഖലയുണ്ടായിരുന്നില്ല. 1961 ലാണ് പത്മജ വേണുഗോപാല്‍ ജനിക്കുന്നത്. പത്മജയുടെ ബാല്യകാലത്ത് കരുണാകരന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനമായ ഐ.എന്‍.ടി.യു.സിയുടെ അമരക്കാരനായിരുന്നു. രാഷ്ട്രീയക്കാരനായ അച്ഛന്റെ കാണാന്‍ വീട്ടിലെത്തുന്ന സാധാരണക്കാരായ തൊഴിലാളികളെ കണ്ടുംകേട്ടുമാണ് പത്മജ വളര്‍ന്നത്.
പത്മജയുടെ വളര്‍ച്ചയ്‌ക്കൊപ്പം തന്നെയായിരുന്നു കെ.കരുണാകരന്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും അതികായനായ നേതാവായി വളര്‍ന്നതും. രാഷ്ട്രീയ തന്ത്രങ്ങളുടെ കിങ്‌മേക്കറായ ലീഡര്‍ക്ക് മകളോട് എപ്പോഴും പ്രത്യേക വാത്സല്യമുണ്ടായിരുന്നു. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്കുള്ള അച്ഛന്റെ യാത്രകളും കിട്ടുന്ന ബഹുമാനവുമൊക്കെ മകളില്‍ കൃത്യമായ സ്വാധീനം ചെലുത്തി. കോണ്‍ഗ്രസിനോടും തൊഴിലാളി പ്രസ്ഥാനമായ ഐ.എന്‍.ടി.യു.സിയോടുമൊക്കെ ചെറുപ്പകാലത്ത് തന്നെ ഇഷ്ടം തോന്നിയിരുന്നെന്ന് പല അഭിമുഖങ്ങളിലും പത്മജ തുറന്നുപറഞ്ഞിട്ടുണ്ട്.
ലീഡര്‍ക്ക് മകളോടുള്ള അതിയായ സ്‌നേഹം തിരിച്ചറിഞ്ഞ പല നേതാക്കളും അണികളും തങ്ങളുടെ ആവശ്യങ്ങള്‍ പത്മജ വഴി ലീഡറിലേക്ക് ആ കാലത്ത് തന്നെ എത്തിച്ചിരുന്നു. പെണ്‍മക്കളോട് അച്ഛന്മാര്‍ക്ക് തോന്നുന്ന പ്രത്യേക വാത്സല്യം പത്മജയുടെ കാര്യത്തില്‍ ലീഡര്‍ പ്രകടിപ്പിച്ചിരുന്നു. അച്ഛനുമൊത്തുള്ള സ്വകാര്യ സമയങ്ങളില്‍ തന്റെ മുന്നിലേക്കെത്തിച്ച ന്യായമായ അത്തരം ആവശ്യങ്ങള്‍ തന്ത്രപൂര്‍വം അവതരിപ്പിച്ച് നടത്തിക്കാന്‍ പത്മജയ്ക്ക് അന്ന് സാധിച്ചിരുന്നു. മകള്‍ മുന്നില്‍വയ്ക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്ന് തോന്നിയാല്‍ ലീഡര്‍ ഒരിക്കലും 'നോ' പറഞ്ഞിരുന്നില്ല. അച്ഛന് തന്നോടും അമ്മയ്ക്ക് ചേട്ടനായ മുരളീധരനോടുമായിരുന്നു ഇഷ്ടക്കൂടുതലെന്ന് പത്മജ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്.
പതിനെട്ടില്‍ വിവാഹം, ശേഷം...
കരുണാകരന്റെ പിന്‍ഗാമിയായി പത്മജ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ആ കാലത്ത് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പതിനെട്ടാം വയസ്സില്‍ പത്മജയുടെ വിവാഹം നടന്നു. ഡോ.വേണുഗോപാലുമൊത്തുള്ള വിവാഹത്തോടെ പത്മജ കുടുംബ ജീവിതത്തിലേക്ക് മാറിനില്‍ക്കും എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തിയിരുന്നത്. പത്മജയുടെ രാഷ്ട്രീയ പ്രവേശനം അതോടെ എല്ലാവരും അടഞ്ഞ അധ്യായമായി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍ധാരണകളെയെല്ലാം തെറ്റിച്ചുകൊണ്ട് അച്ഛന്‍ കടന്നുവന്ന അതേ വഴികളിലൂടെ പത്മജ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. തൊഴിലാളി പ്രസ്ഥാനമായ ഐ.എന്‍.ടി.യു.സിയില്‍ സജീവമായി പ്രവര്‍ത്തിച്ച് അവര്‍ രാഷ്ട്രീയ സാന്നിധ്യം രേഖപ്പെടുത്തി.
കോണ്‍ഗ്രസില്‍ സ്ത്രീകള്‍ വിരളമായി മാത്രമേ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളില്‍ സജീവമാകാറുള്ളൂ, എന്നാല്‍ അച്ഛന്‍ വളര്‍ന്ന വഴി തന്നെ തനിക്ക് മതിയെന്ന് ഉറപ്പിച്ച് ട്രേഡ് യൂണിയന്‍ രംഗത്ത് പത്മജ കാലുറപ്പിച്ചു. കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ കെ.പി.സി.സി.യുടെ നേതൃപദവിയിലേക്കും എത്തി.
കോണ്‍ഗ്രസ് വിട്ട ലീഡര്‍, വിടാതെ പത്മജ...
കേരള രാഷ്ട്രീയത്തില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നാണ് കെ.കരുണാകരനും മകന്‍ മുരളീധരനും കോണ്‍ഗ്രസ് രാഷ്ട്രീയം വിട്ടതും പിന്നീട് ഡി.ഐ.സി രൂപീകരിച്ചതും. മന്ത്രിസ്ഥാനത്തെത്തിയ മുരളീധരന് തെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വിയും കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ചുമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അമരക്കാരന്‍ അന്ന് പാര്‍ട്ടി വിട്ടത്. എന്നാല്‍ അച്ഛനും സഹോദരനും പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ സംശയങ്ങളേതുമില്ലാതെ പത്മജ മാത്രം കോണ്‍ഗ്രസില്‍ ഉറച്ചുനിന്നു. ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ അന്ന് പത്മജ എടുത്ത നിലപാടിന് ഏറെ അഭിനന്ദങ്ങള്‍ ലഭിച്ചു. അതിനെ പറ്റി പീന്നിട് ഒരഭിമുഖത്തില്‍ പത്മജ പറഞ്ഞത് ഇങ്ങനെ
'അച്ഛന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ എനിക്ക് വിടാന്‍ തോന്നിയില്ല. കോണ്‍ഗ്രസിനെ കുറിച്ച് എന്നെ പഠിപ്പിച്ചത് അച്ഛനാണ്. ഒരു പാര്‍ട്ടിയോട് ഇഷ്ടമില്ലെങ്കില്‍ ആ പാര്‍ട്ടി വിട്ടുപോകാം. അതൊരു നിലപാടാണ്. എന്നാല്‍ അതിന്റെ പേരില്‍ പുതിയ പാര്‍ട്ടി രൂപികരിക്കുന്നതിനോടോ വേറൊരു പാര്‍ട്ടിയില്‍ ചേരുന്നതിനോടോ എനിക്ക് താത്പര്യമില്ല...''
വേദനിപ്പിച്ചത് തൃശ്ശൂരിലേ തോല്‍വിയോ...?
2004 മുകുന്ദപുരം, 2016 തൃശ്ശൂര്‍, 2021 തൃശ്ശൂര്‍.. മൂന്ന് പ്രധാന തെരഞ്ഞെടുപ്പുകളിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിനുവേണ്ടി കൈപ്പത്തി ചിഹ്നത്തില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. എന്നാല്‍ മൂന്നുവട്ടവും വലിയ പരാജയം അവര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. എല്‍.ഡി.എഫ്. തരംഗം ആഞ്ഞടിച്ച 2004 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്ത് മത്സരിച്ച പത്മജ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ഇടതു സ്ഥാനാര്‍ഥിയായ ലോനപ്പന്‍ നമ്പാടനോട് പരാജയപ്പെട്ടത്.
2016 ല്‍ തൃശ്ശൂരില്‍ നിന്ന് സംസ്ഥാന നിയമസഭയിലേക്കാണ് പിന്നീടവര്‍ ജനവിധി തേടിയത്. ഏറെ വിജയപ്രതീക്ഷ അന്ന് പത്മജയ്ക്ക് ഉണ്ടായിരുന്നു. കാരണം അച്ഛന്റെ തട്ടകവും തന്റെ പ്രവര്‍ത്തന മേഖലയുമായ തൃശ്ശൂര്‍ കൈവിടില്ലെന്ന് അവര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ശക്തമായ മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായ വി.എസ്. സുനില്‍ കുമാറിനോട് 6987 വോട്ടിന് പത്മജ പരാജയപ്പെട്ടു. 16.49 ശതമാനം വോട്ടാണ് ആ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മത്സലത്തില്‍ കോണ്‍ഗ്രസിന് കുറഞ്ഞത്. 3.34 ശതമാനം വോട്ട് ഇടതുപക്ഷം വര്‍ധിപ്പിച്ചപ്പോള്‍ 13.53 ശതമാനം വോട്ടിന്റെ വര്‍ധന ബി.ജെ.പി രേഖപ്പെടുത്തി. തനിക്കുലഭിക്കേണ്ട വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയെന്ന് അന്നേ പത്മജ തിരിച്ചറിഞ്ഞു.
സംസ്ഥാനത്താകെ ഇടതുതരംഗം ആഞ്ഞടിച്ച ആ തെരഞ്ഞെടുപ്പിലെ തോല്‍വി പത്മജയ്ക്ക് വിഷമമുണ്ടാക്കി. അടുത്ത തവണ വിജയം കൈപ്പിടിയിലാക്കാം എന്ന ഉറച്ച ബോധ്യത്തിലാണ് പിന്നീടുള്ള അഞ്ച് വര്‍ഷം അവര്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. 2021 തെരഞ്ഞെടുപ്പില്‍ നിലവിലെ എം.എല്‍.എയും മന്ത്രിയുമായിരുന്ന വി.എസ്.സുനില്‍കുമാര്‍ മത്സരരംഗത്ത് നിന്ന് മാറി. പകരം ഇടതുസ്ഥാനാര്‍ഥിയായി എത്തിയത് പി.ബാലചന്ദ്രനായിരുന്നു. 2016 ല്‍ ഇടതുതരംഗത്തില്‍ കേവലം 6987 വോട്ടിന് നഷ്ടപ്പെട്ട വിജയം ഇത്തവണ തിരിച്ചുപിടിക്കാമെന്ന് പത്മജ ഉറപ്പിച്ചിരുന്നു. അഞ്ചുവര്‍ഷമായി താന്‍ നടത്തിയ ഇടപെടലുകള്‍ ഗുണം ചെയ്യുമെന്ന് അവര്‍ വിലയിരുത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തുടര്‍ച്ചയായ രണ്ടാംവട്ടവും പത്മജ വേണുഗോപാല്‍ രംഗത്തിറങ്ങി. അത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയായി തൃശ്ശൂര്‍ എടുക്കാനെത്തിയത് സുരേഷ് ഗോപിയായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത് മൂലം സുരേഷ് ഗോപി വൈകിയാണ് പ്രചാരണം തുടങ്ങിയത്. അത് തനിക്ക് അനുകൂലമാകുമെന്ന് പത്മജ വിലയിരുത്തി. പൂര്‍ണ വിജയ പ്രതീക്ഷയില്‍ നിന്ന് പത്മജയെ ഞെട്ടിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. ആയിരത്തിന് താഴേ മാര്‍ജിനില്‍ ഇടതു സ്ഥാനാര്‍ഥി പി.ബാലചന്ദ്രന്‍ വിജയിച്ചു. 2016 നേക്കാള്‍ ഒന്‍പതിനായിരത്തിലേറെ വോട്ട് കുറഞ്ഞിട്ടും എല്‍.ഡി.എഫ് നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു.
വിജയം ഉറപ്പിച്ചിരുന്ന പത്മജയ്ക്ക് അക്കുറിയും തിരിച്ചടിയായത് സുരേഷ് ഗോപി താമര അടയാളത്തില്‍ നേടിയ വോട്ടുകളാണ്. 2016 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്‍ 24,748 വോട്ട് നേടിയ സ്ഥാനത്ത് സുരേഷ് ഗോപി അത്തവണ നേടിയത് 40,457 വോട്ടാണ്. 16000 ത്തിലധികം വോട്ട് ബി.ജെ.പിയിലേക്ക് അധികമായി ഒഴുകി. തന്റെ തോല്‍വി തടഞ്ഞത് കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുകിയ വോട്ടാണ് പത്മജ തിരിച്ചറിഞ്ഞു. കോണ്‍ഗ്രസിന് സ്ഥിരമായി ലഭിച്ചിരുന്ന വോട്ടുകള്‍ പോലും സ്വാധീന മേഖലകളില്‍ ബി.ജെ.പിയിലേക്ക് ഒഴുകിയത് പത്മജയെ ഞെട്ടിച്ചു. തന്നെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിലെ പ്രമുഖര്‍ തന്നെ കളിച്ചിരുന്നുവെന്ന സംശയം ഇതോടെയാണ് പത്മജയ്ക്ക് ബോധ്യമായത്.
ഇതേ കുറിച്ച് കെ.പി.സി.സിയോട് പരാതിപ്പെട്ടെങ്കിലും കൃത്യമായി അന്വേഷണമോ റിപ്പോര്‍ട്ടോ നടപടിയോ ഇല്ലാത്തത് പത്മജയെ തീര്‍ത്തും
നിരാശപ്പെടുത്തി. തനിക്ക് അര്‍ഹമായ ഒരു രാജ്യസഭ സീറ്റ് നല്‍കണമെന്ന അവരുടെ ദീര്‍ഘകാലമായുള്ള ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി..?
കോണ്‍ഗ്രസില്‍ നിന്നേറ്റ നിരാശ തന്നെയാണ് പത്മജയെ ബി.ജെ.പി പാളയത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ പ്രേരിപ്പിച്ചത്. എ.കെ. ആന്റണിയുടെ മകനായ അനില്‍ .കെ. ആന്റണിയുടെ ബി.ജെ.പി. പ്രവേശനവും അദ്ദേഹത്തിന് ബി.ജെ.പി നല്‍കിയ പരിഗണനയും പത്മജയെയും സ്വാധീനിച്ചിരിക്കാനിടയുണ്ട്. ഒരുക്കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് ഒരിക്കലും പിന്മാറില്ലെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും പറഞ്ഞ പത്മജ സംഘപരിവാര്‍ രാഷ്ട്രീയത്തിലേക്ക് പോകുന്നത് കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കും. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി എന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണത്തിന് പത്മജയുടെ ബി.ജെ.പി പ്രവേശനം ശക്തമായ ആയുധമാകും. നിലവില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനായി കേരളത്തിലെ 12 മണ്ഡലങ്ങളിലേക്ക് ബി.ജെ.പി പ്രഖ്യാപിച്ച പട്ടികയില്‍ മത്സര രംഗത്തുള്ളവരില്‍ ചിലര്‍ മുമ്പ് യു.ഡി.എഫിന്റെ ശക്തരായ മുഖങ്ങളായിരുന്നു.
കണ്ണൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി. രഘുനാഥ് കഴിഞ്ഞതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ചിരുന്നു. മലപ്പുറത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയാകുന്ന അബ്ദുള്‍ സലാം യു.ഡി.എഫ് ഭരണക്കാലത്ത് കാലിക്കറ്റ് വി.സിയും മുസ്ലീം ലീഗിന്റെ നിരയിലെ പ്രധാനിയുമായിരുന്നു. പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അനില്‍.കെ. ആന്റണി മുന്‍ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവുമായ എ.കെ ആന്റണിയുടെ മകനാണ്. അനില്‍.കെ. ആന്റണി കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലവനായിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കളെ തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ച രാഷ്ട്രീയ തന്ത്രം അതേ രീതിയില്‍ കേരളത്തിലും ബി.ജെ.പി പയറ്റിത്തുടങ്ങിയിരിക്കുകയാണ്. ബി.ജെ.പിയുടെ കേരളത്തിലെ ബാക്കിയുള്ള എട്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ അവശേഷിക്കുന്ന സര്‍പ്രൈസുകള്‍ എന്തെല്ലാമാണെന്ന് ഇപ്പോഴും ചര്‍ച്ചവിഷയമാകുന്നത് അതുകൊണ്ടാണ്. ചാലക്കുടിയിലോ എറണാകുളത്തോ പത്മജ വേണുഗോപാല്‍ സ്ഥാനാര്‍ഥിയായി എത്തുമെന്നും സൂചനകളുണ്ട്. അഥവാ അങ്ങനെ സംഭവിച്ചില്ല എങ്കില്‍ കോണ്‍ഗ്രസ് നല്‍കാത്ത രാജ്യസഭാ ടിക്കറ്റ് പത്മജയ്ക്ക് ബി.ജെ.പി നല്‍കാനുള്ള സാധ്യതയും തള്ളിക്കളായാനാകില്ല.
വടകരയില്‍ മുരളിക്ക് അടിതെറ്റുമോ...?
പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് സഹോദരനും വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായെത്തുകയും ചെയ്യുന്ന കെ.മുരളീധരനെയായിരിക്കും. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയ മുരളീധരനെ തളയ്ച്ച് സീറ്റ് തിരികെ പിടിക്കാന്‍ ജനപ്രിയയായ കെ.കെ. ശൈലജ ടീച്ചറെയാണ് എല്‍.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. മറ്റ് രണ്ട് മുന്നണികളേക്കാള്‍ ഒരുകാതം പ്രചാരണം തുടങ്ങിയ കെ.കെ.ശൈലജ ഇതിനകം മണ്ഡലത്തില്‍ ശക്തമായ സ്വാധീനം രേഖപ്പെടുത്തി കഴിഞ്ഞു. ശൈലജ ടീച്ചറുടെ വരവോടെ പോരാട്ടം ഇഞ്ചോടിഞ്ചെന്ന് ഇതിനകം രാഷ്ട്രീയ വൃത്തങ്ങള്‍ വിധിയെഴുതിയ വടകരയില്‍ പത്മജയുടെ കൂറുമാറ്റം മുരളിയുടെ സാധ്യതകളെ ബാധിക്കും. എല്‍.ഡി.എഫ് ഇത് ശക്തമായ പ്രചാരണ ആയുധമാക്കുന്നതോടെ കൃത്യമായ മറുപടി മുരളീധരനും കോണ്‍ഗ്രസ് നേതൃത്വവും അതിന് കണ്ടെത്തേണ്ടിവരും.
പത്മജയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി വടകര മണ്ഡലത്തില്‍ എത്തിച്ചാല്‍ അത് കോണ്‍ഗ്രസിനും മുരളീധരനും തിരിച്ചടിയുണ്ടാകും. അത്തരമൊരു സാധ്യത ഇടതുപക്ഷത്തിന് ഗുണകരമായി മാറുകയും ചെയ്യും. അപ്രതീക്ഷിതമായുള്ള പത്മജയുടെ ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് വീണുകിട്ടിയ പ്രചാരണ ആയുധമാണ്.
കോണ്‍ഗ്രസിലെ നിലവിലെ എം.പിമാരില്‍ ചിലര്‍ മുമ്പ് അഭിമുഖങ്ങളില്‍ ബി.ജെ.പി അനുകൂല പരാമര്‍ശങ്ങളുടെ പേരില്‍ പഴികേട്ടവരാണ്. അവര്‍ തന്നെ വീണ്ടും മത്സരരംഗത്തേക്ക് ഇറങ്ങുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് ആ പരാമര്‍ശങ്ങള്‍ വീണ്ടും പ്രചാരണ ആയുധമാക്കാനുള്ള അവസരമാണ് പത്മജയുടെ ബി.ജെ.പി പ്രവേശനത്തിലൂടെ തുറന്നുകിട്ടുന്നത്.
Content Highlights: congress leader padmaja venugopal life based on his defection to bjp