‘വെറും കൈയടികൾക്ക് വേണ്ടി മാത്രമാണ് ഞാനത് ചെയ്തത്; അതൊരു മണ്ടത്തരമായിരുന്നു’

ഭൂമി പെഡ്നേക്കര്‍/ PTI
ഭൂമി പെഡ്നേക്കര്‍/ PTI

ബോളിവുഡ് താരം ഭൂമി പെഡ്‌നേക്കറുടെ ശാരീരിക മാറ്റം പലപ്പോഴും ചർച്ചയാകാറുണ്ട്. തുടക്കത്തിൽ താൻ ജിമ്മിൽ പോകാൻ മടികാണിക്കുന്ന ഒരാളായിരുന്നു എന്ന് താരം പറഞ്ഞിരുന്നു. എന്നാൽ നടൻ അക്ഷയ് കുമാറിൽ നിന്നുള്ള പ്രോത്സാഹനമാണ് വെയ്റ്റ് ലിഫ്റ്റിങ്ങിലേക്ക് (ഭാരം ഉയർത്തുന്ന വ്യായാമം) എത്തിച്ചതെന്നും, ഇത് വ്യായാമത്തോടുള്ള തന്റെ കാഴ്ചപ്പാടുതന്നെ മാറ്റിമറിച്ചു എന്നും താരം പറയുന്നു.

സോഹ അലി ഖാന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് തനിക്ക് സ്‌ട്രെങ്ത് ട്രെയിനിംഗ് പരിചയപ്പെടുത്തിയത് അക്ഷയ് കുമാർ ആണെന്ന് ഭൂമി വെളിപ്പെടുത്തിയത്. 'ടോയ്ലറ്റ്: ഏക് പ്രേം കഥയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. അക്ഷയ് സാറിനൊപ്പം ജെന്നി എന്നൊരു ട്രെയിനർ ഉണ്ടായിരുന്നു. 'സാർ, ഞാൻ ജിമ്മിൽ നിന്ന് ഓടി ഒളിക്കുന്ന ആളാണ്' എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതുകേട്ട് അദ്ദേഹം ഞെട്ടിപ്പോയി കാണും. പിന്നീട് അദ്ദേഹത്തിന്റെ ട്രെയിനർ ജെന്നി എന്നെ ഒരുപാട് സഹായിച്ചു,' താരം പറഞ്ഞു.

ജീവിതത്തിൽ ആദ്യമായി ശരിയായ രീതിയിൽ വെയ്റ്റ് ലിഫ്റ്റിങ് ചെയ്തത് ജെന്നിക്കൊപ്പമാണെന്നും ആ അനുഭവം ജീവിതം തന്നെ മാറ്റിമറിച്ചുവെന്നും ഭൂമി പങ്കുവെച്ചു. 'ഇപ്പോൾ എനിക്ക് വെയ്റ്റ് ലിഫ്റ്റിങ് ഇഷ്ടമാണ്. അതൊരു വലിയ നേട്ടം കൈവരിച്ച പോലുള്ള അനുഭവമാണ്. വ്യായാമവുമായി ബന്ധപ്പെട്ട് എനിക്ക് പ്രയാസങ്ങൾ നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു. എപ്പോഴും ആപ്പിൾ വാച്ചിൽ നോക്കി എത്ര കലോറി എരിച്ചുകളഞ്ഞു എന്ന് ഞാൻ പരിശോധിച്ചുകൊണ്ടേയിരിക്കും. അതൊരു ഭ്രാന്തമായ അവസ്ഥയായിരുന്നു. ഇൻസ്റ്റഗ്രാമിൽ അത് പോസ്റ്റ് ചെയ്യുകയും മറ്റുള്ളവരുടെ അഭിനന്ദനങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുമായിരുന്നു. ഒരു സെഷനിൽ തന്നെ 1300-1400 കലോറി വരെ കളയുന്ന സാഹചര്യം ഉണ്ടായിരുന്നു. അതൊട്ടും പ്രായോഗികമല്ലാത്തതിനാൽ ഒടുവിൽ ഞാൻ രോഗബാധിതയായി. വെറും കൈയടികൾക്ക് വേണ്ടി മാത്രമാണ് ഞാനത് ചെയ്തത്. അതൊരു മണ്ടത്തരമായിരുന്നു.'

ഭക്ഷണത്തിന്റെ കാര്യത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും ഇപ്പോൾ താൻ കൂടുതൽ ആരോഗ്യകരമായ ഒരു നിലപാടിലാണെന്ന് താരം കൂട്ടിച്ചേർത്തു. മുമ്പ് ചെയ്തിരുന്ന വ്യായാമത്തിന്റെ 70 ശതമാനത്തോളം ഇപ്പോൾ കുറച്ചതായും, ജിമ്മിൽ 2-3 മണിക്കൂർ ചെലവഴിക്കുന്നതിനേക്കാൾ 40-45 മിനിറ്റ് വർക്കൗട്ട് ചെയ്യുന്നതാണ് തനിക്ക് കൂടുതൽ ഫലപ്രദമെന്ന് ഇപ്പോൾ തിരിച്ചറിയുന്നു എന്നും ഭൂമി വെളിപ്പെടുത്തി.

ആയുഷ്മാൻ ഖുറാനയ്ക്കൊപ്പം 'ദം ലഗാ കെ ഹൈഷ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച ഭൂമി, വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആ സിനിമയ്ക്കായി 27 കിലോയോളം ഭാരം കൂട്ടിയ താരം, പിന്നീട് വെറും രണ്ടര മാസത്തിനുള്ളിൽ ആ ഭാരം കുറച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തി.

'ടോയ്ലറ്റ്: ഏക് പ്രേം കഥ', 'ശുഭ് മംഗൾ സാവധാൻ', 'പതി പത്‌നി ഔർ വോ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഭൂമിയുടെ ഏറ്റവും പുതിയ റിലീസ് ആയ 'മേരെ ഹസ്ബൻഡ് കി ബീവി' ബോക്‌സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല. ഇഷാൻ ഖട്ടറിനൊപ്പമുള്ള 'ദ റോയൽസ് സീസൺ 2' ആണ് ഭൂമിയുടെ അടുത്ത വരാനിരിക്കുന്ന ചിത്രം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood actress Bhumi Pednekar reveals how Akshay Kumar inspired her fitness transformation, overcoming her gym phobia & unhealthy obsessions. Learn about her new approach.