നിര്‍മിച്ച സിനിമകളെല്ലാം പൊളിഞ്ഞു;വീടും കാറുകളും വിറ്റു,സൂപ്പര്‍ താരം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി

സിനിമ ഭാഗ്യത്തിന്റെ ലോകമാണ്. ഏതൊരാളും താരമാകാനും താരമായവര്‍ കത്തിത്തീരാനും നിമിഷങ്ങള്‍ മതി. അതുകൊണ്ടാണ് സിനിമാലോകത്തുള്ളവര്‍ അന്ധവിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്നത്. ഭാഗ്യത്തിന്റെ ക്രൂരമായ കളിയായിരുന്നു നടന്‍ ഭരത് ഭൂഷണിന്റെ ജീവിതം. 1950കളില്‍ ഹിന്ദി സിനിമയുടെ സുവര്‍ണനായകന്‍. റൊമാന്റിക് സിനിമകളിലൂടെ ആരാധകവൃന്ദത്തെ രസിപ്പിച്ച ഈ അതുല്യകാലാകാരന്‍ ആരാലും ഓര്‍മിക്കപ്പെടാതെ ഇല്ലായ്മയുടെ നടുവിലാണ് അന്ത്യശ്വാസം വലിച്ചത്.
അമിതാഭ് ബച്ചന്‍ ഒരിക്കല്‍ ബ്ലോഗില്‍ ഇങ്ങനെ കുറിച്ചു- ‘’ഒരു ദിവസം രാവിലെ ജോലിക്ക് പോകുന്നവഴി 1950കളെ ത്രസിപ്പിച്ച കാമുകനായ, അക്കാലത്തെ ഹിറ്റ് സിനിമയുടെ മുഖമായ ഭരത് ഭൂഷണ്‍ ബസ് സ്റ്റാന്‍ഡില്‍ വരി നില്‍ക്കുന്നത് കണ്ടു. ഒരു സാധാരണക്കാരനായി, ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റയ്ക്ക്, ആരാലും തിരിച്ചറിയപ്പെടാതെ. അദ്ദേഹം ആരാണെന്ന് ആര്‍ക്കും മനസ്സിലായില്ല.’’
നടന്‍,തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നിങ്ങനെ സിനിമയുടെ മുഖ്യധാരയില്‍ സജീവമായിരുന്നു ഭരത് ഭൂഷണ്‍. മാ, ആനന്ദമഠ്, ബൈജു ബാവ്ര, ലഡ്കി, ഖേല്‍ ഖിലാഡി കാ, പ്രേം ദിവാനെ... എന്നിങ്ങനെ അനവധി ഹിറ്റുകള്‍ ഭരത് ബോളിവുഡിന് നല്‍കി. നടനെന്ന നിലയിലും അദ്ദേഹം ഏറെ അംഗീകരിക്കപ്പെട്ടിരുന്നു.
പക്ഷെ, നിര്‍മാണം അദ്ദേഹത്തിന് നഷ്ടങ്ങളാണുണ്ടാക്കിയത്. നിര്‍മിച്ച സിനിമകളില്‍ ആകെ രണ്ടെണ്ണം മാത്രമാണ് സാമ്പത്തികജയം നേടിയത്. മറ്റെല്ലാം വമ്പിച്ച പരാജയങ്ങള്‍. അന്ന് ബോളിവുഡിലെ ഏറ്റവും സമ്പന്നനായ നടനായിരുന്നു ഭരത് ഭൂഷണ്‍. തുടര്‍ പരാജയങ്ങള്‍ എല്ലാം ഇല്ലാതാക്കി.
ബാന്ദ്രയിലെ ആഡംബര ബംഗ്ലാവ് വില്‍ക്കേണ്ടി വന്നു. സ്വന്തമാക്കിയിരുന്ന കാറുകളും വിറ്റു. നല്ല വായനക്കാരനായിരുന്നു ഭരത് ഭൂഷണ്‍. വലിയൊരു പ്രൈവറ്റ് ലൈബ്രറി അദ്ദേഹത്തിനുണ്ടായിരുന്നു. കഷ്ടകാലത്തിന്റെ വേളയില്‍ ആ പുസ്തകങ്ങളും അദ്ദേഹത്തിന് വിറ്റൊഴിവാക്കേണ്ടി വന്നു.
സിനിമയില്‍ ഇഷ്ടപ്പെട്ട വേഷണങ്ങള്‍ മാത്രം തിരഞ്ഞെടുക്കാവുന്ന അവസ്ഥയിലായിരുന്നില്ല അദ്ദേഹം. കിട്ടിയ റോളുകളെല്ലാം ചെയ്തു. നായകന്റെ അച്ഛനായി ആദ്യമൊക്കെ അഭിനയിച്ചു. പിന്നീട് ദിവസവേതനത്തിനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്ന കൊച്ചുവേഷങ്ങള്‍ പോലും അദ്ദേഹം സ്വീകരിച്ചു. കടങ്ങളെല്ലാം വീട്ടിയിട്ടായിരുന്നു എഴുപത്തിരണ്ടാം വയസ്സില്‍ അദ്ദേഹത്തിന്റെ മരണം.