മകന്‍ മരിക്കുകയാണെന്ന് എനിക്ക് ഉറപ്പായി, അവന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു

അശോക്, ഷാജി, നന്ദന, സിനി/ ഫോട്ടോ: വിവേക് ആർ. നായർ
അശോക്, ഷാജി, നന്ദന, സിനി/ ഫോട്ടോ: വിവേക് ആർ. നായർ

2024 ഏപ്രില്‍ 30. കണ്ണൂര്‍ ശ്രീകണ്ഠാപുരം പൂപ്പറമ്പ് പൂവേലില്‍ വീട്ടില്‍ മരണം വീണ്ടുമെത്തി. അനുകമ്പയുടെ കണികപോലും ബാക്കിവയ്ക്കാത്ത രണ്ടാം വരവ്. ദീര്‍ഘനാളത്തെ ചെറുത്തുനില്‍പ്പിനൊടുവില്‍ സജന മരണത്തോട് തോറ്റു. കണ്ണീരുവറ്റിക്കാനെത്തിയ മരണത്തിന്റെ ക്രൗര്യത്തിനുമുന്നില്‍ സജനയുടെ ഭര്‍ത്താവ് ഷാജിയും മകള്‍ നന്ദനയും വീണ്ടും നിസ്സഹായരായി. സംസ്‌കാരച്ചടങ്ങിനെപ്പറ്റിയുള്ള ആലോചനയിലായിരുന്നു ബന്ധുക്കള്‍. ചിതയ്ക്കാര് തീ കൊളുത്തും? മകന്‍ വരട്ടെ എന്നായി ഷാജി. അതുകേട്ടവര്‍ ഒരു നിമിഷം ഒന്നന്തിച്ചു. മരിച്ച മകനെങ്ങനെ അമ്മയുടെ ചിതയ്ക്ക് തീകൊളുത്തും. അപ്പോഴും ഷാജി പറഞ്ഞു. മകന്‍ വരും അമ്മയെ യാത്രയാക്കാന്‍. ആ വാക്ക് വെറുതെയായില്ല. പിറ്റേന്ന് പകല്‍ പൂപ്പറമ്പിലെ ശ്മശാനത്തില്‍ സജന അവസാന യാത്രയ്‌ക്കൊരുങ്ങിയെത്തി. ഉണങ്ങിയ മാവിന്‍ പാളികള്‍ക്കിടയില്‍ വേദനകളറിയാതെ നിശ്ചലം ആ ശരീരം. പെയ്യാനോങ്ങിനിന്ന മഴയ്ക്ക് പിടികൊടുക്കാതെ ചിതയില്‍ അഗ്‌നിയാളി. മകന്‍ വരുമെന്ന ഷാജിയുടെ വാക്ക് വെറുതെയായില്ല. കണ്ണൂരുകാരിയായ സജനയെ, മകനായി നിന്ന് പത്തനംതിട്ടക്കാരന്‍ അശോക് ചിതയില്‍ അഗ്‌നി പകര്‍ന്ന് യാത്രയാക്കി. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഷാജിക്കും സജനയ്ക്കും അശോക് വി. നായര്‍ എന്ന നാല്പത്താറുകാരന്‍ ഹൃദയംകൊണ്ട് മകനായി മാറിയത്. 

ആ ദിവസം
സജനയ്ക്കും ഷാജിക്കും അതൊരു സാധാരണ ദിവസമായിരുന്നു. കാന്‍സര്‍ ബാധിതയെങ്കിലും ഊര്‍ജസ്വലയായിരുന്നു സജന. അവര്‍ക്ക് രണ്ട് മക്കള്‍. മൂത്തയാള്‍ വിഷ്ണു. ഇളയ മകള്‍ നന്ദന. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ബി.ബി.എ. ഒന്നാം റാങ്കോടെ പാസായതാണ് വിഷ്ണു. വിദേശത്തേക്ക് പോകാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ ജോലിക്ക് കയറിയിട്ട് നാലുമാസം തികയുന്നതേയുള്ളൂ. അന്നുരാത്രി ഷാജിയുടെ മൊബൈലിലേക്ക് ഒരാള്‍ വിളിച്ചു. മകന് അപകടം പറ്റിയെന്നും ആശുപത്രിയിലാണുള്ളതെന്നും ഉടന്‍ എത്തണമെന്നും വിളിച്ചയാള്‍ പറഞ്ഞു. പുലര്‍ച്ചയോടെ ഷാജി ആശുപത്രിയിലെത്തി. ''തീവ്രപരിചരണവിഭാഗത്തിലാണ് മകന്‍. ഞാന്‍ അകത്ത് കയറി കണ്ടു. മുഖം മുഴുവനും മുറിവാണ്. വിഷ്ണൂട്ടാ എന്ന് കുറേ വിളിച്ചു. വിളി കേള്‍ക്കുന്നില്ല. ഞങ്ങളുടെ ജീവിതത്തിന്റെ പ്രതീക്ഷ അനക്കമറ്റ് എന്റെ മുന്നില്‍ കിടക്കുന്നു. തലയ്ക്കാണ് പരിക്കെന്നും പരമാവധി ശ്രമിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു...'' ഷാജിയുടെ വാക്കുകള്‍ക്കുമേല്‍ കണ്ണീര് പെയ്തുതുടങ്ങി. 

ജീവിതം തുടരുന്നു 
''അവന്റെ അമ്മ കാന്‍സര്‍ രോഗിയാണ്. മകന്റെ അവസ്ഥ ഇതാണെന്ന് ഞാനെങ്ങനെ പറയും. വിഷ്ണൂട്ടന്‍ മിടുക്കനായി തിരിച്ചുവരുമെന്ന് ഞാന്‍ അവളോട് പറഞ്ഞുകൊണ്ടിരുന്നു. നാലാം ദിവസം ഡോക്ടര്‍ എന്നെ അടുത്തേക്ക് വിളിച്ചു. ഇനി പ്രതീക്ഷിക്കാനൊന്നുമില്ല. തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചമട്ടാണെന്ന് പറഞ്ഞു. മകന്‍ മരിക്കുകയാണെന്ന് എനിക്ക് ഉറപ്പായി. അവന്റ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഞാന്‍ തന്നെയാണ് തയ്യാറായത്. അവനിലൂടെ ആരെങ്കിലുമൊക്കെ ജീവിക്കുമെങ്കില്‍ അങ്ങനെയാകട്ടെ എന്ന് കരുതി. കണ്ണും കരളും ഹൃദയവും ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടുകൊടുത്തു. ഞാനാരോടും അനുവാദം ചോദിച്ചിരുന്നില്ല. സജനയോടുപോലും പിന്നീടാണ് പറയുന്നത്. മകന്റെ ഹൃദയം കൊടുത്തയാളെ മാത്രം നേരില്‍ കാണണം എന്ന് അവള്‍ പറഞ്ഞു.''മകന്റെ മരണത്തോടെ സജനയുടെ ആരോഗ്യസ്ഥിതി മോശമായിത്തുടങ്ങി. 

മകനായി ഒരാൾ
മകന്റെ ഹൃദയം സ്വീകരിച്ച ആളെ ദിവസങ്ങള്‍ക്കുശേഷം ആശുപത്രിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍വെച്ച് ഷാജി കണ്ടു. പത്തനംതിട്ട സ്വദേശിയായ അശോക് വി.നായര്‍... ആ ദിവസത്തെ ഷാജി ഇങ്ങനെയാണ് ഓര്‍ക്കുന്നത്: ''എനിക്കെന്റെ മോന്‍ മുന്നില്‍ നില്‍ക്കുന്നപോലെ തോന്നി. സജനയോട് ഞാന്‍ അത് പറയുകയും ചെയ്തു. അത്രദൂരം ചെന്ന് അശോകിനെ കാണുള്ള അവസ്ഥയിലായിരുന്നില്ല അവള്‍. ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടുകള്‍ മാറിയ ഉടന്‍ അശോകും ഭാര്യയും ഞങ്ങളുടെ വീട്ടില്‍ വന്നു. ദീര്‍ഘനാളായി മോനെ കാണാതെ കഴിഞ്ഞ അമ്മയെപ്പോലെ സജന അന്ന് ഒരുപാട് കരഞ്ഞു. കുറേനേരം അശോകിനൊപ്പമിരുന്നു. ദിവസങ്ങള്‍ക്കുശേഷം വേദനകളൊഴിഞ്ഞ് അവളുടെ മുഖത്ത് പ്രകാശം വന്നു.

ഷാജി, അശോകിനും നന്ദനയ്ക്കുമൊപ്പം

നാട്ടിലേക്ക് മടങ്ങുംമുന്‍പ് അശോക് വീണ്ടും വന്നു. പിന്നെ ദിവസവും വീഡിയോ കോളില്‍ സംസാരിക്കും. കോഴിക്കോട് ചെക്കപ്പിന് വരുമ്പോഴൊക്കെ വീട്ടിലേക്ക് വരും. അശോക് പറഞ്ഞാല്‍ അവളെന്തെങ്കിലുമൊന്ന് കഴിക്കും. മകന്‍ പോയിട്ടില്ലെന്നൊരു ആശ്വാസമായിരുന്നു. ഒരുപാട് വേദന തിന്ന് ഒടുവില്‍ അവളങ്ങ് പോയി. 
ജീവിച്ചിരുന്നെങ്കില്‍ അന്ത്യകര്‍മങ്ങള്‍ വിഷ്ണൂട്ടന്‍ ചെയ്യേണ്ടതല്ലേ. അശോകിനെ വിവരം അറിയിച്ചു. പിറ്റേന്ന് പുലര്‍ച്ച അശോക് എത്തി. വിഷ്ണുവിന്റെ സ്ഥാനത്തുനിന്ന് യാത്രയാക്കി.'' ജീവിതത്തിലെ നഷ്ടങ്ങളെപ്പറ്റി, അതിനിടയില്‍ തെളിഞ്ഞ നന്മയുടെ ചെറു വെളിച്ചങ്ങളെപ്പറ്റി പറയുമ്പോള്‍ പല തവണ ഷാജിക്ക് വാക്കുകള്‍ ഇടറി. ആശ്വസിപ്പിക്കാന്‍ അരികില്‍ അശോക് ഉണ്ട്.

''പതിവ് ചെക്കപ്പുകള്‍ക്കായി വരുമ്പോഴൊക്കെയും ഇവിടെ വന്ന് അച്ഛനെയും നന്ദുവിനെയും കാണും. കാണാതെ പോകാനാകില്ല. ഒരര്‍ഥത്തില്‍ അവരുടെ നഷ്ടത്തില്‍നിന്ന് ജീവിതം തിരികെപ്പിടിച്ച ആളല്ലേ ഞാന്‍.'' പൂപ്പറമ്പിലെ ഷാജിക്കും സജനയ്ക്കും ഹൃദയംകൊണ്ട് താന്‍ മകനായ കഥ അശോക് വിവരിച്ചു...

അസുഖകാലം
''ദീര്‍ഘകാലം അടൂരിലെ ഒരു കളര്‍ലാബില്‍ മാനേജര്‍ ആയിരുന്നു ഞാന്‍. 26-ാം വയസ്സില്‍ പത്തനാപുരം സ്വദേശിനിയായ സിനിയുമായി വിവാഹം. അതിനിടയില്‍ സ്റ്റുഡിയോയും ലാമിനേഷന്‍ സെന്ററും ഒക്കെയായി മൂന്ന് സ്ഥാപനങ്ങള്‍ സ്വന്തമായി അടൂരില്‍ തുടങ്ങി. ബിസിനസ് വളര്‍ന്നു. 

2016-ലാണ് ചില ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങുന്നത്. ഇടയ്ക്കിടെ വരുന്ന ശ്വാസംമുട്ടല്‍. ക്രമേണ സ്ഥിതി രൂക്ഷമായി. ഒരുപാട് ആശുപത്രികളില്‍ കയറിയിറങ്ങി. അതിനിടെ കോവിഡ്കാലം വന്നു. ബിസിനസ് നഷ്ടത്തിലായി. മൂന്ന് സ്ഥാപനങ്ങളും പൂട്ടി. വീഡിയോ എഡിറ്റിങ് ലാബും ഡിസൈനിങ് സെന്ററുമായി പുതിയൊരു സ്ഥാപനം തുടങ്ങി. 
ആരോഗ്യസ്ഥിതി മോശമായി വരികയായിരുന്നു. ഹൃദയത്തിന് കട്ടി കൂടി വീര്‍ത്ത് പമ്പിങ് കുറയുന്ന അപൂര്‍വരോഗമാണെന്ന് അറിഞ്ഞു. പൂര്‍ണമായും കട്ടിലില്‍ത്തന്നെയായി ജീവിതം. ഒരടിവെച്ചാല്‍ കിതയ്ക്കും. സ്ഥാപനം പൂട്ടി. സമ്പാദ്യം മുഴുവനും തീര്‍ന്നു. നാലുവര്‍ഷം ഒരുപോള ഉറങ്ങിയിട്ടില്ല. ഉറക്കംവന്നാലുടന്‍ ശ്വാസംമുട്ടി പിടയും. ശരീരംമുഴുവനും നീരുവയ്ക്കും. രൂപവും മാറി. ആത്മഹത്യചെയ്യാന്‍പോലും ആരുടെയങ്കിലും സഹായംവേണ്ട സ്ഥിതിയായിരുന്നു.'' 
  
''പോണ്ടിച്ചേരി ജിപ്മെറില്‍ പോയി സി.ആര്‍. ടി.ഡി. എന്നൊരു യന്ത്രം ഹൃദയത്തില്‍ ഘടിപ്പിച്ചു. കോവിഡ്കാലമായിരുന്നു. ആന്റോ ആന്റണി എം.പി.യുടെ സഹായത്തോടെ ആംബുലന്‍സിലാണ് പോയത്. ഹൃദയംമാറ്റിവെക്കണമെന്ന സൂചന ആ ഘട്ടത്തിലാണ് കിട്ടുന്നത്. പിന്നീട് കോഴിക്കോട് മെട്രോമെഡ് ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു. എല്ലാം ശരിയായി എന്ന് കരുതി ആശ്വസിച്ചുതുടങ്ങുകയായിരുന്നു. മൂന്നുമാസങ്ങള്‍ക്കുശേഷം രാവിലെ പ്രാര്‍ഥിക്കുന്നതിനിടയില്‍ ശ്വാസം പോയി. വീണ്ടും ആശുപത്രിയില്‍. ഹൃദയം മാറ്റിവയ്ക്കാതെ രക്ഷയില്ലെന്നറിഞ്ഞു. അതൊന്നുംവേണ്ട എന്നായിരുന്നു എനിക്ക്. പക്ഷേ, സിനി പിന്മാറാന്‍ തയ്യാറായിരുന്നില്ല. മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് ഞങ്ങള്‍ കാത്തിരുന്നു. ഭാരിച്ച ചെലവ് വരുന്ന ചികിത്സയാണ്. തീ
പിടിച്ച കടലിലൂടെ നീന്തുകയായിരുന്നു പിന്നെ ഞങ്ങള്‍.''

മറുവശം 
സുഹൃത്തുക്കള്‍ അവരാലാവുംവിധം സഹായിച്ചു. പൊതുപ്രവര്‍ത്തകരായ സാജന്‍ കേച്ചേരിയും പി.എം.എ. സലാമും ഇടപെട്ട് ധനസമാഹരണം നടത്തി. അടൂര്‍ ഇളമണ്ണൂരിലെ നാട്ടുകാര്‍ ഒരേ മനസ്സോടെ ഞങ്ങളെ ചേര്‍ത്തുപിടിച്ചു. 

ഫേസ്ബുക്കിലൂടെ സഹായം ആവശ്യപ്പെട്ട് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. പക്ഷേ, എന്തിനും ഒരു മറുവശം ഉണ്ടല്ലോ. ഫേസ്ബുക്ക് വീഡിയോയിലെ ഫോണ്‍ നമ്പറിലേക്ക് രാത്രികാലങ്ങളില്‍ വിളിച്ച് ബുദ്ധിമുട്ടിച്ചവരുണ്ട്. എന്റെ ഭാര്യയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയവരുമുണ്ട്. മറ്റുള്ളവരുടെ വേദനയെപ്പോലും ദുഷ്ടലാക്കോടെ ഉപയോഗിക്കുന്നവര്‍. അങ്ങനെയുള്ളവരുംകൂടി ചേരുന്നതാണ് സമൂഹമെന്ന് മനസ്സിലാക്കാനായി. 

എന്തായാലും ഒരുപാടുപേരുടെ സഹായത്തോടെ 35ലക്ഷം രൂപ സമാഹരിച്ച് ഞങ്ങള്‍ കാത്തിരുന്നു. വേണ്ടത് ഒരു ഹൃദയമാണ്. ഒരു ജീവന്‍ നഷ്ടപ്പെടുമ്പോഴേ അങ്ങനെയൊന്ന് ഞങ്ങളുടെ കൈയില്‍വരൂ. പ്രാര്‍ഥിക്കാന്‍പോലും കഴിയാത്ത നിസ്സഹായാവസ്ഥ. അതിനിടയില്‍ എല്ലാ മാസവും ചെക്കപ്പിന് ആശുപത്രിയില്‍ പോകും. ഓരോ പോക്കിലും ഒരാഴ്ച മുതല്‍ ഒരുമാസം വരെ കിടക്കേണ്ടിവന്നിട്ടുണ്ട്. അങ്ങനെ ചെക്കപ്പിന് പോയതാണ്. ഡോക്ടറെ കാത്തിരിക്കുമ്പോള്‍ നഴ്സിങ് സൂപ്രണ്ട് വന്ന് നിങ്ങള്‍ക്ക് യോജിച്ച ഹൃദയം തയ്യാറാണെന്ന് പറഞ്ഞു. അപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന്റെ ഹൃദയം.''

അമ്മയ്ക്കുവേണ്ടി
 

സിനി, അശോകിനോടൊപ്പം


''കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയായ വിഷ്ണുവിന്റെ ഹൃദയം ആയിരുന്നു അത്. നാലഞ്ച് ദിവസംമുന്‍പ് നടന്ന ആക്‌സിഡന്റില്‍ മസ്തിഷ്‌കമരണം സംഭവിച്ചതാണ്. ശസ്ത്രക്രിയ കഴിഞ്ഞു. വിഷ്ണുവിന്റെ ഹൃദയം എന്റെ ശരീരത്തില്‍ സ്പന്ദിച്ചുതുടങ്ങി. ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിഷ്ണുവിന്റെ അച്ഛനെയും അനിയത്തിയെയും കാണുമ്പോള്‍ എനിക്ക് സംസാരിക്കാന്‍പോലും കഴിയുമായിരുന്നില്ല. ഒരുമാസം കഴിഞ്ഞ് സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ കണ്ണൂരേക്ക് പോയി. അമ്മയെയും അച്ഛനെയും പെങ്ങളെയും കണ്ടു.  വിഷ്ണൂ എന്ന് വിളിച്ചോട്ടേ എന്നാണ് ആദ്യം കണ്ടപ്പോള്‍ അമ്മ ചോദിച്ചത്. ഞാന്‍ സമ്മതിച്ചു. അങ്ങനെ വിഷ്ണുവിന്റെ അമ്മ എനിക്ക് അമ്മയായി. 
ചികിത്സയിലായിരുന്നു അമ്മ. എങ്കിലും ഞങ്ങള്‍ ചെല്ലുമ്പോള്‍ ഉത്സാഹത്തിലാകും. എന്റെ ഇഷ്ടങ്ങളെല്ലാം ചോദിച്ചറിഞ്ഞ് വേണ്ട ഭക്ഷണമൊക്കെ ഉണ്ടാക്കിവെക്കും. ഞാന്‍ ഒപ്പമിരുന്ന് നിര്‍ബന്ധിച്ചാല്‍ എന്തെങ്കിലും കഴിക്കും. എല്ലാ ദിവസവും വീഡിയോ കോളില്‍ അമ്മയെയും അച്ഛനെയും നന്ദുവിനെയും കണ്ട് സംസാരിക്കും.''

ഹൃദയം പകർന്ന ഇഷ്ടം 
''അമ്മ ഇത്രവേഗം പോകുമെന്ന് കരുതിയില്ല. മരിച്ച വിവരം അറിഞ്ഞതും ഞങ്ങള്‍ കണ്ണൂരിലേക്ക് പുറപ്പെട്ടു. മകന്റെ സ്ഥാനത്തുനിന്ന് അമ്മയെ യാത്രയാക്കി. അതൊക്കെയും എന്റെ നിയോഗം ആയിരിക്കാം. അമ്മ പോയശേഷം ആ വീട്ടില്‍ അച്ഛനും മകളും തനിച്ചായി. അവിടേക്ക് പോകാനും അവരെ കാണാനും എപ്പോഴും തോന്നും. കണ്ട് മടങ്ങുമ്പോള്‍ മനസ്സിന് വല്ലാത്ത വിഷമമാണ്. സര്‍ജറിക്കുശേഷം എനിക്കല്പം മുന്‍കോപം കൂടിയിട്ടുണ്ട്. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു വിഷ്ണുവും അങ്ങനെയായിരുന്നെന്ന്. മുന്‍പ് ചായ തീരെക്കുടിക്കാത്ത ആളായിരുന്നു ഞാന്‍. ഇപ്പോള്‍ ചായയോട് വല്ലാത്തൊരു ഇഷ്ടക്കൂടുതലാണ്. ഹൃദയം വഴി പകര്‍ന്ന ഇഷ്ടമാണ് അതെന്നും തോന്നാറുണ്ട്.'' 

നിസ്സഹായതയുടെ വഴിയിൽ
''ഇതുവരെയും ചികിത്സയ്ക്കായി അറുപത് ലക്ഷത്തോളം രൂപ ചെലവായി. ഉള്ളതെല്ലാം വിറ്റുപെറുക്കിയും മറ്റുള്ളവരുടെ സഹായം വാങ്ങിയും സ്വരൂപിച്ച തുകയാണ്. രണ്ട് മക്കളുണ്ട്. മകള്‍ നഴ്സിങ് വിദ്യാര്‍ഥിനി. മകന്‍ പ്ലസ്വണ്ണില്‍ പഠിക്കുന്നു. 

എന്റെ ആശുപത്രിക്കാലങ്ങളിലായിരുന്നു മക്കള്‍ പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഇരുവര്‍ക്കും എല്ലാ വിഷയത്തിനും എ.പ്ലസ് കിട്ടി.  ഞങ്ങളുടെ അഭാവത്തില്‍ അവരെ സ്വന്തം മക്കളെപ്പോലെ കണ്ട് എല്ലാ പിന്തുണയും കൊടുത്ത അധ്യാപകരോടുള്ള നന്ദി പറഞ്ഞുതീര്‍ക്കാനാകില്ല. മക്കളെ തുടര്‍ന്ന് പഠിപ്പിക്കാനുള്ള പണം കൈയിലില്ല. തുടര്‍ന്നുള്ള ചികിത്സ എങ്ങനെ നടക്കുമെന്നും അറിയില്ല. സ്വന്തമായി ഒരുതുണ്ട് ഭൂമിപോലും ഇല്ല. വാടകവീട്ടിലാണ് താമസം. നഷ്ടപ്പെടാതെ ഒപ്പമുള്ളത് രണ്ട് അലമാരകളും അതിലുള്ള പുസ്തകങ്ങളുമാണ്. പണ്ടേ വായന ഒപ്പമുണ്ട്. വായിക്കാന്‍ കൊതിയാണ്. പക്ഷേ, മരുന്നിനുപോലും പണം തികയാത്തിടത്ത് പുസ്തകം എങ്ങനെ വാങ്ങാനാകും. 

38 വയസ്സുവരെ കാര്യമായി ഒരു ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത ആളായിരുന്നു ഞാന്‍. പറമ്പിലൊക്കെ നന്നായി ജോലി ചെയ്യുമായിരുന്നു. പ്രാര്‍ഥനയും ഭക്ഷണവും ഉറക്കവുമൊക്കെ കൃത്യമസയത്ത്. അങ്ങനെയുള്ള എനിക്കാണ് ഈ രോഗം വന്നത്. അസുഖം വരുമ്പോള്‍ പരിഹസിക്കുന്നവരുണ്ടെന്ന് ഞാന്‍ അറിഞ്ഞതും ഇപ്പോഴാണ്. ഇനിയൊന്നും ചെയ്തിട്ട് കാര്യമില്ല, വെറുതെ പണം കളയേണ്ടതുണ്ടോ എന്ന് മുഖത്തുനോക്കി ചോദിച്ചവരുണ്ട്. പക്ഷേ, എന്നെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന വാശിയോടെ നിറഞ്ഞ സ്‌നേഹത്തോടെ നിഴല്‍പോലെ എന്റെ ഭാര്യ കൂടെനിന്നു. അവളില്ലായിരുന്നില്ലെങ്കില്‍ ഇന്നീ കാണുന്ന ഞാനുമില്ല. മെട്രോ മെഡ് ആശുപത്രിയിലെ ഡോ. നന്ദകുമാര്‍ സാറാണ് എന്നെ ചികിത്സിച്ചത്. അദ്ദേഹമാണ് സര്‍ജറി ചെയ്തത്. സര്‍ജറിക്കു മുമ്പ് അദ്ദേഹമെന്റെ കൈപിടിച്ചു പറഞ്ഞു പേടിക്കേണ്ട, ഞാനുണ്ട് കൂടെയെന്ന്. അദ്ദേഹം എല്ലാ അര്‍ഥത്തിലും എനിക്ക് ദൈവമാണ്. സര്‍ജറിക്കുശേഷം കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആദ്യം കണ്ട മുഖവും അദ്ദേഹത്തിന്റേതാണ്. ഡോക്ടര്‍ നന്ദകുമാര്‍ തന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍ പിടിച്ചുനിന്നത്.''

2024 ജൂൺ 10
ചെക്കപ്പിനായി കോഴിക്കോട്ടെ ആശുപത്രിയില്‍ വന്ന അശോക് ഭാര്യയ്‌ക്കൊപ്പം ശ്രീകണ്ഠാപുരത്തെ വിഷ്ണുവിന്റെ വീട്ടിലെത്തി. നഷ്ടപ്പെട്ട മകന്‍ അരികിലെത്തിയതിന്റെ സന്തോഷത്തിലാണ് ഷാജി. കൂടപ്പിറപ്പിനെ വീണ്ടും കാണാനായതിന്റെ സന്തോഷം വിഷ്ണുവിന്റെ സഹോദരി നന്ദനയുടെ മുഖത്തും കാണാം. ''സ്ഥിരമായി മൂകാംബികയില്‍ പോയിരുന്ന ആളാണ് ഞാന്‍. ട്രെയിനില്‍ കണ്ണൂര്‍ വഴി ഒരുപാടുതവണ പോയിട്ടുണ്ട്. അന്ന് ആരറിഞ്ഞു എനിക്കിവിടെ ഒരമ്മയും അച്ഛനും സഹോദരിയും ഉണ്ടാകുമെന്ന്...'' അശോക് പറയുന്നു. ഓര്‍മകളുടെ നനവൊഴിയാത്ത അച്ഛന്റെയും മകളുടെയും കണ്ണുകളില്‍ അപ്പോള്‍ പ്രതീക്ഷയുടെ വെളിച്ചം തെളിഞ്ഞു. മരിച്ചവരാരും എവിടേക്കും മറയുന്നിലെന്നും ഹൃദയത്തുടിപ്പായും സ്പര്‍ശമായും അവര്‍ അരികിലുണ്ടാകുമെന്നുമുള്ള ഓര്‍മപ്പെടുത്തലായി അവരൊന്നിച്ചൊരു ചിത്രം ക്യാമറയില്‍ പതിഞ്ഞു. 

Content Highlights: ashok performs final rites of his donor's mother