''ഇത് സാധാരണമാണ്, കുട്ടിയുണ്ടായാല്‍ മാറുമെന്നാണ് ഗൈനക്കോളജിസ്റ്റ് പറഞ്ഞത്.''

സമൂഹത്തിലെ പിന്തിരിപ്പന്മാരെ പടിക്ക് പുറത്താക്കി എന്തിനെയും നേരിടാനും തുറന്നുപറയാനും ധൈര്യമുള്ള പുതിയകാലത്തിന്റെ മുഖമാണ് നടി അര്‍ച്ചന കവി. പത്ത് വര്‍ഷത്തിന് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചുവരികയാണ് അവര്‍. അര്‍ച്ചന ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആര്‍ത്തവവും മാനസികാരോഗ്യവും വിഷയമാകുന്നു.
''ആര്‍ത്തവത്തിന് മുമ്പ് സ്ത്രീകള്‍ക്ക് പൊതുവേ പി.എം.എസ് (പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം) എന്ന് പറഞ്ഞൊരു അവസ്ഥയുണ്ട്. ഈ സമയം മൂഡ് സ്വിങ്‌സെല്ലാമുണ്ടാകും. ആദ്യകാലത്ത് അതാണെന്ന് മാത്രമേ ഞാനും ചിന്തിച്ചിരുന്നുള്ളൂ. പക്ഷേ, ഒരുദിവസം അമ്മയ്‌ക്കൊപ്പം പള്ളിയില്‍ കുര്‍ബാനയ്ക്ക് ഇരിക്കുമ്പോള്‍ ഒരുകാരണവുമില്ലാതെ കരച്ചില്‍ വന്നു. പള്ളിയില്‍ അച്ചന്‍ പ്രസംഗിക്കുമ്പോള്‍ കരഞ്ഞാല്‍ എന്തോ പാപം ചെയ്തു എന്നാണ് വിശ്വസിക്കുന്നത്. അതിനാല്‍ ഒരുവിധത്തില്‍ കരച്ചിലടക്കി. തിരികെ വീട്ടിലെത്തി ഒരുദിവസം മുഴുവന്‍ ഇരുന്ന് കരഞ്ഞു. പിറ്റേന്ന് എനിക്ക് ഡോക്ടറെ കാണണമെന്ന് പറഞ്ഞു. അമ്മ ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി. അവര്‍ പറഞ്ഞത് ഇത് സാധാരണമാണ്, ഒരുകുട്ടിയുണ്ടായാല്‍ മാറും എന്നൊക്കെയാണ്. അതെനിക്ക് തൃപ്തികരമായി തോന്നിയില്ല. അങ്ങനെ സൈക്യാടിസ്റ്റിനെ കണ്ടു. അദ്ദേഹത്തിന് ഇത് പി.എം.ഡി.ഡി ആണെന്ന് മനസ്സിലായി. ചികിത്സ ആരംഭിച്ചു. ആറ് വര്‍ഷമായി ചികിത്സ തുടരുകയാണ്.
മനുഷ്യര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് അടിയുണ്ടാക്കുന്നു, കുത്തികൊല്ലുന്നു. അതെല്ലാം ഈ സമൂഹത്തിന് സാധാരണ സംഭവമാണ്. പക്ഷേ, ഒരാള്‍ മാനസികമായി എന്തോ ബുദ്ധിമുട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടണം എന്ന് പറഞ്ഞാല്‍ അത് വലിയ തെറ്റാണ്. അയാളെ മറ്റൊരു കണ്ണിലൂടെയാണ് സമൂഹം കാണുന്നത്. പുതിയ ജനറേഷനിലുള്ളവര്‍ ഡിപ്രഷന്‍, പി.എം.ഡി.ഡി എന്നൊക്കെ പറയുമ്പോള്‍ അതെല്ലാം ചുമ്മാ പറയുന്നതാണെന്നാണ് ചിലര്‍ പറയുന്നത്. നമുക്കെന്താ പണ്ട് ടെന്‍ഷനില്ലായിരുന്നോ, നിങ്ങള്‍ക്കെന്താ ഇപ്പോ അതിലും വലിയ ടെന്‍ഷന്‍ എന്നൊക്കെയാണ് ചോദിക്കുക. അതിനുത്തരം, നിങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ചികിത്സ തേടിയില്ല എന്നത് നിങ്ങളുടെ അറിവില്ലായ്മയാണ്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണ് ചികിത്സ തേടുന്നത്. അത് എല്ലാവരും മനസ്സിലാക്കണം. 'മാനസികാരോഗ്യ കാര്യങ്ങള്‍ എല്ലായിടത്തും തുറന്നുസംസാരിക്കരുത്. ഇനിയൊരു വിവാഹം നടക്കില്ല' എന്ന് അടുത്തിടെ ഒരുഅമ്മച്ചി എന്നോട് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഒളിപ്പിച്ച് വച്ച് നടത്തേണ്ട ഒന്നാണോ വിവാഹം? എല്ലാം അംഗീകരിക്കാന്‍ പറ്റുന്നവരെ മാത്രം ജീവിതപങ്കാളിയാക്കുക.
മറ്റ് രോഗങ്ങളെ പോലെ ചെറിയ സമയം കൊണ്ട് മാറുന്ന ഒന്നല്ല ഇത്. വര്‍ഷങ്ങളോളം തുടരേണ്ട ചികിത്സയാണ്. ആഴ്ചയില്‍ ഒരുതെറാപ്പിക്ക് കുറഞ്ഞത് 1500 രൂപ നല്‍കണം. സാധാരണക്കാരന് താങ്ങാനാവാത്തതാണിത്. അതുകൊണ്ടാണ് ഇതിനെ പണക്കാരുടെ രോഗമെന്ന് പറഞ്ഞ് കളിയാക്കുന്നത്. മാനസികാരോഗ്യ ചികിത്സയെ ഇതുവരെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇപ്പോഴും കമ്പനികള്‍ തയ്യാറല്ല. വേറൊരു സങ്കടകരമായ കാര്യം ഒരിക്കല്‍ സൈക്യാട്രിസ്റ്റിനെ കണ്ടാല്‍ ആ ആശുപത്രിയുടെ റെക്കോര്‍ഡില്‍ അന്നുതൊട്ട് ആ വ്യക്തി മാനസിക വെല്ലുവിളിയുള്ള ആളാണ്. പിന്നീട് മറ്റേത് രോഗത്തിന് ആ ആശുപത്രിയില്‍ അഡ്മിറ്റായാലും ആ കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് നിഷേധിക്കപ്പെടും. അതുപോലെ മാനസികാരോഗ്യത്തെ പറ്റി തമാശ പറയുന്നത് നിര്‍ത്തണം.''
Content Highlights: archana kavi talks about mental health