‘അതില്ലായിരുന്നെങ്കില്‍ ഞാന്‍ അതിജീവിക്കില്ലായിരുന്നു’; വിഷാദകാലഘട്ടത്തെപ്പറ്റി അനുരാഗ് കശ്യപ്

അനുരാഗ് കശ്യപ്(Getty Images)
അനുരാഗ് കശ്യപ്(Getty Images)

കോവിഡിനുശേഷമുള്ള വിഷാദത്തെ നേരിടാന്‍ യോഗ പരിശീലിച്ചത് എങ്ങനെ സഹായിച്ചുവെന്ന് തുറന്നുപറഞ്ഞ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. സെലിബ്രിറ്റി യോഗ ഗുരുവും തെറാപ്പിസ്റ്റുമായ രൂപാല്‍ സിദ്ധ്പുര ഫാരിയയുമായി അടുത്തിടെയുള്ള അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തനിക്ക് ഈ വിഷാദത്തെ അതിജീവിക്കാന്‍ സാധിക്കുമെന്നു കരുതിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗ ഉപയോഗിച്ചാണ് രോഗങ്ങളെയും മാനസിക വെല്ലുവിളികളെയും താന്‍ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപാലുമായുള്ള സംഭാഷണം സംവിധായകന്‍ കെളാബറേറ്റീവ് പോസ്റ്റായി തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കിട്ടിരുന്നു. 'ഇത് ചെയ്തതിന് നന്ദി! എനിക്കറിയാവുന്ന ഏറ്റവും മനോഹരമായ മനുഷ്യാ! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!' എന്ന കാപ്ഷനോടെയാണ് പോസ്റ്റ് പങ്കിട്ടത്. ഒരുമിച്ച് യോഗ ആരംഭിച്ച് പത്തു വര്‍ഷം പൂര്‍ത്തിയാക്കിയെന്നും ഇവര്‍ പറയുന്നു.

യോഗ തന്നെ വ്യക്തിപരമായി എങ്ങനെ സഹായിച്ചു എന്ന് തുറന്നുപറഞ്ഞു കൊണ്ടാണ് അനുരാഗ് കശ്യപ് സംഭാഷണം ആരംഭിച്ചത്. 'ആദ്യത്തെ 4-5 വര്‍ഷം പല തരത്തിലും തുടര്‍ച്ചയായി യോഗ ചെയ്തു. യഥാര്‍ത്ഥത്തില്‍ യോഗ ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് വിഷാദം അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല. കോവിഡിന് ശേഷം 2-3 വര്‍ഷക്കാലം വിഷാദരോഗം അനുഭവിച്ചു. ശരീരത്തിന്റെ മസില്‍ മെമ്മറി വളരെ ശക്തമായിരുന്നു. അതിനാല്‍ ഞാന്‍ വിവിധ രോഗങ്ങള്‍, മാനസികവെല്ലുവിളികള്‍ തുടങ്ങി എല്ലാത്തിനെയും മറികടന്നു' അനുരാഗ് വെളിപ്പെടുത്തി.

തുടക്കത്തില്‍ യോഗയില്‍ പലതും വിചിത്രമായി തോന്നിയിരുന്നെന്നും പറഞ്ഞു. 'സൂര്യനമസ്‌കാരവും, പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് യോഗയെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങളും ഒഴികെ നിങ്ങള്‍ എന്നെക്കൊണ്ട് ചെയ്യിപ്പിച്ച മിക്ക കാര്യങ്ങളും എനിക്ക് വിചിത്രമായി തോന്നി. യോഗയില്‍ നിങ്ങള്‍ ഇത് ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു. ചെയര്‍ യോഗ ചെയ്യാന്‍ നിങ്ങള്‍ എന്നെക്കൊണ്ട് ഈ കസേര വാങ്ങിച്ചതുപോലെ, ആ ചക്രം വാങ്ങാന്‍ പ്രേരിപ്പിച്ചതു പോലെ എല്ലാം ആദ്യഘട്ടത്തില്‍ വിചിത്രമായിരുന്നു. പിന്നീട് അതൊക്കെ എന്താണെന്ന് ഞാന്‍ മനസ്സിലാക്കി. നിങ്ങള്‍ക്ക് അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും അറിയാം. അതെല്ലാം എന്നെ സഹായിച്ചു. എന്റെ എല്ലാ കാര്യങ്ങളും അതുമൂലം മെച്ചപ്പെട്ടു തുടങ്ങിയെന്നും ഞാന്‍ മനസ്സിലാക്കി'- അനുരാഗ് തുറന്നു പറഞ്ഞു.

Content Highlights: Director Anurag Kashyap shares how yoga helped him overcome post-COVID depression. He credits yoga for his recovery and improved mental well-being.