തലയ്ക്ക് മാരകമായി പരിക്കേറ്റു, 29 ദിവസത്തോളം കോമയിലായി, രക്ഷപ്പെടുമോയെന്ന് ഡോക്ടർമാർ പോലും സംശയിച്ചു

അനു അഗർവാൾ
അനു അഗർവാൾ

തൊണ്ണൂറുകളിൽ വളർന്നവർക്ക് 'ആഷിഖി' എന്ന ചിത്രത്തിലെ നായികയെ മറക്കാനാവില്ല. ആ പ്രണയകഥയിലെ ഗാനങ്ങൾ ആളുകളുടെ ഹൃദയമിടിപ്പായി മാറിയപ്പോൾ, നായിക അനു അഗർവാൾ ഒറ്റരാത്രികൊണ്ട് ഒരു സെൻസേഷനായി മാറി. എന്നാൽ അവളുടെ ജീവിതം പരിചിതമായ സിനിമാക്കഥകൾ പോലെയല്ല മുന്നോട്ട് പോയത്. അപ്രതീക്ഷിതമായൊരു അപകടം, 29 ദിവസത്തെ കോമ, പൂർണ്ണമായ ഓർമ്മക്കുറവ് എന്നിവയിലൂടെ കടന്നുപോയ ആ ജീവിതം, ഇന്ന് ഒരു പുതിയ പാതയിലാണ്.

1990-ൽ 'ആഷിഖി'യിലൂടെ അരങ്ങേറിയ അനു അഗർവാൾ, പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറി. അന്നത്തെ സിനിമാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതികൊണ്ടായിരുന്നു ആ അരങ്ങേറ്റം. തുടർന്ന് 'ഖൽ-നായിക', 'കിങ് അങ്കിൾ', 'ജനം കുണ്ഡലി' തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും, മണിരത്നത്തിന്റെ തമിഴ് ചിത്രമായ 'തിരുടാ തിരുടാ'യിലും അവർ വേഷമിട്ടു. ചുരുങ്ങിയ കാലയളവിനുള്ളിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്തെങ്കിലും 'ആഷിഖി' തന്നെയായിരുന്നു അവരുടെ കരിയറിലെ നാഴികക്കല്ല്.

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ഗോൾഡ് മെഡൽ നേടിയ അനു, മോഡലിങ്ങിലൂടെയും വിജെയായുമൊക്കെയാണ് അഭിനയരംഗത്തെത്തിയത്. സിനിമാ പാരമ്പര്യങ്ങളില്ലാതെ സ്വന്തം നിലപാടുകളുമായി മുന്നോട്ട് പോയ തരമാണ് അവർ. 

1999-ൽ മുംബൈയിലെ ഒരു പാർട്ടി കഴിഞ്ഞ് മടങ്ങവേ ചൗപാട്ടിക്ക് സമീപം അനു സഞ്ചരിച്ചിരുന്ന കാർ വലിയ അപകടത്തിൽപ്പെട്ടു. ശരീരമാസകലം ഒടിവുകളും തലയ്ക്ക് മാരകമായ പരിക്കുകളുമായി 29 ദിവസത്തോളം അവർ കോമയിലായിരുന്നു. അവർ രക്ഷപ്പെടുമെന്ന് ഡോക്ടർമാർക്ക് പോലും ഉറപ്പില്ലായിരുന്നു; അതിജീവിച്ചാൽ തന്നെ ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടായേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. പക്ഷാഘാതം, മുഖത്തിനുണ്ടായ വൈരൂപ്യം, ഭാഷയും ചലനശേഷിയും വീണ്ടെടുക്കാനുള്ള കഠിനശ്രമം എന്നിവയെക്കുറിച്ച് പിന്നീട് പല അഭിമുഖങ്ങളിലും അനു തുറന്നുപറഞ്ഞിട്ടുണ്ട്.

"എന്റെ ശരീരം തളർന്നു, പാരീസിനെക്കുറിച്ചോ അമേരിക്കയെക്കുറിച്ചോ എനിക്ക് ഓർമ്മയില്ലായിരുന്നു," അവർ വെളിപ്പെടുത്തി. ഓർമ്മ തിരിച്ചുവന്നപ്പോൾ 'ആഷിഖി'യിലെ നായിക താനാണെന്ന് തിരിച്ചറിയാൻ പോലും അവർക്ക് പ്രയാസമായിരുന്നു എന്നും പിങ്ക് വില്ലക്ക് അനുവദിച്ച അഭിമുഖത്തിൽ, അവർ വെളിപ്പെടുത്തി.

യോഗയിലൂടെയും മനക്കരുത്തിലൂടെയും ആരോഗ്യം വീണ്ടെടുത്ത അനു, ഇന്ന് 'അനു അഗർവാൾ ഫൗണ്ടേഷൻ' വഴി മാനസികാരോഗ്യത്തിനും സ്ത്രീശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്നു. 'Anusual' എന്ന ആത്മകഥയിൽ തന്റെ മാറ്റങ്ങളെക്കുറിച്ച് അവർ വിവരിക്കുന്നുണ്ട്. നിലവിൽ മോട്ടിവേഷണൽ സ്പീക്കറായും സാമൂഹിക പ്രവർത്തകയായും തിളങ്ങുന്ന അനു, മികച്ച തിരക്കഥകൾ ലഭിച്ചാൽ സിനിമയിലേക്ക് മടങ്ങിവരാൻ തയ്യാറെടുക്കുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Remember Aashiqui`s Anu Agarwal? Learn about her incredible journey from a coma and memory loss to becoming an inspirational figure.