കടുത്ത മൈഗ്രെയ്ൻ, സ്റ്റിറോയ്ഡ് എടുത്തു; ആരോഗ്യപ്രശ്നങ്ങൾ ഇതുവരെയും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; ആമിർ ഖാൻ

ആമിർ ഖാൻ / ഇൻസ്റ്റഗ്രാം(amirkhanactor)
ആമിർ ഖാൻ / ഇൻസ്റ്റഗ്രാം(amirkhanactor)

കഴിഞ്ഞ 37 വർഷമായി ആമിർ ഖാൻ ഹിന്ദി സിനിമയുടെ ഭാഗമാണ്. ത്രീ ഇഡിയറ്റ്സ്, പികെ, ദംഗൽ തുടങ്ങി നിരവധി സിനിമകൾക്കായി അദ്ദേഹം ശരീരഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ മുംബൈയിൽ നടന്ന മ്യൂസിക് ഷോ ആയ അജീവാസൻ ആക്ടിന്റെ സീസൺ 4-ൽ എത്തിയ ആമിർഖാന്റെ രൂപം  ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

അമിതമായി ശരീരഭാരം വർധിച്ച ആമിർ ഖാൻെറ രൂപമാണ് ‌ചർച്ചവിഷയം.പെട്ടെന്നു ശരീരഭാരം വർധിപ്പിച്ചത് ദാദാസാഹിബ് ഫാൽക്കെ ബയോപിക്കിന് വേണ്ടിയാകാം എന്ന അഭ്യൂഹങ്ങളും ഉണ്ടായി. അതിനെല്ലാമുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ആമിർഖാൻ. ഡെക്കാൻ ക്രോണിക്കിളുമായുള്ള ഒരു സംഭാഷണത്തിലാണ് അദ്ദേഹം നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

‘എനിക്ക് കുറച്ചുകാലമായി മൈഗ്രെനുണ്ട്, അതിനായി സ്റ്റിറോയിഡ് ചികിത്സ ആവശ്യമാണ്. അത് എന്റെ ശരീരഭാരം വർദ്ധിപ്പിക്കുന്നു. എനിക്കത് തടയാൻ കഴിയില്ല. സത്യത്തിൽ, എന്റെ അടുത്ത സിനിമയ്ക്കായി പഴയ രൂപത്തിലേക്ക് എത്താൻ ഞാൻ ഡയറ്റും വ്യായാമവും ആരംഭിച്ചിട്ടുണ്ട്.’

ഈ വിഷയത്തിൽ ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത്. ഇത് സങ്കടകരമാണെങ്കിലും സ്വാഭാവികമാണെന്നും ഒരാൾ കുറിച്ചു.ഖാൻമാർക്ക് പ്രായമാവുകയാണെന്നും കാലക്രമേണ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ വർധിക്കുമെന്നും, ഇത് ഗുരുതരമായ ഒന്നായിരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും മറ്റൊരു ആരാധകൻ  കുറിച്ചു. പ്രായമായ അഭിനേതാക്കൾ വാർദ്ധക്യത്തെ മറച്ചുവെക്കാൻ ശ്രമിക്കാതെ തുറന്നു സംസാരിക്കുന്നത് പ്രചോദനകരമാണെന്ന് ആമിറിന്റെ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് മറ്റൊരാളുമെത്തി.

തന്റെ രോഗാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ‍ കൃത്യമായ രോഗനിർണയം ഇതുവരെയും നടത്താനായിട്ടില്ലെന്നായിരുന്നു ആമിർ ഖാന്റെ മറുപടി. ‘എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് അവർക്ക് കണ്ടെത്താൻ കഴിയാത്തതുകൊണ്ട് ഭേദമായിട്ടില്ല. സ്റ്റിറോയിഡ് തലവേദന മാറ്റുന്നുണ്ട്. പക്ഷെ എനിക്ക് സ്റ്റിറോയിഡുകൾ തുടർച്ചയായി കഴിക്കാൻ കഴിയില്ല. ചിലപ്പോൾ, എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് കൃത്യമായി നിർണ്ണയിക്കാൻ പ്രയാസമാണ്. ഇത് സങ്കീർണ്ണമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.’

ആർ എസ് പ്രസന്നയുടെ സിത്താരെ സമീൻ പർ എന്ന ചിത്രമായിരുന്നു ആമിർ ഖാൻ്റെ ഏറ്റവും പുതിയ സിനിമ. ലോകേഷ് കനകരാജിൻ്റെ കൂലി എന്ന ചിത്രത്തിലും താരം അതിഥി വേഷത്തിൽ എത്തിയിരുന്നു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi