'പാത്തുമ്മയുടെ ആട് കടിച്ചെന്ന് പരാതി പറയരുത്, വഴിപോക്കര്‍ വസ്ത്രവും പുസ്തകങ്ങളും ശ്രദ്ധിക്കണം.'

ഹോ... ഹോ... ഹോ...
ഗുത്തിനി ഹാലിട്ട ലിത്താപ്പോ
സഞ്ചിനി ബാലിക്ക ലുട്ടാപീ
ഹാലിത്ത മാണിക്ക ലിഞ്ചല്ലോ
സങ്കര ബാഹ്ന തൂലീപീ
ഹുഞ്ചിനി ഹീലത്ത ഹുത്താലോ
ഫാനത്ത ലാക്കിടി ജിംബാലോ
ഹാ... ഹാ... ഹാ...
ഹോ... ഹോ... ഹോ...!
ആയിഷ കുഞ്ഞുപാത്തുമ്മയ്ക്ക് പാടിക്കൊടുത്തതാണിത്. വരികള്‍ നിസാര്‍ അഹമ്മദിന്റേത്. ഇന്നോളം ആര്‍ക്കും പിടികൊടുത്തിട്ടില്ല, ഈ പാട്ടിന്റെ പൊരുള്‍. ബഷീറും അങ്ങനെ തന്നെയായിരുന്നില്ലേ ? ആര്‍ക്കാണ് ബഷീറിനെ പൂര്‍ണമായി മനസ്സിലായിട്ടുള്ളത് ?
മാങ്കോസ്റ്റിന്‍ ചുവട്ടിലെ ചാരുകസേരയില്‍, ആവി പറക്കുന്ന സുലൈമാനി നുണഞ്ഞ്, ഗ്രാമഫോണിന്റെ ഈണത്തില്‍ ലയിച്ചിരിക്കുന്ന ബഷീര്‍. ആ ബഷീര്‍ ശരിക്കും സുല്‍ത്താന്‍ ആയിരുന്നെങ്കിലൊ...(ഇപ്പോള്‍ അല്ലെന്നല്ല) കിരീടവും ചെങ്കോലുമുള്ള, സാമന്തന്മാര്‍ കപ്പം കെട്ടുന്ന, സ്വന്തമായി പടയുള്ള സുല്‍ത്താന്‍. എന്തൊക്കെയുണ്ടാകും, ആരെക്കെയുണ്ടാകും ആ സാങ്കല്‍പ്പിക സാമ്രാജ്യത്തില്‍ ?
ബോഗെയ്ന്‍ വില്ല പടര്‍ത്തിയ മതിലുകള്‍ സാമ്രാജ്യത്തിന്റെ അതിരിടും. 'അനുരാഗത്തിന്റെ ദിനങ്ങളി'ല്‍ അവിടെ 'പ്രേമലേഖനം' പെയ്യാറുണ്ട്. എല്ലാവരും തുല്യരാണവിടെ. എല്ലാവരും 'ഭൂമിയുടെ അവകാശികള്‍.' വഴിപോക്കര്‍ അവരവരുടെ വസ്ത്രവും പുസ്തകങ്ങളും ശ്രദ്ധിക്കണം. 'പാത്തുമ്മയുടെ ആട്' കടിച്ചെന്ന് പരാതി പറയരുത്. മുന്നോട്ടുള്ള നടത്തം 'വിശ്വവിഖ്യാതമായ മൂക്ക്' തട്ടാതെ വേണം. മൂക്കിന്‍ത്തട്ടിയാലും പോട്ടേ, 'ആനപ്പൂട' കിട്ടണമെന്ന് ആശിക്കരുത്. അബ്ദുള്‍ ഖാദറിന്റെ വ്യാകരണ ക്ലാസ്സാണ് ഉദ്ദേശമെങ്കില്‍ നേരത്തെ അഡ്മിഷനെടുക്കണം.
'ചിരിക്കുന്ന മരപ്പാവകള്‍' നിരത്തിയ വഴി നടന്നാല്‍ 'ഭാര്‍ഗവി നിലയത്തിന്റെ' ഗെയ്റ്റ് കാണാം. നീല വെളിച്ചമുള്ളതുകൊണ്ട് ഇരുട്ടത്തും വഴി തെറ്റില്ല. കൊച്ചമ്മയ്ക്ക് ഇഷ്ടക്കേടുണ്ടാക്കാതിരുന്നാല്‍ മതി. നടന്ന് നടന്ന് സാമ്രാജ്യവും ആകാശമിഠായിയും ചേരുന്നിടത്ത് കാണാം, 'ഓര്‍മയുടെ അറകള്‍'. അത് തുറന്നാല്‍ കാത്തിരിപ്പുണ്ടാകും; 'മുച്ചീട്ടുകാരന്റെ മകളും' സാറാമ്മയും 'ആനവാരിയും പൊന്‍കുരിശും' നാരായണിയും 'ശിങ്കിടിമുങ്കനും' 'സ്ഥലത്തെ പ്രധാന ദിവ്യനും' പാത്തുമ്മയും കുഞ്ഞ്താച്ചുമ്മയും വട്ടനടിമയും ദേവിയും കേശവന്‍ നായരും... ചേരുന്ന 'അനര്‍ഘ നിമിഷ'ങ്ങള്‍.
ഫിഫ്ത് ഫോറം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടുവിട്ടതാണ് ബഷീര്‍. വൈക്കത്ത് നിന്ന് എറണാകുളം വരെ നടന്നു. അവിടുന്ന് കള്ളവണ്ടിയില്‍ കോഴിക്കോട്ടേക്ക്. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായതിന് ജയിലിലായി. കോഴിക്കോട്, കൊല്ലം, കോട്ടയം, തിരുവനന്തപുരം, മദ്രാസ് എന്നിവിടങ്ങളില്‍ സ്വാതന്ത്ര്യസമര സേനാനിയായതിന്റെ പേരില്‍ തടവുശിക്ഷ അനുഭവിച്ചു. അവിടുന്നങ്ങോട്ട് ബഷീറിന്റെ എഴുത്തുജീവിതം ആരംഭിക്കുന്നു. പ്രഭ എന്ന പേരില്‍ എഴുതിത്തുടങ്ങി. ഗാന്ധിയുടെ അഹിംസാവാദത്തില്‍ നിന്ന് വിഭിന്നമായ നിലപാടായിരുന്നു ബഷീറിന്റേത്. തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു സംഘടനയും അതിന്റെ മുഖപത്രമായി 'ഉജ്ജീവനം' എന്നൊരു വരികയും തുടങ്ങി. അധികകാലം അച്ചടിക്കാനായില്ല. അതിനു മുന്‍പേ പ്രസിദ്ധീകരണം കണ്ടുകെട്ടി.
ആയുസ്സിന്റെ അടുത്ത നാളുകളില്‍ അദ്ദേഹം ഇന്ത്യയുടനീളം സഞ്ചരിച്ചു. അലഞ്ഞുതിരിഞ്ഞുള്ള ജീവിതത്തില്‍ പത്തുവര്‍ഷത്തോളം സൂഫിയായും സന്യാസിയായും പകര്‍ന്നാടി. പിന്നെ ഇന്ത്യ വിട്ട് പുറത്തേക്ക്. ആഫ്രിക്കയും അറേബിയയുമായി അടുത്ത തട്ടകം. എന്തെല്ലാമോ ജോലികള്‍ ചെയ്തു. എന്തൊക്കെയോ പഠിച്ചു, അനുഭവിച്ചു. ആ അനുഭവവൈവിധ്യം പില്‍ക്കാല എഴുത്തുകളില്‍ മഴവില്ല് വിരിയിച്ചു. ജീവിതത്തിന്റെ ഗതിവിഗതികളെ അങ്ങേയറ്റം സാരള്യത്തോടെ സമീപിക്കാന്‍ ബഷീറിനെ പ്രാപ്തനാക്കിയതും ചിന്തയില്‍ ചിരിയുടെ പൂമ്പൊടി പരത്തിയതും കടന്നുപോയ ജീവിതവഴികള്‍ നല്‍കിയ ഉള്‍ക്കാഴ്ചകളാണ്.
''ഒരഞ്ഞൂറുകൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ്വജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യര്‍ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കും. മനുഷ്യന്‍ മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം തമ്മില്‍ത്തല്ലി ചാകും.''
മനുഷ്യന്റെ അഹന്തയും അത്യാര്‍ത്തിയും കൃത്യമായളന്ന പ്രവാചകന്‍ കൂടിയായിരുന്നു ബഷീര്‍. പക്ഷേ, മനുഷ്യനന്മയില്‍ ഒരിത്തിരി ആത്മവിശ്വാസം കൂടുതലായിരുന്നോ അദ്ദേഹത്തിന് ? ലോകത്തിന്റെ പോക്ക് കണ്ടിട്ട് ഇനി ഒരഞ്ഞൂറുകൊല്ലം കിട്ടുന്ന കാര്യം സംശയമാണല്ലോ... എന്തായാലും ഒന്നുറപ്പാണ്. കാലം നീട്ടിക്കിട്ടുന്നിടത്തോളം മജീദിന്റെ ഈ ചോദ്യം ജീവിക്കും.
''നിറഞ്ഞ നയനങ്ങളോടെ ചെമ്പരത്തിയില്‍ പിടിച്ചുകൊണ്ട് പൂന്തോട്ടത്തില്‍- സുഹ്‌റാ.
പറയാന്‍ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റാ പറയാന്‍ തുടങ്ങിയത് ?''
( പുനഃപ്രസിദ്ധീകരണം )
Content Highlights: a tribute to author vaikom muhammad basheer