20 മാസം പ്രായം, നാല് ലോക റെക്കോർഡുകൾ; കിക്ക് സ്കൂട്ടറിങ്ങിൽ വിസ്മയം തീർത്ത് കൊച്ചുമിടുക്കി

അതിവേഗത്തിൽ കിക്ക് സ്‌കൂട്ടർ ഓടിക്കുന്ന ബംഗളൂരുവിലെ ഒരു കൊച്ചുമിടുക്കിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് അടുത്തിടെയാണ്. കണ്ടവർ ആദ്യം ചോദിച്ചത് ഇത്ര ചെറിയ കുട്ടിക്ക് ഇതെങ്ങനെ സാധിക്കുന്നു എന്നായിരുന്നു. ആ കുഞ്ഞാണ് അകിറ. വെറും 20 മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞ്, രണ്ടാമത്തെ പിറന്നാളിന് മുമ്പേ കിക്ക് സ്‌കൂട്ടറിങ്ങിൽ നാല് ലോക റെക്കോർഡുകളും മൂന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരങ്ങളും സ്വന്തമാക്കി ശ്രദ്ധ നേടുകയാണ്.
14 മാസം പ്രായമുള്ളപ്പോൾ കസിന്റെ കിക്ക് സ്‌കൂട്ടർ കണ്ടതോടെയാണ് എല്ലാത്തിന്റെയും തുടക്കം. കസിന്റെ സ്‌കൂട്ടർ കണ്ട കുഞ്ഞ് അമ്മയോട് അനുവാദം ചോദിക്കുന്നതുപോലെ നോക്കിയ ശേഷം അതിൽ കയറി. ചെറിയ സഹായത്തോടെ മുന്നോട്ട് തള്ളാൻ തുടങ്ങിയ അകിറയ്ക്ക് മിനിറ്റുകൾക്കകം വീണ്ടും സ്‌കൂട്ടറിൽ കയറണമെന്നായി. അന്നത് ഒരു കുട്ടിയുടെ സ്വാഭാവിക കൗതുകമായി മാത്രമാണ് കുടുംബം കണ്ടത്. എന്നാൽ മാസങ്ങൾക്കുള്ളിൽ ലോക റെക്കോർഡുകളിലേക്കുള്ള യാത്രയായി ആ കൗതുകം വഴിമാറി. “അവളുടെ ഇഷ്ടം ഞങ്ങൾ തിരഞ്ഞെടുത്തതല്ല, തിരിച്ചറിഞ്ഞതാണ്,” എന്നാണ് അമ്മ പ്രിയങ്ക പറയുന്നത്. മകളുടെ സ്‌കൂട്ടറിങ്ങിനേക്കാൾ, അവളുടെ താത്പര്യത്തെ സമ്മർദങ്ങളില്ലാതെ വളരാൻ അനുവദിച്ചതാണ് അവരുടെ ഏറ്റവും വലിയ നേട്ടമെന്നും അവർ വിശ്വസിക്കുന്നു.
“റെക്കോർഡുകളെക്കുറിച്ച് ഞങ്ങൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അവൾക്ക് ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടം മാത്രമായിരുന്നു സ്‌കൂട്ടർ. അവൾ സ്‌കൂട്ടറിൽ കളിക്കുന്ന മനോഹര നിമിഷങ്ങൾ ഓർമയായി സൂക്ഷിക്കാനാണ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ ദിവസങ്ങൾ കടന്നുപോയപ്പോൾ ഒരു കാര്യം വ്യക്തമായി. വീട്ടിലെ മറ്റ് കളിപ്പാട്ടങ്ങളെക്കാൾ എല്ലാ ദിവസവും അകിറ ആദ്യം തേടിയെത്തിയത് സ്‌കൂട്ടറിനെയായിരുന്നു. ആരും പറയാതെ തന്നെ അത് എടുത്ത് ഓടിക്കാൻ അവൾക്ക് ആവേശമായിരുന്നു. ഓരോ ദിവസവും അവളുടെ ബാലൻസ്, ഏകാഗ്രത, ശരീരത്തിന്റെ ഏകോപനം, ആത്മവിശ്വാസം എന്നിവ സ്വാഭാവികമായി മെച്ചപ്പെടുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അപ്പോഴാണ് ഇത് വെറുമൊരു കളിയല്ല, അവളുടെ യഥാർഥ താത്പര്യമാണെന്ന് മനസ്സിലായത്,” പ്രിയങ്ക പറയുന്നു.
അകിറയുടെ മാതാപിതാക്കൾ ഇരുവരും കായിക പശ്ചാത്തലമുള്ളവരാണ്. കായിക പരിശീലനങ്ങൾ മെഡലുകൾ നേടാൻ മാത്രമല്ല, അച്ചടക്കവും ആത്മവിശ്വാസവും കുട്ടികളിൽ വളർത്തുന്നുവെന്നാണ് അവരുടെ വിശ്വാസം. എന്നാൽ ആ വിശ്വാസം ഒരിക്കലും മകളിൽ അടിച്ചേൽപ്പിച്ചിട്ടില്ലെന്ന് പ്രിയങ്ക പറയുന്നു. “ഒരു കുട്ടിയുടെ താത്പര്യം മാതാപിതാക്കൾ തീരുമാനിക്കേണ്ടതല്ല. അത് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അകിറയുടെ കാര്യത്തിലും ഞങ്ങൾ ചെയ്തത് അത്രമാത്രമാണ്. നാല് ലോക റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അകിറയുടെ ദിനചര്യ മറ്റേതൊരു കുഞ്ഞിനേയുംപോലെ തന്നെയാണ്. പുസ്തകങ്ങൾ വായിക്കാനും പാർക്കുകളിൽ കളിക്കാനും നീന്താനും സ്‌കൂട്ടർ ഓടിക്കാനുമാണ് അവൾക്ക് ഇഷ്ടം. കർശന പരിശീലനക്രമങ്ങളൊന്നുമില്ല. ഈ പ്രായത്തിൽ പഠനം കളിയിലൂടെ തന്നെയാകണമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇന്നും സ്‌കൂട്ടർ കാണുമ്പോൾ ആദ്യദിവസത്തെ അതേ ആവേശമാണ് അവൾക്കുള്ളത്,” പ്രിയങ്ക കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ അകിറയുടെ വീഡിയോകൾ വൈറലായതോടെ പ്രശംസകൾക്കൊപ്പം വിമർശനങ്ങളും ഉയർന്നിരുന്നു. സ്വന്തം സ്വപ്നങ്ങൾ മകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും കുട്ടിയുടെ ബാല്യം നഷ്ടപ്പെടുത്തുകയാണെന്നും ചിലർ ആരോപിച്ചു. എന്നാൽ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലഭിച്ച സന്ദേശങ്ങളാണ് കുടുംബത്തിന് ആത്മവിശ്വാസമായത്.
“അകിറയെ കണ്ടാണ് അവരുടെ കുട്ടികൾ കൂടുതൽ സമയം പുറത്തുപോയി കളിക്കാൻ തുടങ്ങിയതെന്ന് പല മാതാപിതാക്കളും പറഞ്ഞു. ചിലർ സ്വന്തം കുട്ടികൾ സ്‌കൂട്ടർ പഠിക്കുന്ന വീഡിയോകളും പങ്കുവെച്ചു. ഞങ്ങളെ വിമർശിച്ചവരിൽ ചിലർ ഇന്ന് സ്വന്തം കുട്ടികളെയും സ്‌കൂട്ടർ പഠിപ്പിക്കുന്നുണ്ട്. സ്‌കൂട്ടർ ചോദിക്കുന്നത് അകിറ തന്നെയാണ്. അവൾക്ക് ഇഷ്ടമുള്ളപ്പോൾ മാത്രമാണ് ഓടിക്കുന്നത്. എല്ലാ സമയത്തും ഞങ്ങളുടെ മേൽനോട്ടവും സുരക്ഷാ ഉപകരണങ്ങളും ഉണ്ടാകും. സമ്മർദമോ പ്രതീക്ഷകളോ ഇല്ല. കുട്ടികളെ നയിക്കുന്നതിന് മുമ്പ് അവരെ നിരീക്ഷിക്കണം. അവരുടെ താൽപര്യം തിരിച്ചറിഞ്ഞ് സുരക്ഷിതമായി വളരാൻ അവസരം നൽകുകയാണ് വേണ്ടത്. ഞങ്ങളുടെ സ്വപ്നം ഒരു റെക്കോർഡ് ഹോൾഡറെ വളർത്തലല്ല. അകിറയുടെ യാത്ര ഒരു കുടുംബത്തെയെങ്കിലും കുട്ടികളോടൊപ്പം കൂടുതൽ സമയം പുറത്തു ചെലവഴിക്കാൻ പ്രേരിപ്പിച്ചാൽ, അതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം.” പ്രിയങ്ക വ്യക്തമാക്കി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: 20-month-old-akira-kick-scootering-world-records