ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ദാർഥ് മൽഹോത്രയും പെൺകുഞ്ഞിനെ വരവേറ്റതിന്റെ ആഹ്ലാദത്തിലാണ്. ദീർഘനാളത്തെ പ്രണയത്തിനുശേഷം 2023-ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയം രഹസ്യമായി സൂക്ഷിക്കാനിഷ്ടപ്പെട്ടവർ വിവാഹത്തിന് തൊട്ടുമുമ്പു മാത്രമാണ് ഇക്കാര്യം തുറന്നുസമ്മതിച്ചത്. കിയാരയുടെ 'ലസ്റ്റ് സ്റ്റോറീസ്' എന്ന സിനിമയുടെ റാപ്പ് അപ്പ് പാർട്ടിയിൽ വെച്ചാണ് സിദ്ധാർഥിനെ അവരാദ്യം കാണുന്നത്. ആ നിമിഷം മുതൽ പ്രണയം മൊട്ടിട്ടുവെന്ന് കരുതുന്നവരുണ്ട്. ആലിയ ഭട്ടുമായുള്ള സിദ്ദാർഥിന്റെ അഞ്ചുവർഷംനീണ്ട പ്രണയം അപ്പോഴേക്കും അവസാനിച്ചിരുന്നു. ആലിയ എന്നായിരുന്നു കിയാര അദ്വാനിയുടെ യഥാർഥപേരെന്നതും കൗതുകമാണ്. ഏറെക്കുറെ ഒരേപ്രായത്തിലുള്ള രണ്ടു നായികമാർക്ക് ഒരേ പേര് വരുന്നത് ആശയക്കുഴപ്പങ്ങളുണ്ടാക്കുമെന്നതിനാൽ കിയാര എന്നു പേരുമാറ്റുകയായിരുന്നു.
'ഷേർഷാ' എന്ന ചിത്രത്തിലൂടെയാണ് കിയാരയും സിദ്ദാർഥും ആദ്യമായി സ്ക്രീനിൽ ഒരുമിച്ചത്. മികച്ച കെമിസ്ട്രിയായിരുന്നു ഇരുവർക്കും. സെറ്റിൽവെച്ചുതന്നെ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർക്ക് മനസ്സിലായിരുന്നു. പിന്നീട് പലരും അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ബന്ധം മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ രഹസ്യമായി സൂക്ഷിക്കാനാണ് ഇവർ ഇഷ്ടപ്പെട്ടത്. പക്ഷേ, ആരാധകർ ഇവരെപ്പറ്റി അറിയാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ, ഇവരുടെ രഹസ്യ യാത്രകളുടെ ചില ഫോട്ടോകൾ പുറത്തുവന്നതോടെ ഇത് ഡേറ്റിങ് തന്നെയെന്ന് ആരാധകർ ഉറപ്പിച്ചു. 2019-ലെ ദക്ഷിണാഫ്രിക്കൻ യാത്രയുടെ ചിത്രങ്ങളായിരുന്നു ഇതിൽ പ്രധാനം. ഇരുവരുമൊന്നിച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നില്ലെങ്കിലും ആളുകൾ ഇക്കാര്യം കണ്ടുപിടിച്ചു. അപ്പോഴും അവരൊന്നും തുറന്നുപറഞ്ഞില്ല.
2022-ൽ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ തങ്ങൾ വെറും അടുത്ത സുഹൃത്തുക്കളല്ലെന്ന് കിയാര പറഞ്ഞു. മറ്റൊരു എപ്പിസോഡിൽ സിദ്ധാർഥ്, കിയാരയ്‌ക്കൊപ്പം സന്തോഷകരമായ ഒരു ഭാവി പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.
2023 ജനുവരിയിൽ നടന്റെ ജന്മദിനത്തിൽ, കിയാര ആദ്യമായി ഇരുവരും ഒന്നിച്ചുള്ള ചിത്രം ആരാധകർക്കായി പങ്കുവെച്ചു. റോമിൽ വെച്ചാണ് സിദ്ധാർഥ് തന്നോട് വിവാഹാഭ്യർഥന നടത്തിയതെന്ന് വിവാഹശേഷം മാത്രമാണ് കിയാര വെളിപ്പെടുത്തിയത്. "എൻ്റെയും അദ്ദേഹത്തിൻ്റെയും കുടുംബം ഒരുമിച്ചുള്ള ആദ്യത്തെ അവധിക്കാല യാത്രയായിരുന്നു അത്. വിവാഹാഭ്യർഥന നടത്തിയ രീതി അല്പം നാടകീയമായിരുന്നു. ഞാൻ വികാരാധീനയായി. അപ്പോഴദ്ദേഹം ഞങ്ങൾ ഒന്നിച്ചഭിനയിച്ച 'ഷേർഷാ'യിലെ സംഭാഷണങ്ങൾ പറയാൻ തുടങ്ങി. 'ഡൽഹിക്കാരനായ ഒരു സാധാരണ പയ്യനാണ് ഞാൻ' എന്നൊക്കെ. അതുകേട്ട് ഞാൻ പൊട്ടിച്ചിരിച്ചുപോയി."-കിയാര അന്ന് പറഞ്ഞു.
അങ്ങനെ 2023 ഫെബ്രുവരി 7-ന് രാജസ്ഥാനിലെ സൂര്യഗഡ് പാലസിൽ വെച്ച് ഇവർ വിവാഹിതരായി. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ രാജകീയമായി നടന്ന വിവാഹത്തിൽ ഷാഹിദ് കപൂർ, മീരാ രജ്പുത്, കരൺ ജോഹർ, ഇഷാ അംബാനി തുടങ്ങിയ താരസുഹൃത്തുക്കളും പങ്കെടുത്തിരുന്നു. വരുൺ ധവാൻ, മോഹിത് മർവ, മുസ്തഫ ബർമാവാല തുടങ്ങിയവരുമായി കിയാര നേരത്തേ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 16 Jul 2025, 04:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented