പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റുമായി ഫുഡ്ബോൾ താരം ട്രാവിസ് കെൽസിയുടെ വിവാഹനിശ്ചയം കഴിഞ്ഞത് കുറച്ചുമുമ്പാണ്. ഇപ്പോഴിതാ ട്രാവിസിന്റെ അമ്മ ഡോണ കെൽസി ഉടനെ പേരക്കുട്ടിയെ വേണമെന്ന് സമ്മർദ്ദം ചെലുത്തുകയാണെന്ന് പറയുകയാണ് കെൽസി സഹോദരന്മാർ.

മുൻ ഫുഡ്ബോൾ താരമാണ് ട്രാവിസിന്റെ സഹോദരൻ ജേസൺ കെൽസി. ജേസണും ട്രാവിസും കോച്ച് ഡിയോൺ സാൻഡേഴ്‌സിനെ അതിഥിയായി ക്ഷണിച്ച, 'ന്യൂ ഹൈറ്റ്‌സ്' പോഡ്‌കാസ്റ്റിന്റെ എപ്പിസോഡിലായിരുന്നു തമാശരൂപേണ ഇരുവരുടെയും വെളിപ്പെടുത്തൽ. ഒരു ഘട്ടത്തിൽ, താൻ മക്കളെ റാങ്ക് ചെയ്യാറുണ്ടെന്ന് ഡിയോൺ പറഞ്ഞു. "നിങ്ങളുടെ മാതാപിതാക്കളും നിങ്ങളെ റാങ്ക് ചെയ്യാറുണ്ട്. നിങ്ങൾക്കത് അറിയില്ലെന്ന് മാത്രം" ഡിയോൺ പറഞ്ഞു.

ഇതിനോട് പ്രതികരിച്ചുകൊണ്ട്, അമ്മ എപ്പോഴും തന്നേക്കാൾ കൂടുതൽ ട്രാവിസിനാണ് പരിഗണന നൽകിയിരുന്നതെന്ന് ജേസൺ പറഞ്ഞു, "അത് ഉറപ്പാണ്. അമ്മയ്ക്ക് എപ്പോഴും ട്രാവിസ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. എനിക്കത് അറിയാം."

എന്നാൽ, ജേസൺ അച്ഛനായതിന് ശേഷം റാങ്കിങ്ങിൽ മാറ്റം വന്നിട്ടുണ്ടെന്ന് 35-കാരനായ ട്രാവിസും പറഞ്ഞു. ജേസണ് ഭാര്യ കൈലി കെൽസിയിൽ അഞ്ച് വയസ്സുള്ള വ്യാറ്റ്, നാല് വയസ്സുള്ള എലിയറ്റ്, രണ്ട് വയസ്സുള്ള ബെന്നറ്റ്, അഞ്ചുമാസം പ്രായമുള്ള ഫിൻ എന്നീ പെൺമക്കളുണ്ട്. "ഇപ്പോൾ അമ്മയുടെ ഒന്നാം നമ്പർ ജേസണാണ്, കാരണം അവന് കുട്ടികളുണ്ട്," ട്രാവിസ് പറഞ്ഞു.

അനുജൻ പറഞ്ഞതിനോട് ജേസൺ യോജിച്ചു. അത് ശരിയാണ്. അമ്മ അങ്ങനെ പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായം അവർക്കുണ്ട്. വിവാഹശേഷം ട്രാവിസും ഉടനെ അച്ഛനാകണമെന്നാണ് അമ്മയുടെ ആഗ്രഹം. ട്രാവിസിന് അമ്മ അൽപം സമ്മർദ്ദം നൽകിയിട്ടുണ്ടെന്നും ജേസൺ പറഞ്ഞു. ഇതുകേട്ട് ഡിയോണിന് ചിരിയടക്കാനായില്ല. 

അതേസമയം, ട്രാവിസ് കെൽസിയുടെയും ടെയ്‌ലർ സ്വിഫ്റ്റിന്റെയും വിവാഹനിശ്ചയത്തിൽ ഡോണ കെൽസി വളരെ വികാരാധീനയായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികൾ എന്ന നിലയിലുള്ള അവരുടെ ആദ്യ ദിവസങ്ങളിലെ ഓർമ്മവസ്തുക്കളെല്ലാം 72-കാരിയായ അമ്മ സൂക്ഷിച്ചുവയ്ക്കുന്നുണ്ടത്രേ. ഫോട്ടോകൾ, കുറിപ്പുകൾ, പൂക്കൾ തുടങ്ങി ചെറിയ കാര്യങ്ങൾ പോലും അവരുടെ ശേഖരത്തിലുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi