'ഈ ചിത്രത്തിൽ അഭിനയിക്കാൻ കാരണം ആമിർ ഖാൻ; കഥാപാത്രത്തിന് അനുയോജ്യയല്ലെന്ന് തോന്നി'

സായ് പല്ലവിയുടെ ആദ്യ ബോളിവുഡ് റിലീസാണ് 'ഏക് ദിൻ'. സുനിൽ പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തിൽ, ആമിർ ഖാന്റെ മകൻ കൂടിയായ ജുനൈദ് ഖാനാണ് നായകനായത്. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആമിർ ഖാൻ, മൻസൂർ ഖാൻ, അപർണ പുരോഹിത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മീര രംഗനാഥൻ എന്ന കഥാപാത്രമായാണ് സായ് ഇതിൽ അഭിനയിക്കുന്നത്. ചിത്രത്തിന് പ്രേക്ഷകരിൽനിന്ന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചതെങ്കിലും, ബോക്‌സോഫീസിൽ വിജയിച്ചില്ല.
ഇപ്പോഴിതാ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സായ്. താരത്തിനൊപ്പം ജുനൈദ് ഖാനുമുണ്ടായിരുന്നു. ആമിർ ഖാൻ ടോക്കീസ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് സായ്‌യും ജുനൈദും തമ്മിലുള്ള ചാറ്റ് പുറത്തുവിട്ടത്.
'ഏക് ദിൻ' എന്ന സിനിമയിൽ അഭിനയിക്കാനുള്ള തീരുമാനത്തെക്കുറിച്ചാണ് ജുനൈദ് താരത്തിനോട് ചോദിച്ചത്. ഇത്രയധികം ഭാഷകളിലെ വമ്പൻചിത്രങ്ങളുടെ ഭാഗമാവുന്ന സായ് ഒരിക്കലും ഈ ചിത്രത്തിൽ വെറുതെ അഭിനയിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് സായ് പല്ലവിയുടെ മറുപടിയിങ്ങനെ, ''ഒരു സിനിമയുടെ വലിപ്പമല്ല എന്നെ അതിലേക്ക് നയിക്കുന്നത്. എന്റെ കരിയറിൽ ആ സമയത്ത്, ഞാൻ ഒരുപാട് ഹെവി സിനിമകൾ ചെയ്തിരുന്നു. ഒരു ലൈറ്റായിട്ടുള്ള സിനിമയുടെ ഭാഗമാകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ തിരക്കഥ കേട്ടപ്പോൾ, 'ബിഫോർ സൺറൈസ്' എന്ന സിനിമ പോലെയാണെന്ന് എനിക്ക് തോന്നി. ആ സിനിമ എനിക്കൊരുപാട് ഇഷ്ടമാണ്. ഇത് അങ്ങനെയായിരിക്കുമെന്ന് കരുതി. അങ്ങനെയാണ് ഓകെ പറയുന്നത്''.
അതേസമയം ആമിർ ഖാന് ഈ സിനിമയുമായുള്ള ബന്ധമാണ് തന്നെ ഇതിലേക്ക് നയിച്ച മറ്റൊരു വലിയ ഘടകമെന്നും സായ് പറയുന്നു. ആമിറിന്റെ വൈവിധ്യമാർന്ന സിനിമാകരിയർ തന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ''തുടക്കത്തിൽ ഈ സിനിമയ്ക്ക് ഞാൻ അനുയോജ്യമല്ലെന്നും (miscast) എനിക്ക് തോന്നിയിരുന്നു. സിനിമയുടെ പ്രീമിയറിനുശേഷം എന്തെങ്കിലും പറയാൻ ആമിർ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു, 'ഇത് ഞാൻ ചെയ്യേണ്ടതായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. ഞാൻ അനുയോജ്യയല്ലെന്ന് തന്നെയാണ് ചിന്തിക്കുന്നത്. ഒരു പുതിയ താരം ഇത് ചെയ്തിരുന്നെങ്കിൽ കൂടുതൽ നന്നായേനെ''.
തായ് സിനിമയായ 'വൺ ഡേ'യുടെ റീമേക്കാണ് 'ഏക് ദിൻ'. 2016-ലാണ് 'വൺ ഡേ' റിലീസ് ചെയ്തത്. അതേസമയം 1995-ൽ റിലീസായ ഹോളിവുഡ് ചിത്രമാണ് 'ബിഫോർ സൺറൈസ്'. സായ് പല്ലവിയുടേതായി ബോളിവുഡ് ചിത്രങ്ങൾ അണിയറയിലാണ്. 'രാമായണ' എന്ന പാൻഇന്ത്യൻ ബിഗ് ബജറ്റ് ചിത്രത്തിൽ സായ് ആണ് സീതയായെത്തുന്നത്. നായകനാവുന്നത് റൺബീർ കപൂറും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sai Pallavi explains her decision to join the cast of Ek Din for its lighthearted script. The actress admits feeling she was a 'miscast' for the role of Meera Ranganathan.