താരകുടുംബത്തിലാണ് റിദ്ദിമ കപൂർ ജനിച്ചത്. ബോളിവുഡ് താരങ്ങളായ റിഷി കപൂറിന്റെയും നീതു സിങ്ങിന്റെയും മൂത്തമകൾ. സഹോദരൻ റൺബീർ കപൂറും സിനിമയിൽ തന്നെ എത്തിയെങ്കിലും, ആ വഴിയിലേക്ക് റിദ്ദിമ തിരിഞ്ഞിരുന്നില്ല. അവർ ജ്വല്ലറി ഡിസൈനിങ്ങിലാണ് തന്റെ കരിയർ പടുത്തുയർത്തിയത്. 2006-ൽ ഡൽഹിയിൽനിന്നുള്ള വ്യവസായിയായ ഭരത് സാഹ്നിയുമായുള്ള വിവാഹവും. ഇന്ന് 15 വയസ്സുള്ളൊരു മകളുമുണ്ട് റിദ്ദിമ-ഭരത് ദമ്പതിമാർക്ക്.

To advertise here,

ഒടുവിൽ റിദ്ദിമയും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 46-കാരിയായ റിദ്ദിമ, 'ദാദി കി ശാദി' എന്ന സിനിമയിലൂടെയാണ് ബോളിവുഡിലെത്തുന്നത്. അവതാരകനും നിർമാതാവുമായ കപിൽ ശർമ, നീതു സിങ്, ആർ.ശരത്കുമാർ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കും. സ്‌ക്രീനിൽ റിദ്ദിമയുടെ അമ്മയായെത്തുന്നത് നീതു സിങ് തന്നെ. ആഷിഷ് ആർ.മോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്. റിദ്ദിമയ്‌ക്കൊപ്പം അവരുടെ മകൾ സമാറയും സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

അരങ്ങേറ്റത്തെക്കുറിച്ച് റിദ്ദിമ പറയുന്നതിങ്ങനെ, ''ഇത് ശരിക്കും വൈകാരികമായി തോന്നുന്നു. എന്റെ അച്ഛൻ എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം. ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടാവുകയും ചെയ്യും. ആ ചിന്ത എനിക്ക് വളരെയധികം ശക്തിയും ആശ്വാസവും നൽകുന്നു''. അമ്മയോടൊപ്പം അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. ''അമ്മ എത്ര അനായാസമായിട്ടാണ് അഭിനയിക്കുന്നതെന്ന് അടുത്തുനിന്ന് കാണാൻ പറ്റി. 'സ്വാഭാവികമായി തുടരുക, അമിതമായി ചിന്തിക്കാതിരിക്കുക' എന്ന ഉപദേശമാണ് അമ്മ നൽകിയത്. എന്റെ പ്രകടനം ഭംഗിയാക്കാൻ ആ ഉപദേശം എന്നെ ഒരുപാട് സഹായിച്ചു''. മകളും ഈ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുവെന്നത് തനിക്ക് വളരെയധികം അഭിമാനം നൽകുന്ന കാര്യമാണെന്നും റിദ്ദിമ പറയുന്നു. നേരത്തെ നെറ്റ്ഫ്‌ളിക്‌സ് റിയാലിറ്റി ഷോ സീരീസായ 'Fabulous Lives of Bollywood Wives'-ൽ റിദ്ദിമ പങ്കെടുത്തിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi