ജനനായകനുശേഷം വിജയ് സിനിമയിൽനിന്ന് വിടവാങ്ങിയതിനുപിന്നിലെ കാരണമിത്

വിജയ്, ശ്യാം
വിജയ്, ശ്യാം

'ജനനായകൻ' (Jana Nayagan) എന്ന സിനിമയോടെ താൻ അഭിനയത്തോട് വിടവാങ്ങുകയാണെന്ന നടൻ വിജയ്‌യുടെ പ്രഖ്യാപനം പലരും അന്ന് ഞെട്ടലോടെയാണ് കേട്ടത്. താരത്തിന്റെ ആ തീരുമാനം സിനിമാലോകത്തെ ഒന്നാകെ അദ്ഭുതപ്പെടുത്തി. അതിനുശേഷം വിജയ് രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണെന്ന് കേട്ടപ്പോൾ അണികൾ ആവേശത്തിലായി. അപ്പോഴും വിജയ്‌യുടെ അവസാനചിത്രം തിയേറ്ററിൽ ആഘോഷമാക്കണമെന്ന സ്വപ്‌നത്തിലായിരുന്നു അവർ. എന്നാൽ, ജനനായകൻ സെൻസർ ബോർഡിന്റെ കത്രികപ്പൂട്ടിൽ കുടുങ്ങിയതോടെ, സിനിമയുടെ റിലീസിങ് നീളുകയാണ്.

അതിനിടെ വിജയ്‌യുടെ സിനിമയിൽനിന്നുള്ള വിടവാങ്ങലിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും താരത്തിന്റെ അടുത്തസുഹൃത്തുമായ ശ്യാം. കരിയറിൽ ഏറ്റവും നല്ല സമയത്ത് തന്നെ വിജയ് ഇങ്ങനെയൊരു തീരുമാനമെടുത്തതിനുപിന്നിലെ കാരണങ്ങളിലേക്കും അദ്ദേഹം വെളിച്ചം വീശുന്നു. 'ലീഡർ' സിനിമയുടെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവേയാണ് ശ്യാം ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. താൻ ഇക്കാര്യം വിജയ്‌യോട് ചോദിച്ചിരുന്നുവെന്നും ശ്യാം പറയുന്നു.

വിജയ്‌യുടെ മാനസികാവസ്ഥയെക്കുറിച്ചും അദ്ദേഹത്തിന്റെ വിശ്വാസത്തെക്കുറിച്ചുമെല്ലാം ശ്യാം വിശദീകരിക്കുന്നു. ''ഞാൻ വിജയ്‌യോട് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. എന്തുകൊണ്ടാണ് ജനനായകനാണ് അവസാനസിനിമയെന്ന് പ്രഖ്യാപിച്ചതെന്നും ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അതിന് വിജയ് തന്ന മറുപടിയിങ്ങനെ, 'നിങ്ങൾ എന്തെങ്കിലുമൊരു കാര്യം ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞാൽ, അതിൽ തന്നെ ഫോക്കസ് ചെയ്യണം. അങ്ങനെയെങ്കിൽ മാത്രമേ നിങ്ങൾ വിജയിക്കൂ'. ഇത് ശരിക്കും അദ്ദേഹത്തിന്റെ മനോഭാവമാണ് (mindset) വ്യക്തമാക്കിത്തരുന്നത്''. ശ്യാമിന്റെ ഈ വാക്കുകൾ ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.

വിജയ് യുടെ തീരുമാനം പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ടാകാമെന്നും ശ്യാം തുറന്നുപറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിജയ് തന്റെ അടുത്ത ഘട്ടത്തിനായി സ്വയം പൂർണമായും സമർപ്പിക്കുന്നതാണിത്.

ജനനായകൻ വലിയ ഹിറ്റാകുമെന്നും ശ്യാം പറയുന്നു. ''ജനനായകൻ എപ്പോൾ റിലീസായാലും, അതൊരു വലിയ സിനിമയായിരിക്കും. അത് തമിഴ് സിനിമയിൽ ചരിത്രം സൃഷ്ടിക്കും''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vijay officially retired from acting following his final film, Jana Nayagan. The decision focuses on his complete commitment to his 2026 political career. Actor Shaam confirms that Vijay believes in singular focus to achieve success.