ചാരനെന്ന് മുദ്രകുത്തി പാക് ജയിലിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ്; 22 വര്‍ഷം ആരോടും സംസാരിക്കാതെ വീർ

വീർ-സാറ പോസ്റ്റർ /Wikipedia
വീർ-സാറ പോസ്റ്റർ /Wikipedia

ചെയ്യാത്ത കുറ്റത്തിന്, സ്വന്തം പേര് പോലും നഷ്ടമായി 22 വര്‍ഷം പാക് ജയിലില്‍ തടവില്‍ കഴിഞ്ഞ ഇന്ത്യന്‍ പൈലറ്റ്  മടങ്ങുംമുമ്പ് പാക് കോടതിയില്‍ ഒരു കുറിപ്പ് വായിച്ചു. അതിങ്ങനെയാണ്.....

''786 നമ്പര്‍ പ്രതിയായ ഞാന്‍ ജയില്‍ മുറിയുടെ അഴികള്‍ക്കിടയിലൂടെ പുറത്തേക്കുനോക്കുമ്പോള്‍ ദിനവും മാസവും പതിറ്റാണ്ടുകളായി മാറുന്നത് കാണുന്നു. ഇവിടുത്തെ മണ്ണിന് എന്റെ അച്ഛന്റെ പാടത്തിന്റെ അതേ സുഗന്ധം. ഈ വെയിലിന് അമ്മ പകരുന്ന ലസ്സിയുടെ അതേ കുളിര്‍മ. ഇവിടുത്തെ മഴ എനിക്ക് മണ്‍സൂണ്‍ ഊഞ്ഞാലയുടെ ഓര്‍മയാണ്. ഇവിടുത്തെ ശൈത്യം എന്നെ ലോഡിയുടെ രാക്കുളില്‍ പടരുന്ന അഗ്‌നി ഓര്‍മിപ്പിക്കുന്നു. ഇതെന്റെ രാജ്യമല്ല എന്നാണ് അവര്‍ പറയുന്നത്. എന്നിട്ടും ഇതെന്റെ രാജ്യമായി എനിക്ക് തോന്നുന്നതെന്ത് ? ഞാന്‍ അവരെ പോലെയല്ല എന്നവര്‍ പറയുന്നു. പക്ഷെ, എന്നിട്ടും അവരെന്താണ് എന്നെപ്പോലെ ?''

യഷ് ചോപ്ര സംവിധാനം ചെയ്ത 'വീര്‍-സാറ' എന്ന ചിത്രത്തിലെ ഏറ്റവും നൊമ്പരമുണര്‍ത്തുന്ന രംഗമാണിത്. തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ പാകിസ്താന്‍ ഭരണകൂടം തീരുമാനിക്കുന്നതാണ് സിനിമയുടെ തുടക്കം. സാമിയ സിദ്ദിഖി(റാണി മുഖര്‍ജി) എന്ന തുടക്കക്കാരിക്ക് കിട്ടുന്നത് 786 നമ്പര്‍ പ്രതിയെയാണ്. ദൈവത്തിന്റെ നമ്പര്‍ പതിഞ്ഞ ആ പ്രതിയുമായി കേസിനുവേണ്ടി സാമിയ അടുക്കുന്നു.രാജേഷ് റാത്തോര്‍ (ഷാരൂഖ് ഖാന്‍) എന്ന് ജയില്‍ രേഖകളില്‍ പേരുള്ള, ചാരക്കുറ്റം ആരോപിക്കപ്പെട്ട ആ മനുഷ്യന്റെ ഞെട്ടിക്കുന്ന ഫ്‌ളാഷ്ബാക്കാണ് സാമിയ കണ്ടെത്തുന്നത്.

അയാള്‍ വീര്‍ പ്രതാപ് സിങ് ആണെന്നും ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റ് ആണെന്നും അവള്‍ തിരിച്ചറിയുന്നു. സാമിയക്കൊപ്പം വീര്‍ ഓര്‍മകളിലേക്ക് നടക്കുമ്പോള്‍ സാറ(പ്രീതി സിന്റ) എന്ന പാക് പെണ്‍കുട്ടിയുമായുള്ള അയാളുടെ പ്രണയവും പുറത്തുവരുന്നു. അവള്‍ക്കു വേണ്ടിയാണ് കഴിഞ്ഞ 22 വര്‍ഷമായി വീര്‍ അന്യരാജ്യത്തെ തടവുപുള്ളിയായി താമസിക്കുന്നത്. 

സാറ വിവാഹിതയായിക്കാണും എന്ന് കരുതുന്ന വീര്‍ കേസില്‍ അവളുടെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്. കള്ളപ്പേര് നല്‍കി, കള്ളക്കേസില്‍ പെടുത്തി തന്നെ ചതിച്ചത് സാറയുടെ വരന്‍ ആണെന്ന് അയാള്‍ക്കറിയാം. എന്നിട്ടും തടവില്‍ തുടരാനാണ് അയാളുടെ തീരുമാനം. സാറയുടെ സന്തോഷങ്ങളേക്കാള്‍ വലുതല്ല, വീറിന് സ്വന്തം പേരും സ്വാതന്ത്ര്യവും. ഒരു വാക്ക് കൊണ്ടുപോലും അവളുടെ ആനന്ദങ്ങള്‍ ഇല്ലാതാകാതിരിക്കാന്‍ അയാള്‍ ഇക്കാലമത്രയും മൗനം പാലിക്കുകയായിരുന്നു.

യഷ് ചോപ്ര/Wikipedia

പക്ഷേ, വീര്‍ മരിച്ചുപോയെന്ന് കരുതി അയാളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയില്‍ താമസമാക്കിയ സാറയെ സാമിയ കണ്ടെത്തുന്നു. രണ്ട് പതിറ്റാണ്ടായി അതിര്‍ത്തിക്ക് ഇരുപുറം വേര്‍പിരിഞ്ഞു കഴിഞ്ഞ വീര്‍-സാറ പ്രണയത്തെ എല്ലാ ആദരവോടെയും തിരിച്ചറിയുന്ന പാക് കോടതി, വീര്‍ പ്രതാപ് സിങിന് പേരും സ്വാതന്ത്ര്യവും തിരികെനല്‍കുന്നു. സാറയുടെ കൈപിടിച്ച് ജന്മനാട്ടിലേക്ക് തലയുയര്‍ത്തിപ്പിടിച്ച് നടക്കുന്ന വീറിനെയും അതിര്‍ത്തിക്കപ്പുറം ഈറന്‍ കണ്ണുകളോടെ അവരെ നോക്കുന്ന സാമിയയുമാണ് അവസാനരംഗത്തില്‍ നിറയുന്നത്.

ഇന്ത്യ-പാക് ബന്ധത്തെ ഏറ്റവും സെന്‍സിറ്റിവ് ആയി കൈകാര്യം ചെയ്ത സിനിമയാണ് 'വീര്‍-സാറ.' മുന്‍വിധികളും ആശങ്കകളും സന്ദേഹങ്ങളും ഉണ്ടെങ്കിലും ഇരു രാജ്യങ്ങളും പങ്കുവെക്കുന്ന മൂല്യങ്ങള്‍ ഒന്ന് തന്നെ എന്നും വ്യക്തികള്‍ക്കുള്ളിലാണ് വിദ്വേഷമെന്നും  സിനിമ പറഞ്ഞുവെയ്ക്കുന്നു. മാനവികതയുടെ നീരൊഴുക്കുകള്‍ വെട്ടിക്കാന്‍ തീവ്രവാദത്തിന്റെ തീയ്ക്ക് ഒരിക്കലും സാധിക്കില്ല. നന്മയുടെയും സ്‌നേഹത്തിന്റെയും വിത്തുകള്‍ ഏത് മണ്ണിലും മുളയ്ക്കും. ഇരു രാജ്യങ്ങളും സംഘര്‍ഷമുമ്പില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ 'വീര്‍-സാറ' പകരുന്ന പ്രത്യാശയും അതുതന്നെ.  


 

Content Highlights: veer-zara portrays a lovestory across indo-pak border