30 കഴിഞ്ഞാൽ പ്രണയനായികയാകാൻ പറ്റില്ലേ? ഷാരൂഖ് ഖാനോട് അങ്ങനെ പറയാൻ ധൈര്യമുണ്ടോ?

ഒരു നടന് പ്രായം കൂടുമ്പോൾ അത് അനുഭവസമ്പത്തായും താരമൂല്യമായും ആഘോഷിക്കപ്പെടുന്നു. എന്നാൽ അതേ സിനിമാ ലോകത്ത് ഒരു നടി മുപ്പതുകൾ പിന്നിടുമ്പോൾ അവളുടെ പ്രായം തന്നെ അവസരങ്ങൾക്ക് തടസ്സമാകുന്ന സാഹചര്യമാണ് ഇന്നും നിലനിൽക്കുന്നതെന്ന് തുറന്നു പറയുകയാണ് നടി താപ്‌സി പന്നു. ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും നായികമാർ നേരിടുന്ന പ്രായവിവേചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താപ്‌സി. റൊമാന്റിക് സിനിമകളിൽ അഭിനയിക്കാൻ തനിക്ക് പ്രായക്കൂടുതലുണ്ടെന്നുള്ള വിലയിരുത്തലുകൾ നേരിട്ടിട്ടുണ്ടെന്നും, എന്നാൽ നായകന്മാർക്ക് ഒരിക്കലും ഇത് നേരിടേണ്ടി വരുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഇരുപതുകളുടെ മധ്യത്തിൽ ബോളിവുഡിലെത്തിയ താപ്‌സിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങൾ ലഭിക്കാൻ ആദ്യത്തെ മൂന്ന്-നാല് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നിരുന്നു. അതിനുശേഷം മാത്രമാണ് സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു.
“സിനിമയിൽ നിങ്ങൾ ഒരു നിലയിലേക്ക് എത്തുമ്പോഴേക്കും മുപ്പത് വയസ്സ് പിന്നിട്ടിരിക്കും. അപ്പോൾ അവർ പറയുന്നത് റൊമാന്റിക് സിനിമകളിൽ അഭിനയിക്കാൻ ചെറുപ്പക്കാരെയാണ് വേണ്ടതെന്നാണ്. പലപ്പോഴും ആ കഥാപാത്രത്തിന് അത്ര ചെറുപ്പമുള്ള ഒരാളെ ആവശ്യമില്ലെന്ന് തോന്നിയിട്ടും, അവർ കൂടുതലും ചെറുപ്പക്കാരെയാകും തേടുക. എന്നാൽ നായകന്മാരുടെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കുന്നില്ല. പ്രായവിവേചനം സിനിമയിൽ വലിയ പ്രശ്‌നമാണ്,” താപ്‌സി പറഞ്ഞു.
തെന്നിന്ത്യൻ സിനിമകളിലും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. മുതിർന്ന ഒരു നായകന്റെ നായികയായി അഭിനയിച്ചാൽ, പിന്നീട് യുവതാരങ്ങൾ തനിക്കൊപ്പം അഭിനയിക്കാൻ മടിച്ചിരുന്നുവെന്നാണ് താപ്‌സിയുടെ വെളിപ്പെടുത്തൽ.
“ഞാൻ ഒരു മുതിർന്ന നടന്റെ നായികയായി അഭിനയിച്ചാൽ, യുവതാരങ്ങൾ 'അവൾ ഇതിനകം ആ നടനൊപ്പം അഭിനയിച്ച ആളല്ലേ' എന്ന രീതിയിൽ ചിന്തിക്കുമായിരുന്നു. എന്നാൽ ഷാറൂഖ് ഖാനെക്കുറിച്ച് അങ്ങനെ പറയാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ? ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചാൽ ഒരു നടിയുടെ ജീവിതം തന്നെ മാറും. പക്ഷേ, എനിക്കെതിരെ അത്തരമൊരു വിലക്ക് തെന്നിന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ട്,” താപ്‌സി പറഞ്ഞു.
കാലക്രമേണ ഈ യാഥാർഥ്യം അംഗീകരിക്കേണ്ടി വന്നെന്നും, പ്രായത്തെക്കുറിച്ചുള്ള മുൻവിധികളുമായി പോരാടുന്നതിനേക്കാൾ തന്റെ പ്രായത്തിന് അനുയോജ്യവും തനിക്ക് ആസ്വദിക്കാനാവുന്നതുമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
‘അസി’ എന്ന ചിത്രത്തിലാണ് താപ്‌സി അവസാനമായി അഭിനയിച്ചത്. ബലാത്സംഗത്തിനിരയായ ഒരു യുവതിക്കായി നീതി തേടുന്ന അഭിഭാഷകയുടെ വേഷത്തിലാണ് ചിത്രത്തിൽ താരം എത്തിയത്. നിരൂപക പ്രശംസ നേടിയെങ്കിലും ചിത്രത്തിന് ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: taapsee-pannu-slams-ageism-in-cinema