സുരാജിന്റെ അഭിനയം കണ്ട് കൈയടിച്ച് രജനീകാന്ത്

രജനീകാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്/Instagram
രജനീകാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്/Instagram

രജനീകാന്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുക എന്നത് ഏതൊരു താരത്തിനും വലിയ നേട്ടമാണ്. എന്നാൽ, സ്വന്തം അഭിനയം കണ്ട് സൂപ്പർതാരം നേരിട്ടെത്തി അഭിനന്ദിക്കുക കൂടി ചെയ്താലോ? മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂടിന് ജയിലർ 2ന്റെ സെറ്റിൽ ലഭിച്ച അനുഭവം അത്തരത്തിലൊന്നാണ്. തന്റെ രംഗം പൂർത്തിയാക്കിയിട്ടും സെറ്റിൽനിന്ന് മടങ്ങാതെ സുരാജിന്റെ അഭിനയം കാണാൻ കാത്തിരുന്ന രജനികാന്ത്, ഷോട്ട് പൂർത്തിയായതിനു പിന്നാലെ എഴുന്നേറ്റുനിന്ന് കൈയടിക്കുകയായിരുന്നു. ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാൻ കഴിയുന്ന നിമിഷമായിരുന്നു അതെന്ന് സുരാജ് പറയുന്നു. ജയിലർ 2ന്റെ പ്രീ-റിലീസ് പരിപാടിക്കിടെയാണ് സുരാജ് ഈ അനുഭവം പങ്കുവച്ചത്.

''സെറ്റിൽ നടന്ന ഒരു കാര്യം പറയാം. രജനിസാർ തന്റെ ഷോട്ട് പൂർത്തിയാക്കി സെറ്റിൽനിന്ന് പോകേണ്ടതായിരുന്നു. എന്നാൽ എന്റെ അഭിനയം കാണാൻ അദ്ദേഹം അവിടെത്തന്നെ തുടർന്നു. ഞാൻ അഭിനയിച്ചശേഷം സംവിധായകൻ 'കട്ട്' എന്നു പറഞ്ഞതും ആരോ കൈയടിക്കുന്നതു കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ അത് രജനിസാറായിരുന്നു. സാറ് എഴുന്നേറ്റുനിന്ന് കൈയടിച്ചതോടെ സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരും അഭിനന്ദനങ്ങളുമായെത്തി. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷമായിരുന്നു അത്. അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെങ്കിലും രജനിസാറിൽനിന്നുള്ള അഭിനന്ദനത്തിന് അതിനേക്കാൾ വിലയുണ്ട്. ഇത്ര വലിയ സൂപ്പർതാരമായിട്ടും സിനിമയെക്കുറിച്ചും സഹപ്രവർത്തകരുടെ അഭിനയത്തെക്കുറിച്ചും അവരുടെ രീതികളെക്കുറിച്ചും അറിയാൻ അദ്ദേഹത്തിന് വലിയ താത്പര്യമാണ്. അദ്ദേഹം ശരിക്കും ഒരു പ്രചോദനമാണ്,'' സുരാജ് പറഞ്ഞു. 

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2ൽ ദിലീപ് എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. രജനീകാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ്. രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ എന്നിവരും ചിത്രത്തിലുണ്ട്. ആദ്യഭാഗത്തിലെന്നപോലെ ശിവരാജ്കുമാറും മോഹൻലാലും അതിഥിവേഷങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ട്രെയിലറിൽ പ്രത്യക്ഷപ്പെട്ട നിഴൽരൂപം ഹൃത്വിക് റോഷന്റെ അതിഥിവേഷമാണെന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ ഉയർന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഒക്ടോബർ 15നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi