സ്ട്രീമിങ് അവകാശത്തിന് 1000 കോടി? എക്കാലത്തേയും റെക്കോർഡുകൾ ഭേദിക്കാൻ 'വാരണാസി'

എസ്എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ 'വാരണാസി'യുടെ ടൈറ്റിൽ പുറത്തിറങ്ങി ഒരു മാസം പോലും തികഞ്ഞിട്ടില്ല. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നീ താരനിരയെ അണിനിരത്തുന്ന ചിത്രം റിലീസ് ചെയ്യാൻ ഇനിയും ഒരു വർഷത്തിലേറെ ബാക്കിയുണ്ട്. ചിത്രത്തിനുമേൽ വൻ പ്രതീക്ഷകളുള്ളതുകൊണ്ടുതന്നെ, ഒടിടി ഭീമന്മാർ ഡിജിറ്റൽ അവകാശങ്ങൾക്കായി മത്സരിക്കുകയാണ്. ഡിജിറ്റൽ അവകാശം റെക്കോർഡുകൾ ഭേദിച്ച് വിറ്റുപോവാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.
ആഗോള സ്ട്രീമിങ് വിപണിയിൽ ഇന്ത്യയിൽ നിന്നുള്ള, ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് 'വാരണാസി'. പാശ്ചാത്യ രാജ്യങ്ങളിൽ 'ആർആർആർ' നേടിയ വൻ വിജയവും ഓസ്കാർ നേടിയതുമെല്ലാം ഇതിനു കാരണമാണ്. രാജമൗലിയുടെ മുൻ ചിത്രമായ 'ബാഹുബലി 2' വിദേശത്ത് നിന്ന് 62 ദശലക്ഷം ഡോളറിലധികം നേടിയിട്ടുണ്ട്. ചിത്രത്തിലൂടെ അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിൽ പ്രശസ്തനുമാണ്. സ്വാഭാവികമായും, അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിന് പ്രതീക്ഷകളേറെയാണ്. ട്രേഡ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങളനുസരിച്ച്, ഹോളിവുഡ് സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾക്ക് തുല്യമായ വലിയ തുക നൽകാൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ തയ്യാറാണ്. അന്തിമ തുക 1000 കോടി രൂപവരെ ഉയർന്നേക്കാം. അങ്ങനെ വന്നാൽ, ഒരു ഇന്ത്യൻ സിനിമയുടെ ഡിജിറ്റൽ അവകാശങ്ങളുടെ പ്രീ-സെയിൽ റെക്കോർഡുകൾ ഭേദിക്കുന്നതായിരിക്കും ഇത്. സംഗീത അവകാശങ്ങൾ, ടിവി അവകാശങ്ങൾ, വിതരണം എന്നിവ കൂടി ചേർത്താൽ, നിർമാണത്തിന്റെ കാര്യത്തിൽ ‘വാരണാസി’ ഇതിനോടകം തന്നെ എക്കാലത്തെയും വലിയ ഇന്ത്യൻ സിനിമയായി മാറിക്കഴിഞ്ഞു.
നവംബറിൽ, ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ നടന്ന ഒരു വലിയ ചടങ്ങിൽ, എസ്എസ് രാജമൗലി ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കിയിരുന്നു. മഹേഷ് ബാബുവാണ് നായകൻ. പൃഥ്വിരാജ് സുകുമാരൻ പ്രതിനായകനാകും. പ്രിയങ്ക ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ് ‘വാരണാസി’. 2027-ലാണ് റിലീസ് ചെയ്യുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: SS Rajamouli`s `Varanasi` sets sights on a massive ₹1000 crore global streaming deal, fueled by star power and RRR`s success. Get the latest.