'എനിക്ക് രാമനെ ഇഷ്ടമല്ല, ശ്രീകൃഷ്ണനെയാണിഷ്ടം'-രാജമൗലിയുടെ പഴയ ട്വീറ്റിനെച്ചൊല്ലി സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം

രാജമൗലി | AP
രാജമൗലി | AP

എസ്എസ് രാജമൗലിയുടെ, പുരാണവും ചരിത്രവും സമന്വയിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് വാരാണസി. 2027-ൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബുവും പ്രിയങ്കാ ചോപ്രയും പൃഥ്വിരാജുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽലോഞ്ചിനു പിന്നാലെ, രാജമൗലിക്കെതിരേ സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണം നടക്കുകയാണ്. വാരണാസി ബഹിഷ്കരിക്കണമെന്നുവരെ ആഹ്വാനമുണ്ട്.

ടൈറ്റിൽ ലോഞ്ചിനിടെ താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് രാജമൗലി വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ പുരാണങ്ങളിൽ നിന്നും ദൈവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതായതുകൊണ്ടുതന്നെ ഈ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിപാടിക്ക് മുമ്പ്, ഹനുമാൻ സ്വാമി തന്നോടൊപ്പമുണ്ടെന്ന് അച്ഛനും ഭാര്യയും പറഞ്ഞതായും, എന്നാൽ തനിക്ക് ഇരുവരോടും ദേഷ്യം വന്നുവെന്നും രാജമൗലി പറഞ്ഞിരുന്നു.

"ഇതെനിക്ക് വളരെ വികാരനിർഭരമായ നിമിഷമാണ്. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. ഹനുമാൻ സ്വാമി പിന്നിൽ നിന്ന് നയിക്കുന്നുണ്ടെന്ന് എൻ്റെ അച്ഛൻ വന്ന് പറഞ്ഞു. ഇങ്ങനെയാണോ അദ്ദേഹം പരിപാലിക്കുന്നത്? - ഇതാലോചിച്ച് എനിക്ക് ദേഷ്യം വരുന്നു. എൻ്റെ ഭാര്യക്കും ഹനുമാൻ സ്വാമിയെ വലിയ ഇഷ്ടമാണ്. അദ്ദേഹം ഒരു സുഹൃത്താണെന്ന മട്ടിലാണ് അവൾ പെരുമാറുന്നതും സംസാരിക്കുന്നതും. എനിക്കവളോടും ദേഷ്യം വന്നു."-എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതോടെ, ഒരുകൂട്ടമാളുകൾ രാജമൗലിക്കെതിരേ രംഗത്തുവന്നു.

ഇതിനിടെ, അദ്ദേഹത്തിന്റെ 2011-ലെ മറ്റൊരു ട്വീറ്റും ഉയർന്നുവന്നു. തനിക്ക് ശ്രീരാമനെ 'ഇഷ്ടമല്ല' എന്നും, ശ്രീകൃഷ്ണന്റെ അവതാരമാണ് കൂടുതൽ ഇഷ്ടമെന്നും ട്വീറ്റിൽ രാജമൗലി പറയുന്നുണ്ട്. രാമനവമി ആശംസകൾ നേർന്ന ഒരു ആരാധകന് രാജമൗലി നൽകിയ മറുപടിയായിരുന്നു ഇത്. "ഹൃദയം നിറഞ്ഞ ശ്രീരാമ നവമി ആശംസകൾ. ശ്രീരാമന്റെ നാമം ജപിക്കുന്നതിലൂടെ നമ്മുടെ മുഖങ്ങൾ എപ്പോഴും പുഞ്ചിരിയാൽ പ്രകാശിക്കട്ടെ."-എന്നായിരുന്നു ആരാധകന്റെ ആശംസ. രാജമൗലി അതിനിങ്ങനെ മറുപടി നൽകി, "നന്ദി. പക്ഷെ എനിക്ക് രാമനെ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല. എല്ലാ അവതാരങ്ങളിലും എനിക്കേറ്റവും പ്രിയം ശ്രീകൃഷ്ണനെയാണ്."

അതേസമയം, രാജമൗലിക്കു പകരം ഒരു ബോളിവുഡ് നടനായിരുന്നു ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നതെങ്കിൽ അയാളുടെ വീട് കത്തിച്ചേനെയെന്നും, ഇത് സൗത്ത് ഇന്ത്യ ആയതുകൊണ്ടാണ് ആരുമങ്ങനെ ചെയ്യാത്തതെന്നും ഒരാൾ ട്വിറ്ററിൽ വിമർശിച്ചു. ദൈവത്തിൽ വലിയ വിശ്വാസമില്ലാത്ത രാജമൗലി, തന്റെ സിനിമയിൽ ദൈവത്തിന്റെ പേരുപയോഗിച്ച് പണമുണ്ടാക്കാൻ മാത്രമാണ് ശ്രമിക്കുന്നതെന്നും പതനം ഇവിടെത്തുടങ്ങുന്നുവെന്നുമെല്ലാം ചിലർ കമന്റുചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: SS Rajamouli faces backlash for comments on Lord Hanuman & old tweet about Lord Rama. Netizens demand #BoycottVaranasi. Discover the controversy.