'സ്പിരിറ്റ്' ചിത്രീകരണം തുടങ്ങി, തൃപ്തി ദിമ്രിക്കൊപ്പം ചിരഞ്ജീവി തുടക്കമിട്ടു, പ്രഭാസ് എവിടെയെന്ന് ആരാധകർ

ചിരഞ്ജീവി, തൃപ്തി ദിമ്രി തുടങ്ങിയവർ | X
ചിരഞ്ജീവി, തൃപ്തി ദിമ്രി തുടങ്ങിയവർ | X

സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയും നടൻ പ്രഭാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'സ്പിരിറ്റി'ന്റെ ചിത്രീകരണം തുടങ്ങി. ഞായറാഴ്ച നടന്ന പൂജാ ചടങ്ങിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം പങ്കെടുത്തു. നിർമാതാവ് ഭൂഷൺ കുമാർ, നടി തൃപ്തി ദിമ്രി എന്നിവർക്കൊപ്പം മെഗാസ്റ്റാർ ചിരഞ്ജീവിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. 'സ്പിരിറ്റി'ന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഒരു ചിത്രത്തിൽ, ഭൂഷൺ കുമാറിനൊപ്പം ചിരഞ്ജീവി സിനിമയുടെ ക്ലാപ്പ് ബോർഡ് പിടിച്ചു നിൽക്കുന്നതുകാണാം. സന്ദീപും തൃപ്തിയും അരികിലുണ്ടായിരുന്നു. ചിത്രങ്ങളിൽ പ്രഭാസിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. പ്രകാശ് രാജും വിവേക് ഒബ്‌റോയിയും ഉണ്ടായിരുന്നില്ല. “ഔദ്യോഗികമായി സ്പിരിറ്റ് മോഡിൽ.... ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ പ്രഭാസിന്റെ 'സ്പിരിറ്റ്' പൂജാ ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവി പങ്കെടുത്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു.”- എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്.

ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും സന്ദീപ് എങ്ങനെയാണ് പ്രഭാസിനെ അവതരിപ്പിക്കുക എന്നറിയാൻ ആകാംഷയുണ്ടെന്നും ഒട്ടേറെ ആരാധകർ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. സിനിമയിലെ ലുക്ക് പുറത്താകാതിരിക്കാനാണോ പ്രഭാസ് പൂജാ ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നാണ് പലരുടെയും സംശയം.

കഴിഞ്ഞ മാസം പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് സന്ദീപ് റെഡ്ഡി വാംഗ ചിത്രത്തിന്റെ ഓഡിയോ ടീസർ പുറത്തിറക്കിയിരുന്നു. റിമാൻഡിലുള്ള ഒരു മുൻ പോലീസുകാരനെക്കുറിച്ച് ജയിലറും അയാളുടെ സഹായിയും സംസാരിക്കുന്നതാണ് ടീസറിലുള്ളത്. അയാളോട് എങ്ങനെ പെരുമാറണമെന്ന് ജയിലർ നിർദേശങ്ങൾ നൽകുന്നു. ഒടുവിൽ, "സർ, എനിക്ക് കുട്ടിക്കാലം മുതലേ ഒരു ചീത്ത ശീലമുണ്ട്" എന്ന് പ്രഭാസിന്റെ ശബ്ദം കേൾക്കാം. ജയിലർ ദേഷ്യപ്പെടുമ്പോൾ, "ചെറുപ്പം മുതലേ എനിക്കൊരു ചീത്ത ശീലമുണ്ട്" എന്ന് അയാൾ ആവർത്തിക്കുന്നു. തൃപ്തിയാണ് ചിത്രത്തിലെ നായിക. നടി ദീപിക പദുക്കോണായിരുന്നു ചിത്രത്തിൽ നായികയാവേണ്ടിയിരുന്നത്. എട്ടു മണിക്കൂർ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് താരം സിനിമയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പകരമായാണ് തൃപ്തി ചിത്രത്തിലെത്തുന്നത്. 2026-ൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ഭൂഷൺ കുമാറിന്റെ ടി-സീരീസും സന്ദീപിന്റെ ഭദ്രകാളി പിക്ചേഴ്സും ചേർന്നാണ് 'സ്പിരിറ്റ്' നിർമിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sandeep Reddy Vanga`s `Spirit` shoot starts with Chiranjeevi`s mahurat. Tripti Dimri joins, but fans ask: Where`s Prabhas? Get the latest updates!