തൂക്കി ചുവന്ന കരങ്ങളോടെ: സോഷ്യൽമീഡിയ തൂക്കിയ പാട്ടിനുപിന്നിലെ കഥ പറഞ്ഞ് ശബരീഷ് വർമ്മ

“തൂക്കി ചുവന്ന കരങ്ങളോടെ...” വാഴ-2വിലെ ഈ ഗാനം സോഷ്യൽമീഡിയ ‘തൂക്കി’യിരിക്കുകയാണ്. നടനും ഗാനരചയിതാവുമായ ശബരീഷ് വർമയുടെ വരികൾക്ക് സംഗീതം നൽകിയത് ആർക്കേഡോയാണ്. തമിഴ് ഗായിക മാളവിക സുന്ദറിന്റെ വേറിട്ട ശബ്ദം ഗാനത്തിന് പ്രത്യേക എനർജിയും താളവുമാണ് നൽകുന്നത്. ഒമ്പത് സംഗീതസംവിധായകർ ചേർന്നൊരുക്കിയ പത്ത് പാട്ടുകളാണ് വാഴ 2 ചിത്രത്തിലുള്ളത്. ഓരോ ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെങ്കിലും, ഈ തെരഞ്ഞെടുപ്പ് കാലത്ത് റീലുകളിലും വാട്‌സ് ആപ്പ് സ്റ്റാറ്റസുകളിലും നിറഞ്ഞുനിന്നത് ഒരേയൊരു ഗാനമാണ്, 'തൂക്കി ചുവന്ന കരങ്ങളോടെ'... ഒരുപാട്ട് കൊണ്ട് മുഴുവൻ പ്രേക്ഷകരുടെയും ഹൃദയം 'തൂക്കി'യ ഗാനരചയിതാവ് ശബരീഷ് വർമ്മ ആ സന്തോഷം പങ്കുവയ്ക്കുന്നു.
“വെടിയുംപുകയുംപോലെ പെട്ടെന്ന് കഴിഞ്ഞിരുന്നു പാട്ടെഴുത്ത്. നാളെ സെൻസർ ചെയ്യാൻ കൊടുക്കേണ്ടതാണ്, ഇന്ന് തന്നെ പാട്ട് എഴുതിത്തരണമെന്ന് പറഞ്ഞാണ് വിളിയെത്തുന്നത്. ‘തൂക്കി ചുവന്ന കരങ്ങളോടെ’ എന്ന പാട്ടിന്റെ ഐഡിയ സംഗീതസംവിധായകന്റേതാണ്. Caught red handed, എന്നത് പതിനഞ്ചാം നൂറ്റാണ്ടിലോ പതിനാറാം നൂറ്റാണ്ടിലോ ഉള്ള ഒരു സ്‌കോട്ടിഷ് പഴഞ്ചൊല്ലാണ്. എഴുതിത്തുടങ്ങാൻ ഈ ഒരു ഐഡിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സീനുകളുടെ വിഷ്വലുകൾ അയച്ചുതരാൻ ആവശ്യപ്പെട്ടു. ഏത് കഥാപശ്ചാത്തലത്തിലാണ് പാട്ട് വരുന്നതെന്ന് അറിഞ്ഞപ്പോൾ രണ്ട് മൂന്ന് ആശയങ്ങൾ ഞാൻ അവരോട് പറഞ്ഞു. പിന്നീട് അര-മുക്കാൽ മണിക്കൂറിനുള്ളിൽ എഴുത്തും ബാക്കി പരിപാടികളും കഴിഞ്ഞിരുന്നു. പാട്ട് അയച്ചുകൊടുത്തപ്പോൾ വിപിൻദാസും സംവിധായകൻ സവിൻ സായുമൊക്കെ ഹാപ്പിയായിരുന്നു.
Content Highlights: Shabareesh Varma opens up about the viral Vaazha 2 track that’s taking over social media