ഛത്രപതി ശിവാജിയാവാൻ റിതേഷ് ദേശ്മുഖ് അനിയോജ്യനാണോ? റെഡ്ഡിറ്റിൽ ചർച്ച നീളുന്നു

റിതേഷ് ദേശ്മുഖ്
റിതേഷ് ദേശ്മുഖ്

ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയായ ‘രാജാ ശിവാജി’യുടെ റിലീസിനായി തയ്യാറെടുക്കുകയാണ് ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ്. ചിത്രത്തിൽ (Raja Shivaji) ഛത്രപതി ശിവാജി മഹാരാജിന്റെ വേഷമാണ് നടൻ അവതരിപ്പിക്കുന്നത്. ഏപ്രിൽ 20-ന് ട്രെയിലർ പുറത്തിറങ്ങിയ ശേഷം, ഇന്റർനെറ്റിൽ വലിയ പ്രതികരണങ്ങളാണ് ഇതുസംബന്ധിച്ച് ഉയരുന്നത്. റിതേഷ് ഈ വേഷത്തിന് അനുയോജ്യനല്ലെന്നാണ് പലരും പറയുന്നത്.

തിങ്കളാഴ്ച, ഒരു റെഡ്ഡിറ്റ് ഉപയോക്താവ് റിതേഷിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് "ഈ സിനിമയ്ക്ക് അദ്ദേഹം തീർത്തും അനുയോജ്യനല്ല" എന്ന് കുറിച്ചിരുന്നു. ഒട്ടേറെപ്പേർ ഇതിനോട് യോജിച്ചു. "സത്യം പറഞ്ഞാൽ, രാം ചരണും ഈ സിനിമയിൽ നന്നായിരിക്കും." എന്നൊരാൾ കമന്റ് ചെയ്തു. "നിർഭാഗ്യവശാൽ, അത് സത്യമാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിൽ ആ ശക്തിയില്ല. ഇത് പൃഥ്വിരാജ് ചൗഹാൻ ചിത്രത്തിലെ അക്ഷയ് കുമാറിനെപ്പോലെയാവും" എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു, "അദ്ദേഹത്തിന് ഈ വേഷത്തോട് നീതി പുലർത്താനാവില്ല.", "ഓ തീർച്ചയായും! ഒരു യോദ്ധാവിന്റെ വേഷം ചെയ്യാനുള്ള കഴിവോ വ്യക്തിത്വമോ അദ്ദേഹത്തിനില്ല.", "റിതേഷിന്റെ ശബ്ദവും സംഭാഷണവും കഥാപാത്രത്തിന് യോജിക്കുന്നില്ല. മേക്കപ്പ് ചെയ്തിട്ടും അദ്ദേഹത്തിന് ആ വേഷം ചേരുന്നില്ല.", "ഈ ഇതിഹാസ വേഷത്തിൽ ശരദ് കേൽക്കറിനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തിനാണ് റിതേഷ്", "ഋഷഭ് ഷെട്ടി സാറിന്റെ ഛത്രപതി ശിവാജി മഹാരാജ് ചിത്രത്തിനായി ഞാൻ കാത്തിരിക്കുകയാണ്." എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ചില ഉപയോക്താക്കൾ സിനിമയിലെ മൊത്തത്തിലുള്ള കാസ്റ്റിങ് നിലവാരം പുലർത്തിയില്ലെന്ന് അഭിപ്രായപ്പെട്ടു. ഈ ദശകത്തിലെ ഏറ്റവും മോശം കാസ്റ്റിംഗ്, നെപ്പോ ബോട്ട് സംരംഭം എന്നൊക്കെയാണ് ചിലരിതിനെ വിശേഷിപ്പിച്ചത്.

തിങ്കളാഴ്ച മുംബൈയിൽ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. റിതേഷും ഭാര്യ ജനീലിയയും ചടങ്ങിൽ വികാരാധീനരായിരുന്നു. റിതേഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജെനീലിയയും ജ്യോതി ദേശ്പാണ്ഡെയുമാണ് നിർമ്മാണം. അഭിഷേക് ബച്ചൻ, ജെനീലിയ, സഞ്ജയ് ദത്ത് തുടങ്ങിയവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. റിതേഷിന്റെയും ജനീലിയയുടെയും മകൻ രാഹിൽ ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം കുറിക്കുകയുമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Reddit users criticize Riteish Deshmukh as a 'misfit' for the role of Chhatrapati Shivaji Maharaj., Concerns raised regarding voice modulation, screen presence, and historical aura., Comparison drawn with other actors like Ram Charan and Sharad Kelkar., Film details include a star-studded cast and a theatrical release date of May 1, 2026., Riteish Deshmukh turns director for this ambitious historical project.